ADVERTISEMENT

ചോദ്യം: മാരിടൈം, ഷിപ് ബിൽഡിങ്, നേവൽ ആർക്കിടെക്ചർ കോഴ്‌സുകൾ കേരളത്തിൽ എവിടെയെല്ലാം ലഭ്യമാണ്?

 

വി.കെ.അഭിജിത്

 

ഉത്തരം: മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ, യാത്രക്കപ്പലുകൾ, ജലനൗകകൾ എന്നിവയുടെ രൂപകൽപനയും നിർമാണ മേൽനോട്ടവും നിർവഹിക്കുന്ന വരാണ് നേവൽ ആർക്കിടെക്ടുകൾ. മേൽപ്പറഞ്ഞവയുടെ നിർമാണം, റിപ്പയർ, മെയിന്റനൻസ് എന്നിവയിൽ പ്രത്യേക ശ്രദ്ധയർപ്പിക്കുന്ന പഠന വിഭാഗമാണ് ഷിപ്പ് ബിൽഡിങ്. കപ്പലുകളുടെ നാവിഗേഷനും പരിപാലനവുമാണ് മറൈൻ എൻജിനീയറുടെ ജോലി. നേവൽ ആർക്കിടെക്ടുകൾ ജലയാനങ്ങളുടെ രൂപകൽപനയിലും മറൈൻ എൻജിനീയർ അവയുടെ പരിപാലനത്തിലും കൂടുതൽ ശ്രദ്ധിക്കുന്നു. കപ്പലുകളുടെയും മറ്റു ജലയാനങ്ങളുടെയും നാവിഗേഷനും നിയന്ത്രണവുമാണ് നോട്ടിക്കൽ സയൻസിലെ പഠന വിഷയം.

career-guru-ask-guru-ship-building-job-opportunities

 

കേരളത്തിൽ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാംപസിൽ ബിഎസ്‌സി നോട്ടിക്കൽ സയൻസ് പ്രോഗ്രാമും യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പാലക്കാട് കോളജ് ഓഫ് ഷിപ് ടെക്നോളജിയിൽ ബിഎസ്‌സി ഷിപ് ബിൽഡിങ് & റിപ്പയറിങ് പ്രോഗ്രാമുമുണ്ട്. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 60% മാർക്കും ഇംഗ്ലിഷിന് 50 % മാർക്കുമുള്ള പ്ലസ്ടു ആണു യോഗ്യത. 

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിങ്, മറൈൻ എൻജിനീയറിങ് വിഷയങ്ങളിൽ ബിടെക്കുണ്ട്. യൂണിവേഴ്സിറ്റി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) വഴിയാണു പ്രവേശനം.

 

മെക്കാനിക്കൽ / അതിന്റെ അനുബന്ധ സ്ട്രീമുകൾ, നേവൽ ആർക്കിടെക്‌ചർ / അനുബന്ധ സ്ട്രീമുകൾ എന്നിവയിലൊന്നിൽ എൻജിനീയറിങ് ബിരുദം നേടിയവർക്കു കേന്ദ്രസർക്കാർ സ്‌ഥാപനമായ കൊച്ചിൻ ഷിപ്‌യാഡിന്റെ മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടി മറൈൻ എൻജിനീയറാകാം. മറ്റൊരു കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ എൻജിനീയറിങ് ട്രെയിനിങ് (സിഫ്‌നെറ്റ്) ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാവുന്ന വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്‌സുകളുണ്ട്.

 

ഇതേ സ്ഥാപനത്തിൽ തന്നെ നാലു വർഷത്തെ ബാച്‌ലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാമും ലഭ്യം. യോഗ്യത പ്ലസ്ടു സയൻസ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള യോഗ്യത ലഭിക്കും. ഷിപ്പിങ്, മറൈൻ മേഖലകളിൽ ഇന്ത്യയ്ക്കകത്തും പുറത്തും മികച്ച തൊഴിലവസരങ്ങളുണ്ട്.

 

Content Summary : Best Shipping and Logistics Courses in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com