ADVERTISEMENT

ഒട്ടും പരിചിതമല്ലാത്ത ഒരു സാഹചര്യത്തിൽ തികച്ചും അപ്രതീക്ഷിതമായി വന്നുപെടുമ്പോൾ ധാരാളം അബദ്ധങ്ങൾ പറ്റാനുള്ള സാധ്യതയുണ്ട്. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് ഒരു വിദേശയാത്ര തരമായപ്പോൾ തന്റെ ജീവിതത്തിൽ അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഡൽഹിയിൽ ജോലിചെയ്യുന്ന സൂരജ് എസ്. മൂന്നുമാസം നീണ്ടു നിന്ന അമേരിക്കൻ ബിസിനസ് ട്രിപ്പിൽ തനിക്ക് സംഭവിച്ച അബദ്ധങ്ങളെപ്പറ്റിയുള്ള അനുഭവ കഥകൾ അദ്ദേഹം പങ്കുവയ്ക്കുന്നതിങ്ങനെ...

കുട്ടിക്കാലം മുതൽ ഒരുപാട് യാത്രകൾ ചെയ്തെങ്കിലും ഈ ഒരു യാത്ര ഒരിക്കലും മറക്കാൻ പറ്റില്ല. 2006 ൽ നിനച്ചിരിക്കാതെ മൂന്നു മാസത്തെ അമേരിക്കൻ ബിസിനസ് ട്രിപ് ഒത്തു വന്നു. ആദ്യ വിദേശയാത്ര. അതും സ്വപ്നഭൂമിയായ അമേരിക്കയിലേക്ക്. ആകാംക്ഷയും അതിലേറെ ടെൻഷനുമായി ഞങ്ങൾ നാൽവർ സംഘം ഡൽഹിയിലെ ഇന്ദിര ഗാന്ധി എയർപോർട്ടിൽനിന്ന് യാത്രയായി. അവിടെ എത്തിയതിനു ശേഷം പിന്നീട് ഓർത്തു ചിരിക്കാൻ വക നൽകിയ ഒരുപാട് രസകരമായ സംഭവങ്ങൾ ഉണ്ടായി. അവയിൽ ചിലത് ഇതാ...

ആദ്യ ദിനം റോഡ് ക്രോസിങ് 

റോഡ് മുറിച്ചു  കടക്കാൻ സിഗ്നൽ പച്ച ആകുന്നതു നോക്കി നിൽക്കാൻ തുടങ്ങിയിട്ടു നേരം ഒരുപാടായി. പരിസരത്തെങ്ങും ഒരു മനുഷ്യൻ പോലും ഇല്ല. എല്ലാവരും കാറിൽ അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പാഞ്ഞു പോകുന്നു. അമേരിക്കയിലും വർക്ക് ചെയ്യാത്ത സിഗ്നലോ എന്നു ചിന്തിച്ച് സായ്പ്പിനെ ചീത്ത വിളിച്ചുകൊണ്ട് ഞങ്ങൾ അവിടെ ഒരു 20 മിനിറ്റോളം നിന്നു. ഭാഗ്യത്തിന് ഒരു സ്ത്രീ റോഡ് ക്രോസ്സ് ചെയ്യാൻ വന്നു. സിഗ്നലിൽ കൊടുത്തിരിക്കുന്ന ബട്ടൺ അമർത്തുന്നു, സിഗ്നൽ മാറി ചുവപ്പാകുന്നു. അവർ നടന്നു പോകുന്നു. ഞങ്ങൾ നൈസ് ആയി പ്ലിങ്ങുന്നു.

റബ്ബർ 

ഓഫിസിൽ ചെന്ന ആദ്യ ദിവസംതന്നെ സ്റ്റേഷനറി ഫോം പൂരിപ്പിച്ചു ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുക്കണം. ബുക്ക്, പേന, പെൻസിൽ ഞാൻ ഒരു റബ്ബർ കൂടി എഴുതി. ഫോം തിരികെ വാങ്ങാൻ വന്ന മദാമ്മ ഞാൻ എഴുതിയ ലിസ്റ്റ് കണ്ടു എന്നെ ഒന്ന് അതിശയത്തോടെ നോക്കി. എന്നിട്ടു ഒരു ചോദ്യം. ‘‘Are you sure you want rubber’’ ? പിന്നെ എന്തേലും എഴുതി തെറ്റിയാൽ തുപ്പൽ തൊട്ടു മായ്ക്കുമോ തള്ളേ എന്ന് മനസ്സിൽ ഓർത്തെങ്കിലും പുറമെ ഒരു ‘‘Oh Yes’’ അങ്ങ് കാച്ചി. ഓക്കേ പറഞ്ഞു പോയ പുള്ളിക്കാരി ആ ഓഫിസിൽത്തന്നെ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനെ പറഞ്ഞു വിട്ടു. അപ്പോഴാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം അറിയുന്നത്. നമ്മുടെ നാട്ടിലാണ് പാവം റബ്ബറിനെ ‘‘മായ്ക്ക് റബ്ബർ’’ ആക്കുന്നത്. അവർക്കത് കോണ്ടം ആണ് പോലും. വൃത്തികെട്ടവന്മാർ. ഞാൻ ദയനീയമായി പുള്ളിയെ ഒന്നു നോക്കി എന്തായാലും ഓഫിസിലെ ആദ്യ ദിവസം തന്നെ ഭംഗിയായി ചമ്മി.

കുക്കിങ്

ഡൽഹിൽനിന്നു പോയ ഞങ്ങൾക്കെന്തു ഫയർ അലാം. നല്ല ഒന്നാന്തരമായി മത്തി വറുത്തു.(Tinned Sardine). വറുക്കാൻ തുടങ്ങിയതും ഫയർ അലാം അടിക്കാൻ തുടങ്ങി. ജീവിതത്തിൽ ആദ്യമായി റൂമിൽ അലാം കേട്ട ഞങ്ങൾ ജീവനും കൊണ്ടു പുറത്തേക്കോടി. എന്തായാലും പെട്ടെന്നുതന്നെ ഹോട്ടൽകാര് ഇടപെട്ടത് കൊണ്ടു ഫയർ എൻജിൻ വരുന്നത് ഒഴിവാക്കാൻ പറ്റി. അലാം അടിച്ച് മൂന്നു മിനിറ്റിനുള്ളിൽ അവിടെ ഫയർ എൻജിൻ വരും പോലും. എന്തായാലും പിന്നീടുള്ള കുറച്ചു ദിവസം റിസപ്ഷനിസ്റ്റിന്റെയും മറ്റു ഹോട്ടൽ സ്റ്റാഫിന്റെയും അടക്കിപ്പിടിച്ചുള്ള ചിരി കണ്ടില്ലെന്നു നടിച്ചു തലയിൽ കൂടി മുണ്ടിട്ടുകൊണ്ട് അങ്ങ് നടന്നു.

ഷോപ്പിങ് 

ഇന്ത്യൻ ഗ്രോസറി സ്റ്റോർ ചോദിച്ച ഞങ്ങളോട് റിസപ്ഷനിസ്റ്റ് ഒരു ഗൂഗിൾ മാപ്പിന്റെ പ്രിന്റൗട്ട് എടുത്തു തന്നിട്ട് പറഞ്ഞു ‘‘ഇറ്റ്സ് ജസ്റ്റ് 15 മിനിറ്റ്സ്’’ . പക്ഷേ ഞങ്ങളുടെ കഷ്ടകാലത്തിന് അവസാനം പറഞ്ഞ ‘‘Drive’’ എന്ന വാക്ക് ഞങ്ങൾ കേട്ടില്ല. അല്ല, മനസ്സിലായില്ല. (അതെങ്ങനെ ഇവന്മാർ പറയുന്ന പകുതി മാത്രമേ നമുക്ക് മനസ്സിലാകൂ. ബാക്കി അങ്ങ് ഊഹിക്കും). കൊടും തണുപ്പത്ത് എന്തായാലും ഒരുമണിക്കൂർ നടന്നു പണ്ടാരമടങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ

ഒരു ഇന്ത്യൻ ഫോൺകോൾ 

ഇന്ത്യയിലേക്ക് വിളിക്കുന്ന കോഡ് തുടങ്ങുന്നത് 91 ലാണ് (കാളിങ് കാർഡ് ആയതു കൊണ്ടു 0 വേണ്ട). രാത്രി ഫുഡ് ഒക്കെ കഴിഞ്ഞ് എന്നത്തെയും പോലെ ഞാൻ നാട്ടിലേക്കു വിളിക്കാനുള്ള തയാറെടുപ്പിൽ ആണ്. കൂടെ സഹ മുറിയൻ മനിത് ആണുള്ളത്. നാട്ടിലേക്കുള്ള നമ്പർ ഡയൽ ചെയ്തപ്പോൾ ഓർത്തു തെറ്റിയല്ലോ എന്ന്. കട്ട് ചെയ്തു വീട്ടിലേക്കുള്ള വിളി തുടങ്ങി. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഹോട്ടൽ റൂമിന്റെ വാതിലിൽ ഒരു മുട്ട്. കൂടെ നാട്ടിൽനിന്ന് വന്ന സുഹൃത്ത് അല്ലാതെ വേറെ ആരും ആ സമയത്തു വരാൻ ഇല്ല. എല്ലാദിവസവും ഫുഡ് കഴിഞ്ഞു ഞങ്ങൾ  ഒന്നിച്ചു പുറത്തു പോയി ഒന്ന് പുകയ്ക്കുന്ന പതിവുണ്ട്. അവൻ വരാൻ താമസിച്ച കലിപ്പിന് സഹമുറിയൻ അവനെ കുറച്ചു നേരം പുറത്തു നിർത്താൻ തന്നെ തീരുമാനിച്ചു.

കതകിൽ മെല്ലെ തുടങ്ങിയ മുട്ടിന്റെ ശക്തി സമയം പോകുംതോറും ശക്തി ആർജിച്ചു കൂടെ ‘‘open the door’’ എന്നൊരു ഇംഗ്ലിഷ് ഗർജനം. ഫോൺ ചെയ്തുകൊണ്ടിരുന്ന ഞാനും ടിവി കണ്ടു കൊണ്ടിരുന്ന അവനും ഒരേ സമയം ഒന്ന് ഞെട്ടി. കതകു തുറന്നില്ലേൽ തല്ലിപ്പൊളിക്കും എന്ന അവസ്ഥ. ഫോൺ കട്ട് ചെയ്തു ഞാൻ സഹമുറിയനെ ഒന്ന് നോക്കി. മിണ്ടാൻ പോലും ആകാതെ കിളി പോയി ഇരിക്കുന്ന അവന്റെ അവസ്ഥ കണ്ടപ്പോൾ മറ്റു മാർഗമില്ലാതെ ഞാൻ തന്നെ രണ്ടും കൽപിച്ച് വാതിൽ തുറന്നു. (രണ്ടു ദിവസം മുൻപ് ക്രിസ്മസ് പാർട്ടിയുമായി ബന്ധപ്പെട്ട് സായിപ്പും മദാമ്മയും കുഞ്ഞുങ്ങളും ആയി വൻ അടി നടന്നിരുന്നു അതിന്റെ ബാക്കി വല്ലതും ആണോന്നുള്ള ടെൻഷൻ).

കതകു തുറന്ന ഞാൻ ഒരു കയ്യിൽ ഒരു ലാത്തിയും മറ്റേ കയ്യിൽ ഒരു തോക്കുമായി നിൽക്കുന്ന കറുത്ത വേഷധാരിയായ പൊലീസുകാരനെ കണ്ട് എന്റെ ഉള്ളിൽക്കൂടി ഒരു വിറയൽ കടന്നു പോയി. അല്ലേലും പണ്ടേ പൊലീസ് എന്ന് കേട്ടാൽ മുട്ടിടിക്കും. വാ തുറന്ന് ശബദം പുറത്തോട്ടു വരാത്ത അവസ്ഥ. എന്റെ കിളി പോയ നിൽപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു, പൊലീസുദ്യോഗസ്ഥൻ ഒന്നയഞ്ഞു. 

കണ്ണും കാതും എന്നുവേണ്ട ശരീരത്തിലെ സകല ഇന്ദ്രിയങ്ങളും ഉപയോഗിച്ച് പുള്ളി പറഞ്ഞത് മനസ്സിലാക്കിയ ഞാൻ വീണ്ടും ഒന്നൂടെ ഞെട്ടി. ഞങ്ങൾ ആരെയോ തട്ടിക്കൊണ്ടു വന്നു റൂമിൽ ഒളിപ്പിച്ചോ എന്ന് പുള്ളിക്ക് സംശയം. ഈ റൂമിൽനിന്ന് പൊലീസിന്റെ എമർജൻസി നമ്പറായ 911 ലേക്ക് കോൾ ചെന്നിരുന്നു. എന്തായാലും ഞങ്ങളുടെ മുഖത്തെ നിഷ്കളങ്ക ഭാവം കണ്ടിട്ടാണെന്നു തോന്നുന്നു പുള്ളി റൂമിൽ ഒക്കെ ഒന്ന് കയറി നോക്കിയിട്ട് ഇനി ഫോൺ ഡയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കണം എന്നു പറഞ്ഞ് ഒരു ഗുഡ് നൈറ്റ് ഒക്കെ തന്നിട്ടു പോയി.

career-channel-work-experience-series-suraj-surendran-memoir
സൂരജ് എസ്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Suraj Surendran Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com