ADVERTISEMENT

ജർമനിയിലേക്കു കൂടുതൽ മലയാളി നഴ്സുമാർക്ക് അവസരം. കഴിഞ്ഞ ഡിസംബറിൽ നോർക്കയുമായി കരാറായ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ലഭിച്ച പതിനായിരത്തോളം അപേക്ഷകളിൽ നിയമന നടപടി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പദ്ധതി തുടരുമെന്നതിലും സ്ഥിരീകരണമായിരിക്കുന്നത്.

 

കേരളത്തിൽനിന്നു മാത്രം

ജർമനിക്കു 2030ന് അകം 1.6 ലക്ഷം നഴ്സുമാരെ വേണം. ജനസംഖ്യ അനുസരിച്ച് ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്ത രാജ്യമാണ് ഇന്ത്യ എന്നതിനാൽ വിദേശത്തേക്കുള്ള റിക്രൂട്മെന്റ് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) വിലക്കിയിരുന്നു. മറ്റു രാജ്യങ്ങൾ വിലക്ക് അവഗണിച്ച് ഇന്ത്യൻ നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നെങ്കിലും ജർമനി നിയമനത്തിനു തയാറായിരുന്നില്ല. ആ നയത്തിനു മാറ്റം വരുത്തിയാണു നോർക്കയുമായി കരാറിലെത്തിയത്. ഇന്ത്യയിൽ കേരളത്തിൽനിന്നു മാത്രം നഴ്സുമാരെ റിക്രൂട്ട് െചയ്യും. ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോ ഓപ്പറേഷനാണ് പദ്ധതിയുടെ ചുമതല. വർഷം 500 വീതം 2 വർഷം കൊണ്ട് 1000 പേരെ റിക്രൂട്ട് ചെയ്യും.

 

ഇതിനകം അപേക്ഷ ലഭിച്ചവരിൽനിന്നു പ്രാഥമിക സിലക്‌ഷൻ നടത്തിയവരുടെ ഇന്റർവ്യൂവിനായി ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ ആറംഗ സംഘം എത്തുന്നുണ്ട്. മേയ് 3 മുതൽ 14 വരെയാണ് ഇന്റർവ്യൂ. പദ്ധതിയിലേക്ക് നോർക്ക ഇനി അപേക്ഷ ക്ഷണിക്കുമ്പോൾ പുതിയവർക്ക് അപേക്ഷിക്കാം.

 

എല്ലാം സൗജന്യം

തിരഞ്ഞെടുക്കപ്പെടുന്നവർക്കു നാട്ടിൽതന്നെ ജർമൻ ഭാഷയിൽ സൗജന്യ പരിശീലനം നൽകും. 500 പേരുടെ ആദ്യ ബാച്ചിനു ജൂണിൽ ഭാഷാ പരിശീലനം ആരംഭിക്കും. 6 മാസം കൊണ്ട് ബി വൺ ലവൽ പാസാകുന്നവർക്കു ജർമനിയിലേക്കു പോകാം. തുടക്കത്തിൽ 2300 യൂറോയും (ഏകദേശം 1.9 ലക്ഷം രൂപ) സ്ഥിരമാകുമ്പോൾ 2800 യൂറോയും (ഏകദേശം 2.3 ലക്ഷം രൂപ) ശമ്പളം ലഭിക്കും. യാത്രയ്ക്കും താമസത്തിനുമുള്ള ചെലവുകളും വഹിക്കുന്ന തരത്തിലുള്ളതാണ് ട്രിപ്പിൾ വിൻ പദ്ധതി.

 

ജോലിക്കുചേർന്ന് നികുതി കൊടുത്തുതുടങ്ങുമ്പോൾ തന്നെ കുടുംബത്തെ ജർമനിയിലേക്കു കൊണ്ടുപോകാം. ജീവിത പങ്കാളിക്ക് അവിടെ ജോലി ചെയ്യാനും അവസരമുണ്ട്. 3 വർഷം കഴിഞ്ഞ് സ്ഥിര താമസത്തിനും 6 വർഷം കഴിഞ്ഞ് ജർമൻ പൗരത്വത്തിനും അപേക്ഷിക്കാം.

 

കൂടുതൽ വിവരങ്ങൾക്ക്: gm.norka@kerala.gov.in, tvm.norka@kerala.gov.in 

Content Summary: Triple Win-NORKA Roots Recruiting Nurses Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com