ADVERTISEMENT

എന്താണ് വേണ്ടതെന്ന കൃത്യമായ ധാരണയില്ലാതെ എന്തെങ്കിലുമൊക്കെയായിത്തീരാൻ വല്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ജോലിയുടെ തുടക്കകാലത്ത് താനും അങ്ങനെയായിരുന്നെന്നും പിന്നീട് കൃത്യമായ ലക്ഷ്യബോധത്തോടെ പരിശ്രമിച്ചു തുടങ്ങിയപ്പോൾ തന്റെ സ്വപ്നങ്ങളിലേക്ക് താൻ എത്തിച്ചേർന്നെന്നും പറഞ്ഞുകൊണ്ട് തന്റെ കരിയർ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന മിറൻഡ കോശി. തന്റെ ജീവിതം മാറ്റി മറിച്ച തീരുമാനങ്ങളെക്കുറിച്ചും തിരിച്ചറിവുകളെക്കുറിച്ചും മിറൻഡ കോശി പങ്കുവയ്ക്കുന്നതിങ്ങനെ

 

ഒരു ശരാശരി കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിട്ടാണ് പഠനം കഴിഞ്ഞതിനു ശേഷം ബംഗളൂരുവിലേക്ക് ജോലി അന്വേഷണത്തിനായി വന്നത്. സിനിമയിൽ കാണുന്നതു പോലെ പബ്ബുകളും നൈറ്റ് ഡ്രൈവുകളുമല്ല ബെംഗളൂരുവെന്ന് എന്നെപ്പോലെ ജോലി തിരക്കി വന്നവർക്ക് വളരെപ്പെട്ടെന്ന്  മനസ്സിലാകും. രാവിലെ കിടക്കയിൽ കിടന്നു കൊണ്ട് തന്നെ അന്നന്നത്തെ വാക് ഇൻ ഇന്റർവ്യൂകളുടെ ലിസ്റ്റ് തയാറാക്കി ഓരോ കമ്പനിയും കയറി ഇറങ്ങും. ചില ദിവസങ്ങളിൽ പോകുന്ന ഇന്റർവ്യൂകളിൽ പങ്കെടുക്കാൻ വരുന്ന ആളുകളുടെ എണ്ണം കണ്ടാൽ തോന്നും ഇത്രേം ആളുകൾ ഇന്ത്യയിൽ പഠിച്ചിറങ്ങുന്നുണ്ടോ എന്ന്. അങ്ങനെയുള്ള ഇന്റർവ്യൂകളിൽ പലപ്പോഴും റജിസ്റ്റർ മാത്രം  ചെയ്ത് തിരിച്ചു വന്നിട്ടുണ്ട്. കാരണം അതിന്റെ ഒന്നാം റൗണ്ടിൽ തന്നെ എത്തിപ്പെടണമെങ്കിൽ അടുത്ത രണ്ടു  ദിവസം എങ്കിലും കാത്തു നിൽക്കണം.

 

വെറുതെ എന്തിനാ സമയം കളയുന്നത്. ഈ തിരക്കുകൾക്കിടയിൽ പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും പറ്റിയെന്നു വരില്ല. വീട്ടിൽ ആയിരുന്നപ്പോൾ നാലുനേരം സുഭിക്ഷമായി കഴിച്ച് ഉച്ചമയക്കവുമായി ജീവിച്ച എന്നെ പ്പോലെ ഒരാൾക്ക് ഇതൊക്കെ ഒരു വലിയ പ്രതിസന്ധി തന്നെ ആയിരുന്നു. ജോലി കിട്ടാൻ താമസിക്കുമ്പോൾ എന്നെയും വീട്ടുകാരെയും അപേക്ഷിച്ച് ടെൻഷൻ കൂടുതൽ നാട്ടുകാർക്കും ബന്ധുക്കൾക്കും ആണെന്നുള്ള സത്യം ഇടയ്ക്ക് ഓർക്കുമ്പോൾ ഈ ബുദ്ധിമുട്ടുകളെല്ലാം മറന്ന് ഇതെല്ലം നിസ്സാരം എന്ന മാസ്റ്റർ പീസ് ഡയലോഗും പറഞ്ഞു അടുത്ത ജോലിക്ക് അപ്ലൈ ചെയ്യും. അങ്ങനെ ഒരുപാട് നാളത്തെ അലച്ചിലിനു ശേഷം ഒരു ഓഫർ കിട്ടി.സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയിട്ട് ആണ് സെലക്ഷൻ കിട്ടിയത്.

 

വളരെ ചെറിയ ശമ്പളം മാത്രം ആയിരുന്നു തുടക്കക്കാരി എന്ന നിലക്ക് എനിക്ക് കിട്ടിയത്. പക്ഷേ അതിൽ ഒരുപാട് സന്തോഷം കണ്ടെത്താൻ പറ്റി. അതിൽ നിന്നാണ് ആദ്യമായി ഒരു സ്മാർട്ട് ഫോൺ സ്വന്തമാക്കിയത്.അങ്ങനെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുമായി മുൻപോട്ട് പോയ്ക്കൊണ്ടിരുന്നു. പക്ഷേ വർക്ക് പ്രഷറും അതിനനുസരിച്ചു കൂടി വന്നു. ജോലിയിൽ വളരെ നല്ല രീതിയിൽ തിളങ്ങാൻ പറ്റി. കൂടുതൽ എക്സ്പീരിയൻസ് ഉള്ളവരെ അപേക്ഷിച്ച് ഞാൻ കൂടുതൽ ആത്മാർഥത ജോലിയിൽ കാണിച്ചു. പക്ഷേ എനിക്കത് വിനയായി എന്ന് പറയാം. രണ്ടു മൂന്നു  വർഷം എക്സ്പീരിയൻസ് ഉള്ളവർ ചെയ്യണ്ട ജോലി എല്ലാം എനിക്ക് അവർ തന്നു തുടങ്ങി. ലേറ്റ് നൈറ്റ് വർക്ക് ചെയ്ത് കണ്ണ് കുഴിയിൽ ആയി. പിറ്റേന്ന് കൊടുത്തു തീർക്കേണ്ട വർക്കുകളെ ഓർത്തു ഉറക്കം ഇല്ലാതായി.

 

അവിടുത്തെ ഒന്നര വർഷത്തെ ജോലിക്കിടയിൽ ഞാൻ നാലഞ്ച്  ടെക്‌നോളജിയിൽ പണി ചെയ്തു. അങ്ങനെ ഒരു തീരുമാനം എടുത്തു രാജി വക്കാൻ. ഒരു ദിവസം രാവിലെ ചെന്ന് റെസിഗ്നേഷൻ  മെയിൽ അയച്ചു. നിമിഷങ്ങൾക്കുള്ളിൽ എന്നെ മീറ്റിങ് റൂമിൽ വിളിപ്പിച്ചു കാര്യങ്ങൾ തിരിക്കി. വർക്ക് പ്രഷർ എന്നു പറയാൻ എന്റെ മനസ്സ് അനുവദിച്ചില്ല. എന്തൊക്കെയെയോ അവിടെയും ഇവിടെയും ഇല്ലാതെ ഞാൻ പറഞ്ഞു. ഒടുവിൽ അവർ എനിക്ക് 100 % ഹൈക്ക് തന്ന് അവിടെ തുടരാൻ ആവശ്യപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും സാലറി കൂടി എന്നോർത്ത് അവിടെത്തന്നെ ഞാൻ നിന്നു. ദിവസങ്ങൾ കടന്നു പോയി. ഓഫീസിലേക്കുള്ള എന്റെ യാത്ര കുഞ്ഞു കുട്ടികൾ  സ്കൂളിലേക്ക് പോകുന്നതു പോലെ ആയിരുന്നു.  കുട്ടികളെ അച്ഛനമ്മമാർ വലിച്ച് സ്കൂളിൽ കൊണ്ടു പോകുമ്പോൾ ഞാൻ എന്നെത്തന്നെയാണ് വലിച്ചു ഓഫീസിൽ കൊണ്ടു പോകുന്നത്. അങ്ങനെ മൂന്നു മാസം കഴിഞ്ഞു. വീണ്ടും ഞാൻ രാജി വക്കാൻ തീരുമാനിച്ചു. ഇത്തവണ ആരും എന്നെ വിശദാംശങ്ങളന്വേഷിച്ച് വിളിച്ചില്ല. അവർക്ക് മനസ്സിലായിക്കാണും എന്നെ ഇനി വിളിച്ചിട്ട് കാര്യമില്ലെന്ന്. 

 

career-channel-work-experience-series-miranda-koshy-memoir-author-image
മിറൻഡ കോശി

പക്ഷേ എന്റെ ആ തീരുമാനം വളരെ റിസ്ക്കുള്ളതായിരിന്നു. കാരണം കൈയിൽ വേറെ ഓഫർ ഒന്നും ഇല്ല. ഒരു മാസം നോട്ടീസ് പീരീഡ് കഴിഞ്ഞാൽ ജോലിക്ക് പോകാൻ വേറെ കമ്പനി ഒന്നും ഇല്ല. ഈ ഒരു  മാസം അതെനിക്ക് വളരെ നിർണായകമാണ്. എത്രയും വേഗം ജോലി കണ്ടു പിടിക്കണം. പക്ഷേ നോട്ടീസ് പീരീഡ് ആയത് കൊണ്ട് ഇന്റർവ്യൂന് പോകാൻ ലീവ് എടുക്കാനും പറ്റില്ല. അതുകൊണ്ട് തന്നെ വളരെ ചുരുക്കം ഇന്റർവ്യൂവിന് മാത്രമേ പങ്കെടുത്തുള്ളൂ. അങ്ങനെ ആ സുവർണ ദിനം വന്നെത്തി. ലാസ്‌റ് വർക്കിങ് ഡേ. സന്തോഷിക്കണോ കരയണോ എന്നു പോലും അറിയില്ല. നാളെ മുതൽ ഞാൻ തൊഴിൽരഹിതയാണ്. കട്ടക്ക് കൂടെ നിൽക്കാൻ വീട്ടുകാരും ജോയും (fiance)  ഉണ്ടായിരുന്നതിനാൽ പിന്നെയും ജോലി അന്വേഷണം തുടങ്ങി. ഇത്തവണ ജോലി തിരക്കുന്നതിൽ ഒരു വ്യത്യാസം ഉണ്ടായിരുന്നു. കുറേ ടെക്നോളജികൾ ചെയ്തതു കൊണ്ട് ഏതിന്റെ ഇന്റർവ്യൂ നോക്കണം എന്ന് ഒരു പിടിയും ഇല്ല. ഒരുപാട് ടെക്നോളജികൾ ഒരേ സമയം പഠിച്ചെടുത്ത് വർക്ക് ചെയ്തതു കൊണ്ട് ഒന്നിലും ആഴത്തിൽ ഉള്ള അറിവും ഉണ്ടായില്ല. ഞാൻ ഒരു അവിയൽ പരുവം ആയിരുന്നു .ഓരോ ഇന്റർവ്യൂ കഴിയുമ്പോളും ഓർക്കും ഇനി അടുത്ത വേറെ പൊസിഷൻ നോക്കാം. ഇങ്ങനെ ഒരു സ്ഥിരത ഇല്ലാതെ ഞാൻ ജോലി നോക്കിക്കൊണ്ടിരുന്നു.

 

എന്റെ അത്രയും പോലും ടെക്നിക്കൽ അറിവോ കമ്മ്യൂണിക്കേഷൻ സ്കില്ലോ ഇല്ലാത്തവർ പോലും വലിയ വലിയ കമ്പനികളിൽ ജോലി ചെയ്യുന്നത് കാണുമ്പോൾ എന്റെ വിധിയെ പഴിച്ചു ഞാൻ ഒരു വർഷം തള്ളി നീക്കി. ജോലി അന്വേഷണത്തിന്റെ ടെൻഷൻ കാണുമ്പോൾ പലരും ചോദിച്ചിരുന്നു ഒരു പെൺ കുട്ടിയായ നീ എന്തിനാ ഇങ്ങനെ ജോലിക്കു വേണ്ടി ഓടുന്നത്. എന്തായാലും കല്യാണം കഴിച്ചു പോകേണ്ടതാണ്. അത് ഇപ്പോഴേ അങ്ങ് ചെയ്ത് ജീവിതം സെറ്റിൽ ചെയ്താൽ പോരേയെന്ന്. പക്ഷേ എനിക്കത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമായിരുന്നു. സ്വന്തമായി അധ്വാനിച്ച കാശുകൊണ്ട് സ്വന്തം കാര്യങ്ങളും കുടുംബവും നോക്കണം എന്നുള്ള എന്റെ ആഗ്രഹം അവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലല്ലോ. അങ്ങനെയിരിക്കുമ്പോഴാണ് കാനഡയിലേക്ക് ഉപരി പഠനത്തിന് പോകാൻ തീരുമാനിക്കുന്നത്. നാട്ടിൽ നിന്നും തന്നെ മാസ്റ്റേഴ്സ് ഡിഗ്രിയും ഒരു വർഷത്തിന് മുകളിൽ ജോലി പരിചയവും ഉള്ള ഞാൻ അവിടെ ഒരു  വർഷത്തെ കോഴ്സാണെടുത്തത്. അവിടെ പോകുന്ന എല്ലാവരും 2  വർഷ കോഴ്സുകൾ ആണ് സാധാരണ എടുക്കാറുള്ളത്. അങ്ങനെ ഒരു വർഷത്തെ കോഴ്സ് അടുത്ത മഞ്ഞു കാലം ആയപ്പോഴേക്കും തീർന്നു. ആ മഞ്ഞിന്റെ നാട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കുന്നത് നമുക്ക് ഈയിടെ ഇറങ്ങിയ ‘ജാൻ എ മൻ’ സിനിമ കണ്ടാൽ മനസിലാകും.

 

ഒരു വർഷത്തെ പഠനത്തിന് ശേഷം പിന്നെ ഒരു വർഷം കൂടി മാത്രമേ  അവിടെ നിൽക്കാൻ പറ്റൂ. അങ്ങനെ രണ്ട്  വർഷത്തിനു ശേഷം നാട്ടിലേക്ക് തിരികെ പോരാൻ തീരുമാനിച്ചു. ആ നീണ്ട കാലത്തിനു ശേഷം വീട്ടുകാരെയും ജോയേം കൂട്ടുകാരെയും ഒക്കെ കാണാം എന്നുള്ള സന്തോഷത്തിനൊപ്പം ഇനി നാട്ടിൽ വന്നാൽ എന്റെ ഭാവി എന്താകും എന്നുള്ള ആകുലതയും ഉണ്ടായിരുന്നു. എല്ലാവരെയും പോലെ നാട്ടിൽ വന്നു ഒരു ഇടവേളയോ ഒരു വെക്കേഷനോ എടുക്കാൻ ഞാൻ തയാറായില്ല. കാനഡയിൽ വച്ച് തന്നെ പുതിയ ബയോ ഡാറ്റ ഒക്കെ ഉണ്ടാക്കി ഒരു ടെക്‌നോളജിയിൽ തന്നെ ജോലി നോക്കാൻ തീരുമാനിച്ചു. അങ്ങനെ സോഫ്റ്റ്‌വെയർ ടെസ്റ്റിങ് എന്റെ കരിയർ ആക്കാൻ ഉറപ്പിച്ചു. നാട്ടിൽ എത്തിയ ഉടൻ തന്നെ കമ്പനികളിലേക്ക് അപ്ലൈ ചെയ്തു തുടങ്ങി. തിരികെ വീണ്ടും ബെംഗളൂരുവിൽ എത്തി. ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടും ഇന്റർവ്യൂ ഒന്നും കിട്ടുന്നില്ല. റൂം വൃത്തിയാക്കാൻ വരുന്ന ചേച്ചിയെ കണ്ടപ്പോൾ ഓർത്തു ഈ പണിക്ക് എങ്കിലും പോയാലോ എന്ന്. എന്തു തന്നെ ആയാലും എനിക്ക് എന്റെ സ്വന്തം ജോലി വേണം എന്ന ചിന്ത രാപകൽ എന്നെ അലട്ടിക്കൊണ്ടിരുന്നു. കോൺഫിഡൻസ് പലപ്പോഴും കൈ വിട്ടു പോയപ്പോൾ ജോ കൂടെ നിന്ന് മോട്ടിവേറ്റ് ചെയ്തു. അങ്ങനെ ഒരു ദിവസം രാവിലെ നോക്കുമ്പോൾ ഒരു കമ്പനിയിൽ നിന്നും ഇ – മെയിൽ വന്നിട്ടുണ്ട് ഇന്റർവ്യൂന് ചെല്ലാൻ പറഞ്ഞ്. കുറേ വർഷങ്ങൾ ആയി ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ചെയ്ത് ഇതു കണ്ടിട്ടു പ്രത്യേകിച്ച് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല. എങ്കിലും നന്നായി തയാറെടുത്തു ഇന്റർവ്യൂന് പോയി. ഇന്ത്യയിലെ തന്നെ ഒരു വലിയ ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയർ കമ്പനി ആയിരുന്നു അത്. ഒരു ദിവസം കൊണ്ട് തന്നെ ഇന്റർവ്യൂ പ്രോസസ്സ് പൂർത്തിയായി. എന്റെ സ്‌കിൽസിനൊപ്പം കാനഡയിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങി പാസ് ആയി എന്ന ഒരു കാരണം കൂടിയുള്ളതു കൊണ്ട് എനിക്ക് ആ ജോലി കിട്ടി. അവർ എനിക്ക് ഓഫർ ചെയ്ത സാലറി കേട്ട് ഞാൻ ഒന്ന് ഞെട്ടി. കാരണം ഞാൻ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിൽ ആണ് അവർ എനിക്ക് ഓഫർ ചെയ്തത്. 

 

പുറത്തിറങ്ങിയ എന്നെ കണ്ടു ജോ പോലും ഒന്ന് പേടിച്ചു. ഇനി എനിക്ക് വട്ടായതാണോ അതോ അവർക്ക് വട്ടായതാണോ എന്നുള്ള ഒരു അവസ്ഥ. അങ്ങനെ പിറ്റേന്ന് തന്നെ അവർ എനിക്ക് ഓഫർ ലെറ്റർ അയച്ചു. അവിടെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ ഉള്ള ഏക മലയാളി ഞാൻ മാത്രം ആയിരുന്നു. ബാക്കി എല്ലാവരും ഹിന്ദി പറയുമ്പോൾ ഞാൻ അതെല്ലാം മനസ്സിലാകുന്നുണ്ട് എന്ന രീതിയിൽ ചിരിച്ചുകൊണ്ടിരിക്കും. ജോലിയിൽ ഞാൻ വളരെ സംതൃപ്ത ആയിരുന്നു.അങ്ങനെ അവിടെ നിന്നും നല്ല വർക്ക് എക്സ്പീരിയസും വാങ്ങി മറ്റു കമ്പനിയിലേക്ക് മാറി. അങ്ങനെ ഇപ്പോൾ  51 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ലീഡ് പൊസിഷനിൽ ജോലി ചെയുന്നു. ഒപ്പം തന്നെ സ്വന്തമായി പഠിപ്പിക്കുന്ന ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അതിൽ നിന്നും വരുമാനം കിട്ടാൻ തുടങ്ങിയില്ലെങ്കിലും അതുവഴി വേറെ ചില അവസരങ്ങൾ കിട്ടി. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു ഓൺലൈൻ ലേർണിങ് പ്ലാറ്റ്ഫോമിൽ  ക്ലാസുകൾ എടുക്കുന്നുണ്ട്. ഒപ്പം സ്വന്തമായി വേറെ ക്ലാസ്സുകളും എടുക്കുന്നുണ്ട്. എൻജിഒ  വോളന്റീയർ ആയി വർക്ക് ചെയുന്ന കമ്പനി വഴി മറ്റുള്ളവർക്ക് ജോലി കിട്ടാൻ സഹായിക്കുന്ന ക്ലാസ്സുകളും ഇന്റർവ്യൂ ടിപ്സും ഒക്കെ എടുത്തു കൊടുക്കുന്നുണ്ട്. ഇന്ന് ആദ്യത്തെ കമ്പനിയിൽ കിട്ടിയതിനേക്കാൾ 15  ഇരട്ടി കൂടുതൽ ശമ്പളം വാങ്ങാൻ കഴിഞ്ഞു.

 

ഇപ്പോൾ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരു ചോദ്യം മാത്രം. എന്തു കൊണ്ട് അന്നെനിക്ക് ജോലി കിട്ടിയില്ല. സമയദോഷം എന്നൊക്കെ വേണേൽ പറയാം. പക്ഷേ എനിക്കുറപ്പുണ്ട് അത് ഞാൻ ജോലി അന്വേഷിച്ച രീതി ശരിയല്ലാത്തതു കൊണ്ടാരുന്നു. ഒരു ഫോക്കസ് ഇല്ലാതെ ജോലി മാത്രം എന്ന് മനസ്സിൽ ഉറപ്പിച്ചു ഓടി നടന്നു. അങ്ങനെ പല കമ്പനികളിൽ പല ആളുകളുടെ ഇടയിൽ ജോലി ചെയ്തു. ഒരുപാട് പ്രതിസന്ധികൾ  വന്നപ്പോഴും മുൻപോട്ട് പോകാൻ പറ്റിയത് സ്വന്തം കാലിൽ ജീവിക്കണം എന്നുള്ള ആഗ്രഹം ഉള്ളതു കൊണ്ടാണ്. ജോലി നോക്കുന്ന, പഠിച്ചു കൊണ്ടിരിക്കുന്ന പലരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങൾ ഗോൾ ഓറിയന്റഡ് ആയിരിക്കണം. അല്ലെങ്കിൽ  എനിക്കു പറ്റിയതുപോലെ നിങ്ങൾക്കും അബദ്ധങ്ങൾ സംഭവിക്കാം.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Guru Work Experience Series - Miranda Koshy Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com