പഠനം ഒരു ഹരമാണിഷ്ടാ, ഈ വീട്ടിൽ 3 പിഎച്ച്ഡിക്കാരുണ്ട്; മൂവരും പഠിച്ചത് ഐഐഎമ്മിൽ

HIGHLIGHTS
  • ബിറ്റ്‌സ് പിലാനി ഗോവ ക്യാംപസിൽനിന്നു ഗിരിരാജ് നേടിയത് ഇരട്ടഡിഗ്രിയാണ്
phd-holders
അഞ്ജലി രാജ്, കീർത്തി പെൻഡ്യൽ, ഗിരിരാജ്
SHARE

ഐഐഎമ്മുകളിൽ പിജി പ്രോഗ്രാമാണു പ്രശസ്തമെങ്കിലും ഡോക്ടറൽ പ്രോഗ്രാമിനും മൂല്യമേറെ. ഏറെ ദുഷ്കരമായ ഈ കടമ്പ കടന്ന മൂന്നുപേർ ഒരേ വീട്ടിലുണ്ടെങ്കിലോ ? ചങ്ങനാശേരി വാഴപ്പള്ളി അഞ്ജലി കേളമ്മാട്ടു വീട്ടിൽ റിട്ട.എൽഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ രാജപ്പൻ ആചാരിയുടെയും ലഫ്.കേണൽ (റിട്ട) എൻ.ഗീതാകുമാരിയുടെയും മക്കളായ അഞ്ജലി രാജൻ, ഗിരിരാജ്, അഞ്ജലിയുടെ ഭർത്താവ് കീർത്തി എന്നിവരുടേതാണ് ഈ അപൂർവ നേട്ടം.

 ഇക്കണോമിക്സ് കഴിഞ്ഞ് ഐഐഎമ്മിൽ

പലപ്പോഴും ഐഐഎമ്മിലേക്ക് എൻജിനീയറിങ് വിദ്യാർഥികളുടെ കുത്തൊഴുക്കാണ്. എന്നാൽ അഞ്ജലി രാജൻ ഇക്കണോമിക്സാണു പഠിച്ചത്. ചങ്ങനാശേരി അസംപ്ഷനിൽ ബിഎ. തുടർന്ന് ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ അപ്ലൈഡ് ഇക്കണോമിക്സ്. രണ്ടിടത്തും മൂന്നാം റാങ്ക്. ജെആർഎഫും നേടി.

ഐഐഎമ്മിൽ പിഎച്ച്ഡി പ്രവേശനത്തിനു ‘ക്യാറ്റി’നു പുറമേ നെറ്റ്, ഗേറ്റ് തുടങ്ങിയ യോഗ്യതകളും പരിഗണിക്കും.

ജെഎൻയുവിലും ഐഐഎം കൽക്കട്ടയിലും പിഎച്ച്ഡിക്ക് അവസരം ലഭിച്ചിരുന്നു. മാനേജ്‌മെന്റും ഇക്കണോമിക്‌സും ചേർന്ന കോംബിനേഷൻ ലഭ്യമായ ഐഐഎം കൽക്കട്ടയാണ് അഞ്ജലി തിരഞ്ഞെടുത്തത്. പ്ലസ്ടു തലത്തിൽ മാത്‌സ് പഠിച്ചിട്ടില്ലാത്തതിനാൽ കോഴ്‌സ് വർക്കിൽ അൽപം വലഞ്ഞു. ഹരിയാന സോനിപ്പത്തിലുള്ള ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറാണ് അഞ്ജലി ഇപ്പോൾ.

 ഐഐടി വിട്ട് ബികോം, പിന്നെ ഐഐഎമ്മിൽ പിഎച്ച്ഡി

അഞ്ജലി രാജന്റെ ഭർത്താവ് ഹൈദരാബാദ് സ്വദേശി കീർത്തി പെൻഡ്യലാണ് കുടുംബത്തിലെ പിഎച്ച്ഡി നേട്ടക്കാരിൽ മൂന്നാമത്തെയാൾ. ഐഐടി മദ്രാസിലെ എൻജിനീയറിങ് പഠനം നിർത്തി ബികോമിനു ചേർന്നയാളാണു കീർത്തി. തുടർന്നു ക്യാറ്റിൽ നൂറിൽ നൂറു പെർസെന്റൈലും നേടി ഐഐഎം അഹമ്മദാബാദിൽ മാനേജ്‌മെന്റിൽ പിജിഡിഎം പഠിച്ചു. തുടർന്ന് വിവിധ കമ്പനികളിൽ 7 വർഷത്തോളം ജോലി ചെയ്ത ശേഷമാണു ഗവേഷണത്തിലേക്കു തിരിഞ്ഞത്. പബ്ലിക് പോളിസിയിൽ ‘പേറ്റന്റ് റൈറ്റ്‌സ്’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കീർത്തി ഇപ്പോൾ സോനിപ്പത്തിലെ ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറും അസിസ്റ്റന്റ് ഡീനുമാണ്.

 വേറിട്ട വിഷയം, ഇക്കണോഫിസിക്സ് 

ബിറ്റ്‌സ് പിലാനി ഗോവ ക്യാംപസിൽനിന്നു ഗിരിരാജ് നേടിയത് ഇരട്ടഡിഗ്രിയാണ് – മെക്കാനിക്കൽ എൻജിനീയറിങ് ഓണേഴ്സ് ബിരുദവും ബയോളജിക്കൽ സയൻസസിൽ ഇൻസ്പയർ ഫെലോഷിപ്പോടെ എംഎസ്‌സി ഓണേഴ്സും. 

ഐഐഎം ‘ക്യാറ്റി’ൽ മികച്ച സ്കോർ നേടിയപ്പോൾ മുന്നിൽ രണ്ടു വഴികൾ– ഐഐഎം ഇൻഡോറിൽ പിജി, അല്ലെങ്കിൽ ഐഐഎം ബാംഗ്ലൂരിൽ പിഎച്ച്ഡി.  ഗവേഷണത്തിനാണു ഗിരിരാജ് തീരുമാനിച്ചത്. 

ഇക്കണോമിക്‌സ്, മെഷീൻ ലേണിങ്, സ്റ്റാറ്റിസ്റ്റിക്കൽ ഡിസിഷൻ തിയറി, ഓപ്പറേഷൻസ് റിസർച്, ഫോർകാസ്റ്റിങ്, സൈക്കോളജി തുടങ്ങി പലവിധ മേഖലകൾ ഒരുമിക്കുന്ന പഠനശാഖയായ ഡിസിഷൻ സയൻസിലായിരുന്നു ഗവേഷണം. ഇതിൽ തന്നെ ഇക്കണോഫിസിക്‌സ് തിരഞ്ഞെടുത്തു. ഭൗതികശാസ്ത്ര രീതികൾ സാമ്പത്തികശാസ്ത്രത്തിൽ പ്രയോഗിക്കുന്ന രീതി.

അൽപം സങ്കീർണവും മത്സര സ്വഭാവമുള്ളതുമാണ് ഐഐഎം ബാംഗ്ലൂരിലെ ഗവേഷണമെന്നു ഗിരിരാജ് പറയുന്നു. ഒപ്പം പ്രവേശനം നേടിയ രണ്ടുപേർ ഇടയ്ക്കു ഗവേഷണം നിർത്തുകവരെ ചെയ്തു. അതുകൊണ്ടുതന്നെ ഈ നേട്ടത്തിനു വിലയേറെ.

Content Summary : Three Phd holders from one family

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA