ADVERTISEMENT

ലോകത്തിലെ പ്രശസ്ത ഫെലോഷിപ്പുകളിലൊന്നാണ് മേരി സ്ക്ലോഡോവ്സ്ക– ക്യൂറി ആക്‌ഷൻസ് (എംഎസ്‌സിഎ) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. ഇത്തവണ ഈ ഫെലോഷിപ് നേടിയ ഗവേഷകരിലൊരാളാണ് വയനാട് മാനന്തവാടി സ്വദേശി ഡോ. ലിവ്‌ന ചാക്കോ. ദ്വിമാന നാനോ പദാർഥങ്ങൾ ഉപയോഗിച്ചു കുറഞ്ഞ ചെലവിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനുള്ള ഗവേഷണത്തിനാണ് ഫെലോഷിപ്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലുള്ള യൂണിവേഴ്സിറ്റി ഓഫ് കെമിസ്ട്രി ആൻഡ് ടെക്നോളജിയിൽ രണ്ടു വർഷത്തെ ഗവേഷണത്തിന് 1.51 കോടി രൂപയാണു ഫെലോഷിപ്. രാജ്യമനുസരിച്ചു തുക മാറും. ഉദാഹരണത്തിന് ജർമനിയിൽ തുക കൂടുതലാകും. ജീവിത പങ്കാളിയെ കൂടെക്കൊണ്ടുപോകാനും ഫെലോഷിപ്പിൽ വ്യവസ്ഥയുണ്ട്.

 

പിഎച്ച്ഡി ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച ഗവേഷണ കരിയർ ഉറപ്പുവരുത്തുന്ന സ്കോളർഷിപ്പുകളിൽ ഒന്നാണ് എംഎസ്‌സിഎ.  യൂറോപ്പിലേക്കു വരുന്ന മറ്റുരാജ്യക്കാർക്കായി യൂറോപ്യൻ സ്കോളർഷിപ്പും യൂറോപ്പിനു പുറത്തേക്കു പോകുന്നവർക്കായി ഗ്ലോബൽ സ്കോളർഷിപ്പും. പിഎച്ച്ഡി നേടിയവരായിരിക്കണം അപേക്ഷകർ. ഇക്കൊല്ലത്തെ അപേക്ഷാസമയം ഈമാസം 12 മുതൽ സെപ്റ്റംബർ 14 വരെയാണ്. തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോയെന്നു വരുന്ന ഫെബ്രുവരിയോടെ അറിയാം. സാധാരണ ഗതിയിൽ മുൻകൂട്ടി തയാറെടുക്കുന്നതാണു നല്ലത്. യൂറോപ്യൻ രാജ്യത്ത് ഗൈഡിനെ കണ്ടെത്താൻ പെട്ടെന്നുതന്നെ ശ്രമിക്കണം. ഹോസ്റ്റ് ലാബും വേണം. പക്ഷേ ഇതു ചെയ്യാത്തവരും അപേക്ഷിക്കാൻ മടികാട്ടേണ്ടെന്നു ലിവ്‌ന പറയുന്നു. 

 

വിദേശത്ത് ഗവേഷണ, വ്യവസായമേഖലകൾ തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. മികച്ച പ്രകടനവും ഗവേഷണഫലങ്ങളും കാഴ്ചവയ്ക്കുന്നവർക്ക് വ്യവസായ മേഖലയിലെ ശാസ്ത്ര– സാങ്കേതിക റോളുകളിൽ ജോലി കിട്ടാൻ സാധ്യത കൂടുതലാണ്. ഇന്ത്യയിലും അക്കാദമിക് രംഗത്തും മറ്റും വലിയ അവസരങ്ങൾ ഈ സ്കോളർഷിപ് നേടുന്നവർക്കു പ്രതീക്ഷിക്കാം.

 

ലിവ്ന ചങ്ങനാശേരി അസംപ്ഷൻ കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ നിന്നായാണ് യുജി, പിജി പഠനം പൂർത്തീകരിച്ചത്. പിഎച്ച്ഡി നേടിയത് കേരള കേന്ദ്ര സർവകലാശാലയിൽനിന്നാണ്. നിലവിൽ ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലെ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.

 

 

അപേക്ഷകർ ശ്രദ്ധിക്കാൻ ; ഈവർഷത്തെ അപേക്ഷകർക്കായി ലിവ്ന നൽകുന്ന മാർഗനിർദേശങ്ങളിതാ

 

അപേക്ഷിക്കാവുന്ന മേഖലകൾ

 

 

മേരി ക്യൂറി എന്നു കേൾക്കുമ്പോൾ കെമിസ്ട്രിയിലുള്ള ഗവേഷകർക്കുള്ള ഫെലോഷിപ്പാണിതെന്നു തോന്നാമെങ്കിലും കെമിസ്ട്രി, സോഷ്യൽ സയൻസ് & ഹ്യുമാനിറ്റീസ്, ഇക്കണോമിക് സയൻസസ്, ഇൻഫർമേഷൻ സയൻസ് & എൻജിനീയറിങ്, എൻവയൺമെന്റ്  & ജിയോസയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിങ്ങനെ 8 മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. 2014–2020 കാലയളവിൽ 449 ഇന്ത്യൻ ഗവേഷകർക്ക് ഈ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്. യൂറോപ്പിനു പുറത്ത് ഏറ്റവും കൂടുതൽ ഫെലോഷിപ്പുകൾ ലഭിച്ച രാജ്യമാണ് ഇന്ത്യ. സോഷ്യൽ സയൻസസ്, എൻജിനീയറിങ് എന്നീ മേഖലകളിലാണ് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്.

 

 അപേക്ഷ തയാറാക്കുമ്പോൾ

 

ശക്തമായ റിസർച് പ്രൊപ്പോസലും സിവിയും (കരിക്കുലം വിറ്റെ) വേണം. നമ്മുടെ ഗവേഷണ മേഖലയിലുള്ളയാളോ അനുബന്ധമേഖലയിലുള്ളയാളോ ആയിരിക്കണം ഗൈഡ്. തിരഞ്ഞെടുക്കുന്ന സർവകലാശാലയിലോ ലാബിലോ ഗവേഷണം സുഗമമായി നടത്താനുള്ള സാഹചര്യമുണ്ടോയെന്നും വിലയിരുത്തണം.ഹൊറൈസൺ യൂറോപ്പിന്റെ വെബ്സൈറ്റിലാണ് (https://rea.ec.europa.eu) അപേക്ഷ നൽകേണ്ടത്. റജിസ്ട്രേഷനു ശേഷം 10 പേജ് റിസർച് പ്രൊപ്പോസൽ തയാറാക്കണം. എക്സലൻസ്, ഇംപാക്ട്, ഇംപ്ലിമെന്റേഷൻ എന്നീ 3 മാനദണ്ഡങ്ങൾ വച്ചാകും പ്രൊപ്പോസൽ വിലയിരുത്തുക. പരമാവധി 100 മാർക്കുള്ളതിൽ എക്സലൻസ് എന്ന മാനദണ്ഡത്തിനു മാത്രം 50% വെയ്റ്റേജുണ്ട്. റിസർച് പ്രൊപ്പോസൽ തയാറാക്കുമ്പോൾ ഇതു പ്രത്യേകം ശ്രദ്ധിക്കണം. ഗവേഷണം കൊണ്ട് യൂറോപ്യൻ ശാസ്ത്രമേഖലയ്ക്ക് എന്തു പ്രയോജനമുണ്ടാകുമെന്നു സമഗ്രമായി പഠിച്ചാകും വിലയിരുത്തൽ സമിതി തിര‍ഞ്ഞെടുപ്പു നടത്തുക.

 

Content Summary : Livna Chacko talks about career in research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com