ഏതു നാട്ടിൽച്ചെന്നാലും മലയാളികളെ തട്ടിയിട്ട് നടക്കാൻ വയ്യ എന്നു പറയാറുണ്ട്. ജന്മദേശത്തെയും മാതൃഭാഷയെയും അത്രത്തോളം നെഞ്ചോടു ചേർത്ത് കൊണ്ടു നടക്കുന്ന മലയാളികൾക്ക് ഒരന്യദേശക്കാരൻ മലയാളികളെ അടച്ചാക്ഷേപിക്കുന്നത് കേട്ടുകൊണ്ട് നിശ്ശബ്ദനായിരിക്കാൻ സാധിക്കുമോ?. ഒരു മലയാളിക്കു പറ്റിയ കൈയബദ്ധത്തിന്റെ പേരിൽ മലയാളികളെ ഒന്നടങ്കം ആക്ഷേപിക്കാൻ ശ്രമിച്ച ഈജിപ്ഷ്യൻ ഡോക്ടർക്ക് തക്ക മറുപടി കൊടുക്കാൻ സാധിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് സുധീർ.കെ.എച്ച്. 20 വർഷം മുൻപ് നടന്ന ആ അനുഭവം സുധീർ ഓർത്തെടുക്കുന്നതിങ്ങനെ...
2002 ൽ സൗദിയിലെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോഴുണ്ടായ അത്യപൂർവമായ ഒരനുഭവമാണ്. ഇരുപത് വർഷം മുൻപ് മഞ്ഞുപെയ്യുന്ന ഒരു ഡിസംബർ രാത്രി. സൗദി അറേബ്യയിലെ ജിദ്ദയിൽ മദീന റോഡിൽ പലസ്തീൻ പാലത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ന്യൂ ജിദ്ദ ക്ലിനിക് ഹോസ്പിറ്റൽ എന്ന ആശുപത്രിയിൽ ഈവനിങ് ഷിഫ്റ്റ് ഡ്യൂട്ടിയിൽ ആയിരുന്നു ഞാൻ. എമർജൻസി റൂമിലാണ് ഡ്യൂട്ടി. ആ വിഭാഗത്തിലെ ഏക മലയാളി നഴ്‌സ് ആയിരുന്നു ഞാൻ. ആ ഷിഫ്റ്റിൽ കൂടെയുള്ള ബാക്കി നാലു പേരുൾപ്പെടെ ആ ഡിപ്പാർട്ട്മെന്റിലെ എല്ലാ നഴ്സുമാരും ഫിലിപ്പീനോകളായിരുന്നു. ഡോക്ടർമാരെല്ലാവരും മസ്റികൾ എന്ന് വിളിക്കപ്പെടുന്ന ഈജിപ്ഷ്യൻമാരും!
സമയം രാത്രി 11 മണി കഴിഞ്ഞിട്ടുണ്ടാകും. വൈകിട്ട് 4 മുതൽ രാത്രി 12 വരെയാണ് ഈവനിങ് ഷിഫ്റ്റ്. പുറത്ത് മരംകോച്ചുന്ന തണുപ്പാണ്. അകത്ത് ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്ന സെൻട്രലൈസ്ഡ് എസിയും. എത്ര തണുപ്പുണ്ടെങ്കിലും എസിയുടെ തണുപ്പ് കുറച്ചിടുക എന്ന പരിപാടി അറബ് വംശജർക്കില്ലല്ലോ! കൊടുംതണുപ്പിൽനിന്ന് രക്ഷപ്പെടാൻ ഫിലിപ്പിനോസ് എല്ലാവരും യൂണിഫോമിന്റെ മുകളിൽ ക്രീംകളറിലുള്ള ഒരു തരം കട്ടിയുള്ള ജാക്കറ്റ് ധരിച്ചിട്ടുണ്ട്. നമുക്ക് അതുമില്ല.
എമർജൻസി റൂമിൽ ഒരു രോഗി പോലും ഇല്ല. എങ്ങനെയെങ്കിലും ഒരു മണിക്കൂർ കൂടി തള്ളിനീക്കിയാൽ ക്വാർട്ടേഴ്സിൽ എത്തി ബ്ലാങ്കറ്റിനുള്ളിലേക്ക് കയറാം. ഇഷ്ടം പോലെ ഉറങ്ങാം. കാരണം പിറ്റേന്ന് വൈകിട്ട് നാലു മണിക്കേ പിന്നെ എനിക്ക് ഡ്യൂട്ടിയുള്ളൂ.
അങ്ങനെയിരിക്കുമ്പോൾ അതാ കാഴ്ചയിൽ മലയാളി എന്നു തോന്നിക്കുന്ന ഒരാളുടെ കൈപിടിച്ചുകൊണ്ട് മറ്റൊരു മലയാളിയെന്ന് തോന്നിക്കുന്നയാൾ എമർജൻസി റൂമിനകത്തേക്ക് ധൃതിയിൽ വരുന്നു. രോഗിയെന്ന് തോന്നിക്കുന്നയാൾക്ക് രണ്ടു കണ്ണിനും കാഴ്ചയില്ല എന്നു തോന്നി. അയാൾ ഇരുകണ്ണുകളും അടച്ചുപിടിച്ചിരിക്കുകയാണ്.
ആ സീൻ എനിക്കും കൂടെയുള്ള നഴ്സുമാർക്കും അത്ര സുഖകരമല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അൽപസമയം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ നൈറ്റ് ഡ്യൂട്ടിക്കുള്ളവർ എത്തിയേനെ. അപ്പോഴാണ് ഇവരുടെ രംഗപ്രവേശം.
കർട്ടൻ ഇട്ടു മറച്ച എമർജൻസി റൂമിലെ കാബിനുകളിൽ ഒന്നിന്റെയുള്ളിലേക്ക് ഒരാൾ രോഗിയെ നയിച്ചു. എന്നിട്ട് ഡോക്ടറെ വിളിച്ചു. ഉടനെ തൊട്ടടുത്ത ഡോക്ടേഴ്സ് റൂമിൽനിന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഒമർ എത്തി. അദ്ദേഹവും ഒരു ഫിലിപ്പീനോ നഴ്സും കൂടി രോഗിയെ അറ്റൻഡ് ചെയ്തു.
ഞാൻ വീണ്ടും നൈറ്റ് ഡ്യൂട്ടിക്കാർ വരുന്നുണ്ടോ എന്നും നോക്കി പുറത്തേക്ക് കണ്ണുംനട്ട് നിൽപ്പ് തുടങ്ങി. അപ്പോഴതാ ‘കൂയാ, കൂയാ’ എന്ന് രോഗിയെ അറ്റൻഡ് ചെയ്യാൻ പോയ ആ ഫിലിപ്പിനോ നഴ്‌സ് എന്നെ ഉറക്കെ വിളിക്കുന്നു.
(കൂവി വിളിച്ചതല്ല കേട്ടോ. അവരുടെ ഭാഷയിൽ ബ്രദർ എന്നോ ചേട്ടാ എന്നോ ഒക്കെയാണ് കൂയാ എന്ന വാക്കിന്റെ അർഥം. ആത്തെ എന്നാൽ ചേച്ചി എന്നും).
സുധീർ... സുധീർ എന്ന് ഡോക്ടറും ഉച്ചത്തിൽ വിളിക്കുന്നുണ്ട്. ഇയാൾക്കിതെന്തിന്റെ കേടാ എന്നും പിറുപിറുത്തുകൊണ്ട് ഞാൻ കാബിനിലേക്ക് ചെന്നു. ‘‘സുധീർ, ദാ ഇവർ പറയുന്നതൊന്നും ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. രണ്ടു പേരും മലബാറികൾ (മലയാളികൾക്ക് അറബികൾ ഇട്ടിരിക്കുന്ന പേര് ) ആണ്. വേറെ ഭാഷയൊന്നും അറിയില്ല, അതുകൊണ്ട് ഇയാൾക്ക് എന്ത് പറ്റിയതാ എന്നൊന്ന് ചോദിച്ച് മനസ്സിലാക്കൂ’’എന്ന് ഡോക്ടർ എന്നോട് പറഞ്ഞു.
‘ആഹാ. മലയാളികളാണോ?. എന്നാൽ ഇപ്പ ശര്യാക്കിത്തരാം എന്ന ഭാവത്തോടെ മലയാളം സംസാരിക്കാനുള്ള ആർത്തിയോടെ ഞാൻ എന്താണ് അവരുടെ പ്രശ്നം എന്ന് അന്വേഷിച്ചു. (അന്നത്തെ ദിവസം ഞാൻ ഒരുവാക്ക് പോലും മലയാളം സംസാരിച്ചിട്ടില്ല എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ)
രോഗി എന്ന് തോന്നിക്കുന്ന ആൾ അപ്പോഴും രണ്ട് കണ്ണുകളും മുറുകെ അടച്ചു പിടിച്ചിരിക്കുകയാണ്.
‘എന്താണ് താങ്കൾ കണ്ണുതുറക്കാത്തത്. എന്ത് പറ്റിയതാണ്’ എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു.
‘‘രണ്ടു കണ്ണിലും സൂപ്പർ ഗ്ലൂ ഇട്ടിരിക്കുകയാണ്. അതുകൊണ്ടാണ് കണ്ണ് തുറക്കാൻ പറ്റാത്തത്’’ എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.
‘‘ങ്‌ഹേ എന്ത്’’ ഞാൻ ഒരു പത്തു ഞെട്ടൽ ഒന്നിച്ചങ്ങ് ഞെട്ടി.
അതെന്തിനായിരിക്കും. ഇനി എന്തെങ്കിലും കുലുക്കം പറ്റിയാൽ കണ്ണ് മുഖത്ത് നിന്ന് പറിഞ്ഞുപോകാതിരിക്കാനെങ്ങാൻ ആവുമോ എന്നും ഓർത്തുകൊണ്ട് ഞാൻ ചോദിച്ചു.
‘‘ങ്‌ഹേ എന്തിട്ടിരിക്കുവാന്നാ പറഞ്ഞേ... സൂപ്പർഗ്ലൂവോ. കണ്ണിലോ. അത് ഭയങ്കര സ്ട്രോങ്ങ് ആയ പശയല്ലേ’’
എന്ന് ഞാൻ അവരോട് തിരിച്ചു ചോദിച്ചു. അപ്പോൾ കൂടെയുള്ള വ്യക്തി കാര്യങ്ങൾ വിശദമായി പറഞ്ഞു.
അവർ ജിദ്ദയിലെ അൽബഹ്‌റ എന്ന സ്ഥത്തുള്ള സൗദി റെഡ് ബ്രിക്‌സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ‘‘ഇയാളുടെ കണ്ണിന് വേദനയും കാഴ്ചക്കുറവും കാരണം രാവിലെ ഷറഫിയയിൽ ഉള്ള ഏതോ ഒരു ക്ലിനിക്കിലെ കണ്ണ് ഡോക്ടറെ കാണിച്ചിരുന്നു. അവിടെനിന്ന് ഒരു ഓയിൻമെന്റ് കൊടുത്ത് 3 നേരം കണ്ണിൽ ഇടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. രാവിലെ മരുന്ന് കണ്ണിൽ ഇട്ടിട്ട് ഫ്രിജിന്റെ ഡോറിൽ വച്ചിട്ട് കക്ഷി ഡ്യൂട്ടിക്ക് പോയതാണ്. ഡ്യൂട്ടി കാരണം ഉച്ചയ്ക്ക് മരുന്നിടാൻ കഴിഞ്ഞില്ല.
ഡ്യൂട്ടി കഴിഞ്ഞുവന്ന് കുളിച്ച് ഭക്ഷണം കഴിച്ച് കിടക്കാൻ നേരം കക്ഷി മരുന്ന് എടുത്ത് രണ്ടുകണ്ണുകളിലും ഇട്ടു. മരുന്ന് ഇട്ടാൽ കുറച്ച് നേരം കണ്ണടച്ച് പിടിച്ച് കിടക്കണം എന്നും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. അങ്ങനെ ഉച്ചയ്ക്ക് ഇടാൻപറ്റാത്തതുംകൂടി ചേർത്ത് രണ്ടു കണ്ണിലും നന്നായി മരുന്നിട്ട് അരമണിക്കൂർ കണ്ണടച്ചങ്ങ് കിടന്നു. അതുകഴിഞ്ഞ് നോക്കുമ്പോ കണ്ണ് തുറക്കാൻ പറ്റുന്നില്ല. ഉടനെ വിളിയായി, നിലവിളിയായി. അങ്ങനെ അടുത്ത റൂമിലെ താമസക്കാരനായ ഞാൻ ഓടിവന്ന് നോക്കുമ്പോൾ ഇതാണ് അവസ്ഥ. മരുന്നിന്റെ ട്യൂബ് എവിടെ എന്ന് ചോദിച്ചപ്പോൾ ഇയാൾ ബെഡിൽ നിന്ന് അതെടുത്തു തന്നു. നോക്കുമ്പോൾ സൂപ്പർഗ്ലൂ. ഫ്രിജിൽ നോക്കിയപ്പോൾ ഓയിൻമെന്റ് അവിടെത്തന്നെ ഭദ്രമായി ഇരിക്കുന്നുമുണ്ട്.’’
ഇതും പറഞ്ഞ് അയാൾ രണ്ടു ട്യൂബുകളും എന്റെ കയ്യിലേക്ക് തന്നു. അത് നോക്കിയ ഞാൻ വീണ്ടും ആഞ്ഞുഞെട്ടി.
രണ്ടു ട്യൂബുകളും ഏകദേശം ഒരേ വലിപ്പം, ഒരേപോലെയുള്ള നിറം. രണ്ടിലും എകദേശം ഒരേ പാറ്റേണിലും നിറത്തിലുമുള്ള എഴുത്തുകളും. കണ്ണ് വയ്യാതിരുന്ന അയാൾക്ക് രാത്രി നോക്കിയപ്പോൾ ഈ ട്യൂബുകൾ തമ്മിൽ മാറിപ്പോയതിൽ യാതൊരതിശയവുമില്ല.
എല്ലാംകേട്ട് ചിരിക്കണോ കരയണോ എന്നാലോചിച്ച് ഞാൻ അന്തംവിട്ട് നിൽക്കുമ്പോഴേക്കും ഡോക്ടർ ഒമറിന്റെ അക്ഷമ നിറഞ്ഞ ചോദ്യമെത്തി.
‘‘നീയവിടെ എന്ത് കഥ കേൾക്കുകയാണ് സുധീർ ? സമയം വൈകുന്നു. അയാൾക്ക് എന്ത് പറ്റിയതാണ്? ഒന്ന് വേഗം പറയൂ’’
അല്ലെങ്കിൽത്തന്നെ മലയാളം സംസാരിക്കുന്നത് കേൾക്കുന്നത് ഈജിപ്ഷ്യൻമാർക്കും ഫിലിപ്പിനോകൾക്കും വലിയ അലർജി പോലെയാണ്. ‘‘കത്തീർ ഗിർ ഗിർ’’ അതായത് ‘‘ഓവർകലപില’’ എന്നാണ് അവർ നമ്മുടെ ഭാഷയെക്കുറിച്ച് പറയാറുള്ളത്.
ഞാൻ കാര്യങ്ങൾ വളരെ വിശദീകരിച്ചുതന്നെ അവർക്ക് പറഞ്ഞ് കൊടുത്തു. അതു കേട്ട ഡോക്ടറും ഫിലിപ്പിനോ നഴ്സുമാരും കൂട്ടച്ചിരിയായി. പെട്ടെന്നു തന്നെ സമചിത്തത വീണ്ടെടുത്ത ഡോക്ടർ അയാളുടെ കണ്ണ് പരിശോധിക്കാൻ തുടങ്ങി. കണ്ണിന്റെ ഉള്ളിലുള്ള സ്വാഭാവികമായ നനവ് കാരണം കണ്ണിനകത്ത് കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിലും അയാളുടെ ഇരുകൺപോളകളും ചേർന്ന് ഒട്ടിപ്പോയിരുന്നു.
അര മണിക്കൂറോളം കഠിനപ്രയത്നം നടത്തി നോർമൽ സലൈൻ സൊല്യൂഷനും മീതൈൽ സെല്ലുലോസ് തുള്ളിമരുന്നും അങ്ങനെ എന്തൊക്കെയോ ഉപയോഗിച്ച് ഡോക്ടർ ഒമറും ഫിലിപ്പീനോ നഴ്സും ചേർന്ന് അയാളുടെ കണ്ണുകൾ രണ്ടും ഒരു വിധം തുറന്നെടുത്തു. എന്നിട്ട് കണ്ണിൽ ഇടാനായി തുള്ളിമരുന്നുകൾ എഴുതിനൽകി. രാവിലെ ഒപിയിൽ വന്ന് കണ്ണിന്റെ കൺസൾട്ടന്റിനെ കാണാനും നിർദേശിച്ച് അയാളെ യാത്രയാക്കുമ്പോൾ ആ തണുപ്പിലും ഡോക്ടർ ഒമർ വിയർത്തുതുടങ്ങിയിരുന്നു.
കൈകഴുകി പുറത്തേക്ക് വരുമ്പോൾ നൈറ്റ് ഡ്യൂട്ടിക്ക് വന്നവരും ഈവനിങ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുന്നവരുമായ എല്ലാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മുന്നിൽ വച്ച് ഈ സംഭവം പറഞ്ഞ് ഉറക്കെ ചിരിച്ചുകൊണ്ട് ഡോക്ടർ ഒമർ എന്നോടിങ്ങനെ ചോദിച്ചു!
‘‘ലേഷ് ഹാദാ യാ സുധീർ, മലബാറി മുഖ് മാഫി കബീർ കിദ?’’ (എന്തായിത് സുധീർ, മലയാളികൾ ഇങ്ങനെ മരമണ്ടൻമാർ ആണോ )
അത് കേട്ട ബാക്കി ഫിലിപ്പീനോ നഴ്സുമാരും മസ്റിഡോക്ടർമാരും എന്റെ നേരെ നോക്കി ഒരുമാതിരി ആക്കിയ ഒരു ചിരി. അത്രയും ആളുകളുടെ മുന്നിൽവച്ച് മലയാളികളെ കുറ്റം പറഞ്ഞത് ഒട്ടും പിടിക്കാതിരുന്ന ഞാൻ ഇങ്ങനെ അതിന് മറുപടിയും കൊടുത്തു.
‘‘ഐവ ദക്തൂർ.. ഫീ നഫർ മുഖ് മാഫി മൗജൂദ് മിനൽ മലബാറി. ലേകിൻ മാഫി സവ സവ മസ്റി. ഹുവ കുല്ലു മുഖ് മാഫി’’ ( ശരിയാണ് ഡോക്ടർ. മലയാളികളിലും ബുദ്ധിയില്ലാത്തവർ ഉണ്ട്. പക്ഷേ ഈജിപ്ഷ്യൻമാരെപ്പോലെ മലബാറികൾ എല്ലാവരും മണ്ടന്മാരല്ല.)
നോക്കുമ്പോൾ ഡോക്ടർ ഒമർ പെട്ടെന്ന് തിരിഞ്ഞ് ഒന്നും അറിയാത്തതു പോലെ വേഗം പോയി കാറിൽ കയറുന്നു. അങ്ങേർ പറഞ്ഞ തമാശ കേട്ട് ഇളിച്ചുകൊണ്ടിരുന്നവരും പലവഴിക്കായി പെട്ടെന്ന് പിരിഞ്ഞുപോയി. വേണെങ്കി ഇന്ത്യാക്കാരെ പറഞ്ഞോട്ടേ. പക്ഷേ മലയാളികളെ പറഞ്ഞാൽ അത് ആരായാലും നുമ്മ വെറുതേ വിടില്ല.
ഹല്ല പിന്നെ.
സമയം രാത്രി പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ഞാനും വേഗം പോയി ക്വാർട്ടേഴ്‌സിലേക്കുള്ള കോസ്റ്ററിൽ കയറി. വണ്ടിയിൽ ഇരിക്കുമ്പോഴും ഉറങ്ങാനായി ബ്ലാങ്കറ്റിനുള്ളിൽ നൂണ്ടുകിടക്കുമ്പോഴും സൂപ്പർഗ്ലൂ സംഭവം തന്നെയായിരുന്നു എന്റെ മനസ്സ് നിറയെ. എത്ര ആലോചിച്ചിട്ടും ഒരു കാര്യത്തിന് മാത്രം എനിക്ക് ഉത്തരം കിട്ടിയില്ല. എന്നാലും എന്തിനായിരിക്കും അയാൾ സൂപ്പർഗ്ലൂ എടുത്ത് ഫ്രിജിൽ വച്ചിരുന്നത്.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Guru Work Experience Series - Sudheer Hassainar Memoir