കോർപറേറ്റ് മേഖലയിൽ ഉയർന്ന പദവിയാണോ ലക്ഷ്യം?; കൊമേഴ്സിനു ശേഷം ഈ കോഴ്സുകൾ പഠിക്കാം

HIGHLIGHTS
  • വിപുലമായ പ്രഫഷനൽ മേഖലകൾ കൊമേഴ്സിനുണ്ട്.
  • പ്ലസ്ടു ജയിച്ച് എക്സിക്യൂട്ടീവ് പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാം.
best-course-after-commerce
Representative Image. Photo Credit: Mangostar/shutterstock
SHARE

ചോദ്യം: പ്ലസ്ടുവിൽ കൊമേഴ്സ് പഠിക്കാമെന്നു വിചാരിക്കുന്നു. ഇതു നല്ല വഴിയാണോ? കമ്പനി സെക്രട്ടറിയാകുന്നതാണ് ഏറ്റവും നല്ലതെന്നു ടീച്ചർ പറഞ്ഞു. കേരളത്തിൽ ഏതെല്ലാം കോളജുകളിലാണ് ഈ കോഴ്സുള്ളത്?

ഉത്തരം: ധാരാളം സാധ്യതകളുള്ള പഠനമാർഗമാണ് കൊമേഴ്സിന്റേത്. ഇതു പറയുമ്പോൾ കൊമേഴ്സ് ഐച്ഛികമായെടുത്ത് പ്ലസ്ടു ജയിച്ച് ബികോം, എംകോം എന്നിവ നേടുന്നതിനെപ്പറ്റിയാവും പലരും ചിന്തിക്കുക. അങ്ങനെ പഠിക്കാമെന്നതു ശരി. 55% മാർക്കോടെ എംകോം ജയിച്ചവർക്ക് ‘യുജിസി നെറ്റ്’ (https://ugcnet.nta.nic.in) പരീക്ഷയെഴുതി സർവകലാശാല / കോളജ് അധ്യാപകരാകാൻ യോഗ്യത നേടാം. ഒപ്പം പിഎച്ച്ഡി ഗവേഷണത്തിനും അർഹത ലഭിക്കുമെങ്കിലും കൊമേഴ്സ് ഗവേഷണത്തിനു ചുരുക്കം സ്ഥാപനങ്ങളിൽ മാത്രമേ സൗകര്യമുള്ളൂ.

50% എങ്കിലും മാർക്കോടെ എംകോം ജയിച്ചവർക്ക് കേരളത്തിലെ ‘സെറ്റ്’ (www.lbscentre.kerala.gov.in) എന്ന പരീക്ഷയെഴുതി ഹയർ സെക്കൻഡറി അധ്യാപകരാകാം. കൊമേഴ്സുകാർക്കു ബിഎഡ് വേണമെന്നില്ല.

ഇപ്പറ‍ഞ്ഞതിനപ്പുറം വിപുലമായ പ്രഫഷനൽ മേഖലകൾ കൊമേഴ്സിനുണ്ട്. അവിടേക്കു പോകാൻ പ്ലസ്ടു തലത്തിൽ കൊമേഴ്സ് പഠിക്കണമെന്നില്ല. ഏതു വിഷയമെടുത്തു പ്ലസ്ടു ജയിച്ചവർക്കും 45% മാർക്കുണ്ടെങ്കിൽ ബികോം കോഴ്സിൽ ചേരാൻ അർഹതയുണ്ട്. പക്ഷേ അപേക്ഷകരുടെ റാങ്കിങ്ങിൽ താഴെയായിപ്പോകാമെന്നു മാത്രം. ആവശ്യക്കാർക്ക് പ്രൈവറ്റായി ബികോമിനു റജിസ്റ്റർ ചെയ്തു ബികോമിനു പഠിക്കാം.

മറ്റു സാധ്യതകൾ

· 

ചാർട്ടേഡ് അക്കൗണ്ടൻസി - www.icai.org, കമ്പനി സെക്രട്ടറിഷിപ്- www.icsi.edu, കോസ്റ്റ് അക്കൗണ്ടൻസി - www.icmai.in, ACCA: The Association of Chartered Certified Accountants - www.accaglobal.com,CIMA: Chartered Institute of Management Accountants - www.cimaglobal.com ,CMA: Certified Management Accountant - www.imanet.org,CFA: Chartered Financial Analyst - www.cfainstitute.org (പരീക്ഷയെഴുതാൻ യുഎസിലോ ഗൾഫിലോ പോകണം)

ഇവയ്ക്കു പുറമേ ബിസിനസ് അനലിറ്റിക്സ്, ക്രെഡിറ്റ് അനാലിസിസ്, ഇ– കൊമേഴ്സ്, ഇ–ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഇൻവെസ്റ്റ്മെന്റ‌‌് & സെക്യൂരിറ്റീസ്, റിയൽ എസ്റ്റേറ്റ് ബിസിനസ്, ഇൻസോൾവൻസി റെസല്യൂഷൻ തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ട്. താൽപര്യമുള്ളവർക്ക് ഇവയോരോന്നിന്റെയും വിശദാംശങ്ങൾ ശേഖരിച്ചു തയാറെടുക്കാം.

കമ്പനി സെക്രട്ടറി

കോർപറേറ്റ് മേഖലയിൽ ഉയർന്ന പദവിയിലെത്താൻ കുറഞ്ഞ ചെലവിൽ ഒന്നാന്തരം അവസരമൊരുക്കുന്ന പഠന മാർഗമാണ് കമ്പനി സെക്രട്ടറിഷിപ് പരിശീലനം. പഠിപ്പിക്കുന്ന റഗുലർ കോളജുകളില്ല. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ചാപ്‌റ്ററുകൾ ഒരുക്കുന്ന ക്ലാസുകൾ, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ മുതലായവയുണ്ടെങ്കിലും പരിശീലനത്തിന്റെ വലിയ പങ്ക് സ്വയം പഠനം തന്നെയാണ്. നിയമവും അക്കൗണ്ടിങ്ങും പഠിക്കാൻ താൽപര്യവും സ്ഥിര പരിശ്രമ ശീലവും ഉള്ളവർക്ക് ഇണങ്ങിയ പഠനമാർഗം.

ഫൗണ്ടേഷനിൽ തുടങ്ങി 3 തലങ്ങളിലെ പരീക്ഷയെഴുതണമായിരുന്നു. ഇപ്പോൾ ഫൗണ്ടേഷനില്ല. പ്ലസ്ടുവിൽ പഠിക്കുന്നവർക്ക് CSEET (CS Executive Entrance Test) എന്ന പരീക്ഷയ്ക്കു ചേരാം. ഇതിൽ ലളിതമായ 4 പേപ്പറുകളേയുള്ളൂ. 

15 മിനിറ്റിൽ പ്രസന്റേഷനും ആശയവിനിമയവും പരിശോധിക്കുന്ന വൈവാ വോസിയുമുണ്ട്. (കോവിഡ് കാരണം ഇത് ഒഴിവാക്കിയിട്ടുണ്ട്). പരീക്ഷയുടെ സിലബസ്, മോക് ടെസ്റ്റ്, അപേക്ഷാരീതി മുതലായവയ്ക്ക് www.icsi.edu എന്ന സൈറ്റിലെ CSEET ലിങ്ക് നോക്കാം.

പ്ലസ്ടു ജയിച്ച് എക്സിക്യൂട്ടീവ് പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാം. ഈ പരീക്ഷയും ജയിച്ചവർക്കു പ്രഫഷനൽ പ്രോഗ്രാമിനു ചേരാം. നിബന്ധനകൾ പാലിച്ച് അംഗീകൃത സ്ഥാപനത്തിൽ പ്രായോഗിക പരിശീലനവും പൂർത്തിയാക്കണം.

നിർണായക ജോലി

10 കോടി രൂപയെങ്കിലും അടച്ചുതീർത്ത മൂലധനമുള്ള കമ്പനികളിൽ പൂർണസമയ കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണം. കോർപറേറ്റ് സ്ഥാപനങ്ങളിൽ നിർണായക സ്ഥാനമാണ് കമ്പനി സെക്രട്ടറിക്ക്. ഭരണപരമായ ചുമതലകൾ നിർവഹിക്കണം. കമ്പനി നിയമങ്ങൾ കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പു വരുത്തണം. നിയമനങ്ങൾ, സെക്രട്ടേറിയൽ ജോലികൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് എന്നിവയുടെ ചുമതലയും വരും. റജിസ്ട്രാർ ഓഫ് കമ്പനീസ്, ടാക്സ് അധികാരികൾ, ആർബിട്രേഷൻ സംവിധാനം തുടങ്ങിയവയിൽ കമ്പനിയുടെ പ്രതിനിധിയായി ഹാജരാകണം.

ഡയറക്ടർ ബോർഡുമായി അടുത്തു ബന്ധപ്പെട്ടാവും പല പ്രവർത്തനങ്ങളും. കമ്പനി തുടങ്ങുക, പല കമ്പനികൾ കൂട്ടിച്ചേർക്കുക, കമ്പനി പിരിച്ചുവിടുക (ലിക്വിഡേറ്റ്) എന്നീ ചുമതലകളും വരാം. പ്രഫഷന്റെ സമസ്ത ചുമതലകളും നിറവേറ്റുന്നത്: ICSI (Institute of Company Secretaries of India) - www.icsi.edu

ഫുൾടൈം ഇന്റഗ്രേറ്റഡ് കമ്പനി സെക്രട്ടറി പ്രോഗ്രാം

ബിരുദധാരികളെ തിരഞ്ഞെടുത്തു പ്രവേശിപ്പിച്ച് സാധാരണ കോളജ്–കോഴ്‌സുകൾ പോലെയുള്ള 3–വർഷ ഫുൾടൈം ഇന്റഗ്രേറ്റഡ് കമ്പനി സെക്രട്ടറി പ്രോഗ്രാം , ഇൻസ്റ്റിറ്റ്യൂട്ട് മുംബൈയിൽ ഏർപ്പെടുത്തിയി‌ട്ടുണ്ട്. 

Content Summary : Best Courses After 12th for Commerce Students 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA