ADVERTISEMENT

വരാനുള്ളതൊന്നും വഴിയിൽത്തങ്ങില്ല എന്ന് പറയുന്നത് വെറുതെയല്ലെന്ന് ജീവിതത്തിലൂടെ മനസ്സിലാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് ജോമോൻ ഫ്രാൻസിസ്. ആദ്യജോലിക്കായുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിൽ പലവിധ തടസ്സങ്ങൾ വന്നിട്ടും അമ്മയുടെ ചീത്ത കേട്ട് പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടും ഒരു സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാതെ ഇന്റർവ്യൂ ബോർഡിനു മുന്നിൽച്ചെന്നിരുന്നിട്ടും തനിക്ക് ജോലി കിട്ടിയ കഥ പങ്കുവയ്ക്കുകയാണ് ജോമോൻ. അഭിമുഖത്തിനു പോയ കാര്യം പോലും മറന്ന ഒരു ഘട്ടത്തിലാണ് തന്നെത്തേടി അപ്പോയിന്റ്മെന്റ് ലെറ്റർ എത്തിയതെന്നും ചില കാര്യങ്ങൾ എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും അത് സമയമാകുമ്പോൾ നമ്മളെത്തേടി വരുമെന്നും പറഞ്ഞുകൊണ്ട് ജോമോൻ അനുഭവകഥ പങ്കുവയ്ക്കുന്നതിങ്ങനെ:- 

 

ഡിഗ്രി ഫൈനൽ എക്സാം എഴുതി റിസൾട്ട് വന്നിരിക്കുന്ന സമയം. പ്രൊവിഷനൽ സർട്ടിഫിക്കറ്റ് മാത്രം കൈയിലുള്ള ആ സമയത്ത് പാവറട്ടി സഹകരണ ബാങ്കിൽ താത്കാലിക തസ്തികയിൽ ആളെ എടുക്കുന്നുണ്ടെന്നു പരസ്യം കണ്ടതനുസരിച്ച് ഞാനും അപ്ലിക്കേഷൻ അയച്ചു. അധികം പ്രതീക്ഷ വച്ചു പുലർത്തി മനസിനെ കുഴപ്പിക്കുന്ന പതിവ് പണ്ടേ ഇല്ലാത്തതു കൊണ്ട് ഞാൻ അത് മറന്നു പോയി. 

 

രണ്ടാഴ്ച കഴിഞ്ഞ് ഇന്റർവ്യൂ കാർഡ് വീട്ടിലേക്കു വന്നു. ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ ഏകദേശം രാത്രി പത്തുമണിയാകും . വീട്ടിൽ വന്നു കയറിയപാടെ അമ്മ പറഞ്ഞു ഇന്റർവ്യൂ കാർഡ് വന്നിട്ടുണ്ട്. 2007 ഏപ്രിൽ 21നാണ് ജോയിൻ ചെയ്യേണ്ടത്. അതൊരു ശനിയാഴ്ചയായിരുന്നു. സമയം പറഞ്ഞിരുന്നത് ഉച്ചയ്ക്ക് മൂന്നു മണി. ഇങ്ങനെയൊരു ഇന്റർവ്യൂ കാർഡ് വരുന്നത് ജീവിതത്തിൽ ആദ്യത്തെ അനുഭവം ആണ്. വല്ലാത്ത ഫീൽ ഞാൻ പോസ്റ്റ് കാർഡ് മണത്തു നോക്കി. ചുമ്മാ ഒരു രസം.എന്റെ പേര് അടിച്ച കാർഡ്.

 

എന്നെത്തേടി ജോലിവരുന്നു. സ്വപ്നം കാണാൻ വേറെ വല്ലതും വേണോ. പോക്കറ്റിലെ പഴ്സിൽ കാർഡ് മടക്കിവച്ച് അങ്ങനെ സ്വപ്നം കണ്ടു കിടന്നുറങ്ങി.പിറ്റേന്ന് എഴുന്നേറ്റ് എന്നത്തേയും പോലെ പേപ്പറിടാൻ പോയി തിരിച്ചു വന്നു. അന്ന് ഐഡിസിയിൽ ലിൻസൺ സാറിന്റെ കൂടെ വർക്ക് ചെയുകയായിരുന്നു. എന്നിലെ മാർക്കറ്റിങ് തന്ത്രങ്ങളെ വാർത്തെടുത്ത കേന്ദ്രമാണ് ഐഡിസി. അവിടുത്തെ ഓൾ ഇൻ ഓൾ ആയിരുന്നു ഞാനും ബഷീറും. പക്ഷേ വീക്കെൻഡ് ശനിയും ഞായറും മുറപോലെ ഞാൻ കാറ്ററിങ്ങിന് പോകുമായിരുന്നു. തോമസ് മാഷ് അല്ലെങ്കിൽ സ്റ്റീഫൻ മാഷ് വിളിക്കും. ‘വർക്ക് ഉണ്ട് ജോമോനെ’ എന്ന് പറയും. ‘ശരി’ എന്ന് മറുപടി പറയും. സാധാരണ മാഷ് ലാസ്റ്റ് മിനിറ്റിലാകും വിളിക്കുക. അതുപോലെ ഒട്ടുമിക്ക ആഴ്ചകളിലും വർക്ക് ഉണ്ടാകുന്ന കാരണം നല്ലൊരു വരുമാനം കൂടിയായതു കൊണ്ട് ഞാൻ എല്ലാ പരിപാടിയിലും മാഷിന്റെ കൂടെ കാണും.

 

ഇന്റർവ്യൂ ഒന്നും ഓർക്കാതെ പതിവുപോലെ വർക്കിന്‌ മാഷ് വിളിച്ചപ്പോ ഞാൻ പതിവുപോലെ ഒകെ പറഞ്ഞു. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അമ്മ ഓർമിപ്പിച്ചു. നാളെയാണ് 21... അയ്യോ! വർക്കിന്‌ ഏറ്റും പോയി. നേരം വല്ലാണ്ട് വൈകി. എന്തു ചെയ്യും? പണി പാളി എന്നു മനസിലായി. വാക്കു മാറ്റി പറയാൻ ബുദ്ധിമുട്ടായതു കൊണ്ട് അമ്മയെ പറ്റിക്കാം എന്ന് കരുതി. ഇന്റർവ്യൂ പോകുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കിടന്നു. കാരണം ഒന്ന് പ്രിപ്പയർ കൂടി ചെയ്യാതെ. ഒരു പുസ്തകം പോലും അതുവരെ ഓപ്പൺ ചെയ്തു നോക്കിയിട്ടില്ല. അപ്പോൾപ്പിന്നെ പോയിട്ടെന്തു കാര്യം. ഇതെനിക്ക് വേണ്ടിയുള്ളതല്ല എന്ന് മനസ്സിൽ പറഞ്ഞു കിടന്നു. 

 

ശനിയാഴ്ച ഇന്റർവ്യൂ ദിവസം. രാവിലെ പത്രവിതരണം കഴിഞ്ഞു കഞ്ഞിയും കുടിച്ച് കാറ്ററിങ്ങിന് പോയി. 3 വർക്ക് ഉണ്ടായിരുന്നു അന്ന്. എന്നെ അധികം ദൂരമല്ലാത്ത മുല്ലശ്ശേരിയിലേക്ക് പോകാൻ മാഷ് അറേഞ്ച് ചെയ്ത് പരിപാടിയുടെ ലിസ്റ്റ് ഏൽപിച്ചു. ഒരു ഫാമിലിയുടെ 25th വെഡിങ് ആനിവേഴ്സറി സെലിബ്രേഷൻ. 11മണിക്കുള്ള കുർബാന കഴിഞ്ഞു 12 മണി ആകുമ്പോഴേക്കും ബൊഫേ കൗണ്ടർ ഓപ്പൺ ആക്കി. ഞാൻ ഉൾപ്പടെ 4 പേര് ഉണ്ടായിരുന്നുള്ളൂ. ആളുകൾ ഒരുമിച്ച് വന്നത് കൊണ്ട് പട പടാന്നു പരിപാടി കഴിഞ്ഞു. 1.30pm ആയപ്പോൾ തിരിച്ചു കൊണ്ടുപോകാൻ ബാലകൃഷ്ണൻ ചേട്ടനും വന്നു. തിരിച്ചു പ്രിയ കാറ്ററിങ്ങിൽ വന്ന്  സാധനങ്ങൾ ഒതുക്കി വച്ചു കൂലി വാങ്ങിച്ചപ്പോൾ സമയം 2pm ആയിട്ടേയുള്ളൂ. സിൻഡ ചേച്ചിയുടെ മനസമ്മതം ആയിരുന്നു അന്ന്. എന്റെ കസിൻ ആയിട്ടും അവരുടെ ഫങ്ഷനു പോകാതെ മാഷിന്റെ കൂടെ പോയത് അന്നത്തെ സാഹചര്യം കൊണ്ടായിരുന്നു. ഒരു ദിവസത്തെ പരിപാടിക്കു പോയാൽ അത്രയും ആയല്ലോ എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്തായാലും നേരത്തെ എന്റെ വർക്ക് കഴിഞ്ഞതു കൊണ്ട് മാഷിന്റെ കൈയിൽ നിന്നും കൂലി വാങ്ങിച്ചു നേരെ സിൻഡ ചേച്ചിയുടെ വീട്ടിലേക്കു വച്ച് പിടിച്ചു. അവിടെ ഫോട്ടോ സെഷൻ കഴിഞ്ഞ് കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടേയുണ്ടായിരുന്നുള്ളൂ. 

 

പെട്ടന്ന് എന്റെ അമ്മ വന്നു സീൻ അകെ കോൺട്രാ ആയി. കാരണം ഇന്റർവ്യൂനു പോകാത്ത എന്നെ അവിടെ കണ്ടപ്പോൾ അമ്മയുടെ സകല കണ്ട്രോളും പോയിരുന്നു. പിന്നെ സലോമി ചേച്ചി (സിൻഡയുടെ അമ്മ) വന്നു അമ്മയെ സമാധാനിപ്പിച്ചു അകത്തേക്കു കൂട്ടി കൊണ്ടുപോയി. എന്നോട് ഇന്റർവ്യൂനു പോകാനും പറഞ്ഞു. കൈയിലെ വാച്ച് നോക്കിയപ്പോൾ നേരം മൂന്നുമണി ആകാൻ 10 മിനിറ്റ്. സൈക്കിൾ ചവിട്ടി വീട്ടിൽ എത്തി ഡ്രസ്സ് മാറി സർട്ടിഫിക്കറ്റ് എടുക്കാനൊന്നും നേരമില്ല. പോക്കറ്റിൽ ഇന്റർവ്യൂ കാർഡ് ഉള്ളതുകൊണ്ട് പോയി നോക്കാം. കടത്തി വിട്ടില്ലെങ്കിൽ തിരിച്ചു പോരാം എന്നൊക്കെയോർത്ത് പോയി. വിയർത്തു കുളിച്ച ആ ഡ്രെസ്സിൽ ഞാൻ 3 മണിക്ക് ഇന്റർവ്യൂനു എങ്ങനെയോ എത്തി. ചെന്നപ്പോൾ ഇന്റർവ്യൂനു വന്നവരും അവരെക്കൊണ്ടു വന്നവരും ഒക്ക ആയിട്ട് നൂറുപേരോളമുണ്ട്.

 

നമുക്ക് മുകളിൽ ആകാശവും കൂടെ കൈയിൽ പോസ്റ്റ് കാർഡും ഒഴിച്ചാൽ വേറെ ഒന്നുമില്ല. ചോദിച്ചാൽ കൊടുക്കാൻ എന്റെ സർട്ടിഫിക്കറ്റ് പോലും കൈയിൽ എടുത്തിട്ടില്ല. എന്തു ചെയ്യും. അങ്ങനെ എന്റെ നമ്പർ വിളിച്ചു.  ഇന്റർവ്യൂ റൂമിൽ നിന്ന് ഓരോരുത്തർ കയറി ഇറങ്ങി വരുമ്പോൾ ആകെ ടെൻഷൻ. അവരുടെ മുഖത്തു നോക്കുമ്പോൾ എനിക്കും ഭയങ്കര ടെൻഷൻ. ഏഴു പേരുള്ള ആ റൂമിലേക്ക് കൈയിൽ ഒന്നും ഇല്ലാതെ കയറി വന്നപ്പോ അവർ മുറുമുറുക്കു ണ്ടായിരുന്നു. ഇതെന്താ ഒരു ഡോക്യുമെന്റ് പോലും ഇല്ലാതെ പൂരം കാണാൻ വന്നതാണോ എന്ന മട്ടിൽ അവരെന്നെ അടിമുടി നോക്കി. ആ ഏഴുപേരിൽ ജോസ് ചാലിശ്ശേരി മാഷിനെ കണ്ടപ്പോ സമാധാനം തോന്നി. കാരണം എന്റെ എൽപി സ്കൂൾ ഹെഡ് മാഷായിരുന്നു അദ്ദേഹം. മാഷിന്റെ ചോദ്യം കേട്ടാണ് ഞാൻ ഒന്നുണർന്നത്. കാരണം ആദ്യത്തെ അനുഭവം. മേലാകെ തണുക്കുന്നതു പോലെ. പേടിച്ചിട്ടു ഒരു രക്ഷയും ഇല്ലായിരുന്നു. പിന്നെ കൈയിൽ ആണെങ്കിൽ ഒരു സർട്ടിഫിക്കറ്റ് പോലും ഇല്ല. പുറത്തു കൂടെ നിന്നവരെല്ലാം എന്തൊക്കെയോ ഗൈഡുകൾ നോക്കി വായിക്കുന്നു പഠിക്കുന്നു. ഞാൻ ഇതൊക്കെ കണ്ടു ബ്ലിങ്കസ്യാ ആയിട്ടാണ് റൂമിലേക്ക് കയറിയത്. അപ്പോൾ ഇങ്ങനെ ഓക്കെ ആയില്ലെങ്കിലേ അതിശയമുള്ളൂ. 

 

എന്തായാലും റൂമിലേക്ക് കയറിവന്ന എന്നെ ഒരു കസേരയിലിരുത്തി വലിയ ടേബിളിന്റെ അപ്പുറം ബാക്കി ഏഴ് പേര് എന്നെ നോക്കിക്കൊണ്ട് ചോദ്യങ്ങളുടെ കെട്ടഴിച്ചു. സ്വയം പരിചയപ്പെടുത്താൻ പറഞ്ഞു. അപ്പന്റെ പേരും അമ്മയുടെ പേരും വീട്ടുപേരും ചേർത്ത് എന്റെ വക ഒരു പരിചയപ്പെടുത്തൽ. എന്താണ് എന്നോട് ചോദിക്കാൻ പോകുന്നത് എന്ന ടെൻഷൻ ഉള്ളിൽ നല്ലപോലെ ഉണ്ട്. 

 

1. വാട്ട് ഈസ് ജേർണൽ എൻട്രി? 

2. അക്കൗണ്ടൻസിയുടെ ഡെഫിനിഷൻ? 

3. എത്ര തരം അക്കൗണ്ട് ഉണ്ട്? 

career-channel-work-experience-series-jomon-francis-illustration-image
Photo Credit : Piece of Cake / Shutterstock.com

3. കറന്റ്‌ ഇൻട്രെസ്റ്റ് റേറ്റ് എത്രയാ?

4. നാഷണലൈസ്ഡ് ബാങ്കും പ്രൈവറ്റ് ബാങ്കും കോർപറേറ്റീവ് ബാങ്കും എന്താണെന്നു വിവരിക്കുക? 

തുടങ്ങിയ ചോദ്യങ്ങൾ...

ആദ്യം എനിക്ക് ചെറിയ ചിരി വന്നു. കാരണം ഡിഗ്രി എക്സാമിനു എഴുതിയ ചോദ്യങ്ങൾ. പഠിച്ചതു അതേപടി ചോദിച്ചതോ അതോ ഇങ്ങനെ ആണോ ചോദ്യങ്ങൾ എന്നൊന്നും അറിയില്ല. എല്ലാത്തിനും എന്റെ കൈയിൽ ഉത്തരം കൃത്യം ആയിരുന്നു. നന്നായി പ്രെസെന്റ് ചെയ്തപ്പോ അവർക്ക് എന്തോ സർപ്രൈസ് കിട്ടിയപോലെ തോന്നി അവരുടെ കണ്ണുകളിൽ. 

 

അതു കഴിഞ്ഞ് കംപ്യൂട്ടർ പരിജ്ഞാനം നോക്കാനായി അടുത്ത റൂമിലേക്ക് വിട്ടു. ഒരു കംപ്യൂട്ടർ കൂടെ ഒരാളും. എക്സമിനറെ പാവറട്ടി സെന്ററിൽ കണ്ടിട്ടുണ്ട്. ഒരു എക്സൽ ഫയൽ ഓപ്പൺ ആക്കാൻ പറഞ്ഞു. 

 

1. ഓട്ടോ സം ...

2. വേറെ പേജുകൾ തമ്മിലുള്ള കാൽക്കുലേഷൻ? 

3. ഇൻട്രെസ്റ്റ് ആൻഡ് പെർസെന്റ് കാൽക്കുലേഷൻ? 

ഇതൊക്കെ ചെയ്ത ഫയൽ സേവ് ചെയ്യാൻ പറഞ്ഞു. ഒരു ഫോൾഡർ ഓപ്പൺ ചെയ്തു ഫയൽ കട്ട്‌ /ഡിലീറ്റ് & ട്രാൻഫർ ചെയ്യാൻ പറഞ്ഞു വിത്ത് ഷോട്ട് കീ.

 

ഉത്തരം പറയാൻ പറഞ്ഞപ്പോ Cont.X + Cont. V. എന്നെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ശരി... ഓക്കേ എന്ന് പറഞ്ഞു. അടുത്ത റൂമിലേക്ക് കടന്നു ഡോർ തുറന്നു പുറത്തേക്കുള്ള വഴി കാണിച്ചു തന്നു. എനിക്ക് ഒന്നും മനസിലായില്ല. ഇത്രയേ ഉള്ളോ.  എന്ന് വീണ്ടും കംപ്യൂട്ടർ റൂമിലുണ്ടായിരുന്ന ആളോട് ചോദിച്ച ശേഷം പുറത്തേക്കി റങ്ങി. 

എന്താ ഉണ്ടായേ?

ഇവിടെ ഇതാണോ ഇന്റർവ്യൂ.

ഇത്രയേ ഉള്ളോ.

 

ബാക്കിയുള്ളവർ പുറത്തു വരുന്നത് കണ്ടു പേടിച്ചിരുന്ന എനിക്ക് ചോദിച്ച ചോദ്യങ്ങൾ എല്ലാം ഈസി. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അമ്മ വാതിക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. ചോദിച്ച ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു. പക്ഷേ കിട്ടാൻ ചാൻസ് കുറവാ. എന്നേക്കാൾ വലിയ പഠിപ്പുള്ളവരും ടൈ കെട്ടിയവരും അല്ലാതെയും ഒക്കെ ഒരുപാടാളുകൾ വന്നിരുന്നു. എന്തായാലും നല്ല എക്സ്പീരിയൻസ് ആയിരുന്നുവെന്ന് അമ്മയോട് പറഞ്ഞു പള്ളി പ്പറമ്പിലേക്ക് കളിയ്ക്കാൻ പോയി. 

 

ഇന്റർവ്യൂ കഴിഞ്ഞ കാര്യം ഞാൻ അപ്പാടെ മറന്നു. കാരണം അതിനു ഞാൻ യോഗ്യനല്ല എന്ന് തോന്നി. വീണ്ടും 2 ആഴ്ച കഴിഞ്ഞപ്പോൾ ബുധനാഴ്ച പുണ്യാളന്റെ 8.15ന്റെ കുർബാനകഴിയാറായപ്പോൾ എന്റെ ഫോണിലേക്കു ഒരു നമ്പർ മാത്രമുള്ള കോൾ വന്നു. തുടർന്നു റിങ് ചെയ്തപ്പോൾ പള്ളിയിൽ നിന്നും ഇറങ്ങി കോൾ എടുത്തു. അങ്ങേ തലക്കൽ പരിചതമില്ലാത്ത ഒരു പരുപരുത്ത ശബ്ദം. 

 

എന്റെ പേര് വർഗീസ്.

ഒരു രജിസ്റ്റർ അയച്ചിരുന്നു കിട്ടിയോ?

ഒന്നും മനസിലായില്ല... 

വീണ്ടും .. 

ഞാൻ പാവറട്ടി സഹകരണ ബാങ്കിൽ നിന്നും വിളിക്കുന്നത്..

താങ്കൾക്കു ഒരു രജിസ്റ്റർ അയച്ചിരുന്നു കിട്ടിയോ എന്ന്.

ഇല്ല എന്ന് മറുപടി കൊടുത്തു.

എന്താ കാര്യം എന്നു ചോദിച്ചു.

താങ്കൾക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണെന്ന്. 

തിരിഞ്ഞു നിന്ന് പുണ്യാളന് നന്ദി പറഞ്ഞു വീട്ടിലേക്കു സൈക്കിൾ എടുത്തു ഓടി.

ചെന്ന പാടെ അമ്മയോട് കയർത്തു. എനിക്കുവന്ന രജിസ്റ്റർ നിങ്ങൾ എവിടെയാ വച്ചേ ? 

അപ്പോൾ അമ്മ പറഞ്ഞു. ‘‘ഇന്നലെ പോസ്റ്റുമാൻ വന്നിരുന്നു.രജിസ്റ്റർ ഉണ്ട്.മോനോട് ഓഫീസിൽ വരാൻ പറയണം’’ എന്ന് അമ്മയെ പറഞ്ഞേൽപ്പിച്ചിരുന്നു. പക്ഷേ  അമ്മ അത് മറന്നു പോയിരുന്നു.

 

വീട്ടിൽ നിന്ന് ഓടി തിരിച്ചു പോസ്റ്റ് ഓഫീസിൽ ചെന്ന് രജിസ്റ്റർ കൈപറ്റി. ആകെപ്പാടെ സന്തോഷത്തേക്കാൾ വിഷമമാണ് തോന്നിയത്. കാരണം 10,000 രൂപ ഡെപ്പോസിറ്റ് ചെയ്യണം എന്ന ക്ലോസ്. എന്റെ സന്തോഷം ഇല്ലാതാക്കി. വീട്ടിൽ തിരിച്ചു വരുമ്പോൾ ആവേശമൊന്നും ഉണ്ടായിരുന്നില്ല. കാരണം അന്നത്തെ സാഹചര്യത്തിൽ ഈ പതിനായിരം എന്നത് നടക്കാത്ത കാര്യമാണ്. പക്ഷേ മ്മടെ പുണ്യാളന്റെ കളി വേറെ ലെവൽ ആയിരുന്നു. ഈ കാര്യം കേട്ടപാടെ അമ്മ കൈയിലെ വള ഊരിത്തന്നു. പോയി പണയം വച്ചിട്ടു പൈസ കൊണ്ടുപോയി ഡെപ്പോസിറ്റ് ചെയ്യാൻ പറഞ്ഞു. കരച്ചിലും സന്തോഷവും കൊണ്ട് ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അങ്ങനെ 10am ആയപ്പോൾ ഞാൻ പോയി പാവറട്ടി സഹകരണ ബാങ്കിൽ ആദ്യത്തെ ഒപ്പു വച്ചു. 

 

കുറെ സങ്കടങ്ങളും കണ്ണീരും കിനാവും കൊണ്ടുള്ള കൊച്ചു ജീവിതത്തിൽ ഇടയ്ക്ക് വീണുകിട്ടുന്ന ഈ കൊച്ചു സന്തോഷത്തിൽ തമ്പുരാനോടാണ് ആദ്യം നന്ദി പറയുന്നത്. പ്രാരാബ്ധവും പ്രശ്ങ്ങളും ഏറെയുള്ള ഈ കൊറോണ ക്കാലത്ത് നമുക്ക് മനസ്സുകൊണ്ട് പോസിറ്റീവായി ഇരിക്കാം. 

 

∙ബി പോസിറ്റീവ്... 

∙പരിശ്രമിക്കുക..... 

∙ബാക്കി മൂപ്പർ നോക്കിക്കോളും.

 

എന്നും കൂടെയുണ്ടാകുക. എല്ലാവർക്കും നല്ലതുമാത്രം വരട്ടെ...

 

Content Summary : Career Work Experience Series - Jomon Francis Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com