ഫ്ലെക്സിബിളിറ്റിയാണ് ഫ്യൂച്ചർ, മുൻനിര കമ്പനികൾ വെല്ലുവിളികളെ അതിജീവിച്ചതിങ്ങനെ : അങ്കിത് വെങ്കുർലേക്കർ

HIGHLIGHTS
  • കമ്പനി കൾച്ചർ അഥവാ തൊഴിൽ സംസ്കാരം വലിയ മാറ്റത്തിന് വിധേയമാകും.
Ankit Vengurlekar
അങ്കിത് വെങ്കുർലേക്കർ
SHARE

ന്യൂഡൽഹി∙ ഇന്ത്യയിൽ കഴിഞ്ഞ 5 വർഷത്തിനിടെ അതിവേഗം വളരുന്ന 15 തൊഴിൽമേഖലകളുടെ പട്ടിക പ്രഫഷനൽ നെറ്റ്‍വർക്കായ ലിങ്ക്ഡ്ഇൻ പുറത്തിറക്കിയത് കഴിഞ്ഞയാഴ്ചയാണ്. കോവിഡ് കാലത്തെ മരവിപ്പിനു ശേഷം രാജ്യത്തെ തൊഴിൽ റിക്രൂട്ടിങ് തോത് മെച്ചപ്പെടുന്നതായി ലിങ്ക്ഡ്ഇൻ ന്യൂസ് മാനേജിങ് എഡിറ്റർ അങ്കിത് വെങ്കുർലേക്കർ മനോരമയോടു പറയുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന ഇക്കഴിഞ്ഞ ഒക്ടോബർ–ഡിസംബർ കാലയളവിലെ റിക്രൂട്മെന്റ് കോവിഡിനു മുൻപുള്ള 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 94 % കൂടുതലാണെന്ന് അങ്കിത് പറയുന്നു.

∙ ലിങ്ക്ഡ്ഇൻ ജോബ്സ് ഓൺ ദ് റൈസ് ഇന്ത്യ റിപ്പോർട്ടിനെ എങ്ങനെ വിലയിരുത്തുന്നു?

ഒറ്റവരിയിൽ ഐടി, ആരോഗ്യം, ബിസിനസ് ഡവലപ്മെന്റ് മേഖലകളിൽ സാങ്കേതിക വിദഗ്ദ്ധരുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിസംശയം പറയാം. കോവിഡ് ആളുകളെ കരിയർ സംബന്ധമായി മാറിച്ചിന്തിക്കാനും പുതിയ അവസരങ്ങൾ തേടാനും പ്രേരിപ്പിച്ചു. അവരുടെ മുൻഗണനകളും ലക്ഷ്യങ്ങളും കോവിഡിനു ശേഷം മാറി. ഇതിനെ ഗ്രേറ്റ് റീഷഫിൾ എന്നു വിളിക്കാം. ഇത് ഇന്ത്യയിൽ ഇന്നൊരു യാഥാർഥ്യമാണ്. ഇന്നത്തെ വിപണി തൊഴിൽ അന്വേഷകരുടേതാണ്.

∙ രാജ്യത്തെ തൊഴിൽ റിക്രൂട്ട്മെന്റ തോത് കോവിഡിനു ശേഷം മാറിയോ?

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന ഇക്കഴിഞ്ഞ ഒക്ടോബർ–ഡിസംബർ കാലയളവിലെ റിക്രൂട്ട്മെന്റ് കോവിഡിനു മുൻപുള്ള 2019ലെ അതേ കാലയളവിനെ അപേക്ഷിച്ച് 94 ശതമാനം കൂടുതലാണെന്ന് ലിങ്ക്ഡ്ഇൻ ഡേറ്റ വ്യക്തമാക്കുന്നു. എന്നാൽ ഒമിക്രോൺ വ്യാപനം ഈ തിരിച്ചുവരിവിന് ഒരു റിസ്ക് തന്നെയാണ്. ഒക്ടോബറിൽ ഞങ്ങൾ പുറത്തിറക്കിയ ലേബർ മാർക്കറ്റ് അപ്ഡേറ്റ് അനുസരിച്ച് റിക്രൂട്ട്മെന്റ് തോത് മെച്ചപ്പെടുകയാണ്. 2019 ഒക്ടോബറിനെ അപേക്ഷിച്ച് 133 ശതമാനത്തിന്റെ വർധനയാണ് കണ്ടത്. 2021 ഏപ്രിലിൽ കോവിഡ് രണ്ടാം തരംഗം വന്നതോടെ റിക്രൂട്ട്മെന്റിൽ വലിയൊരു ഇടിവുണ്ടായി. എന്നാൽ അതിനു ശേഷം സ്ഥിതി ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ട്. ഐടി, മാനുഫാക്ച്ചറിങ്, ഹാർഡ്‍വെയർ രംഗങ്ങൾ ഒരു വർഷത്തെ മരവിപ്പിനു ശേഷം വലിയ തോതിൽ റിക്രൂട്ട്മെന്റ് നടത്തുന്നതായി കാണുന്നുണ്ട്. സ്ഥിതി മെച്ചപ്പെടുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.

∙ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കമ്പനികൾ കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ എന്തൊക്കെയാണ്?

കോവിഡ് കാലത്ത് ജീവനക്കാർക്ക് കൂടുതൽ ‘ഫ്ലെക്സിബിൾ’ ആയ ജോലി ക്രമീകരണം ഒരുക്കിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് കമ്പനികൾ നേരിട്ടത്. ഒക്ടോബറിൽ ലിങ്ക്ഡ്ഇൻ നടത്തിയ ഫ്യൂച്ചർ ഓഫ് വർക് സർവേ അനുസരിച്ച് 80 ബിസിനസ് മേധാവികളും ഈ പ്രഷർ അനുഭവിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനായി കമ്പനികൾ സ്പെഷലിസ്റ്റുകളെ റിക്രൂട്ട് ചെയ്ത് തൊഴിലിട നയങ്ങളിൽ അടിമുടി പരിഷ്കാരം കൊണ്ടുവന്നു. നിശ്ചിത ദിവസം വീട്ടിലിരുന്നും ബാക്കി ദിവസം ഓഫിസിലെത്തിയുമുള്ള ഹൈബ്രിഡ് രീതിക്കും ഡിമാൻഡ് ഏറി. പത്തിൽ ഒൻപത് ബിസിനസ് മേധാവികളും ഇത്തരത്തിൽ മാറിച്ചിന്തിക്കുന്നുവെന്നാണ് കണക്ക്. 78 ശതമാനം മേധാവികൾ ജീവനക്കാർക്ക് മറ്റൊരു രാജ്യത്തിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. പല പശ്ചാത്തലങ്ങളിൽ നിന്നുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യാമെന്നതാണ് റിമോട്ട് വർക് വന്നപ്പോൾ കമ്പനികൾക്കുണ്ടായ ഗുണം. ജോലിയിലെ ഫ്ലെക്സിബിലിറ്റി തന്നെയാണ് പുതിയ തൊഴിൽ ലോകത്തെ മുൻഗണന.

∙ കോവിഡിനു ശേഷം റിക്രൂട്ട്മെന്റ് രീതിയിലുണ്ടാകുന്ന മാറ്റങ്ങളെന്തായിരിക്കും?

കമ്പനി കൾച്ചർ അഥവാ തൊഴിൽ സംസ്കാരം വലിയ മാറ്റത്തിന് വിധേയമാകും. മനുഷ്യരെന്ന നിലയിൽ തങ്ങളെ കരുതുന്ന കമ്പനികളിൽ ജോലി ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നതാണ് കോവിഡ് കൊണ്ടുവന്ന പ്രധാനമാറ്റം. അവർക്ക് എവിടെയും എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാനുള്ള കൂടുതൽ സ്വാതന്ത്ര്യവും വേണമെന്ന് ജീവനക്കാർ ആവശ്യപ്പെടുകയും കമ്പനികൾ അത് പലപ്പോഴും അംഗീകരിക്കുകയും ചെയ്യുന്നു. പുതിയ മാറ്റവുമായി പൊരുത്തപ്പെട്ടില്ലെങ്കിൽ മികച്ച ടാലന്റുകളെ നഷ്ടമാകുമെന്ന് കമ്പനികൾക്ക് നന്നായി അറിയാം. ലിങ്ക്ഡ്ഇനിൽ 2019നു ശേഷം ‘ഫ്ലെക്സിബിലിറ്റി’ എന്ന വാക്കുള്ള തൊഴിൽ സംബന്ധമായ അറിയിപ്പുകളിൽ 86 ശതമാനം വർധനയാണുണ്ടായത്. അടുത്ത വർഷത്തോടെ വിദ്യാഭ്യാസ യോഗ്യതയും എക്സിപീരിയൻസും മാത്രം നോക്കിയുള്ള റിക്രൂട്ട്മെന്റ് രീതി മാറി സ്കിൽ അധിഷ്ഠിതമായ ഹയറിങ് ഇന്ത്യയിൽ വരുമെന്നാണ് തോന്നുന്നത്. സ്കിൽ അധിഷ്ഠമായിരിക്കണം പുതിയ കാല ഹയറിങ് എന്നാണ് പുതിയ ജനറേഷനിലെ 51 ശതമാനം പ്രഫഷണലുകൾ ഞങ്ങളുടെ ഒരു സർവേയിൽ അഭിപ്രായപ്പെട്ടത്.

Career Guru

ഫ്രഷേഴ്സ് ലിങ്ക്ഡ്ഇനിൽ എന്തു ചെയ്യണം?

അങ്കിത് നിർദേശിക്കുന്നു

∙ അപ്ഡേറ്റഡ് ആയിരിക്കുക: പുതിയ കാലത്ത് ലിങ്ക്ഡ്ഇൻ ആണ് നിങ്ങളുടെ സിവി. സമൂഹമാധ്യമങ്ങളിലൂടെയാണ് പല കമ്പനികളും ആളുകളെ തേടുന്നത്. അതുകൊണ്ട് പ്രൊഫൈൽ എപ്പോഴും അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുക.

∙ ബന്ധങ്ങളാണ് ശക്തി: ഇഷ്ടമേഖലയുമായി ബന്ധപ്പെട്ട പ്രഫഷണലുകൾ, പ്രധാന വ്യക്തികൾ എന്നിവരുമായി ബന്ധപ്പെടാൻ ലിങ്ക്ഡ്ഇൻ ഉപയോഗിക്കുക. ഈ ബന്ധങ്ങൾ പിന്നീട് വലിയ ഉപകാരമാകും.

∙ സിഗ്നൽ ചെയ്യുക: ജോലി ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ലിങ്ക്ഡ്ഇനിലെ ‘ഓപ്പൺ ടു വർക്’ എന്ന ഓപ്ഷൻ ഓൺ ആക്കി സൂക്ഷിക്കുക. ഹയറിങ് മാനേജർമാർ സെർച്ച് ചെയ്യുമ്പോൾ നിങ്ങളെ കണ്ടെത്താനുള്ള സാധ്യത കൂടും. 80 ലക്ഷത്തിലധികം ലിങ്ക്ഡ്ഇൻ അംഗങ്ങൾ ഓപ്പൺ ടു വർക് സ്റ്റാറ്റസ് ഓൺ ആക്കിയിട്ടുണ്ട്.

∙ സ്കിൽസ് അസസ്മെന്റ് ടൂൾ: വിദ്യാഭ്യാസ യോഗ്യതയ്ക്കപ്പുറത്ത് നിങ്ങളുടെ സ്കില്ലുകൾ വിലയിരുത്താനാണ് കമ്പനികൾക്ക് താൽപര്യം. ലിങ്ക്ഡ്ഇനിലെ സ്കിൽസ് അസസ്മെന്റ് ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് പ്രാവീണ്യമുള്ള മേഖലകൾ ഏതൊക്കെയെന്ന് തെളിയിക്കുകയും ബാഡ്ജ് നേടാനും അവസരമുണ്ട്. അതത് മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉത്തരം നൽകുകയാണ് വേണ്ടത്.

വളരുന്ന തൊഴിൽമേഖലകൾക്ക് എന്ത് സ്കിൽ വേണം?

അതിവേഗം വളരുന്ന 15 തൊഴിൽമേഖലകള്‍ക്കു വേണ്ട സ്കില്ലുകൾ ഏതൊക്കെയെന്നും മികച്ച ജോലി ലഭിക്കാനുള്ള ശരാശരി അനുഭവപരിചയവും ലിങ്ക്ഡ്ഇൻ വ്യക്തമാക്കുന്നു. ഒപ്പം വിദൂരത്തിരുന്ന് ജോലി ചെയ്യാനുള്ള (റിമോട്ട്) സാധ്യത എത്രയെന്നും റിപ്പോർട്ട് പറയുന്നു.

2017 ജനുവരി മുതൽ 2021 ജൂലൈ വരെ ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ അംഗങ്ങളുടെ വിവരങ്ങൾ ഡേറ്റാ സയൻസ് ടീം വിശകലനം ചെയ്താണ് ഇവ തയാറാക്കിയത്. 

1) അഫിലിയേറ്റ് മാർക്കറ്റിങ് സ്പെഷലിസ്റ്റ്സ്

ക്ലയന്റ് ആയിട്ടുള്ള ഇ–കൊമേഴ്സ് സൈറ്റുകളിലേക്കും മറ്റും ആളുകളെ എത്തിക്കാനും സാധനങ്ങൾ വാങ്ങാനും പ്രേരിപ്പിക്കുന്ന ഡിജിറ്റൽ വിപണനരീതിയാണ് അഫിലിയേറ്റ് മാർക്കറ്റിങ്. ഇതിനുതകുന്ന ക്യാംപെയ്നുകൾ വികസിപ്പിക്കുകയാണ് ജോലി.

സ്കില്ലുകൾ: ഡിജിറ്റൽ മാർക്കറ്റിങ്, അഫിലിയേറ്റ് മാർക്കറ്റിങ്

ശരാശരി അനുഭവപരിചയം: 2.6 വർ‌ഷം

റിമോട്ട് ജോലിക്കുള്ള സാധ്യത: 27.3%

2) സൈറ്റ് റിലയബിലിറ്റി എൻജിനീയർമാർ

കമ്പനി സിസ്റ്റത്തിന്റെ ഉറപ്പും കാര്യക്ഷതയും വർധിപ്പിക്കാനുള്ള ഓട്ടമേറ്റഡ് സോഫ്റ്റ്‍വെയറുകൾ വികസിപ്പിക്കുക.

സ്കില്ലുകൾ: സൈറ്റ് റിലയബിലിറ്റി, കുബർനെറ്റിസ്, ആമസോൺ വെബ് സർവീസസ്

അനുഭവപരിചയം: 5 വർഷം

റിമോട്ട് സാധ്യത: 8.6%

3) മോളിക്കുലർ ബയോളജിസ്റ്റ്

കോശങ്ങളുടെ പ്രവർത്തനവും സ്വഭാവവും സംബന്ധിച്ച പഠനവും ഗവേഷണവും

സ്കില്ലുകൾ: മോളിക്കുലർ ബയോളജി, ഡ‍ിഎൻഎ എക്സ്ട്രാക്ഷൻ, പോളിമെറേസ് ചെയിൻ റിയാക്ഷൻ (പിസിആർ)

അനുഭവപരിചയം: 2.8 വർഷം

റിമോട്ട് സാധ്യത: 6.7%

4) വെൽനെസ് സ്പെഷലിസ്റ്റ്

കമ്പനികളിൽ ജീവനക്കാരുടെ ആരോഗ്യം, ഫിറ്റ്‍നെസ്റ്റ് തുടങ്ങിയ കാര്യങ്ങളിൽ പരിശീലനവും പിന്തുണയും നൽകുക.

സ്കില്ലുകൾ: എംപ്ലോയി വെൽനെസ്, വെയിറ്റ് മാനേജ്മെന്റ്, വെൽനെസ് കോച്ചിങ്

അനുഭവപരിചയം: 5.7 വർഷം

റിമോട്ട് സാധ്യത: 0% 

5) യൂസർ എക്സിപീരിയൻസ് റിസർച്ചർ

ഒരു കമ്പനിയുടെ ഉപയോക്താക്കളുടെ പെരുമാറ്റം, മുൻഗണനകൾ, താൽപര്യങ്ങൾ മനസ്സിലാക്കി ബിസിനസ് തന്ത്രങ്ങൾ നിർദേശിക്കുക.

സ്കില്ലുകൾ: യൂസബിലിറ്റി ടെസ്റ്റിങ്, യൂസർ എക്സിപീരിയൻ (യുഎക്സ്), വയർഫ്രെയിമിങ

അനുഭവപരിചയം: 4.6 വർഷം

റിമോട്ട് സാധ്യത: 14.0%

6) മെഷീൻ ലേണിങ് എൻജിനീയർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകൾ ഉപയോഗിച്ച് കമ്പനി സിസ്റ്റത്തെ കൂടുതൽ കാര്യക്ഷമമാക്കുക

സ്കില്ലുകൾ: ഡീപ് ലേണിങ്, മെഷീൻ ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ് (എൻഎൽപി)

അനുഭവപരിചയം: 3 വർഷം

റിമോട്ട് സാധ്യത: 10.7%

7) റിക്രൂട്ട്മെന്റ് അസോഷ്യേറ്റ്

മികവുള്ള പ്രഫഷണലുകളെ കമ്പനിയിലേക്ക് ആകർഷിക്കുകയും റിക്രൂട്ട്മെന്റ് നടപടികൾ മെച്ചപ്പെടുത്തുകയും ചെയ്യുക.

സ്കില്ലുകൾ: സ്ക്രീനിങ്, സോഴ്സിങ്, റിക്രൂട്ടിങ്

അനുഭവപരിചയം: 3.1 വർഷം

റിമോട്ട് സാധ്യത: 2.0%

8) ഡേറ്റ സയന്റിസ്റ്റ്

വലിയ അളവിലുള്ള ഡേറ്റയെ കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ അപഗ്രഥിച്ച് നിഗമനങ്ങളിലെത്തുക.

സ്കില്ലുകൾ: മെഷീൻ ലേണിങ്, ഡേറ്റ സയൻസ്, പൈത്തൺ (പ്രോഗ്രമിങ് ലാംഗ്വേജ്)

അനുഭവപരിചയം: 4.5 വർഷം

റിമോട്ട് സാധ്യത: 12.4%

9) ചീഫ് ലീഗൽ ഓഫിസർ

കമ്പനിയുടെ നിയമവിഭാഗം നയിക്കുക, കമ്പനിക്കുണ്ടാകാവുന്ന നിയമപരമായ റിസ്ക്കുകൾ കുറയ്ക്കുക.

സ്കില്ലുകൾ: കോർപറേറ്റ് നിയമം, ടീം മാനേജ്മെന്റ്, ലീഗൽ അഡ്വൈസ്

അനുഭവപരിചയം: 3.7 വർഷം

റിമോട്ട് സാധ്യത: 2.1%

10) ഇ–ബിസിനസ് മാനേജർ

കമ്പനിയുടെ ഇ–കൊമേഴ്സ് സാന്നിധ്യം ശക്തിപ്പെടുത്തുകയും വിൽപ്പന വർധിപ്പിക്കുകയും ചെയ്യുക.

സ്കില്ലുകൾ: ഇ–ബിസിനസ്, ബിസിനസ് ഡവലപ്മെന്റ്, ടീം മാനേജ്മെന്റ്

അനുഭവപരിചയം: 5.2 വർഷം

റിമോട്ട് സാധ്യത: 93.6%

11) ബാക്–എൻഡ് ഡവലപ്പർ

സോഫ്റ്റ്‍വെയറിന്റെ പിന്നിലെ കോഡ് വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.

സ്കില്ലുകൾ: നോഡ്.ജെഎസ് (Node.js), മൊംഗോഡിബി (MongoDB), ജാവാസ്ക്രിപ്റ്റ്

അനുഭവപരിചയം: 2.7 വർഷം

റിമോട്ട് സാധ്യത: 28.5%

12) മീഡിയ ബയർ

വിവിധ മാധ്യമങ്ങളിൽ കമ്പനിയുടെ പരസ്യം നൽകുക, മാർക്കറ്റിങ് ക്യാംപെയ്നുകൾ വികസിപ്പിക്കുക, പരസ്യങ്ങൾക്കു ലഭിക്കുന്ന പ്രതികരണം വിലയിരുത്തുക.

സ്കില്ലുകൾ: മീഡിയ ബയിങ്, അഫിലിയേറ്റ് മാർക്കറ്റിങ്, ഓൺലൈൻ അഡ്വർട്ടൈസിങ്

അനുഭവപരിചയം: 3.1 വർഷം

റിമോട്ട് സാധ്യത: 29.8%

13) സ്ട്രാറ്റജി അസോഷ്യേറ്റ്

ഓരോ ഘട്ടത്തിലും വിവിധ ഡേറ്റാ സ്രോതസ്സുകൾ വിലയിരുത്തി കമ്പനിയുടെ മുൻഗണനകൾ, തന്ത്രങ്ങൾ എന്നിവ നിശ്ചയിക്കുക.

സ്കില്ലുകൾ: സ്ട്രാറ്റജി, മാർക്കറ്റ് റിസർച്ച്, ഫിനാൻഷ്യൽ മോഡലിങ്

അനുഭവപരിചയം: 2.3 വർഷം

റിമോട്ട് സാധ്യത: 3.9%

14) ബിസിനസ് ഡവലപ്മെന്റ് റെപ്രസെന്റേറ്റിവ്

യോജിച്ച ക്ലയന്റുകളെ കണ്ടെത്തി ബിസിനസ് വർധിപ്പിക്കുക. പല കമ്പനികളിലും ഇത് കരിയറിന്റെ തുടക്കത്തിലുള്ള ജോലിയാണ്.

സ്കില്ലുകൾ: ഇൻസൈഡ് സെയിൽസ്, ലീഡ് ജനറേഷൻ

അനുഭവപരിചയം: 3.1 വർഷം

റിമോട്ട് സാധ്യത: 28.0%

15) സർവീസ് അനലിസ്റ്റ്

കമ്പനിയുടെ കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, ട്രെൻഡുകൾ എന്നിവ വിലയിരുത്തുക.

സ്കില്ലുകൾ: ഇൻസിഡന്റ് മാനേജ്മെന്റ്, ടീം മാനേജ്മെന്റ്

അനുഭവപരിചയം: 3.4 വർഷം

റിമോട്ട് സാധ്യത: 1.0%

Content Summary : Ankit Vengurlekar Talks About Trends in Jobs Recruitment After Covid

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS