ADVERTISEMENT

ആരെങ്കിലും നമ്മളെ തുറിച്ചു നോക്കുന്നുണ്ടെന്ന് വെറുതെ തോന്നിയാൽത്തന്നെ പലരുടെയും സ്വസ്ഥത നഷ്ടപ്പെടും. അപ്പോൾ പുറത്ത് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അവിടെയുള്ളവർ മുഴുവൻ അങ്ങനെ നോക്കി നിന്നാലോ?. റഷ്യയിൽ ജോലി ചെയ്യാനെത്തിയ ആദ്യകാലത്തെ അങ്ങനെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സുനി സുരേന്ദ്രൻ. ആദ്യം തെറ്റിദ്ധാരണയ്ക്കിടയാക്കിയെങ്കിലും ആ തുറിച്ചു നോട്ടത്തിനു പിന്നിലെ യഥാർഥ കാരണമറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നു പറഞ്ഞുകൊണ്ട് സുനി അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിങ്ങനെ...

 

ഞാൻ റഷ്യയിൽ സ്വോബോഡ്നി (Svobodny)  എന്ന സ്ഥലത്തു നാല് വർഷമായി പ്ലാനിങ് എൻജിനീയറായി ജോലി ചെയ്യുകയാണ്. റഷ്യ എന്ന് പറയുന്നു എങ്കിലും മോസ്‌കോയിൽ നിന്ന് എട്ടു മണിക്കൂർ ഫ്ലൈറ്റ് യാത്രയുണ്ട് ഈ സ്ഥലത്തേക്ക്. ചരിത്രത്തിൽ ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത് സ്റ്റാലിന്റെ കാലഘട്ടത്തിൽ യുദ്ധത്തടവുകാരെ പാർപ്പിച്ചിരുന്ന സ്ഥലമെന്നാണ്. അതുകൊണ്ട് ഇപ്പോഴും ഇവിടെ വളരെ പ്രാകൃതമായവരും ഇംഗ്ലിഷ് സംസാരിക്കാനറിയാത്തവരുമായി അകെ താമസിക്കുന്നത് 58,000 പേരാണ്.

 

2018 മേയിൽ ആണ് ഞാൻ ഇവിടെ എത്തുന്നത്. ചന്ദ്രനിൽ കാലു കുത്തിയ നീൽ ആംസ്ട്രോങ്ങിനെ പോലെ ഈ സ്ഥലത്ത് എത്തിയ ആദ്യത്തെ കറുത്ത നിറമുള്ള ആളായിരുന്നു ഞാൻ. ആകെ ഞാൻ ഒരു ഇന്ത്യക്കാരൻ. ഇവിടെ വന്നിറങ്ങി കഴിക്കാനൊക്കെ ഹോട്ടലിൽ പോയി തുടങ്ങിയപ്പോൾ ആളുകൾ എന്നെ നോക്കാൻ തുടങ്ങി. ആദ്യമൊക്കെ അത്തരം പെരുമാറ്റങ്ങൾ കാര്യമായിട്ടെടുത്തില്ലെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് തന്നെ ബുദ്ധിമുട്ട് ആയിത്തുടങ്ങി. ഭക്ഷണം കഴിക്കുമ്പോൾ വരെ എല്ലാവരും എന്നെ തന്നെ നോക്കി ഇരിക്കുന്നു.

 

അവസാനം പുറത്തുള്ള ഭക്ഷണം നിർത്തി ദിവസവും  മൂന്ന് നേരവും നൂഡിൽസ് കഴിക്കാൻ തുടങ്ങി. ഒരു ദിവസം ഉച്ചക്കു കഴിച്ചു കൊണ്ടിരുന്നപ്പോ എച്ച്ആർ  മാനേജരായ പെൺകുട്ടി വന്നു ചോദിച്ചു.

 

‘‘Suni, Why you're not going out for eating’’

 

ഞാൻ കാര്യങ്ങൾ മുഴുവൻ വിശദമായി പറഞ്ഞു. എല്ലാം കേട്ടിട്ട് അവർ പറഞ്ഞു.

 

‘‘Ok fine , tomorrow we will go together ….ok’’

 

അങ്ങനെ പിറ്റേന്ന് അവർ എന്നെയും കൂട്ടി കഴിക്കാൻ പോയി. ചെന്നപ്പോൾ പഴയ അവസ്ഥ തന്നെ. ഞാൻ അവരോടു പറഞ്ഞു.

 

‘‘See Julia....everyone looking at me’’

 

അവർ ഉടനെ റസ്റ്റോറന്റ് മാനേജരെ വിളിച്ചു. അവരോടു കാര്യം പറഞ്ഞു. അവർ എല്ലാം കേട്ടിട്ട് ചിരിച്ചു. എന്നിട്ട് റഷ്യൻ ഭാഷയിൽ എന്തോ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു.

 

‘‘തയ് ഇസ് ഇന്ത്യ , ധ’’ ....? ..എന്ന് റഷ്യയിൽ ചോദിച്ചു.

career-channel-work-experience-series-suni-surendran-memoir-article-image-two

 

അപ്പോ എച്ച്ആർ  പറഞ്ഞു.

 

‘‘She is asking you are from India..? Reply her in Russian ‘‘Da’’

 

ഞാൻ പറഞ്ഞു .

 

Yes... Dha...

 

അതു കഴിഞ്ഞാണ് കാര്യം മനസിലായത്. അവർ ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരനെ അവരുടെ സ്ഥലത്തു കാണുന്നത്. കൂടാതെ കറുത്ത നിറമുള്ള ഒരാളെ. അതുകൊണ്ട് അവർക്കെല്ലാം അതിശയം ആയിരുന്നു. റഷ്യക്കാർക്ക് ഇന്ത്യക്കാരെ വളരെ ഇഷ്ടമാണ്. നമ്മുടെ കൾച്ചർ,ഫുഡ് ഒക്കെ അവർക്ക് വളരെ ഇഷ്ടമാണ്.

 

എല്ലാം പറഞ്ഞു കഴിഞ്ഞു എച്ച്ആർ പറഞ്ഞു.

 

‘‘They would like to take a Photo with you’’

 

ഞാൻ പറഞ്ഞു ... 

 

‘‘Of course’’

 

അവർ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോഴേക്കും ആളുകൾ ഓരോരുത്തരായി വന്നു ഫോട്ടോ എടുക്കാൻ തുടങ്ങി. ഞാൻ ചിരിച്ചു കൊണ്ട് പോസ് ചെയ്തു. ഇപ്പോൾ ഇവിടെ പല കമ്പിനികളിൽ ആയിട്ട് ഏകദേശം 200 ഇന്ത്യക്കാരുണ്ട്. എന്തൊക്കെ ആയാലും ഇപ്പോഴും എമിഗ്രേഷൻ ചെയ്യാൻ നിൽക്കുമ്പോൾ റഷ്യക്കാരുടെ ഒരു നോട്ടം ഉണ്ട്. ഒരു പുഞ്ചിരിയോടെ അവരെ നോക്കി ഞാനും നിൽക്കും.

 

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Guru Work Experience Series - Suni Surendran Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com