ADVERTISEMENT

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, എംബിബിഎസ്, മറ്റു മെഡിക്കൽ അനുബന്ധ ബിരുദ കോഴ്‌സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനു ഏപ്രിൽ 6 മുതൽ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. www.cee.kerala.gov.in. അർഹത തെളിയിക്കുന്ന രേഖകൾ മേയ് 10ന് അകം സമർപ്പിക്കാം. എൻജിനീയറിങ്, ഫാർമസി പ്രവേശനം ജൂൺ 26നു നടക്കുന്ന കേരള എൻട്രൻസ് പരീക്ഷ വഴിയാണ്. മെ‍ഡിക്കൽ–അഗ്രികൾചറൽ പ്രോഗ്രാമുകളിലെ പ്രവേശനം ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്–2022  പരീക്ഷ വഴിയാണ്. ബിആർക്കിന് എൻട്രൻസ് പരീക്ഷയില്ല. പക്ഷേ ‘നാറ്റാ’ എന്ന അഭിരുചിപരീക്ഷയിൽ യോഗ്യത തെളിയിക്കണം. ഇവരെല്ലാവരും കേരളത്തിലെ കോഴ്സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ നൽകണം. 

 

∙ അപേക്ഷ ഒന്നു മതി

എത്ര കോഴ്‌സുകൾക്കും ഒറ്റ അപേക്ഷ മതി. 

∙ അപേക്ഷാഫീ: എൻജിനീയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപ.‌ പട്ടികവിഭാഗം യഥാക്ര‌മം 300 / 200 / 400 രൂപ. പട്ടികവർഗക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000 രൂപ ഓൺലൈനായി അടയ്ക്കാം.

 

8th-class-entrance-exam-2022

 

∙ അപേക്ഷാഫീ അടയ്‌ക്കാൻ രണ്ടു രീതികളുണ്ട്. (1) ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് അഥവാ നെറ്റ് ബാങ്കിങ് (2) ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ കിട്ടുന്ന ഇ–ചലാൻ വഴി കേരളത്തിലെ നിർദിഷ്ട പോസ്റ്റ് ഓഫിസുകളിൽ പണമായി അടയ്ക്കാം. 

∙ അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിന്റെ 4–7, 44–49 പുറങ്ങളിലുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന്റെ അക്നോളജ്മെന്റ് പേജിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയുടെയോ രേഖകളുടെയോ പ്രിന്റ് എൻട്രൻസ് ഓഫിസിലേക്ക് അയയ്ക്കേണ്ട.

 

∙ കോളജ്, സീറ്റ്, കോഴ്സ്

സർക്കാർ, എയ്‌ഡഡ്, സ്വാശ്രയ സീറ്റുകൾ കോഴ്സ് തിരിച്ച് പ്രോസ്‌പെക്‌ടസിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

എ) സർക്കാർ സീറ്റുകൾ: എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്നവ. എല്ലാ സർക്കാർ / എയ്‌ഡഡ് കോളജുകളിലുമുണ്ട്. സർക്കാർ / സ്വകാര്യ സ്വാശ്രയ സ്‌ഥാപനങ്ങളിലെ കാര്യം പിന്നീടറിയാം.

entrance-exam
Representative Image. Photo Credit :Daniel M Ernst / Shutterstock

ബി) മാനേജ്‌മെന്റ് സീറ്റുകൾ: എയ്‌ഡഡ് കോളജുകളിൽ മാനേജ്‌മെന്റ് നേരിട്ടു തിരഞ്ഞെടുപ്പു നടത്തുന്നവ.

അലോട്‌മെന്റിനായി ഓപ്‌ഷൻ സമർപ്പിക്കേണ്ട സമയത്ത് ആകെയുള്ള സീറ്റുകളുടെ കൃത്യസംഖ്യകൾ ഇനം തിരിച്ചയറിയാം. 

 

∙ പഠനശാഖകൾ

1) എൻജിനീയറിങ് / ആർക്കിടെക്‌ചർ ശാഖകൾ (39): ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  & ‍‍ഡേറ്റാ സയൻസ്, ‍‍‍‍‍അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, അഗ്രികൾചറൽ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എയ്‌റോനോട്ടിക്കൽ, ആർക്കിടെക്‌ചർ, ഓട്ടമൊബീൽ, ബയോടെക്‌നോളജി & ബയോകെമിക്കൽ, ബയോമെഡിക്കൽ, ബയോടെക്‌നോളജി, സിവിൽ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്), കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (‍‍ഡേറ്റാ സയൻസ്), കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഡെയറി ടെക്നോളജി, ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, ഇലക്‌ട്രിക്കൽ & കംപ്യൂട്ടർ എൻജിനീയറിങ്, സേഫ്‌റ്റി &  ഫയർ, ഫുഡ് ടെക്‌നോളജി, ഇൻസ്‌ട്രുമെന്റേഷൻ & കൺട്രോൾ, ഇൻഡസ്‌ട്രിയൽ, ഐടി, മെക്കാനിക്കൽ (ഓട്ടോ), മെക്കാനിക്കൽ, മെറ്റലർജിക്കൽ & മെറ്റീരിയൽസ്, മെക്കാനിക്കൽ (പ്രൊഡക്‌ഷൻ), മെക്കട്രോണിക്‌സ്, െമറ്റലർജി, പോളിമെർ, പ്രൊഡക്‌ഷൻ, പ്രിന്റിങ്, റോബട്ടിക്സ് & ഓട്ടമേഷൻ, നേവൽ  ആർക്കിടെക്‌ചർ & ഷിപ് ബിൽഡിങ് 

2) മറ്റു കോഴ്സുകൾ: എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻട്രി, ഫാർമസി, കേരള കാർഷിക സർവകലാശാലയിലെ ബിടെക് ബയോടെക്നോളജി, ബിഎസ്‌സി (ഓണേഴ്സ്) കോ–ഓപ്പറേഷൻ & ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്.

 

∙ പ്രവേശന യോഗ്യത 

∙ എൻജിനീയറിങ്ങിനു 12–ാം ക്ലാസിൽ മാത്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കു പുറമേ കെമിസ്‌ട്രി / കംപ്യൂട്ടർ സയൻസ് / ബയോടെക്നോളജി / ബയോളജി ഇവയൊന്നും ചേർത്ത് 45% മാർക്ക് വേണം. കെമിസ്‌ട്രിയൊഴികെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനു മുൻഗണനാക്രമമുണ്ട്. 

∙ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് 12ൽ ബയോളജി  / കെമിസ്‌ട്രി  / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്ക് വേണം. ബയോളജിയില്ലെങ്കിൽ ബയോടെക്‌നോളജി മതി. 

1248-engineering-entrance-exam

∙ ആയുർവേദം, ഹോമിയോ, സിദ്ധ, യൂനാനി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, കോ–ഓപ്പറേഷൻ, ബയോടെക്നോളജി (കാർഷികസർവകലാശാലയിലെ മാത്രം), ക്ലൈമറ്റ് ചേഞ്ച് എന്നിവയ്ക്ക് 12ൽ ബയോളജി / കെമിസ്‌ട്രി  / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% മാർക്ക് വേണം സിദ്ധയ്ക്ക് 10ലോ 12ലോ തമിഴ് പഠിച്ചിരിക്കണം; ഇല്ലെങ്കിൽ ആദ്യവർഷ ക്ലാസിൽ തമിഴ് കോഴ്സ് ജയിക്കണം. യൂനാനിക്ക് പത്താം ക്ലാസിൽ ഉറുദു / അറബിക് / പേർഷ്യൻ അഥവാ നിർദിഷ്ട അധികയോഗ്യത വേണം. വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% മാർക്ക് വേണം  ക്ലൈമറ്റ് ചേഞ്ചിന് 12ൽ ബയോളജി  / കെമിസ്‌ട്രി  / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% മാർക്കിനു പുറമേ, 12ൽ  മാത്‍സും വേണം. മെഡിക്കൽ–അനുബന്ധ / കാർഷിക കോഴ്സുകൾക്കെല്ലാം നീറ്റ് (യുജി)–2022 യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി ജയിച്ചവർക്കു വിശേഷവ്യവസ്ഥകളുണ്ട്

∙ ബിഫാം: 12ൽ ഫിസിക്‌സ് കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ മാത്‌സ് / ബയോളജി ഇവയൊന്നും പഠിച്ചുജയിച്ചിരിക്കണം.  

∙ ബി ആർക്: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ ഐച്ഛികമായി പ്ലസ്ടു ജയിക്കണം. 3–വർഷ എൻജിനീയറിങ് ഡിപ്ലോമയും പരിഗണിക്കും. മിനിമം മാർക്ക് നിബന്ധനയില്ല. പക്ഷേ നാറ്റാ–2022 എന്ന ദേശീയ അഭിരുചി പരീക്ഷയിൽ ജൂലൈ 31നു  മുൻപ് യോഗ്യത നേടണം. 

സ്വദേശം സംബന്ധിച്ച വ്യവസ്ഥകളും പാലിക്കണം. 12ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 2022 ഡിസംബർ 31ന് 17 വയസ്സു തികയണം. വിഎച്ച്എസ്ഇ 12നു തുല്യമാണ്. ഉയർന്ന പ്രായമില്ല. പക്ഷേ മെഡിക്കൽ–അനുബന്ധ കോഴ്സുകൾക്ക് നീറ്റ് വ്യവസ്ഥകൾ പാലിക്കണം.

 

examm

∙ മാർക്ക് 12ലെ മാത്രമോ ?

പ്രവേശനത്തിന് അർഹത നിർണയിക്കുന്നതിനും, റാങ്കിങ്ങിനും വ്യത്യസ്‌തരീതികളിലാണ് യോഗ്യതാപരീക്ഷയിലെ മാർക്ക് പരിഗണിക്കുന്നത്. 11, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷയാണെങ്കിൽ രണ്ടു ക്ലാസുകളിലെയും പ്രസക്തവിഷയങ്ങളുടെ മൊത്തം മാർക്കാകും മിനിമം യോഗ്യതയ്‌ക്കു നോക്കുക. 12–ാം ക്ലാസിൽ മാത്രമാണു ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാർക്ക് നോക്കി അർഹത തീരുമാനിക്കും.  

 

∙ മാർക്കിളവ് ഇവർക്ക്

എൻജിനീയറിങ് കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി.  എംബിബിഎസ്, ബിഡിഎസ് ആയുർവേദം, ഹോമിയോ, സിദ്ധ, യൂനാനി കോഴ്സുകളിൽ പട്ടിക, പിന്നാക്ക വിഭാഗക്കാർ നിർദിഷ്ട മൂന്നു വിഷയങ്ങൾക്കു 40% എങ്കിലും മാർക്ക് നേടിയിരിക്കണം;  ഭിന്നശേഷി വിഭാഗക്കാർ 45%.

കാർഷികസർവകലാശാലാ കോഴ്സുകളിൽ പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. വെറ്ററിനറിക്കു പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 47.5% മാർക്ക് മതി      

 

∙ സീറ്റ് വിഭജന രീതി

എംബിബിഎസ്, ബിഡിഎസ്  സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യാ ക്വോട്ടയാണ്. അഗ്രികൾചർ / വെറ്ററിനറി / ഫിഷറീസ് / സർവകലാശാലകളിലെ കോഴ്സുകൾക്കും അഖിലേന്ത്യാ ക്വോട്ടയുണ്ട്.  കേന്ദ്ര – സംസ്‌ഥാന സർക്കാരുകളുടെ നോമിനികൾക്കും മറ്റുമുള്ള സംവരണ സീറ്റുകൾ വേറെ. സ്‌പോർട്‌സ്, എൻസിസി, വിമുക്‌തഭട ക്വോട്ട, കർഷകരുടെ മക്കൾ തുടങ്ങിയ വിശേഷ സംവരണ വിഭാഗങ്ങൾക്കു നീക്കിവയ്‌ക്കുന്ന സീറ്റുകൾ ഇവയ്‌ക്കു പുറമേ. ഇവയ്ക്കുശേഷം സർക്കാർ / എയ്‌ഡഡ് കോളജുകളിലേക്കു കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകളിൽ കോഴ്‌സ് തിരിച്ചു 5% ഭിന്നശേഷിക്കാർക്കാണ്.

മേൽ സൂചിപ്പിച്ചവയും മാനേജ്‌മെന്റ് ക്വോട്ടയും ഒഴികെയുള്ള സീറ്റുകളിലേക്കു മെറിറ്റ് – സംവരണ മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ താൽപര്യവും പരിഗണിച്ച്, തിരഞ്ഞെടുപ്പു നടത്തി, അവരെ വിവിധ കോഴ്‌സുകളിലേക്ക് / സ്‌ഥാപനങ്ങളിലേക്ക് ഓൺലൈനായി അലോട്ട് ചെയ്യും. ഓപ്ഷൻ സമർപ്പണത്തിനു മുൻപ് സീറ്റുകളുടെ കൃത്യസംഖ്യ ഇനംതിരിച്ച് അറിയാം.

∙ സംസ്‌ഥാന മെറിറ്റ് – 50%

∙ സംവരണം: സാമ്പത്തികപിന്നാക്കം 10%, ഈഴവ 9%, മുസ്‌ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, ലത്തീൻ കത്തോലിക്കരും ആംഗ്ലോ–ഇന്ത്യക്കാരും 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്‌ത്യാനി 1%, കുടുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2% (ആകെ 40%). പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ 70% സീറ്റുകൾ പട്ടികജാതി വിദ്യാർഥികൾക്കാണ്.

സംവരണ സമുദായക്കാരിൽ ഉയർന്ന റാങ്കുകാരെ മെറിറ്റിൽ ഉൾപ്പെടുത്തും. തുടർന്നുള്ളവർക്കാണ് സാമുദായികസംവരണം. ക്രീമി ലെയറിൽ പെടാത്ത പിന്നാക്ക വിഭാഗക്കാർക്കു സംവരണമുണ്ട്. ദമ്പതികളിൽ ഒരാളെങ്കിലും പിന്നാക്കജാതിയിൽപ്പെട്ട മിശ്രവിവാഹിതരുടെ കുട്ടികൾക്കും സംവരണം ലഭിക്കും. പക്ഷേ ഇവരും നോൺ–ക്രീമി ലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പട്ടികവിഭാഗ സംവരണത്തിനു വരുമാനപരിധിയില്ല.   

 

∙ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്

entrance-exam

പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രോസ്‌പെക്ടസിന്റെ 11–ാം അനുബന്ധത്തിലെ (പേജ് 140, 141) പിന്നാക്ക സമുദായലിസ്‌റ്റിലെ ഏതു വിഭാഗത്തിൽപ്പെടുന്നുവെന്നും വ്യക്തമാക്കിയിരിക്കണം. സംവരണാർഹതയുള്ള ക്രിസ്ത്യൻ വിദ്യാർഥികൾ ഏതു ഉപവിഭാഗമെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

സംവരണം കിട്ടാൻ മറ്റ് അർഹസമുദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ ഹാജരാക്കണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകുന്ന ജാതിസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 

 

∙ റാങ്കിങ് എങ്ങനെ?

ആകെ 5 റാങ്ക് ലിസ്‌റ്റുകളുണ്ടായിരിക്കും.

1) എൻജീനീയറിങ്

2) ആർക്കിടെക്‌ചർ

3) ആയുർവേദമൊഴികെ മെഡിക്കൽ / അനുബന്ധ / കാർഷിക കോഴ്സുകൾ

4) ആയുർവേദം

5) ബിഫാം

 

എൻജിനീയറിങ് പ്രവേശനത്തിന് 12–ലെ മൂന്ന് ഐച്ഛികവിഷയങ്ങളിലെ മൊത്തം മാർക്കും, എൻട്രൻസ് രണ്ടു പേപ്പറുകളിലെ മൊത്തം മാർക്കും തുല്യവെയ്റ്റ് നൽകി കൂട്ടിച്ചേർക്കും. ഓരോന്നിനും 300 വീതം ആകെ 600 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്‌ഥാനം. വിവിധ ബോർഡുകളിലെ പരീക്ഷകൾ ജയിച്ചിറങ്ങുന്ന കുട്ടികളെ താരതമ്യം ചെയ്യാൻ അവരുടെ പ്ലസ്‌ടൂ മാർക്കുകൾ പൊതു സ്‌റ്റാൻഡേഡിൽ കൊണ്ടുവന്ന ശേഷം എൻട്രൻസ് മാർക്കിനോടു ചേർക്കും. സ്‌റ്റാൻഡേഡൈസേഷൻ എങ്ങനെയെന്ന് പ്രോസ്‌പെക്ടസിന്റെ 56–ാം പുറത്തു വിശദീകരിച്ചിട്ടുണ്ട്. ഗ്ലോബൽ ശരാശരിക്കും ഡീവിയേഷനും 14 വർഷത്തെ സ്‌കോറുകൾ പരിഗണിക്കും. 

ആർക്കിടെക്‌ചർ റാങ്കിങ്ങിന്, പ്ലസ്‌ടുവിലെ സ്‌റ്റാൻഡേഡൈസ് ചെയ്യാത്ത മൊത്തം മാർക്കും ‘നാറ്റാ’ അഭിരുചിപരീക്ഷയിലെ മാർക്കും തുല്യവെയ്റ്റ് നൽകി കൂട്ടിച്ചേർക്കും. ഓരോന്നിനും 200 വീതം ആകെ 400 മാർക്കാണ് റാങ്കിങ്ങിന്റെ അടിസ്‌ഥാനം.

 

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെയും, മറ്റു മെഡിക്കൽ, അനുബന്ധ /  കാർഷിക കോഴ്‌സുകളിലെയും റാങ്കിങ്ങിന് 2022ലെ നീറ്റ് യുജി റാങ്കാണു നോക്കുക. സ്വദേശം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം.

പ്ലസ്ടുവിനു സംസ്‌കൃതം രണ്ടാം ഭാഷയായി പഠിച്ചവർക്ക് നീറ്റ് യുജി മാർക്കിനോട് 8 മാർക്ക് വിശേഷമായി കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്. സംസ്കൃതമില്ലാത്തവരുടെ നീറ്റ് റാങ്ക് മാത്രം പരിഗണിക്കും. 

ബിഫാം റാങ്കിങ്ങിന് എൻജിനീയറിങ് എൻട്രൻസിലെ ഒന്നാം പേപ്പറിലെ കെമിസ്ട്രി, ഫിസിക്സ് മാർക്കുകൾ നിർദിഷ്ടക്രമത്തിൽ മാറ്റിയിട്ട് റാങ്കിങ്ങിന് ‌ഉപയോഗിക്കും.

 

∙ ആരാണ് കേരളീയർ?

കേരളീയനെന്നു തെളിയിക്കാൻ താഴെ പറയുന്നവയിൽ ഒരു രേഖ അപ്‌ലോഡ് ചെയ്യണം.

1) ജനനസ്‌ഥലം കേരളത്തിലാണെന്നു കാട്ടുന്ന എസ്‌എസ്‌എൽസി പേജിന്റെ പകർപ്പ്.

2) അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചെന്നു കാട്ടുന്ന എസ്‌എസ്എൽസി പകർപ്പും, മകൾ / മകൻ ആണെന്ന സർട്ടിഫിക്കറ്റും.

3) വിദ്യാർഥിയോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചെന്നു കാട്ടുന്ന പാസ്‌പോർട്ട് പകർപ്പ്. അച്ഛന്റെയോ അമ്മയുടെയോ പാസ്‌പോർട്ടാണെങ്കിൽ മകൾ / മകൻ ആണെന്ന സർട്ടിഫിക്കറ്റും.

4) പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ നൽകിയ ജനനസർട്ടിഫിക്കറ്റ്, അഥവാ വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

5) വിദ്യാർഥിയോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചതാണെന്നു വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകുന്ന സർട്ടിഫിക്കറ്റ്.

6) അച്ഛൻ / അമ്മ കേരളത്തിലേക്ക് അലോട്ട് ചെയ്യപ്പെട്ട അഖിലേന്ത്യാ സർവീസ് ഓഫിസർ ആണെന്ന രേഖ.

കേരളീയരല്ലാത്തവരെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഇവർക്ക് വ്യത്യസ്തരീതികളിൽ പരിമിതമായ പ്രവേശനാർഹതയുണ്ട്. വിശദാംശങ്ങൾ പ്രോസ്പെക്ടസിലെ 36-39 പുറങ്ങളിലുണ്ട്.

 

∙ പിഐഒ / ഒസിഐ

പഴ്‌സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ എന്നീ വിഭാഗക്കാരെ പ്രവേശന കാര്യത്തിൽ എൻആർഐ അഥവാ സൂപ്പർന്യൂമററി സീറ്റുകളിലേക്കു മാത്രമേ പരിഗണിക്കൂ. ഇത് ഇത്തവണത്തെ മാറ്റമാണ്. ഒരു സംവരണത്തിനും അർഹതയില്ല.

 

∙വെബ്സൈറ്റുകൾ രണ്ട്

∙ ഏറ്റവും പുതിയ വിവരങ്ങൾക്ക്: www.cee-kerala.org

∙ ഓൺലൈൻ അപേക്ഷയ്‌ക്കും ഓപ്‌ഷൻ 
സമർപ്പണത്തിനും: www.cee.kerala.gov.in. 

വിലാസം: The Commissioner for Entrance Examinations, 5th floor, Housing Board Buildings, Santhi Nagar, Thiruvananthapuram – 695 001. ഫോൺ: 0471-2525300; ഇമെയിൽ: ceekinfo.cee@kerala.gov.in. 

 

examination

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

 

1) സ്പോർട്‌സ് ക്വോട്ടക്കാർ ഓൺലൈൻ അപേക്ഷയുടെ അക്നോളജ്മെന്റ് പേജും പ്രസക്തരേഖകളും സ്‌പോർട്‌സ് കൗൺസിലിനു യഥാസമയം അയച്ചുകൊടുക്കണം.

2) എൻസിസി ക്വോട്ടക്കാർ ഓൺലൈൻ അപേക്ഷയുടെ അക്നോളജ്മെന്റ് പേജും പ്രസക്തരേഖകളും യൂണിറ്റ് ഓഫിസർക്കു യഥാസമയം സമർപ്പിക്കണം. അവ എൻസിസി ഡയറക്ടറേറ്റിലേക്ക് അയച്ചുകൊള്ളും

3) സ്വകാര്യ സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ എൻആർഐ  സീറ്റുകളും, ന്യൂനപക്ഷപദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ട സീറ്റുകളും അലോട്ട് ചെയ്യുന്നത് എൻട്രൻസ് കമ്മിഷണറാണ്. സൈറ്റിൽ പറഞ്ഞിട്ടുള്ള രേഖകൾ അപേക്ഷയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യണം. 

4) സ്‌പെഷൽ റിസർവേഷൻ ആഗ്രഹിക്കുന്നവരും എൻട്രൻസ് പരീക്ഷ എഴുതണം.

5) പട്ടികവിഭാഗക്കാർ ജാതിസർട്ടിഫിക്കറ്റ് തഹസിൽദാരിൽനിന്നു വാങ്ങണം

6) പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്ടസിലുള്ളതു നോക്കി തയാറെടുക്കുക.

7) എൻജിനീയറിങ്ങിനു സീറ്റുകളേറെയുണ്ടെങ്കിലും ഇഷ്‌ടപ്പെട്ട കോളജും കോഴ്‌സും കിട്ടണമെങ്കിൽ ഉയർന്ന റാങ്ക് നേടിയേ മതിയാകൂ. പ്ലസ്‌ടുവിലും എൻട്രൻസിലും നല്ല പ്രകടനത്തിനു പരിശീലിക്കുക

 

 

∙സർട്ടിഫിക്കറ്റുകൾ ലളിതമാക്കി

 

അപേക്ഷാസമർപ്പണം ലഘൂകരിക്കാൻ ചില സർട്ടിഫിക്കറ്റുകളുെട കാര്യത്തിൽ പ്രോസ്പെക്ടസ് വ്യവസ്ഥകൾ പരിഷ്കരിച്ചു സർക്കാർ ഉത്തരവായി:

∙ എസ്എസ്എൽസി ബുക്കിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ന്യൂനപക്ഷമെന്നു തെളിയിക്കാൻ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വേണ്ട

∙ വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ പേരിൽ മാറ്റമുണ്ടെങ്കിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതി (One and the same certificate)

∙ ബന്ധുത്വ സർട്ടിഫിക്കറ്റിനു പകരം റേഷൻ കാർഡ്, ആധാർ, പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് ഇവയിൽ രേഖപ്പെടുത്തിയ ബന്ധുത്വം സ്വീകരിക്കും.

∙ എസ്എ‌സ്എൽസി ബുക്കിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫിസർ/ തഹസിൽദാർ നൽകിയ ജാതിസർട്ടിഫിക്കറ്റ് വേണ്ട.

∙ മിശ്രവിവാഹ സർട്ടിഫിക്കറ്റിനു പകരം ദമ്പതികളിരുവരുടെയും എസ്എസ്എൽസി ബുക്കുകളിലെ ജാതികൾ, സബ് റജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവയും ദമ്പതികളുടെ സത്യവാങ്മുലവും മതി.

 

 

∙കാർഷിക കോളജിലെ ബിടെക് മാത്‌സ് പഠിക്കാത്തവർക്കും 

 

വെള്ളായണി കാർഷിക കോളജിലെ ബിടെക്  പ്രവേശനത്തിന് 12ൽ ബയോളജി,  ഫിസിക്‌സ്, കെമിസ്‌ട്രി, എന്നിവയ്‌ക്കു മൊത്തം 50% മാർക്ക് നേടിയാൽ മതി. മാത്‌സ്  വേണമെന്നില്ല. പക്ഷേ എൻജിനീയറിങ് കോളജുകളിലെ ബയോടെക്നോളജിയടക്കം എല്ലാ ബിടെക് പ്രോഗ്രാമുകൾക്കും മാത്‌സ് നിർബന്ധമാണ്.

 

∙സഹായിക്കാൻ ‌സ്‌കൂളുകൾ

 

അപേക്ഷാസമർപ്പണത്തിൽ സഹായിക്കാൻ പരിശീലനം സിദ്ധിച്ചവർ സംസ്‌ഥാനത്തെ എല്ലാ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലുമുണ്ട്. 

 

Content Summary : KEAM 2022 Registration begins tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com