ADVERTISEMENT

ഇത്തവണ ‘ഐഐഎം ക്യാറ്റ്’ ഫലം വന്നപ്പോഴും എൻജിനീയറിങ് കഴിഞ്ഞവർക്കുതന്നെ മേൽക്കൈ. ഗണിത വിഷയങ്ങൾ കൂടുതൽ കൈകാര്യം ചെയ്യുന്നതിനാൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വിഭാഗം ചോദ്യങ്ങളിൽ ഇവർ മേൽക്കൈ നേടുന്നതായി എൻജിനീയറിങ് ഇതര വിഭാഗങ്ങളിലെ വിദ്യാർഥികൾ റെഡിറ്റ് പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പറയുന്നു. എന്നാൽ പത്താം ക്ലാസ് വരെ നമ്മളെല്ലാം പഠിച്ച അടിസ്ഥാന ഗണിതമേ ക്യാറ്റിൽ ചോദിക്കുന്നുള്ളൂ; എൻജിനീയറിങ് മാത്‌സിൽനിന്നു ചോദ്യങ്ങളൊന്നുമില്ല. പിന്നെന്തുകൊണ്ടാണ് നോൺ–എൻജിനീയറിങ് വിഭാഗത്തിലുള്ളവർ പിന്തള്ളപ്പെട്ടുപോകുന്നത് ?

 

 

കാരണങ്ങൾ പലത്

 

എൻജിനീയർമാർക്കു ക്യാറ്റിലുള്ള മേൽക്കൈയ്ക്കു പല കാരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. 

 

ഒന്ന്) ക്യാറ്റിന് അപേക്ഷിക്കുന്ന 55 ശതമാനത്തിലധികം പേരും എൻജിനീയറിങ് പശ്ചാത്തലമുള്ളവരാണ്. ജെഇഇ അഡ്വാൻസ്ഡ് എഴുതി ഐഐടികൾ ഉൾപ്പെടെയുള്ള ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർ വരെ ഇക്കൂട്ടത്തിലുണ്ട്.

 

career-guru-anupam-das-cat-engineering-srream
അനുപം ദാസ്

രണ്ട്) എൻജിനീയറിങ് ട്രേഡുകളിൽ, പ്രത്യേകിച്ച് മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് പോലുള്ളവയിൽ മാത്‌സ് പ്രധാനവിഷയമാണ്. ഇങ്ങനെ നിലനിർത്തിപ്പോകുന്ന ഗണിത പരിചയം ക്യാറ്റിലും ഗുണം ചെയ്യുന്നു.

career-cat-mba-illustration

 

മൂന്ന്) എൻജിനീയറിങ്ങിൽ പ്രോജക്ടുകളും അസൈൻമെന്റുകളും മറ്റും കൃത്യമായ ഇടവേളകളിൽ ചെയ്തു സമർപ്പിക്കേണ്ടി വരുന്നതിലൂടെ  ആർജിക്കുന്ന ചിട്ട ക്യാറ്റ് പോലെയുള്ള പരീക്ഷകളിലും സഹായകരമാകുന്നുവെന്നു പറയുന്നവരുണ്ട്.

 

നാല്) പ്ലേസ്മെന്റ് മുന്നിൽ കണ്ടുള്ള ക്വാണ്ടിറ്റേറ്റീവ് പരിശീലനവും കോഴ്സിനിടയിൽ തന്നെ ക്യാറ്റിനെക്കുറിച്ചു മറ്റു വിദ്യാർഥികളിൽനിന്നു ലഭിക്കുന്ന അവബോധവും എൻജിനീയറിങ് വിദ്യാർഥികൾക്ക് ഏറെ സഹായകരമാണ്. ഇതു ക്യാറ്റിൽ മാത്രമല്ല, പല മത്സരപ്പരീക്ഷകളിലും എൻജിനീയർമാർക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

career-cat-engineering-stream-executive
Representative Image. Photo Credit : Mangostar / Shutterstock.com

 

ഷോർട് കട്ട് തപ്പേണ്ട

 

നോൺ–എൻജിനീയറിങ് വിഭാഗക്കാർക്കു ക്യാറ്റിലും തുടർന്ന് മാനേജ്മെന്റ് പഠനത്തിലും മികവുകാട്ടണമെങ്കിൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡേറ്റ ഇന്റർപ്രട്ടേഷൻ, ലോജിക്കൽ റീസണിങ് എന്നിവയിൽ കൂടുതൽ ശ്രദ്ധയർപ്പിക്കണമെന്നു കോഴിക്കോട് ഐഐഎമ്മിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. അനുപം ദാസ് പറയുന്നു. ഹ്യുമാനിറ്റീസ്, ആർട്സ്, സോഷ്യൽ സ്റ്റഡീസ് വിദ്യാർഥികൾ പൊതുവേ വെർബൽ ആപ്റ്റിറ്റ്യൂഡിൽ മികവ് കാട്ടാറുണ്ട്. എന്നാൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിൽ ഇവർ പിന്നോട്ടുപോകുന്നതാണു കാണാറുള്ളത്.

ഈ പ്രശ്നം പരിഹരിക്കാൻ സഹപാഠികളുടെയും കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയുമൊക്കെ സഹായം തേടാം. ഒപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് പഠിക്കാൻ ഷോർട് കട്ട് മെതേഡിലേക്കു നേരെ പോയി തലവയ്ക്കരുത്. 

 

ഒരു പ്രോബ്ലത്തെ സമഗ്രതയോടെ പഠിച്ച് ഉത്തരം കാണാ‍ൻ ശ്രമിക്കണം. ഇത്തരത്തിൽ ക്വാണ്ടിറ്റേറ്റീവ് നൈപുണ്യം ഒരുക്കിത്തരുന്ന കോച്ചിങ് സെന്ററുകൾ തിരഞ്ഞെടുക്കുക, ഷോർട് കട്ടുകൾ പഠിപ്പിക്കുന്നവരെ ഒഴിവാക്കുക. ഷോ‍ർട് കട്ടുകൾ ഉപയോഗിച്ച് ഒന്നോ രണ്ടോ പ്രോബ്ലം ചെയ്യാൻ സാധിക്കും. എന്നാൽ ഏതു ചോദ്യത്തിനും ഉത്തരം കണ്ടെത്താനാകും വിധം ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വളർത്തണമെങ്കിൽ ഈ രീതി ഉപേക്ഷിച്ചേ മതിയാകൂ. 

ക്യാറ്റിനു വേണ്ടത് കുറുക്കുവഴികളല്ല, മികച്ച അടിസ്ഥാനമാണെന്നും ഓർക്കുക.

 

 

നോൺ–എൻജിനീയറിങ് വിദ്യാർഥികളെയും വേണം ഐഐഎമ്മുകൾക്ക്

 

ഒരാൾ പഠിച്ചത് എൻജിനീയറിങ്ങോ കൊമേഴ്സോ ആർട്സോ ഹ്യുമാനിറ്റീസോ, ഏതാണെന്നു ക്യാറ്റ് നോക്കുന്നില്ല എന്നതാണു സത്യം. മാനേജ്മെന്റ് പഠനത്തിനുള്ള പ്രവേശനപരീക്ഷയാണിത്. പരീക്ഷാർഥിക്ക് അതിനുള്ള നൈപുണ്യമുണ്ടോയെന്നു മാത്രമാണു പരിശോധിക്കുന്നത്. തങ്ങളുടെ പഠനാന്തരീക്ഷം കൂടുതൽ വൈവിധ്യപൂർണമാക്കാനും അതിലേക്കു വിവിധ വിഭാഗങ്ങളിലെ ടാലന്റ് കൊണ്ടുവരാനും ഐഐഎം അധികൃതർ ശ്രമിക്കുന്നുണ്ട്. നോൺ– എൻജിനീയറിങ് വിദ്യാർഥികളെ  ആകർഷിക്കാനും അവർക്ക് ബോധവൽക്കരണം നൽകാനും ശ്രമവുമുണ്ട്.

 

അഹമ്മദാബാദ് ഐഐഎമ്മി‍ൽ ആർട്സ് വിദ്യാർഥികളുടെ എണ്ണം 2017 മുതൽ ക്രമാനുഗതമായി വർധിക്കുന്നുണ്ട്. കോഴിക്കോട് ഐഐഎം ഹ്യുമാനിറ്റീസ്, ആർട്സ് മേഖലകൾക്കു പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ് വിഭാഗത്തിനു കീഴിൽ ലിബറൽ സ്റ്റഡീസ് ഇൻ മാനേജ്മെന്റ് എന്ന പ്രോഗ്രാം ഓഫർ ചെയ്യുന്നതും ഇപ്പോൾ ഇതേ വിഷയത്തിൽ ഡോക്ടറൽ റിസർച്  പ്രോഗ്രാമുകൾ  തുടങ്ങുന്നതുമെല്ലാം ഇതിന്റെ ഭാഗമായിട്ടാണ്.

 

മാനേജ്മെന്റ് വിദ്യാഭ്യാസത്തിൽ ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങൾക്ക് നിർണായക സ്വാധീനമുണ്ടെന്ന തിരിച്ചറിവിലാണ് ലോകമെങ്ങുമുള്ള മാനേജ്മെന്റ് മേഖല ഇപ്പോൾ. നാലാം വ്യവസായ വിപ്ലവത്തിന്റെ വരുംകാലത്ത് ഈ ചിന്ത കൂടുതൽ ശക്തമാകും. അതുകൊണ്ടു തന്നെ എൻജിനീയറിങ് വിദ്യാർഥികൾക്കു മേൽക്കൈ വിട്ടുകൊടുക്കാതെ മറ്റു വിദ്യാർഥികളും ക്യാറ്റ് പോലെയുള്ള പരീക്ഷകൾക്ക് ഊർജിതമായി തയാറെടുക്കുകയാണു വേണ്ടത്.

 

Content Summary : Why do engineers score good percentile in CAT?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com