ADVERTISEMENT

കൃത്യസമയത്ത് ഭക്ഷണം പോലും കഴിക്കാതെ തുടർച്ചയായി രോഗികളെ നോക്കേണ്ടി വരാറുണ്ട് ഡോക്ടർമാർക്ക്. വിശന്നു വലഞ്ഞിരിക്കുമ്പോഴും അവരുടെ മുൻഗണ മുന്നിലെത്തുന്ന രോഗികളുടെ ആരോഗ്യകാര്യത്തിലാണ്. ഒപിയിലെ തിരക്കുള്ള ഒരുച്ച നേരത്ത് അസാധാരണ ആവശ്യവുമായെത്തി തന്നെ അമ്പരപ്പിച്ച ഒരു വയോധികനെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഡോക്ടർ അനീസ് അഹമ്മദ്. 

 

 

വളരെ തിരക്ക് ഉള്ള ഒരു ഒപി ആയിരുന്നു അന്ന്. എല്ലാവരെയും പരിശോധിച്ചു തീർന്നപ്പോഴേക്കും 2 മണി ആവാറായി. വിശന്നിട്ടു കണ്ണു കാണാൻ വയ്യ. പോയി വല്ലതും കഴിക്കാം  എന്നു വിചാരിച്ചെഴുന്നേറ്റു, അതാ വരുന്നു സിസ്റ്റർ.

 

‘‘സർ ഒരു പേഷ്യന്റ് കൂടെയുണ്ട്. ഞാൻ സാറിന്റെ ലഞ്ച് ബ്രേക്ക് ആണെന്ന് പറഞ്ഞിട്ട് പുള്ളി കൂട്ടാക്കുന്നില്ല. ഇപ്പോൾത്തന്നെ സാറിനെ കാണണം’’. ഒരു ക്ഷമാപണത്തോടെ  അവർ പറഞ്ഞു. ഉള്ളിൽ വന്ന വിശപ്പിനെ ഒതുക്കി വെച്ചു ഞാൻ പറഞ്ഞു.‘ സാരമില്ല, വിളിച്ചോളൂ’.

 

70 വയസ്സോളം പ്രായമുള്ള ഒരു മനുഷ്യൻ. വെള്ള ഷർട്ടും ചാര നിറത്തിലുള്ള പാന്റ്സും. ഷർട്ടിന്റെ ഒരു കൈ മടക്കി വച്ചിട്ടുണ്ട്. മറ്റേ കൈ അലങ്കോലമായി കിടക്കുന്നു. ഷർട്ട് നല്ലവണ്ണം മുഷിഞ്ഞിട്ടുണ്ട്. വെള്ള നിറം ഒരുതരം മഞ്ഞയിലേക്ക് മാറിയിരിക്കുന്നു. വെളുത്തു പഞ്ഞി പോലെയുള്ള മുടിയും താടിയും. ഈ പ്രായത്തിലും ഇത്രയും മുടി യുള്ള അയാളോട് തലയുടെ പുറകിൽ പപ്പടമുള്ള എനിക്ക് അസൂയ തോന്നി. കട്ടി ഫ്രെയിമിൽ ഉള്ള കണ്ണട മാത്രമായിരുന്നു ആ മുഖത്തുള്ള കറുപ്പ്‌. പതിയെ അടുത്തേക്ക് വന്ന അയാളോട് ഞാൻ ഇരിക്കാൻ പറഞ്ഞു.

 

മുമ്പിൽ ഉള്ള ഒ പി ടിക്കറ്റിൽ ഞാൻ നോക്കി. രവീന്ദ്രൻ , 73 വയസ്സ്. മുമ്പ് കണ്ടിട്ടില്ലാത്തതിനാൽ ഞാൻ എല്ലാവരോടും ചോദിക്കുന്ന പോലെ ചോദിച്ചു.

 

‘‘എന്തു പറ്റി, എന്താണ് താങ്കളുടെ പ്രയാസം?’’

 

സ്വരം ഒന്നു ശരിയാക്കി അയാൾ പറഞ്ഞു. ‘‘എനിക്ക് ഇനി ജീവിക്കേണ്ട സാറേ. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം പക്ഷേ എനിക്കില്ല. എനിക്ക് ദയാവധം ചെയ്തു തരാമോ ?’’ വിശന്നു ഹൈപ്പോഗ്ലൈസീമിയയുടെ അപാര തലങ്ങളിൽ വിഹരിച്ചു കൊണ്ടിരിക്കുന്ന എനിക്ക് വല്ലായ്മ തോന്നി. പലതരം രോഗികളെ കണ്ടിട്ടുണ്ട്, പല പ്രശ്നങ്ങളും പ്രയാസങ്ങളുമായി വരുന്നവർ. പക്ഷേ ഇതു പോലെ ഒരപേക്ഷ ആദ്യം.

 

‘‘അച്ഛൻ എന്താണീ പറയുന്നത് ? ഇങ്ങനെയൊക്കെ തോന്നാൻ എന്തുണ്ടായി?’’  അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു ഞാൻ ചോദിച്ചു.

 

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. ആ വെളുത്ത താടി രോമങ്ങൾക്കിടയിലൂടെ കണ്ണീർ ധാരയായി ഇറ്റ് വീണു. ആശ്വസിപ്പിക്കാൻ ഞാൻ എന്നാലാവും വിധം ശ്രമിച്ചു. കുറച്ചു കഴിഞ്ഞു നോർമൽ ആയ അയാൾ ജീവിതകഥ പറയാൻ തുടങ്ങി.

 

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഒരുയർന്ന ഉദ്യോഗസ്ഥൻ. ഭാര്യയും സർക്കാർ സർവീസിൽ തന്നെ. രണ്ട് പെണ്മക്കൾ. അവരും കല്യാണമൊക്കെ കഴിഞ്ഞു  കുടുംബമായി നല്ല ജോലിയുമായി ജീവിക്കുന്നു.12 വര്‍ഷങ്ങൾക്കു മുൻപ് ഒരു ദിവസം ഭാര്യ ഹൃദയാഘാതം വന്നു മരിച്ചു. അതിന് ശേഷം ഒരു വ്യാഴവട്ടം തികഞ്ഞ ഏകാന്തതയിൽ ആയി അയാൾ. തുടക്കത്തിൽ മക്കൾ അവരുടെ കൂടെ നിൽക്കാൻ വിളിച്ചെങ്കിലും പോയില്ല, പ്രിയ പത്നിയുടെ ഓർമകൾ ഉള്ള ആ വീട് ഉപേക്ഷിച്ചു പോകാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. കൂട്ടിന് സഹായി ആയി അയൽവായിയായ ഒരു വ്യക്തി ഉണ്ടായിരുന്നു. വീട്ടു ജോലി അയാളുടെ ഭാര്യ ചെയ്തു കൊടുക്കും.

 

‘‘സാർ, ഞാൻ ആ വീട്ടിലിരിക്കുമ്പോൾ എനിക്ക് അവളെ അവിടെ ഫീൽ ചെയ്യും. അവളുടെ ശബ്ദം ആ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ എപ്പോഴും അലയടിക്കും എന്നു എനിക്ക് തോന്നും. ഞാൻ എഴുന്നേറ്റ് പോയി നോക്കുമ്പോൾ ഒന്നുമില്ല.  അവളുടെ ഓർമകളിൽ മുഴുകി ഞാൻ ഇരുന്നു, ഒരു വ്യാഴവട്ടം. എനിക്ക്‌ കൂട്ടായി അവളുടെ ഓർമ്മകൾ മാത്രം മതിയായിരുന്നു. ഈ അടുത്ത കാലത്തു ഒരു വല്ലാത്ത ഏകാന്തത എന്നെ ഗ്രസിച്ചു തുടങ്ങി’’.

 

ഞാൻ റൂമിലെ ക്ലോക്കിലേക്ക് നോക്കി. സമയം 2:20 അയാൾ തുടർന്നു.

 

work-experience-series-anees-ahammed-kurikal-memoir-author-image
ഡോ. അനീസ് അഹമ്മദ്

‘‘ ഇനിയും ഈ ഏകാന്തതയുടെ തടവറയിൽ എനിക്ക് പിടിച്ചു നിൽക്കാൻ വയ്യ. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവന് പോലും ഒരു കാലാവധി ഇല്ലേ ഡോക്ടർ . എനിക്ക് ആ കാലാവധി പോലും ഇല്ല . ജീവിതമാകുന്ന കാരാഗ്രഹത്തിൽ ഞാൻ ആജീവനാന്തം തടവിലാണ്. ഏകാന്തതയുടെ അടിമയായി. ഇതിൽ നിന്നും എനിക്ക് ഒരു മോചനം വേണം. അതിനു സർ എന്നെ സഹായിക്കണം’’. കൂപ്പു കൈകളുമായി കണ്ണീരോടെ അയാൾ പറഞ്ഞു.

 

‘‘അച്ഛൻ എന്തിനാണ്  ഒറ്റയ്ക്ക് വന്നത് ? മക്കളെ ആരെയെങ്കിലും കൂട്ടമായിരുന്നില്ലേ ?’’

 

‘‘അവരാരും ഇവിടെ ഇല്ല. ഒരാൾ ദുബായിൽ, മറ്റേ ആൾ അമേരിക്കയിൽ. എനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ല’’. അയാളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.

 

ഇടയിൽ കയറി ഞാൻ ചോദിച്ചു. ‘‘നിങ്ങൾ എന്തിനാണ്‌ ഒറ്റയ്ക്ക് ജീവിക്കുന്നത്?.  മക്കളുടെ കൂടെ പൊയ്ക്കൂടെ?’’

 

‘‘ആദ്യം മക്കൾ വിളിച്ചപ്പോൾ ഞാൻ പോയില്ല.  പിന്നെ ഞാനിപ്പോൾ താമസിക്കുന്ന വീടല്ലാത്ത സ്വത്തു വകകൾ അവർക്ക് ഭാഗിച്ചു കൊടുത്തു. അതിനു ശേഷം എന്നെ കൊണ്ട് പോകാനുള്ള പ്ലാനുകൾ ഒക്കെ ഇല്ലാതായി. ഇപ്പൊ മാസത്തിൽ വല്ലപ്പോഴും ഉള്ള ഒരു ഫോൺ കാൾ, അത് മാത്രം ബാക്കി’’.

 

‘‘ഇനി എനിക്ക് ഇങ്ങനെ ജീവിക്കേണ്ട സർ. നിങ്ങൾ പഠിച്ച വൈദ്യശാസ്ത്രം വച്ചു കാലനു പോലും വേണ്ടാത്ത എനിക്ക് മോക്ഷം തരണം. പറ്റില്ല എന്ന് മാത്രം പറയരുത്’’ എന്റെ കൈകളിൽ പിടിച്ചു കൊണ്ടയാൾ വിതുമ്പി.

 

എന്റെ കസേരയിൽ നിന്നും എഴുന്നേറ്റ് ഞാൻ ആ മനുഷ്യന്റെ അടുത്തേക്ക് നീങ്ങി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാൾ പൊട്ടിക്കരഞ്ഞു . അയാളുടെ കണ്ണുനീരിന്റെ ചൂട് ഞാനറിഞ്ഞു. 

 

‘‘സാരമില്ല , എല്ലാം നമുക്ക് ശരിയാക്കം, എല്ലാ പ്രശ്നങ്ങളും നമുക്ക് മാറ്റി എടുക്കാം’’ അയാളെ ഞാൻ ആവും വിധം ആശ്വസിപ്പിച്ചു.

 

അയാളുടെ ഫോണിൽ നിന്നും മക്കളുടെ നമ്പർ ഞാൻ എടുത്തു. ഇന്നു വരെ ഒരു ISD കാൾ പോലും വിളിക്കാത്ത ഞാൻ അവരെ വിളിച്ചു. മൂത്ത മോളുടെ നമ്പർ നിലവിലില്ല എന്ന് ഫോണിലൂടെ കേട്ടപ്പോൾ ഞാൻ രണ്ടാമത്തെ ആളെ വിളിച്ചു. ബെല്ലടിച്ചെങ്കിലും എടുത്തില്ല.അയാളെ ഞാൻ ഒബ്സർവേഷനിലേക്ക് മാറ്റി ആഹാരം കഴിക്കാൻ പോയി. സമയം മൂന്ന് കഴിഞ്ഞു.

 

ഭക്ഷണം കഴിച്ചു റൂമിൽ വന്നപ്പോഴേക്കും വാട്സാപ്പിൽ ഒരു കാൾ വന്നു: രണ്ടാമത്തെ മോളാണ് . അവരുമായി ഞാൻ ഒരു പാട് നേരം സംസാരിച്ചു. അച്ഛൻ അനുഭവിക്കുന്ന പ്രായസങ്ങളും അതിനു അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളും ഒക്കെ ആയി ഒരു പാട് നേരം. ഞാൻ പറഞ്ഞാൽ അവരുടെ നിലപാട് മാറും എന്ന് പ്രതീക്ഷിച്ചല്ല. എന്നാലും ഒരു ശ്രമം എന്ന നിലയ്ക്ക് പരിശ്രമിച്ചു. കുറേ നേരത്തെ സംസാരത്തിനു ശേഷം അയാളുടെ അടുത്തു ഞാൻ പറഞ്ഞു.

 

‘‘അച്ഛൻ ഒട്ടും വിഷമിക്കേണ്ട. ഞാൻ മോളുമായി സംസാരിച്ചു. അവർ അച്ഛനെ കൊണ്ട് പോകാനായി ഉടൻ വരുന്നുണ്ട്’’

 

തെല്ലൊരു അവിശ്വാസ്യതയോട് കൂടി അയാൾ ചോദിച്ചു ‘‘സത്യമാണോ സാറേ ?’’

 

ഞാൻ വീണ്ടും വീണ്ടും ആണയിട്ടു പറഞ്ഞു. അവർ തീർച്ചയായും വരും. അച്ഛൻ സമാധാനമായിട്ട് വീട്ടിൽ പൊയ്ക്കോളൂ. ആ കണ്ണുകളിൽ അത്‌ വരെ ഇല്ലാതിരുന്ന ഒരു പ്രകാശം ഞാൻ കണ്ടു. അതു വരെ വിഷാദനായിരുന്ന അയാളുടെ മുഖത്തു ഒരു പുതുപ്രസരിപ്പ് എനിക്ക് തോന്നി. അങ്ങനെ സന്തോഷത്തോടെ അയാൾ യാത്ര പറഞ്ഞിറങ്ങി.

 

 

പിറ്റേ ദിവസം രാവിലെ ചായ കുടിക്കുമ്പോൾ പത്രത്തിൽ ആ മുഖം ഞാൻ കണ്ടു. സാധാരണ ചരമ കോളം ഞാൻ നോക്കാറില്ല. പക്ഷേ അന്ന് യാദൃശ്ചികമായി നോക്കി ഞാൻ ഞെട്ടി പോയി. വർഷങ്ങൾ മുമ്പെടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു, നല്ല ഊർജസ്വലത. ‘‘ഏകാന്തതയുടെ തടവറയിൽ നിന്നും എന്നെന്നേക്കുമായി എന്നെ മോചിപ്പിച്ചതിനു ഒരു പാട് നന്ദി ഡോക്ടര്‍’’ ആ ഫോട്ടോയിൽ നിന്നും അയാൾ എന്നോട് പറയുന്നതായി തോന്നി. 

 

ഫോണിൽ വിളിച്ച മകൾ എന്നോട് പറഞ്ഞത് ഒരു കാരണവശാലും അച്ഛനെ കൊണ്ട് പോകാൻ പറ്റില്ല. ഇനി അതും പറഞ്ഞു ഡോക്ടർ സമയം കളയേണ്ട എന്നായിരുന്നു. പക്ഷേ അതു മറച്ചു വച്ച് അവർ കൊണ്ടുപോകുമെന്ന് ആ അച്ഛനോട് പറഞ്ഞ ആ കള്ളം കുറച്ചു മണിക്കൂറുകൾക്കെങ്കിലും ആ മനുഷ്യന് സമാധാനം കൊടുത്തു കാണുമോ? എന്റെ മനസിൽ ഒരു പാട് ചിന്തകൾ ആർത്തിരമ്പി.

 

 

വാൽ കഷ്ണം : നിങ്ങൾ കുഞ്ഞായിരിക്കുമ്പോൾ ഊണും ഉറക്കവും ഉപേക്ഷിച്ചു നിങ്ങളെ പരിചരിച്ച , നിങ്ങളുടെ ഏതാവശ്യവും നിറവേറ്റി തരാൻ എന്തു കഷ്ടതയും അനുഭവിക്കുന്ന മാതാപിതാക്കളോട് നന്ദികേടു കാണിക്കാതിരിക്കുക. അവരോട് കരുണ കാണിക്കുക. ഒട്ടും നഷ്ടമില്ലാത്ത ഒരു നിക്ഷേപം തന്നെയാണത്.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം  മറക്കാനാവാത്ത അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക .തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career - Work Experience Series -  Dr. Anees Ahammed Kurikal O.V. Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com