ADVERTISEMENT

കുന്നിൻചെരുവിലെ കൊച്ചുവീട്ടിലാണ് ആ പെൺകുട്ടിയുടെ താമസം. കർഷകരായ മാതാപിതാക്കൾക്കു തന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയില്ലെന്ന പരാതി അവൾക്കുണ്ട്. വീട്ടുമുറ്റത്തുനിന്നു നോക്കുമ്പോൾ അപ്പുറത്തെ കുന്നിൽ മനോഹരമായ മറ്റൊരു വീട് കാണാം. സ്വർണനിറമുള്ള വീട് കണ്ടപ്പോൾ അത് അതിസമ്പന്നരുടേതാണെന്ന് അവൾ ഊഹിച്ചു. ഒരു ദിവസം അവൾ അവിടെയെത്തി. കാഴ്ചകണ്ട് അവൾ ഞെട്ടി. സ്വർണവീടിനു പകരം പഴകിദ്രവിച്ച ഭവനം. എല്ലായിടവും കാടുപിടിച്ചു കിടക്കുന്നു. നിരാശയോടെ കുന്നിറങ്ങുമ്പോൾ അവൾ തന്റെ വീട്ടിലേക്കു നോക്കി. അസ്തമയസൂര്യന്റെ ശോഭയിൽ തന്റെ വീടും സ്വർണംപോലെ തിളങ്ങുന്നു. 

 

അപരന്റെ അനുഗ്രഹങ്ങളും അവനവന്റെ ദുരിതങ്ങളും കണ്ടെത്തി സ്വയം പരിതപിക്കുന്നതിലാണ് ഒരു ശരാശരി ജീവിതത്തിന്റെ തുടക്കവും ഒടുക്കവും. ജന്മദേശത്തിന്റെ ഉപയുക്തതയെക്കാൾ അന്യദേശത്തിന്റെ അഴകാണ് അക്കൂട്ടർക്കു ഭ്രമം. ഒരാളുടെ അനുഗ്രഹങ്ങളും ആത്മബോധവും അയാൾ വളരുന്ന പരിസരത്തിന്റെ സംഭാവനയാണ്. ഓരോ യാത്രയും ആരംഭിക്കുന്നത് അവിടെനിന്ന്, മടങ്ങിയെത്തുന്നതും അവിടേക്കുതന്നെ. സ്ഥിരപരിചയം സൃഷ്ടിക്കുന്ന അനാദരമാണ് എല്ലാ വാസസ്ഥലങ്ങളുടെയും വിധി. വളരുന്നയിടങ്ങളുടെ വലുപ്പം മനസ്സിലാക്കാൻ ഇപ്പോൾ ആയിരിക്കുന്ന സ്ഥലവും സാഹചര്യവും ഏതെന്നു ചിന്തിച്ചാൽ മതി. ഒന്നു പിറകോട്ടു സഞ്ചരിച്ചാൽ എത്ര കരുത്തുറ്റ അന്തരീക്ഷത്തിലാണു വളർന്നതെന്നു മനസ്സിലാകും. വല്ലപ്പോഴും വ്യാപരിക്കുന്നയിടങ്ങൾക്കാണു സൗന്ദര്യം പ്രധാനമാകുന്നത്. എന്നുമൊപ്പമുള്ളവയുടെ ഇഴയടുപ്പമാണു മുഖ്യം. സുഖവാസകേന്ദ്രങ്ങളുടെ ലക്ഷ്യമല്ലല്ലോ സ്ഥിരവാസകേന്ദ്രങ്ങളുടേത്. ആരുമറിയാതെ തളരാനും തകരാനും ഉയിർത്തെഴുന്നേൽക്കാനും സാധിക്കുന്ന സ്ഥലങ്ങളാണ് ഓരോരുത്തരുടെയും വാസസ്ഥലം. അതുകൊണ്ടുതന്നെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കാൾ പ്രാധാന്യവും ബഹുമാനവും അവയ്ക്കു ലഭിക്കണം.

 

ദൂരെനിന്നു വീക്ഷിച്ചാൽ കടന്നുപോകുന്ന വഴികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമുള്ള വിശാലദൃശ്യം ലഭിക്കും. സഞ്ചരിച്ച ഒറ്റയടിപ്പാതകളെയോർത്ത് അഭിമാനവും മൃദുലവഴികളെയോർത്ത് ആഹ്ലാദവും തോന്നും. സ്വന്തം ജീവിതത്തെ അടുത്തുനിന്നു മാത്രം വീക്ഷിക്കുകയും അന്യരുടെ ജീവിതത്തെ അകലെ‌നിന്നു മാത്രം കാണുകയും ചെയ്യുന്നതുകൊണ്ടാണ് അയഥാർഥമായ മരീചികയായി ജീവിതം അവസാനിക്കുന്നത്.

 

Content Summary : Subdhadinam - How to stop comparing yourself to others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com