ADVERTISEMENT

വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ മെഡിക്കൽ കൗൺസിൽ (നാഷനൽ മെഡിക്കൽ കമ്മിഷൻ (nmc.org.in/) റജിസ്ട്രേഷൻ നേടി പ്രാക്ടിസ് ചെയ്യുന്നതിനുള്ള എഫ്എംജിഇ (Foreign Medical Graduate Examination) എന്ന സ്ക്രീനിങ് ടെസ്റ്റിന് ഏപ്രിൽ 4 വരെ അപേക്ഷിക്കാം. ഒസിഐ വിഭാഗക്കാരും ഈ നിബന്ധന പാലിക്കണം. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിൽ നിന്ന് മെ‍ഡിക്കൽ യോഗ്യത നേടിയവർ ഈ പരീക്ഷയിലിരിക്കേണ്ടതില്ല.

 

വിദ്യാർഥി നേടിയ വിദേശ ബിരുദം ആ രാജ്യത്ത് മെഡിക്കൽ പ്രാക്ട‌ിഷണറായി എൻറോൾ ചെയ്യാൻ വേണ്ട യോഗ്യതയായിരിക്കണം. ഇക്കാര്യത്തിൽ അവിടത്തെ ഇന്ത്യൻ എംബസിയുടെ ഉറപ്പ് ലഭിച്ചിരിക്കുകയും വേണം. ഈ വർഷം ഏപ്രിൽ 20നെങ്കിലും വിദേശ ബിരുദം നേടിയിരിക്കണം. ഈ തീയതിക്കകം പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ രേഖയും ഹാജരാക്കണം. പ്രസക്തമായ കേസുകളിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റും സമർപ്പിക്കണം.

 

ജൂൺ 4നു പരീക്ഷ നടത്തുമെന്ന് ‘നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്’ (NBEMS) അറിയിച്ചിട്ടുണ്ട്. www.nbe.edu.in എന്ന സൈറ്റിലുടെ അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം ദേശീയതലത്തിൽ 50 പരീക്ഷാകേന്ദ്രങ്ങൾ.

 

അപേക്ഷാഫീ 7080 രൂപ ഓൺലൈനായി അടയ്ക്കാം. രാവിലെയും ഉച്ച കഴിഞ്ഞുമായി 150 മിനിറ്റ് വീതമുള്ള 2 സെഷനുകളിൽ കംപ്യൂട്ടർ വഴി പരീക്ഷ നടത്തും. ഓരോന്നിലും 150 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ. തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്കില്ല. പരീക്ഷാഫലം ജൂൺ 30നോടടുത്ത്. ആകെയുള്ള 300 മാർക്കിൽ 150 എങ്കിലും നേടിയാൽ വിജയിക്കും. ഉത്തരങ്ങൾ പുനഃപരിശോധിക്കുകയോ വീണ്ടും കൂട്ടിനോക്കുകയോ ഇല്ല. മേയ് 20 മുതൽ പരിശീലനത്തിനുള്ള ഡെമോ ടെസ്റ്റ് വെബ്സൈറ്റിലുണ്ടായിരിക്കും. എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. പക്ഷേ, വിജയശതമാനം പൊതുവേ കുറഞ്ഞ പരീക്ഷയായതിനാൽ, കഴിയുന്നത്ര നന്നായി തയാറെടുത്ത് യോഗ്യത നേടുന്നതു പ്രധാനം. ഹെൽപ്‌ലൈൻ: 022 – 61087595; fmgehelpdesk@natboard.edu.in. വെബ്: www.nbe.edu.in / www.natboard.edu.in.

 

Content Summary : Apply Now For Medical Council of India Screening Test 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com