ADVERTISEMENT

യുഎഇയിൽ 2023 ജൂൺ ഒന്നു മുതൽ കോർപറേറ്റ് നികുതി പ്രാബല്യത്തിൽ വരുന്നു. സാധാരണ ഗതിയിൽ ഒരു രാജ്യത്തെ നികുതിമാറ്റങ്ങൾ മറ്റുള്ളവർക്ക് അത്ര വാർത്തയല്ലെങ്കിലും ഗൾഫ് രാജ്യങ്ങളെ നമുക്ക് ആ കൂട്ടത്തിൽ പ്പെടുത്താനാകില്ല. പുതിയ നികുതിവ്യവസ്ഥ നടപ്പാകുന്നതോടെ യുഎഇയിലുള്ള പത്തു ലക്ഷത്തിലേറെ കമ്പനികളും കണക്കു സൂക്ഷിച്ച് റിട്ടേൺ ഫയൽ ചെയ്യണം. അക്കൗണ്ടിങ് മേഖലയിൽ പുതിയ തൊഴിലവസരങ്ങൾക്കാണ് ഇതു വഴിതുറക്കുന്നത്. ഇന്ത്യയിലെപ്പോലെ വിവിധ നികുതി സ്ലാബുകളല്ല, ഒറ്റ സ്ലാബേ ഉണ്ടാകൂ. വർഷം 3.75 ലക്ഷം ദിർഹം വരെ (ഏകദേശം 75 ലക്ഷം രൂപ) ലാഭമുള്ള സ്ഥാപനങ്ങൾക്കു നികുതിയില്ല. അതിനു മുകളിൽ ലാഭമുള്ളവ  9% നികുതി അടയ്ക്കണം.

 

അവസരം ആർക്കൊക്കെ

 

പ്രധാനമായും മൂന്നു തരത്തിൽ തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം.

1) നിലവിൽ യുഎഇയിൽ ജോലി ചെയ്യുന്നവർക്കുള്ള അധിക അവസരങ്ങൾ

2) നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ

3) പരിശീലനം, കൺസൽറ്റൻസി അടക്കമുള്ള അനുബന്ധ അവസരങ്ങൾ

നിലവിൽ യുഎഇയിൽ അക്കൗണ്ടിങ്, ഫിനാൻസ് ജോലികൾ ചെയ്യുന്നവർ നൈപുണ്യം മെച്ചപ്പെടുത്താനുള്ള പരിശീലനം നേടേണ്ടിവരും. ടാക്സ് കൂടി നോക്കേണ്ടിവരുമ്പോൾ പ്രമോഷനും ശമ്പളവർധനയ്ക്കും സാധ്യതയുണ്ട്.

ഇൻകം ടാക്സിൽ സ്പെഷലൈസ് ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റുമാർ, സിഎ വിദ്യാർഥികൾ, അക്കൗണ്ടന്റുമാ‍ർ, ടാക്സ് പ്രാക്ടിഷണർമാർ, കോസ്റ്റ് മാനേജ്മെൻ്റ് അക്കൗണ്ടൻ്റുമാർ (സിഎംഎ), കമ്പനി സെക്രട്ടറിമാർ, കമ്പനി നിയമങ്ങൾ പ്രാക്ടിസ് ചെയ്യുന്നവർ എന്നിവർക്കാകും പ്രധാനമായും അവസരങ്ങൾ ലഭിക്കുക. 

പരിശീലന, കൺസൽറ്റൻസി മേഖലകളിൽ വൻ അവസരങ്ങളാണ് വരാൻ പോകുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ടാക്സ് പ്രാക്ടിഷണർമാർക്കും ഈ മേഖലകളിലെ സാധ്യതകളും ഉപയോഗിക്കാം.

 

∙ പഠിക്കാൻ എളുപ്പം

career-guru-charterd-accountant-t-v-jayakrishnan
ടി.വി ജയകൃഷ്ണൻ

 

ഇന്ത്യയിലെപ്പോലുള്ള സങ്കീർണ നികുതിസംവിധാനമല്ല എന്നതിനാൽ പഠിച്ചെടുക്കാൻ എളുപ്പമാണ്. ലാഭത്തിനു മേൽ കൊടുക്കുന്ന നികുതിയുടെ  അടിസ്ഥാന ഘടന എല്ലാ രാജ്യങ്ങളിലും ഒരേപോലെ തന്നെ. അതിന്റെ പ്രക്രിയയിലും നിരക്കിലുമാണു വ്യത്യാസം വരുന്നത്.

 

∙ എന്തൊക്കെ ചെയ്യണം

 

യുഎഇയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ഫിനാൻസ് പ്രഫഷനലുകൾ അൽപമെങ്കിലും ടാക്സ് പ്രാക്ടിസ് ചെയ്യണം. വരുമാനനികുതി സംവിധാനം പ്രത്യേകമായി പഠിക്കണം. ടാക്സ് കൺസൽറ്റന്റുമാർ ക്കൊപ്പവും സിഎ സ്ഥാപനങ്ങളിലും ആറു മാസമെങ്കിലും പരിശീലനം നേടണം. ബികോമിനും എംകോമിനും സിലബസിൽ തന്നെ ടാക്സ് ഉണ്ട്. പഠന കാലത്തു തന്നെ ടാക്സ് പ്രാക്ടിഷണർമാർക്കൊപ്പം പരിശീലനം നേടിയാൽ കോഴ്സ് കഴിയുമ്പോൾ തന്നെ യുഎഇയിൽ ജോലിക്കു ശ്രമിക്കാം.

 

∙അവസരങ്ങൾ ഇന്ത്യയിലും

 

ഓഡിറ്റ് സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ ഉണ്ടാകാൻ പോകുന്നത്. വിവിധ സർട്ടിഫിക്കേഷനു കളും അറ്റസ്റ്റേഷനുകളും ആവശ്യമുണ്ട് എന്നതിനാൽ പലരും പുതിയ നിയമനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പലതരത്തിലു ള്ള അപ്പീലുകളും ഹിയറിങ്ങുകളും ഉണ്ടാകും എന്നതിനാൽ കമ്പനി ലോ പഠിക്കുന്നവർക്കും അവസരങ്ങളുണ്ട്. ഇന്ത്യക്കാർ നടത്തുന്ന വൻകിട ഓഡിറ്റ് സ്ഥാപനങ്ങൾക്കെല്ലാം ഇന്ത്യയിൽ ബാക്കപ് ഓഫിസുകളുണ്ട്. രണ്ടു പേരെ യുഎഇയിൽ പുതുതായി നിയമിക്കുമ്പോൾ രണ്ടു പേരെ നാട്ടിലും നിയമിക്കും. ഡിജിറ്റൈസേഷൻ കൂടുന്തോറും ഇന്ത്യയിലെ തൊഴിലവസരങ്ങളും കൂടുകയാണ്.

 

ടി.വി.ജയകൃഷ്ണൻ,

പാർട്ണർ & ടാക്സ് ഡിവിഷൻ മേധാവി,

എച്ച്എൽബി ഹാംറ്റ് ചാർട്ടേഡ് അക്കൗണ്ടന്റ്സ്,

ദുബായ്

 

Content Summary : Corporate Tax Jobs in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com