വെജ് ബിരിയാണിയിലെ എല്ലിൻ കഷ്ണം; സമചിത്തത വിടാതെ സുഹൃത്ത്, വിളറി വെളുത്ത് മാനേജർ

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
career-channel-work-experience-series-dr-rahul-soman-memoir-representative-image
Photo Credit : VM2002 / Shutterstock.com
SHARE

ഔദ്യോഗിക കൃത്യനിർവഹണത്തിനായി ഷാർജയിലെത്തിയപ്പോഴുണ്ടായ ഒരു അനുഭവമാണ് ഡോ. രാഹുൽ സോമൻ പങ്കുവയ്ക്കുന്നത്. വെജിറ്റേറിയനായ സഹപ്രവർത്തകന് വെജിറ്റബിൾ ബിരിയാണിയിൽനിന്ന് എല്ലിൻ കഷ്ണം കിട്ടിയതിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും ഡോ. രാഹുൽ സോമൻ പറയുന്നു...

ജോലിസംബന്ധമായി ഞാനും എന്റെ സഹപ്രവർത്തകനും ഷാർജയിലുള്ള ഒരു കമ്പനിയിൽ ഫുഡ്‌ സേഫ്റ്റി സിസ്റ്റത്തിന്റെ ഓഡിറ്റ് നടത്തുകയായിരുന്നു.  ഉച്ചഭക്ഷണം കമ്പനി ഒരു പ്രശസ്ത ഹോട്ടലിൽനിന്ന് പാഴ്സൽ വരുത്തുകയായിരുന്നു. ഞങ്ങൾക്കും അതായിരുന്നു സൗകര്യം. കാരണം പുറത്തു ഭക്ഷണം കഴിക്കാൻ പോകുന്ന സമയവും ഓർഡർ കൊടുത്തുള്ള കാത്തിരിപ്പിന്റെ കാലതാമസവും ഒഴിവാക്കാൻ പറ്റി.

അവിടുത്തെ ബിരിയാണി വളരെ പ്രശസ്തവും രുചികരവും ആണെന്നറിഞ്ഞ നിമിഷം മനസ്സിൽ അനേകം ലഡ്ഡുകൾ പൊട്ടുകയും ഒന്നും ആലോചിക്കാതെ എന്റെ വക ചിക്കൻ ബിരിയാണിക്ക് ഓർഡർ കൊടുക്കുകയും ചെയ്തു. സഹപ്രവർത്തകൻ നേരത്തേ ശുദ്ധ മാംസാഹാരി ആയിരുന്നെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം ആകാര വടിവിൽ ശ്രദ്ധ കൊടുത്തിരുന്നതിനാൽ കുറേക്കാലമായി കറ കളഞ്ഞ സസ്യഭോജിയായി എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നതിനാലും അദ്ദേഹം ഒരു വെജ് ബിരിയാണിയ്ക്കും ഓർഡർ കൊടുത്തു. 

ലഞ്ച് ബ്രേക്ക്‌ എടുത്തു. പാഴ്സൽ റെഡി. ഞാൻ ചിക്കൻ ബിരിയാണിയുമായി മല്ലയുദ്ധം ആരംഭിച്ചു. 

മാഷേ...

രുചിയിൽ മുഴുകി കഴിച്ചു കൊണ്ടിരുന്ന എന്നെ സുഹൃത്ത് പതിയെ പിന്നെ തോണ്ടി വിളിച്ചു... 

കൈയിൽ പിടിച്ചു കടിച്ചു പറിച്ചു തിന്നു കൊണ്ടിരുന്ന കോഴിക്കാലിൽനിന്ന് എന്റെ ശ്രദ്ധ പതറിയ നിമിഷം. അല്ലെങ്കിലും ഭാര്യ പതിവായി പറയാറുള്ളതു പോലെ കഴിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്കും വേറെ ഒരു ജീവിക്കും (മൃഗ സ്നേഹികൾ പുള്ളിക്കാരിയോട് സദയം പൊറുക്കുക) കണ്ണും കാണില്ല, കാതും കേൾക്കില്ല.

തന്റെ വെജ് ബിരിയാണിയിൽ നിന്ന് കിട്ടിയ ചെറിയൊരു കോഴിയെല്ലിൻ കഷ്ണം കൈയിൽ ഉയർത്തി കാണിക്കുകയാണ് അദ്ദേഹം. ഒപ്പം കഴിച്ചു കൊണ്ടിരുന്ന കമ്പനിയുടെ തലൈവർ എന്തു പറയണമെന്നറിയാതെ നിസ്സഹായനായി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കുന്നു. പാഴ്സൽ ഓർഡർ ചെയ്ത ക്വാളിറ്റി മാനേജർ ആരോ സ്റ്റാച്യൂ പറഞ്ഞതു പോലെ പ്രതിമ പോലെ നിന്നു. അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്തു.

ആ മുറിയിൽ അനുവാദം വാങ്ങാതെ പെട്ടെന്നു കടന്നു വന്ന നിശബ്ദത അൽപ സമയം അലറിക്കരഞ്ഞു നിലവിളിച്ചു. സംഗതി പിടി വിട്ടു പോയി എന്നു തോന്നിയതിനാലാവണം സുഹൃത്ത് പെട്ടെന്നു തന്നെ സമചിത്തതയോടെ ‘‘ഏയ്‌ കുഴപ്പമില്ല. പണ്ട് നോൺ ആയിരുന്നു. ഇപ്പോൾ ചില സാഹചര്യങ്ങൾ നിമിത്തം വെജ് ആയതാണ്’’ എന്നു പറഞ്ഞ് ആ എല്ലിൻ കഷ്ണം മാറ്റി വെച്ച് കഴിക്കൽ പുനരാരംഭിച്ചു. എന്റെ ഭാഗ്യം. കൈയിലിരുന്ന കോഴിക്കാലിനു ഞാൻ ശാപമോക്ഷം കൊടുത്തു.

ഇതിനിടെ പാഴ്സൽ ഓർഡർ കൊടുത്ത ക്വാളിറ്റി മാനേജർ ഹോട്ടലിൽ വിളിച്ചു പരാതിപ്പെട്ടു. ഏതാനും നിമിഷങ്ങൾക്കകം ആ ഹോട്ടലിലെ മാനേജർ അദ്ദേഹത്തെ തിരികെ വിളിച്ചു. തികച്ചും നോൺ വെജ് ഹോട്ടൽ അകയാൽ ഏതെങ്കിലും വെജ് ഓർഡർ കിട്ടിയാൽ സ്ഥിരം കസ്റ്റമേഴ്സ് ആണെങ്കിൽ തൊട്ടടുത്തുള്ള വെജ് ഹോട്ടലിൽനിന്ന് അതു മേടിച്ചു പാഴ്സൽ ചെയ്തു കൊടുക്കാറാണ് പതിവ്. ഇന്ന് കുറച്ചു തിരക്ക് കൂടിയതിനാലും പാഴ്സൽ വിഭാഗത്തിൽ പുതിയ ജീവനക്കാർ ഉണ്ടായിരുന്നതിനാലും വെജ് ബിരിയാണിയുടെ ഓർഡർ കിട്ടിയപ്പോൾ ബിരിയാണിയുടെ ചിക്കൻ കഷണങ്ങൾ മാറ്റിയെടുത്ത് അതു വെജിറ്റേറിയൻ ആക്കി. അതാണ് സംഭവിച്ചത്. അതിനിടയിൽ കിടന്ന ഒരു ചെറിയ എല്ലിൻ കഷ്ണം ഹത ഭാഗ്യനായ എന്റെ സുഹൃത്തിനു കിട്ടുകയും ചെയ്തു.

ആ സംഭവത്തിന്‌ ശേഷം അദ്ദേഹം ശുദ്ധ സസ്യാഹാരം പാകം ചെയ്യുന്ന ഇടങ്ങളിൽനിന്നേ ആഹാരം കഴിക്കൂ എന്ന കർശന നിലപാടിൽ ഉറച്ചു നിന്നതിനാൽ കൂടെ ഓഡിറ്റിനു യാത്ര ചെയ്യേണ്ട സാഹചര്യങ്ങളിൽ എനിക്കും മനസ്സില്ലാ മനസ്സോടെ വെജിറ്റേറിയൻ ആയി മാറേണ്ടതായി വന്നു. കലികാലമല്ലേ. ഇനി എന്തൊക്ക സംഭവിക്കാൻ ഇരിക്കുന്നു. ആരോട് പറയാൻ?.സ്വയം അനുഭവിച്ചു തീർക്കുക തന്നെ.

career-channel-work-experience-series-dr-rahul-soman-memoir
ഡോ. രാഹുൽ സോമൻ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Dr. Rahul Soman Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA