സർവേ കമ്പനിയിലെ ‘ഡോക്ടറും’ രസകരമായ കുറേ ഓർമകളും ; എത്ര പറഞ്ഞിട്ടും ’തെറ്റിദ്ധാരണ’ മാറാതെ പിആർഒ

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
career-channel-work-experience-series-unnikrishnan-karumathil-memoir-representative-image
Photo Credit : Taweepat / Shutterstock.com
SHARE

പേരിനു മുൻപിൽ ഡോക്ടർ എന്നു കണ്ടാൽ ആളുകൾക്ക് ചിലപ്പോൾ സംശയം തോന്നാറുണ്ട്, വൈദ്യശാസ്ത്രം പഠിച്ച ഡോക്ടറാണോ പിഎച്ച്ഡി നേടിയ ഡോക്ടർ ആണോ എന്ന്. പ്രവാസിയായിരുന്ന സമയത്ത് കമ്പനിയിലെ പിആർഒ ആയിരുന്ന അറബ് വംശജനും തന്നെപ്പറ്റി ഇതേ സംശയം ഉണ്ടായിരുന്നെന്ന് പറഞ്ഞുകൊണ്ട് രസകരമായ ഓർമകൾ പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിൽ ജോലിചെയ്യുന്ന ഡോ.ഉണ്ണിക്കൃഷ്ണൻ കരുമത്തിൽ. കമ്പനിയിലെ പിആർഒ  മെഡിക്കൽ ഡോക്ടർ ആണെന്ന് തെറ്റിദ്ധരിച്ച് തന്റെ മുന്നിൽ കുറേ മരുന്നുകൾ കൊണ്ടു വച്ച അനുഭവം  ഡോ. ഉണ്ണിക്കൃഷ്ണൻ കരുമത്തിൽ പങ്കുവയ്ക്കുന്നതിങ്ങനെ... 

നാട്ടിൽ കുറച്ചു കാലം ജോലി ചെയ്തപ്പോൾ എനിക്ക് പറ്റിയ സ്ഥലമല്ല നാടെന്ന് മനസ്സിലായി. പോരാത്തതിന് എല്ലാം താത്കാലിക ജോലികളും. ജിയോളജിയിൽ പിഎച്ച്ഡി (ഡോക്ടറേറ്റ്) ഉള്ള എനിക്ക് വിദ്യാഭ്യാസത്തിനും പരിചയത്തിനും പറ്റിയ ജോലി ഇന്ത്യയിലും കേരളത്തിലുമുള്ള സർക്കാർ സ്ഥാപനങ്ങളിൽ കിട്ടാൻ മറ്റു പല കാരണങ്ങൾ കൊണ്ടും സാധ്യമല്ലാത്തതിനാൽ നാട്ടിലെ മറ്റു ചെറുപ്പക്കാർ പോകുന്ന വഴി ഞാനും പിന്തുടർന്നു. ദുബായിലേക്കൊരു വിസിറ്റിങ് വീസ. അക്കാലത്ത് ഇന്നുള്ളത് പോലെയുള്ള വൻകിട ചെറുകിട സ്വകാര്യ കമ്പനികളും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. 

അയൽവാസി മുഹമ്മദ് കുട്ടിയോട് പറഞ്ഞ് അങ്ങനെ ഒരു വിസിറ്റിങ് വീസ തരപ്പെടുത്തി 2003 ജനുവരിയിൽ ദുബായിലേക്ക് ഫ്ലൈറ്റ് പിടിച്ചു. കുറച്ചു ദിവസം മുഹമ്മദ് കുട്ടിയുടെ കൂടെയും കുറച്ചു ദിവസം സുഹൃത്തുക്കളുടെ കൂടെയും കുറച്ചു ദിവസം ചില ബന്ധുക്കളുടെ കൂടെയും താമസിച്ചു ജോലി തേടൽ ആരംഭിച്ചു. 

ആദ്യത്തെ മൂന്നു മാസം ജോലിയൊന്നും ശരിയായില്ല. നാട്ടിലെ പ്രവൃത്തി പരിചയം പോരാ എന്ന് എനിക്ക് അപ്പോൾ മനസ്സിലായി. അവസാനം മുഹമ്മദ് കുട്ടിയോടു പറഞ്ഞു. വിസിറ്റിങ് വീസ പുതുക്കി. വീണ്ടും ജോലി തേടി അപേക്ഷകൾ അയയ്ക്കുകയും പലരെയും പോയി കാണുകയും ചെയ്തു. അതിൽ ഏറ്റവും തമാശ തോന്നിയത് എന്റെ ജ്യേഷ്ഠസ്ഥാനീയനായ ഒരു വ്യക്തി എന്നെ ഷാർജയിലെ ഒരു വലിയ കമ്പനിയിൽ ഉദ്യോഗസ്ഥനായ ഒരു മലയാളിയെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി പരിചയപ്പെടുത്തിയതാണ്. പരിചയപ്പെടലിനും മറ്റ് ഉപചാരങ്ങൾക്കും ശേഷം ഈ വ്യക്തി എന്നോട് ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ചും കമ്പനികളെക്കുറിച്ചും മറ്റും ഉപദേശിക്കാൻ തുടങ്ങി. ഏതാണ്ട് ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യ സംരംഭങ്ങളെയും കുറിച്ച് ഇദ്ദേഹം എന്നോട് പറഞ്ഞു. അവിടെ എനിക്ക് പറ്റിയ ജോലികളെപ്പറ്റി ഇദ്ദേഹം ഏതാണ്ട് ഒന്നൊന്നര മണിക്കൂർ ക്ലാസ് എടുത്തു. ഞാൻ ആകെ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഇരുന്നു. യുഎഇയിൽ ഒരു ജോലിക്കായി വന്ന എന്നോട് ഇന്ത്യയിലെ അവസരങ്ങളെപ്പറ്റി പറയാൻ അദ്ദേഹത്തിനുണ്ടായ ചേതോവികാരം എന്തായിരുന്നു എന്ന് എനിക്ക് ഇത് വരെയും മനസ്സിലായിട്ടില്ല. എന്നെ അദ്ദേഹത്തിനടുത്തു കൊണ്ടു പോയ ആൾക്കും എന്നോട് എന്താണ് പറയേണ്ടത് എന്നറിയാത്ത സ്ഥിതിയായിരുന്നു.

ഏതായാലും പുതുക്കിയ വീസയുടെ കാലാവധി തീരുന്നതിനു മുൻപ് എനിക്ക് ദുബായിലെ അൽ കൂസിൽ (Al Quoz) ഉള്ള  ഒരു സർവേ കമ്പനിയിൽ ജോലി കിട്ടി. കരയിലും കടലിലും പല തരത്തിലുള്ള സർവേയും ചില പര്യവേക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന ആ കമ്പനിയിൽ ഡേറ്റ പ്രോസസ്സർ / ജിയോളജിസ്റ്റ് എന്ന ചെറിയ തസ്തികയിൽ അങ്ങനെ ഒരു ദിവസം ഞാൻ ചേർന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു വെള്ളക്കാരനും ഭാര്യയും ചേർന്ന് നടത്തുന്ന സാമാന്യം നല്ല നിലയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു കമ്പനിയായിരുന്നു അത്. തുടക്കത്തിൽ കുറച്ചു ദിവസം രാത്രി ജോലി ചെയ്യേണ്ടി വന്നിരുന്നു. കാരണം പകൽ എനിക്ക് ഉപയോഗിക്കാൻ കംപ്യൂട്ടറോ ഇരിക്കാൻ കസേരയോ മേശയോ ഇല്ലായിരുന്നു. എന്നെ ഏൽപിച്ച ജോലികൾ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു ഞാൻ ചെയ്തു തീർത്തു. എന്റെ ബോസിന് എന്റെ ജോലിയിൽ നല്ല സംതൃപ്തി ആയി. ആദ്യം കമ്പനി എന്റെ വിസിറ്റിങ് വീസ വീണ്ടും പുതുക്കി. അതു കഴിഞ്ഞ് എനിക്ക് ജോലി വീസ തന്നു. 

വീസ പുതുക്കലും മറ്റും ചെയ്യുന്നത് കമ്പനിയിലെ ഒരു രസികൻ പിആർഒ ആയിരുന്നു. അദ്ദേഹം ഒരു അറബ് വംശജൻ ആണ്. നല്ല തമാശക്കാരൻ ആയ അദ്ദേഹം ഓഫിസിൽ വന്നാൽ അവിടെ ആകെ ബഹളമാണ്. അദ്ദേഹത്തിന് തുടക്കം മുതൽ തന്നെ എന്റെ പേരിനൊപ്പമുള്ള ഡോക്ടർ എന്ന് കാണുമ്പോൾ ആകെ ആശയക്കുഴപ്പമാണ്. ഒരു ഡോക്ടർക്ക് സർവേ കമ്പനിയിൽ എന്താണ് കാര്യം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പിഎച്ച്ഡി എന്ന ബിരുദവും മെഡിക്കൽ ബിരുദവും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്റെ തലയിൽ കയറില്ല. ചിലപ്പോഴൊക്കെ ചില അസുഖ വിവരങ്ങൾ ഒക്കെ എന്റെ അടുത്ത് വന്നു പറയാറുണ്ടായിരുന്നു. പക്ഷേ ഞാൻ അത് അത്ര ശ്രദ്ധിച്ചിരുന്നില്ല.  പക്ഷേ ഒരു ദിവസം എന്നെ ആകെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം കുറേ ഗുളികകൾ എന്റെ മുൻപിൽ കൊണ്ടു വന്നു. എന്നിട്ട് എന്നോട് ചോദിക്കുകയാണ് ഈ ഗുളികകൾ എന്തൊക്കെ അസുഖത്തിനുള്ളതാണ് എന്നൊന്ന് പറഞ്ഞു തരാമോ എന്ന്. പകച്ചു പോയി എന്റെ യൗവനം. 

നാലു വർഷം ആ കമ്പനിയിൽ ജോലി ചെയ്ത് അവിടുന്ന് മടങ്ങുന്നതു വരെയും അദ്ദേഹത്തിന് എന്റെ ഡോക്ടർ ബിരുദത്തെക്കുറിച്ച് ഒരു പിടിയും കിട്ടിയിരുന്നില്ല എന്നത് ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. 

career-channel-work-experience-series-unnikrishnan-karumathil-memoir-author-image
ഡോ. ഉണ്ണിക്കൃഷ്ണൻ കരുമത്തിൽ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Unnikrishnan Karumathil  

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA