ചൈനീസിൽ വാചകമടിച്ച് ബോസ്, തെറ്റിദ്ധരിച്ച് ഡെലിവറി ബോയി; പിന്നെ സംഭവിച്ചത്...

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
career-channel-work-experience-series-nabeel-hassan-memoir-representative-image
Photo Credit : Parallax Production / Shutterstock.com
SHARE

പുതിയൊരു സ്ഥലത്തെത്തുമ്പോൾ ഭാഷയും ഭക്ഷണവുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ പലർക്കും പ്രയാസം തോന്നാറുണ്ട്. പോകെപ്പോകെ അതൊക്കെ ശീലമാകും. കരിയറിന്റെ തുടക്കകാലത്ത് ജോലിക്കായി ചൈനയിലെത്തിയപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് ഇപ്പോൾ ഒമാനിൽ ജോലിചെയ്യുന്ന നെബീൽ ഹസ്സൻ പറയുന്നത്. ഭാഷാപഠനത്തിൽ തനിക്ക് പലപ്പോഴും മാതൃകയായിട്ടുള്ള ബോസിനു പറ്റിയ അമളി നെബീൽ പങ്കുവയ്ക്കുന്നു

ഞാൻ ചൈനയിൽ വർക്ക്‌ ചെയ്യുന്ന സമയത്ത് 2013 ൽ നടന്ന ഒരു രസകരമായ സംഭവമാണിത്. ഭൂരിഭാഗം മലയാളികളെയും പോലെ ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് പ്രവാസിയാവാൻ തന്നെയായിരുന്നു എന്റെയും വിധി. പക്ഷേ പോയത് ഗൾഫിനു പകരം ചൈനയിലേക്കായിരുന്നു. മലയാളി തന്നെയായിരുന്നു കമ്പനി മുതലാളി. അവിടുത്തെ പ്രധാന പ്രശ്നം ഭാഷയും ഭക്ഷണവുമായിരുന്നു. ചെന്നിറങ്ങിയ അന്നുമുതൽ ബോസ് പറഞ്ഞു തുങ്ങിയതാണ് ചൈനീസ് ഭാഷ പഠിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാൻ പറ്റില്ല, ഇവന്മാരോട് വേറൊരു ലാംഗ്വേജിലും സംസാരിച്ചാൽ മനസിലാവൂല എന്നൊക്കെ.

അങ്ങനെ ക്ലയന്റ്സിന്റെ കൂടെ പോകുമ്പോൾ മാർക്കറ്റിലെ ആളുകളോട് സംസാരിച്ചു സംസാരിച്ച് ഒരു വിധത്തിൽ രക്ഷപ്പെട്ടു പോവാൻ വേണ്ട വാക്കുകളൊക്കെ പഠിച്ചെടുത്തു. ആദ്യമൊക്കെ ക്ലയന്റ്സിന്റെ കൂടെ പോകുമ്പോൾ ബോസും വരുമായിരുന്നു. എന്നിട്ട് ഇങ്ങനെയാണ് ഡീൽ ചെയ്യേണ്ടേതെന്നു പറഞ്ഞ് അവരോടു സംസാരിച്ച് ക്ലയന്റ്സിന്റെ മുന്നിൽ വലിയ ഗമയിൽ നടക്കും. ഇതൊക്കെ കാണുമ്പോൾ നമ്മൾ വിചാരിക്കും ഇതുപോലെ ആവണമെന്ന്. പക്ഷേ ആ ചിന്ത അപ്പാടെ മാറ്റി മറിച്ച ഒരു സായാഹ്നത്തിലെ സംഭവമാണ് പറയാൻ പോവുന്നത്.

വൈകുന്നേരം ഓഫിസ് കഴിഞ്ഞ് ഫ്ലാറ്റിലേക്കു പോവാൻ ലിഫ്റ്റിന് വെയ്റ്റ് ചെയ്യുന്നു. വലിയ കെട്ടിടമായിരുന്നു അത്. നിറയെ ആളുകൾ താമസിക്കുന്നത് കൊണ്ട് ലിഫ്റ്റ് സാവധാനം ഓരോ ഫ്ലോറിലും നിർത്തി നിർത്തിയാണ് വരുന്നത്. അങ്ങനെ ഞാനും ബോസും ലിഫ്റ്റിൽ കയറാൻ നേരത്ത് ഒരു പീത്‌സ ഡെലിവറി ബോയിയും കയറി. നമുക്കിറങ്ങേണ്ടത് 24–ാമത്തെ ഫ്ലോറിലാണ്. അതുകഴിഞ്ഞിട്ടുള്ള ഫ്ലോറിലാണ് അവനിറങ്ങേണ്ടത്. അങ്ങനെ ലിഫ്റ്റ് ഓൺ ആയി തുടങ്ങിയപ്പോൾ മലയാളിക്ക് സ്ഥിരമായി തോന്നുന്ന, എല്ലാം അറിയാം എന്ന ഭാവം ബോസിന്റെ മനസ്സിലും പെട്ടെന്ന് കയറിക്കൂടി. നേരേ ഡെലിവറി ബോയിയോട് ചൈനീസിൽ ‘‘നിഹാവു’’ എന്നു അഭിസംബോധന ചെയ്ത് ഓരോന്ന് ചോദിക്കാൻ തുടങ്ങി. പയ്യനാണെങ്കിൽ വളരെ പാടുപെട്ട് മനസ്സിലാക്കി പീത്‌സ മെനു കാർഡൊക്കെ എടുത്തു കാണിക്കുന്നത് കണ്ടു. എന്റെ ബോസ് ഓരോന്ന് തൊട്ടു കാണിച്ചിട്ട് ഓരോ വിഭവത്തിന്റെയും വിലയൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് നമ്മുടെ റൂം നമ്പരൊക്കെ പയ്യൻ ചോദിച്ചു മനസ്സിലാക്കി. പിന്നീട് അവനോട് ബൈ പറഞ്ഞ് ഞങ്ങളുടെ ഫ്ലോറെത്തിയപ്പോൾ ഇറങ്ങി.

അപ്പോഴൊക്കെ ബോസ് പറയുന്നുണ്ടായിരുന്നു, പാവം പയ്യൻ ചോദിച്ചതെല്ലാം പറഞ്ഞു തരുന്നുണ്ട്. എന്നിട്ട് എന്നോടൊരു ഉപദേശവും: ഇങ്ങനെയുള്ള ആൾക്കാരോട് സംസാരിച്ചാൽ പെട്ടെന്ന് ചൈനീസ് ഫ്ലുവന്റാവുമെന്ന്. അങ്ങനെ റൂമിൽ കയറി വീട്ടിലേക്കു വിളിച്ചു കഴിഞ്ഞ് കുളിക്കാൻ പോകുന്ന സമയത്താണ് പെട്ടെന്ന് കോളിങ് ബെല്ലിന്റെ ശബ്ദം. ഞാൻ ചെന്ന് ഡോർ തുറന്നപ്പോൾ അതാ നിൽക്കുന്നു നമ്മുടെ ഡെലിവറി പയ്യൻ. ഉഗ്രൻ ഒരു പീത്‌സ പാക്കുമായി. ഞാൻ എന്തേ എന്നു ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു, നിന്റെ ബോസിനെ വിളിക്ക്. അയാൾ ഓർഡർ ചെയ്ത പീത്‌സയാണിതെന്ന്.

ബോസും കുടുംബവും തൊട്ടപ്പുറത്തെ റൂമിലാണ്. ഞാൻ അവരെ വിളിച്ചു. ഇവനെ കണ്ടതും ബോസിന്റെ മുഖം വല്ലാണ്ട് ആയ പോലെ. എന്നിട്ട് എന്തിനാ വന്നതെന്ന് ചോദിച്ചു. അവർ തമ്മിൽ സംസാരിച്ചു കഴിഞ്ഞപ്പോൾ ആ ഡെലിവറി ബോയി കരച്ചിൽ തുടങ്ങി. എന്താണെന്ന് മനസ്സിലാവാതെ ഞാൻ വണ്ടർ അടിച്ചു നിൽക്കുമ്പോഴാണ് ബോസിന്റെ മകൻ പുറത്തേക്ക് വരുന്നത്. ആളൊരു ഏഴു വയസ്സുകാരനാണെങ്കിലും അവിടുത്തെ സ്കൂളിൽ പഠിക്കുന്നതുകൊണ്ട് ചൈനീസ് ഭാഷ നല്ലവണ്ണം സംസാരിക്കാനറിയാം. അങ്ങനെ അവനെക്കൊണ്ട് ഡെലിവറി ബോയിയോട് സംസാരിപ്പിച്ചു. അപ്പോഴാണ് സംഗതി പിടികിട്ടിയത്. നമ്മൾ ലിഫ്റ്റിൽ നിൽക്കുമ്പോൾ അവൻ മെനു കാർഡ് കാണിച്ചു തന്നത് ഓർഡർ ചെയ്യാൻ വേണ്ടിയിട്ടാണ് എന്ന് കരുതിയാണ്. അതുപോലെ അവൻ ചോദിച്ചതിനൊക്കെ ബോസ് തലയാട്ടുകയും അവസാനം റൂം നമ്പർ ചോദിച്ചപ്പോൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. അവനതെല്ലാം നോട്ട് ചെയ്ത് അങ്ങോട്ട് കൊണ്ടുത്തരാം എന്നു പറഞ്ഞിട്ടാണ് പോയതെന്ന്. ഇതു കേട്ടതും എനിക്ക് ചിരി വന്നു അതേസമയം പയ്യന്റെ മുഖം കണ്ട് സഹതാപവും തോന്നി. അവൻ വീണ്ടും കൈകൂപ്പിനിന്ന് ഓരോന്ന് പറഞ്ഞു കരയുകയാണ്. ഇതെല്ലാം ബോസിന്റെ മകൻ ഞങ്ങൾക്ക് തർജമ ചെയ്തു തരുന്നുണ്ട്. ഇത് വാങ്ങിയില്ലെങ്കിൽ അവന്റെ ശമ്പളത്തിൽനിന്നു പിടിക്കുമെന്നും വളരെ തുച്ഛമായ വേതനത്തിനാണ് ജോലി ചെയ്യുന്നതെന്നും വീട്ടിൽ കഷ്ടപ്പാടാണ് എന്നുമൊക്കെ മലയാളികളേക്കാൾ ഭീകരാവസ്ഥയിൽ ആണ് അവൻ പറയുന്നത്. അവസാനം ഗത്യന്തരമില്ലാതെ ബോസിന് അത് വാങ്ങേണ്ടി വന്നു.

ഞാൻ പോയി ഒരു കുളിയൊക്കെ പാസ്സാക്കി വന്ന് ചൂടുള്ള രണ്ടു പീസ് പീത്‌സ എടുത്ത് കഴിച്ച്, കഴിഞ്ഞ കാര്യം ഓർത്തു ചിരിക്കുമ്പോൾ ദൂരേക്കു നോക്കി ഇരിക്കുന്ന ബോസിന്റെ മുഖം ഇപ്പോഴും ഓർമയിലുണ്ട്.

career-channel-work-experience-series-nabeel-hassan-memoir-author-image
നെബീൽ ഹസ്സൻ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Nabeel Hassan Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA