ADVERTISEMENT

കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ സിയുഇടിക്ക് അപേക്ഷിക്കേണ്ട സമയമാണിപ്പോൾ. രാജ്യത്തെ എല്ലാ കേന്ദ്ര സർവകലാശാലകളിലേക്കും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) ഉൾപ്പെടെയുള്ള മികവിന്റെ കേന്ദ്രങ്ങളിലേക്കുമായി ഇത്തരമൊരു പൊതുപരീക്ഷ ആദ്യമാണ്. സങ്കീർണമായ പരീക്ഷാ ഘടന മനസ്സിലാക്കി,  തയാറെടുക്കുക വളരെ പ്രധാനം.

 

 

നാലു സെക്‌ഷനുകളായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ചോദ്യങ്ങൾ.

 

∙ സെക്‌ഷൻ ഒന്ന് എ: 13 ഭാഷകൾ

∙ സെക്‌ഷൻ ഒന്ന് ബി: 20 ഭാഷകൾ

∙ സെക്‌ഷൻ രണ്ട്: 27 ഡൊമയിൻ സ്പെസിഫിക് (സ്പെഷലൈസേഷൻ) വിഷയങ്ങൾ

പി.രാജീവൻ
പി.രാജീവൻ

∙ സെക്‌ഷൻ മൂന്ന്: ജനറൽ ടെസ്റ്റ്

 

ഭാഷ, ഡൊമയിൻ വിഷയങ്ങൾ എന്നിവയുടെ ദൈർഘ്യം 45 മിനിറ്റും ജനറൽ ടെസ്റ്റിന്റേത് ഒരു മണിക്കൂറുമാണ്. ഭാഷ, ഡൊമയിൻ വിഷയങ്ങൾ എന്നിവയ്ക്ക് 50 ചോദ്യങ്ങളിൽ നാൽപതിന് ഉത്തരം നൽകണം; ജനറൽ ടെസ്റ്റിൽ 75 ചോദ്യങ്ങളിൽ അറുപതെണ്ണത്തിനും. നാം പഠിക്കാനുദ്ദേശിക്കുന്ന വിഷയങ്ങൾ അനുസരിച്ചാണ് ഏതൊക്കെ സെക്‌ഷനിലെ ഏതൊക്കെ പേപ്പർ എഴുതണമെന്നു തീരുമാനിക്കേണ്ടത്. ഉദാഹരണത്തിന് ഡൽഹി സർവകലാശാലയിൽ ബിഎസ്‌സി ഫിസിക്സ് ഓണേഴ്സ് പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർഥി സെക്‌ഷൻ ഒന്ന് എയിലെ ഏതെങ്കിലും ഒരു ഭാഷയും സെക്‌ഷൻ രണ്ടിലെ ഡൊമയിൻ സ്പെസിഫിക് സബ്ജക്ടുകളായ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയും നിർബന്ധമായി തിരഞ്ഞെടുക്കേണ്ടി വരും. ജനറൽ ടെസ്റ്റ് എഴുതേണ്ടതില്ല.

 

ഇനി ഹൈദരാബാദ് ഇഫ്ലുവിൽ ഇംഗ്ലിഷ് പ്രോഗ്രാമാണു ലക്ഷ്യമിടുന്നതെന്നു കരുതുക. അങ്ങനെയാണ് സെക്‌ഷൻ ഒന്ന് എയിലെ ഇംഗ്ലിഷും ജനറൽ ടെസ്റ്റുമാണു വിദ്യാർഥി എഴുതേണ്ടത്. ഇത്തരത്തിൽ ഓരോ വിഷയവും പരിശോധിച്ചാണ് എഴുതേണ്ട പേപ്പറുകൾ തിരഞ്ഞെടുക്കേണ്ടത്. രണ്ടു സ്ലോട്ടുകളിൽ ഏതിൽ പരീക്ഷയെഴുതണമെന്നും തീരുമാനിക്കണം. സ്ലോട്ട് ഒന്നിൽ നാലു ടെസ്റ്റുകൾവരെ എഴുതാം. സെക്‌ഷൻ ഒന്ന് എയിൽ നിന്ന് ഒരു ഭാഷ, സെക്‌ഷൻ രണ്ടിൽനിന്നു രണ്ടു ഡൊമയിൻ സ്പെസിഫിക് സബ്ജക്ടുകൾ, സെക്‌ഷൻ മൂന്നിലെ ജനറൽ ടെസ്റ്റ്.

 

രണ്ടാമത്തെ സ്ലോട്ടിൽ രണ്ടു സാധ്യതകളുണ്ട്. ഈ സ്ലോട്ടിൽ 5 ടെസ്റ്റുകൾവരെ എഴുതാം. സെക്‌ഷൻ ഒന്ന് എ, ഒന്ന് ബി എന്നിവയിൽനിന്ന് ഒരു ഭാഷയും സെക്‌ഷൻ രണ്ടിൽനിന്നു പരമാവധി 4 ഡൊമയിൻ സ്പെസിഫിക് സബ്ജക്ടുകളും തിരഞ്ഞെടുക്കുകയാണ് ഒരു വഴി. സെക്‌ഷൻ ഒന്ന് എ, ഒന്ന് ബി എന്നിവയിൽനിന്നു രണ്ടു ഭാഷയും സെക്‌ഷൻ രണ്ടിൽനിന്നു പരമാവധി 3 വിഷയങ്ങളും തിരഞ്ഞെടുക്കുകയാണു മറ്റൊരു വഴി. ഒന്നാമത്തെ സ്ലോട്ട് രാവിലെയും രണ്ടാമത്തെ സ്ലോട്ട് ഉച്ചയ്ക്കു ശേഷവുമാണ്. രണ്ടു സ്ലോട്ടും പൂർണമായി എഴുതണമെന്നു നിർബന്ധമില്ല. ആവശ്യമുള്ള ടെസ്റ്റുകൾ മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്.

 

ഒറ്റനോട്ടത്തിൽ

 

∙ സിയുഇടിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 22 ആണ്. https://cuet.samarth.ac.in 

∙ ഓരോ സർവകലാശാലയും നൽകുന്ന പ്രോഗ്രാമുകൾ, അവയിൽ പ്രവേശനത്തിന് എഴുതേണ്ട സിയുഇടി പേപ്പറുകൾ എന്നിവ വെബ്സൈറ്റുകളിൽനിന്നു കൃത്യമായി മനസ്സിലാക്കുക.

∙ ഡൽഹി സർവകലാശാലയ്ക്കു പ്രത്യേക വെബ്സൈറ്റ് തന്നെയുണ്ട്.

∙ ചില സർവകലാശാലകളിൽ ചില പ്രോഗ്രാമുകൾക്ക് ഇംഗ്ലിഷും ജനറൽ ടെസ്റ്റും മാത്രം മതി. ജനറൽ ടെസ്റ്റ് എഴുതാതിരുന്നാൽ നല്ല ചില അവസരങ്ങൾ നഷ്ടമാകും.

∙ ഒരാൾ ഒരു അപേക്ഷയേ അയയ്ക്കാവൂ.

∙ എൻസിഇആർടി 12-ാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ

∙ ജനറൽ നോളജ്, കറന്റ് അഫയേഴ്സ്, ന്യൂമറിക്കൽ എബിലിറ്റി, ഡേറ്റാ ഇന്റർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ് തുടങ്ങിയവയാകും ജനറൽ ടെസ്റ്റിൽ ഉണ്ടാകുക.

∙ ഡിഗ്രിക്കു പുറമേ സിയുഇടി വഴി പ്രവേശനം കിട്ടുന്ന ഡിഗ്രി ഓണേഴ്സ്, ഇന്റഗ്രേറ്റഡ് പിജി, ബി.വോക് പ്രോഗ്രാമുകളുമുണ്ട്. ചിലയിടങ്ങളിൽ ബിടെക്, ബിഎസ്‌സി അഗ്രികൾചർ ഓണേഴ്സ് പ്രോഗ്രാമുകളുമുണ്ട്.

∙ സർവകലാശാലകളിലേക്ക് പ്രത്യേകമായി അപേക്ഷ നൽകണം. 

  എൻട്രൻസ് ഫലം വരുന്ന മുറയ്ക്കു സർവകലാശാലകൾക്കു നൽകുന്ന സിയുഇടി സ്കോർ അനുസരിച്ചായിരിക്കും പ്രവേശനം.

 

സിയുഇടി തയാറെടുപ്പ് എങ്ങനെ: പ്രത്യേക കോളം ഈമാസം 15 മുതൽ മനോരമ പത്രത്തിന്റെ വിദ്യാഭ്യാസം പേജിൽ

 

Content Summary : To know everything about Central Universities Common Entrance Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com