ADVERTISEMENT

പണിമുടക്കിൽ പണിമുടക്കാതെ ആശുപത്രിയിലെത്തി ഒരുഗ്രൻ ‘പണി’ വാങ്ങിച്ച അനുഭവ കഥയാണ്  കോതമംഗലം താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ. അനൂപ് ബാബു പങ്കുവയ്ക്കുന്നത്. ആക്സിഡന്റിന് ശേഷം കൈയിലെ തൊലിയുടെ നിറം മാറുന്നെന്നുവെന്ന് പരാതിപ്പെട്ട രോഗിയുടെ നിറംമാറ്റത്തിനു പിന്നിലെ യഥാർഥ കാരണം കണ്ടുപിടിച്ച അനുഭവം ഡോ. അനൂപ് ബാബു പങ്കുവയ്ക്കുന്നതിങ്ങനെ... 

പണിമുടക്ക് എന്നാൽ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്  സുഖിക്കാൻ ഉള്ള അവസരമാണെന്ന് ടിവിയിൽ ഒരു വിദ്വാൻ പറയുന്നത് കേട്ടിട്ട് എന്നാ പിന്നെ കുറച്ചു സുഖിച്ച് കളഞ്ഞേക്കാം എന്ന് കരുതിയാണ് കഴിഞ്ഞ പണിമുടക്കിന്റെ അന്ന് ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോയത്. വല്ലവന്റെയൊക്ക വാക്കും കേട്ട് ഇറങ്ങിത്തിരിച്ചാൽ  ഇങ്ങനെ ഇരിക്കും. ഇത്ര തിരക്കുപിടിച്ച ഒരു ഡ്യൂട്ടി അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല മനുഷ്യന് നേരാംവണ്ണം ഒന്നു മൂത്രമൊഴിക്കാനുള്ള സാവകാശം പോലും കിട്ടിയില്ല.

അങ്ങനെ പണിമുടക്കിൽ അത്യാഹിതവിഭാഗം ആറാടുമ്പോൾ ആയിരുന്നു ബൈക്കിൽ നിന്ന് വീണിട്ട് ഒരു പയ്യൻസ് എത്തിയത്. ദേഹത്ത് അവിടെയും ഇവിടെയും ഒക്കെ ചില്ലറ തൊലി പോയിട്ടുണ്ട്. പക്ഷേ പയ്യൻസിന്റെ പ്രശ്‍നം വീണതിനു ശേഷം കൈയുടെ നിറം മാറി എന്നതായിരുന്നു. ആദ്യം ഞാൻ അത് അത്ര ഗൗനിച്ചില്ലെങ്കിലും കൈപിടിച്ച് നോക്കുമ്പോൾ സംഗതി സത്യമാണ്. വലത്തെ കൈയുടെ ഉള്ളംകൈയിലെ  ചില വിരലുകളുടെ അറ്റത്തും  നഖങ്ങളിലും ഒക്കെയായി ഏതാണ്ട് മൈലാഞ്ചി പൂശിയ പോലെ ഇരിക്കുന്നു.

ഞാൻ കൈ പിടിച്ചു തിരിച്ചും മറിച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കി. ഒന്നും പിടികിട്ടുന്നില്ല. ഇടത്തെ കൈയ്ക്ക് ആണെങ്കിൽ ഒരു കുഴപ്പവുമില്ല. മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായി പയ്യൻസ് ‘വീണതിന് ശേഷമാണ് നിറം മാറിയത്’ എന്നിങ്ങനെ ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരുന്നു. ഇനിയിപ്പം വീണിട്ട്  ഞരമ്പിനോ രക്തക്കുഴലിനോ വല്ലതും പറ്റിയത് ആയിരിക്കുമോ? ഒരു  ഇ.എൻ.ടി ഡോക്ടർ ഒരിക്കലും സഞ്ചരിക്കാൻ പാടില്ലാത്ത വാസ്കുലാർ ന്യൂറോ മേഖലകളിൽ കൂടി ഒരു ഭ്രാന്തനെപ്പോലെ വെറുതെ ഞാൻ അലഞ്ഞു.

അല്ലേൽ മറിഞ്ഞുവീണ സമയത്ത് കയ്യിൽ ചെളി വല്ലോം പറ്റിയതായിരിക്കുമോ? എന്തായാലും കൈ  കഴുകിയിട്ട് വരാൻ പറയാം. ആ ഗ്യാപ്പിൽ ഗൂഗിൾ അദ്ദേഹത്തോട് ‘മൈലാഞ്ചി ഹാൻഡിനെ’പറ്റി തിരക്കാം എന്ന് കരുതി. എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ആ ഗ്യാപ്പിൽ ഒരു ജലദോഷക്കാരൻ ഓടി വന്നിരുന്നു. ആയാളുടെ ദോഷം മാറ്റിയപ്പോഴേക്കും നമ്മുടെ ആൾ തിരിച്ചുവന്നു. കൈ അതുപോലെ തന്നെ ഇരിക്കുന്നു.

എന്നാൽപ്പിന്നെ സത്യം അങ്ങ് പറഞ്ഞേക്കാം എന്ന് കരുതി ‘‘ബ്രോ... ഇത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്താണേലും സംഗതി കണ്ടിട്ട് ആകെ സീനാണ്. വേറെ എവിടെയെങ്കിലും പോയി നല്ല വല്ല ഡോക്ടർമാരെയും കാണിച്ചു ജീവൻ രക്ഷിക്കാൻ നോക്ക്’’ എന്ന് പറയാൻ തുടങ്ങുമ്പോൾ ഉള്ളിൽ നിന്നൊരു അശരീരി കേട്ടൂ. 

‘‘എന്താ കഴിച്ചതെന്ന് ചോദിക്ക്’’. ചോദിച്ചു.

‘അത് ഡോക്ടറെ. ഞങ്ങൾ  ചപ്പാത്തിയും ടൊമാറ്റോ മസാലയും കഴിച്ചിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ആയിരുന്നു വീണത്’. എന്ന് മറുപടി

കൊള്ളാം അനിയാ, ഇനി മുതൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകിയില്ലെങ്കിലും കഴിച്ചു കഴിഞ്ഞിട്ടെങ്കിലും കൈ നന്നായി സോപ്പിട്ട് കഴുകിയിട്ട് വേണം ആശുപത്രിയിൽ വരാൻ. അല്ലേൽ എന്നെപോലുള്ളവന്മാരൊക്കെ വല്ല കണ്ടുപിടുത്തവും നടത്തി കളയും എന്ന് പറഞ്ഞു ഒരു ദീർഘനിശ്വാസത്തോടെ അവരെ യാത്രയാക്കി.

എന്നാലും ആധുനിക വൈദ്യശാസ്ത്രത്തിന് പുതിയ സംഭാവനകൾ നൽകുന്നതിൽ നിന്ന് എന്നെ തടഞ്ഞ ആ ഉൾവിളി ആരുടെയായിരിക്കും.? ഞാൻ ആലോചിച്ചിട്ട് അത് ഞങ്ങടെ ഹിപ്പോ ക്രാറ്റസ് പിതാവിന്റെ തന്നെയാകാനേ വഴിയുള്ളൂ.

career-channel-work-experience-series-dr-anoop-babu-memoir-author
ഡോ. അനൂപ് ബാബു

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Dr. Anoop Kumar Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com