പരസ്പരം നേരിട്ടു കാണാതെ പഠിച്ചും പഠിപ്പിച്ചും ഒന്നിലധികം അധ്യയന വർഷം കടന്നുപോയി. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്തു. ഓൺലൈൻ ക്ലാസ് സജീവമായ സമയത്ത് തന്റെ ഔദ്യോഗിക ജീവിതത്തിൽ സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് പറയുകയാണ് അധ്യാപികയായ ഷഫ്ന ഹാരിസ്. കേന്ദ്രീയ വിദ്യാലയത്തിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്ത അവസരത്തിൽ സംഭവിച്ച അമളിയുടെ കഥ ഷഫ്ന പങ്കുവയ്ക്കുന്നതിങ്ങനെ...
വിദൂരഭാവിയിൽ മാത്രം ഉണ്ടാകുമെന്നു കരുതിയിരുന്ന ഓൺലൈൻ ക്ലാസുകളെ ഇത്ര പെട്ടെന്ന് നമ്മളിലേക്ക് എത്തിച്ചത് കോവിഡിന്റെ വരവാണ്. പോസ്റ്റ് ഗ്രാജ്വേഷന്റെ ഭാഗമായി തൽക്കാലം ജോലിയിൽനിന്നു മാറി നിൽക്കുന്നെങ്കിലും ഒരധ്യാപികയെന്ന നിലയിൽ ഏറെ ആകാംക്ഷയോടെയും അങ്കലാപ്പോടെയും തന്നെയാണ് നമുക്ക് അത്ര പരിചിതമല്ലാത്ത ഓൺലൈൻ ക്ലാസിന്റെ വരവിനെ ഞാൻ വീക്ഷിച്ചത്.
അങ്ങനെയിരിക്കയാണ്, ഏതാനും വർഷങ്ങളായി സ്വപ്നവും ലക്ഷ്യവുമായി കണ്ടിരുന്ന കേന്ദ്രീയ വിദ്യാലയത്തിലേക്ക് ഒരു വർഷത്തെ താൽക്കാലിക നിയമനവുമായി ഞാൻ എത്തിപ്പെട്ടത്. അതും നിനച്ചിരിക്കാതെ പ്രൈമറി ക്ലാസുകളിലേക്ക്. ഓൺലൈൻ ക്ലാസിന്റെ എബിസിഡി അറിയാത്തതിന്റെ അങ്കലാപ്പ് മനസ്സിലുണ്ടെങ്കിലും എല്ലാം പഠിച്ചെടുത്ത് വളരെ വേഗം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ജോലിയിൽ പ്രവേശിച്ചു.
മറ്റേതു നാട്ടുകാരേക്കാളും സ്വന്തം മക്കളുടെ കാര്യത്തിൽ ഒരൽപ്പം ശുഷ്കാന്തി കൂടുതലുള്ളവരാണല്ലോ നമ്മൾ മലയാളികൾ. അങ്ങനെയുള്ള ചില മാതാപിതാക്കളും മക്കൾക്കൊപ്പം എന്റെ ക്ലാസ് വീക്ഷിക്കുന്നുണ്ടെന്ന സത്യം ഞാനറിഞ്ഞു. ജോയിൻ ചെയ്ത് ഒരാഴ്ച തികഞ്ഞില്ല, ഒരു ദിവസം അപ്രതീക്ഷിതമായി ഒരു അമ്മയുടെ ഫോൺ കോൾ എന്നെത്തേടിയെത്തി. സ്വന്തം കുഞ്ഞിന്റെ പേര് രണ്ട് തവണയേ ഞാൻ ക്ലാസിൽ വിളിച്ചുള്ളൂ എന്നതാണ് അവരുടെ പരാതി. സ്വതവേ പേരുകൾ ഓർത്തു വയ്ക്കാൻ കഷ്ടപ്പെടുന്ന ഞാൻ ആ കുട്ടിയുടെ പേരു വിളിക്കാത്തത് മനഃപൂർവമല്ലെന്നും ഇനി ശ്രദ്ധിച്ചോളാമെന്നും വാക്കു നൽകി ഫോൺ വച്ചു. ഇനി എല്ലാ ക്ലാസിലും ഒരു തവണയെങ്കിലും എല്ലാ വിദ്യാർഥികളുടെയും പേര് വിളിക്കുമെന്നു തീർച്ചപ്പെടുത്തി അടുത്ത ക്ലാസിൽ കയറി.
ക്ലാസ് തുടങ്ങി ഏതാനും മിനിറ്റു കഴിഞ്ഞ് എല്ലാവരെയും ഒരു റൗണ്ട് വിളിക്കാമെന്നു വിചാരിച്ച് ഗൂഗിൾ മീറ്റിലെ അറ്റൻഡൻസ് ലിസ്റ്റ് എടുത്ത് തുടക്കം തൊട്ട് ഓരോരുത്തരെയായി പേര് വിളിയും ചോദ്യവും തുടങ്ങി. ലിസ്റ്റിൽ കുറച്ച് താഴേക്കെത്തിയപ്പോൾ സുപരിചിതമല്ലാത്ത ഒരു വിദ്യാർഥിയുടെ പേര് കണ്ടു - ജി. ശശികുമാർ . ചെറിയ കുട്ടികൾക്ക് ഇക്കാലത്ത് ആരെങ്കിലും ഇങ്ങനൊരു പേരിടുമോ? ഏയ് ഇല്ല. മുൻപ് സൂചിപ്പിച്ചതു പോലെ എനിക്ക് പേര് ഓർത്തു വയ്ക്കാൻ കുറച്ച് സമയമെടുക്കുമെങ്കിലും ഇങ്ങനൊരു വിദ്യാർഥി എന്റെ ക്ലാസിലില്ലെന്ന് തീർച്ച. സ്വന്തം പേരിലുള്ള അക്കൗണ്ട് വഴിയല്ലാതെ ഓൺലൈൻ ക്ലാസിൽ കയറാൻ സ്കൂളിലെ നിയമം അനുവദിക്കുന്നില്ലെങ്കിലും ഇനി ഏതെങ്കിലും വിദ്യാർഥി രക്ഷകർത്താക്കളുടെയോ മറ്റോ അക്കൗണ്ട് വഴി നുഴഞ്ഞ് കയറിയതാണെങ്കിലോ? ഇങ്ങനെയുള്ള പല സംശയങ്ങൾ മനസ്സിലൂടെ കടന്നു പോകവേ സമയം അതിക്രമിക്കുന്നുവെന്ന തിരിച്ചറിവിൽ പെട്ടെന്നുതന്നെ രണ്ടും കൽപിച്ച് ആ വിദ്യാർഥിയുടെ പേര് വിളിച്ചു, ‘‘ജി. ശശികുമാർ’’. ഒരു നേർത്ത ചിരിയോടുകൂടി ‘‘Madam, It's me’’ എന്നുത്തരം പറയുന്ന ഞങ്ങളുടെ പ്രിൻസിപ്പലിന്റെ മുഖം സ്ക്രീനിൽ തെളിഞ്ഞതും എന്റെ പകുതി ജീവൻ പോയതും ഒരുമിച്ചായിരുന്നു.
അപ്പോഴാണ് സാറിന്റെ രഹസ്യനിരീക്ഷണം ഇടയ്ക്ക് ക്ലാസിൽ ഉണ്ടാകുമെന്ന് അധ്യാപകർ സൂചിപ്പിച്ച കാര്യം ഓർമയിൽ വന്നത്. അറിയാതെയെങ്കിലും, ഞാനത്രയേറെ ബഹുമാനിക്കുന്ന സാറിനെ പേര് വിളിച്ചതിലുള്ള ചമ്മലും അതിലേറെ സങ്കടവും മനസ്സിൽ തിങ്ങി വന്നു. മുന്നിലിരിക്കുന്ന വിദ്യാർഥികളുടെയും അവരുടെ പരിസരത്തുള്ള രക്ഷകർത്താക്കളുടെയും മുന്നിൽനിന്ന് മുഖത്തെ ചമ്മൽ മാറ്റാൻ ഏറെ പാടുപെട്ടുകൊണ്ടാണ് സാറിനോട് ക്ഷമാപണം നടത്തിയത്. സാറ് അപ്പോഴും പുഞ്ചിരിച്ചു കൊണ്ട്, സാരമില്ല, മാഡം ക്ലാസ് തുടരൂവെന്ന് പറഞ്ഞു പോയ ആശ്വാസത്തിലിരിക്കുമ്പോഴാണ് അടുത്ത പണി വരുന്നതോർത്തത്. മറ്റൊന്നുമല്ല, സ്കൂളിലെ ഒരധ്യാപികയുടെ മകളും ഈ ക്ലാസിലുണ്ടായിരുന്നു.
അങ്ങനെ ചമ്മലിന്റെ രണ്ടാം റൗണ്ടിനായി തയാറെടുത്ത് ഞാൻ പിറ്റേന്ന് സ്കൂളിലെത്തി. സ്‌റ്റാഫ് റൂമിൽ കാലെടുത്തുവച്ചില്ല, അപ്പോഴേക്കും ഒരു മുതിർന്ന അധ്യാപികയുടെ ചോദ്യമെത്തി. ‘‘അല്ല, നിന്റെ ക്ലാസിൽ ഏതോ ഒരു വിദ്യാർഥിക്ക് ഉത്തരം പറയാൻ ഭയങ്കര മടിയാണെന്ന് അറിഞ്ഞില്ലോ. ആരാ അത്?’’ അപ്പോഴാണ് സ്‌റ്റാഫ് റൂമിലും തുടർന്ന് സ്കൂളിലും ഈ സംഭവം ഫ്ലാഷാകുന്നത്. അവരുടെ കളിയാക്കലുകളിൽ ഞാനും ഒപ്പം ചേർന്ന് ചിരിച്ചെങ്കിലും ഉള്ളിൽ സാറിനെ അറിയാതെയെങ്കിലും പേര് വിളിച്ചതിലുള്ള കുറ്റബോധം അപ്പോഴും വിങ്ങിനിൽക്കുന്നു ണ്ടായിരുന്നു. അങ്ങനെ സാറിനെ നേരിട്ടു കണ്ട് ക്ഷമാപണം നടത്താനായി ചെന്ന എന്നെ വരവേറ്റത് ക്ലാസ് അത്രമാത്രം സസൂക്ഷ്മം നിരീക്ഷിച്ച് ഓരോ വിദ്യാർഥിയും ആരെന്ന് ഉറപ്പിച്ചതിനുള്ള ഹൃദ്യമായ പ്രശംസയായിരുന്നു. ജീവിതത്തിൽ പലതരം അമളികൾ പറ്റിയിട്ടുള്ള ഞാൻ, പറ്റിയ അമളിയോർത്ത് ആദ്യമായി അഭിമാനം കൊണ്ട നിമിഷമായിരുന്നു അത്.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Guru Work Experience Series - Shafna Haris Memoir