ADVERTISEMENT

ബുദ്ധാശ്രമത്തിലെത്തിയ ബാലന് ഒരു വിനോദമുണ്ട്. ചെറിയ പ്രാണികളെ ദേഹത്തു കല്ലുകെട്ടി വിടും. അവ പിടയുന്നതു കാണുമ്പോൾ അവനു സന്തോഷമാണ്. രാത്രിയിൽ അതോർത്ത് ചിരിച്ചുമറിഞ്ഞാണ് അവന്റെ ഉറക്കം. ഒരു ദിവസം ഉറക്കത്തിൽ തിരിഞ്ഞുകിടക്കാൻ ശ്രമിക്കുമ്പോൾ അവനു കഴിയുന്നില്ല. അവന്റെ അരക്കെട്ടിൽ ആരോ കല്ലുകെട്ടിയിരിക്കുന്നു. അവന്റെ നിലവിളി കേട്ട് അടുത്തെത്തിയ ഗുരു പറഞ്ഞു: ‘ഞാനാണു കല്ലുകെട്ടിയത്. ഇപ്പോൾ നിനക്കു മനസ്സിലായോ, പകൽ നീ കല്ലുകെട്ടിയവയുടെ ഭാരം. അവയും ഇപ്പോൾ കഷ്ടപ്പെടുന്നുണ്ടാകും. അവയെ രക്ഷപ്പെടുത്തിയാൽ ഞാൻ നിന്റെ കല്ലും അഴിക്കാം’.

 

അവൻ അതിരാവിലെ എഴുന്നേറ്റു മുറ്റത്തേക്കു നടന്നു. ഭാരം കൊണ്ട് ചരിഞ്ഞു നടക്കുന്ന അവനെ കണ്ട് നിറകണ്ണുകളോടെ ഗുരു പറഞ്ഞു: ‘ഒരു ചെറിയ പ്രശ്നമുണ്ട്. നീ കെട്ടഴിക്കാൻ ചെല്ലുമ്പോൾ അവയിലേതെങ്കിലുമൊക്കെ ചത്തിട്ടുണ്ടാകും. പിന്നെ കല്ലഴിച്ചിട്ട് എന്തുകാര്യം?’.

 

ആർക്കും അഹിതമായതൊന്നും ചെയ്യാതിരിക്കുക എന്നതിനെക്കാൾ വലിയ പുണ്യമുണ്ടാകുമോ. പറന്നുല്ലസിക്കേണ്ടവയെ കൂട്ടിലടയ്ക്കുന്നവർക്കും ഓടിനടക്കേണ്ടവയെ ചങ്ങലയ്ക്കിടുന്നവർക്കും വിഷാദം കണ്ട് രസിക്കുന്ന സ്വഭാവവൈകൃതമുണ്ട്. മറ്റൊരാളുടെ വിഷമങ്ങൾ, അത് ശത്രുവിന്റേതാണെങ്കിൽപോലും, സ്വന്തം ജീവിതത്തിൽ സന്തോഷത്തിന്റെ വിത്തുകൾ പാകുന്നുണ്ടെങ്കിൽ നിശ്ചയമായും ചികിത്സയ്ക്കു വിധേയമാകണം.

 

വളർത്താൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ, തളർത്താതിരിക്കാൻ എല്ലാവർക്കും കഴിയും. കദനകഥകൾ പങ്കുവയ്ക്കുന്ന ഓരോരുത്തരുടെയും കണ്ണുനീരിൽ അവരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവരുടെ പേരുകളുമുണ്ടാകും. ദിനാന്ത്യങ്ങൾ ആഹ്ലാദഭരിതമാണെങ്കിൽ ഒരു ചോദ്യം സ്വയം ചോദിക്കണം. എന്റെ സന്തോഷത്തിന്റെ കാരണമെന്താണ്? ഉത്തരത്തിൽ ഏതെങ്കിലുമൊരാളുടെ ദയനീയത ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ ആ സന്തോഷം ഹാനികരമാണ്. 

 

നിർബന്ധപൂർവം ഒഴിവാക്കേണ്ട രണ്ടു ശീലങ്ങളുണ്ട്; തിരുത്താനാകാത്ത തെറ്റുകൾ ചെയ്യുന്നതും, സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പഠിക്കുന്നതും. തിരുത്താനാഗ്രഹിച്ചു ചെല്ലുമ്പോൾ ക്ഷമ നൽകേണ്ടയാൾ വിടപറഞ്ഞു എന്ന തിരിച്ചറിവ് നൽകുന്ന കുറ്റബോധത്തിന് പഴയ അഹംബോധത്തെ മറികടക്കാനാകില്ല. ദുരനുഭവങ്ങളിൽനിന്നു മാത്രം പഠിക്കാനിരുന്നാൽ തകർച്ചയുടെ ആഘാതത്തിനനുസരിച്ചു മാത്രമേ പ്രതികരിക്കാനാകൂ. ചരടുകെട്ടുന്നത് ചലിക്കുന്നവയെ നിശ്ചലമാക്കാൻ വേണ്ടിയാകരുത്. നിശ്ചലമായവയെ ചലിപ്പിക്കാൻ വേണ്ടിയാകണം

 

Content Summary : Daily Motivation - Why should we never hurt anyone?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com