പ്രീഡിഗ്രി ഒരു കുലവും കാലവുമായിരുന്നു; പ്രീഡിഗ്രി ഓർമകൾ പങ്കുവച്ച് എഴുത്തുകാർ

HIGHLIGHTS
  • നഷ്‍ടമാക്കാനുള്ള തീരുമാനം നിലവിൽ വന്നിട്ട് 25 വർഷമാകുന്നു.
  • പ്രീഡിഗ്രി വേർപെടുത്താനുള്ള നിയമം നിലവിൽ വന്നത് 1997 ൽ ആണ്.
preedegree-campus
വര. ജി. ഗോപീകൃഷ്ണൻ
SHARE

പ്രീഡിഗ്രി ഒരു കുലവും കാലവുമായിരുന്നു. പഴയ കോളജ് ക്യാംപസുകളുടെ ഓജസ്സ്. അച്ചടക്കത്തിന്റെ സ്കൂൾ വളപ്പ് വിട്ടു പറന്ന പക്ഷിക്കൂട്ടം. ക്യാംപസിന് ആ കൗമാരം നഷ്‍ടമാക്കാനുള്ള തീരുമാനം നിലവിൽ വന്നിട്ട് 25 വർഷമാകുന്നു. പ്രീഡിഗ്രി വേർപെടുത്താനുള്ള നിയമം നിലവിൽ വന്നത് 1997 ൽ ആണ്. പിന്നീടുള്ള വർഷങ്ങളിൽ ഘട്ടം ഘട്ടമായി പ്രീഡിഗ്രി വേർപെടുത്തൽ പൂർണമായി. പ്രീഡിഗ്രിയില്ലാത്തത് ക്യാംപസിൽ നിന്ന് വസന്തത്തിന്റെ വലിയൊരു ഭാഗമാണ് ഇറുത്തെടുത്തത്. പ്രീഡിഗ്രിയുള്ള ക്യാംപസിനെയും ഇല്ലാത്ത ക്യാംപസിനെയും ഓർത്ത്, നോക്കുന്ന എഴുത്തുകൾ.

മെൻസ് കോളജിലെ പ്രീഡിഗ്രി ‘റിബൽ’

പ്രീഡിഗ്രി അത്ര ചെറിയ ഡിഗ്രി അല്ലാതായിരുന്ന കാലം. വീട്ടിൽ നിന്നിറങ്ങി, തറവാട്ടിൽ എത്തിയില്ല എന്നു പറയുന്ന പ്രായം.  മനസും ശരീരവും വളർച്ചയുടെ ഫിനിഷിങ് പോയിലെത്താനുള്ള പാച്ചിലിലാണ്.  മെൻസ് കോളജിലായിരുന്നു ഞാൻ. അതിനർഥം പ്രീഡിഗ്രിക്കു മാത്രം ആണുങ്ങൾ. അവർക്ക് 15–17 പ്രായം. ‘മെൻ’ ആയിട്ടില്ല. പക്ഷേ അവരുടെ പേരിലാണ് മെൻസ് കോളജ് എന്ന് പേർ. അതെങ്ങനെ ശരിയാകും? 

ഈ വൈരുദ്ധ്യമായിരുന്നു സത്യത്തിൽ പ്രീഡിഗ്രി. മെൻ ആണെന്ന് നമ്മൾ. അല്ലെന്ന് വീട്ടുകാർ പറഞ്ഞാൽ പോട്ടെന്ന് വയ്ക്കാം. അധ്യാപകരും സീനിയേഴ്സും പോട്ടെ, കോളജ് പോലും. കോളജിന്റെ കോൺക്രീറ്റ് തൂണുകൾക്കു വരെ പ്രീഡിഗ്രിപുച്ഛമാണ്. 1988ൽ വോട്ടവകാശം 18ആക്കി. ഡിഗ്രിക്കാർ അതിന്റെ ഊറ്റത്തിലാണ്. ഡിഗ്രി മുതൽ മിക്സെഡ് ആണ്. ഡിഗ്രി പെൺകുട്ടികളുടെ ‘ചേച്ചി’ ഭാവം കൂടിയാകുമ്പോ തകർച്ച പൂർണം. ഇങ്ങനെയുള്ള പ്രീഡിഗ്രി ‘റെബൽ’ അതു പ്രകടിപ്പിക്കാൻ അവസരമുള്ള വിദ്യാർഥി  സംഘടനയിൽ ചെന്നു കയറുന്നു. സമരത്തിന്റെ മുൻനിരയിൽ. 99% തല്ലും വാങ്ങിക്കൂട്ടുന്നു. ചെസ്സിലെ കാലാൾ പോലെ. എല്ലാ വെട്ടും വാങ്ങിക്കൂട്ടും. ഇതിനിടയിൽ സെക്കൻഡ് ഗ്രൂപ്പും അഡീഷനൽ മാത്സും എടുത്ത് ഡോക്ടറോ, എൻജിനീയറോ ആകാൻ മാത്രം തുനിഞ്ഞു ലക്ഷ്യബോധമുള്ള മിടുക്കന്മാർ.  

campus-memories-g-indugopan
ജി.ആർ.ഇന്ദുഗോപൻ (എഴുത്തുകാരൻ)

പ്ലസ്ടു ലക്ഷ്യമിട്ട് 1990ൽ കേരളം ഹയർ സെക്കൻഡറി വകുപ്പ് രൂപീകരിച്ചു.  പ്രീഡിഗ്രി പോയാൽ വിദ്യാർഥിരാഷ്ട്രീയത്തിന്റെ ചൂടും ചൂരും പോകുമെന്ന് ഭയന്ന രാഷ്ട്രീയക്കാർ. കലുഷിതമായ ദശകം. എന്നും സമരം. ഇതേ ദശകത്തിലാണ് കേരളത്തിൽ എ പടങ്ങൾ ഏറ്റവുമധികം ഉണ്ടായത്. സമരം; ക്ലാസില്ല. നേരേ ഉച്ചപ്പടത്തിന്. അതും പ്രീഡിഗ്രിക്കാരൻ വളർത്തിയ പ്രതിഭാസമായിരുന്നു. വീടുകളിലേയ്ക്കും ഈ പ്രീഡിഗ്രി റെബൽ സ്വഭാവം നീണ്ടു. നല്ല മാർക്കുണ്ടായിട്ടും വീട്ടുകാരുമായി പോരടിച്ച്, രണ്ടു കൊല്ലത്തെ പഠിത്തം കളഞ്ഞ്, 1987വർഷത്തെ എസ്എസ്സി (എസ്എസ്എൽസിക്കു പകരം) എന്ന പ്രതിഭാസത്തിന്റെ ആ വർഷത്തേയ്ക്കു മാത്രം പുറത്തിറക്കിയ മുറം പോലുള്ള സർട്ടിഫിക്കറ്റും വീശിയിരിക്കുന്ന ഒുരു ‘റ്റഫ് സീനിയർ’ എന്റെ ക്ലാസിലുണ്ടായിരുന്നു. 

പ്രീഡിഗ്രി പ്ലസ്ടുവാക്കിയപ്പോൾ ആ പ്രായത്തിന്റെ ചൂരും ചൂടുമെല്ലാം പോയെന്ന തലമുറയിൽ പലർക്കുമുണ്ട്. നമ്മളൊക്കെ എന്തൊരു സമരതീഷ്ണമായ കാലത്തായിരുന്നു എന്നവർ പറയും. അങ്ങനൊന്നുമില്ല. ഓരോ മാറ്റത്തിലും പുതിയ പുതിയ ഉൾപ്പുളകമുണ്ടാക്കാൻ ആ പ്രായത്തിന് പറ്റും. ആ പ്രായമാണ് വലിയ സത്യം. പഴയ പ്രീഡിഗ്രിക്കാർക്കും പുതിയ പ്ലസ്ടുക്കാർക്കും അഭിവാദനങ്ങൾ. 

കെ.രേഖ (എഴുത്തുകാരി, മാവേലിക്കര ബിഷപ്പ് മൂർ‍ കോളജ് അധ്യാപിക)
കെ.രേഖ (എഴുത്തുകാരി, മാവേലിക്കര ബിഷപ്പ് മൂർ‍ കോളജ് അധ്യാപിക)

യൂണിഫോമിടാത്ത കോളജ് വസന്തം

യൂണിഫോമിനകത്ത് വിങ്ങിക്കുരുങ്ങി നിൽക്കുന്ന പ്ലസ് ടു ക്കാരെ കാണുമ്പോൾ ശ്വാസം മുട്ടും. കോളജ് എന്ന പൂങ്കാവനത്തിൽ വിടർന്നു പരിലസിക്കേണ്ട റോസാപ്പൂക്കൾ ,ഏതോ മുൾവേലിയിൽ കുരുങ്ങിയ അവസ്ഥ . കൗമാരത്തിൻ്റെ ചുവപ്പു പടർന്ന മുഖവും, ലോകത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടുള്ള നിഷ്കളങ്കതയുമായി പടി കയറി വരുന്ന അക്കൂട്ടരായിരുന്നു കോളജിൽ വസന്തം തീർത്തിരുന്നത്.

അതൊരു കാലമായിരുന്നു ! ഇനിയൊരിക്കലും മടങ്ങി വരാത്ത സുന്ദര കാലം!

കാൽ നൂറ്റാണ്ടിനു മുൻപായിരുന്നു അതെന്ന് വിശ്വസിക്കാൻ വയ്യ!

അംബാസഡർ കാറുകളും പ്രീഡിഗ്രിയുമാണ് കാൽ നൂറ്റാണ്ടിനിടെ ,നഷ്ടബോധവും നൊസ്റ്റാൾജിയയും ഉണ്ടാക്കുന്ന ഏറ്റവും പ്രിയ സംഗതികൾ !

 പ്രീഡിഗ്രിയുടെ പ്രതാപം അവസാനിക്കുന്ന കാലത്താണ്, കോളജു ജീവിതം അവസാനിക്കുന്നത്. 18 വർഷം പത്രപ്രവർത്തകയായ ശേഷം , അഞ്ചു വർഷം മുൻപ് കോളജിൽ അധ്യാപികയായി, ചേർന്നപ്പോൾ ,അവിടെയൊക്കെ ഞാൻ തിരഞ്ഞത് ആ പ്രീഡിഗ്രി മുഖങ്ങളുടെ ചെഞ്ചുവപ്പാണ്, ചാരുതയാണ്.

ഒരിടത്തും കണ്ടില്ല ,ആ അപക്വതയുടെ ആരവങ്ങളും ആഘോഷങ്ങളും .

ഈ 'നൂറ്റാണ്ടിൻ്റെ തുടക്കം, പ്രീഡിഗ്രിക്കാർ ഒഴിഞ്ഞ കോളജുകൾ ഉത്സവപ്പിറ്റേന്നത്തെ ക്ഷേത്ര മുറ്റത്തെ ഓർമിപ്പിച്ചു. അത്ര കണ്ട് ശൂന്യത സൃഷ്ടിക്കാൻ പ്രീ ഡിഗ്രിയുടെ ഒഴിഞ്ഞുപോക്കിനും കൊഴിഞ്ഞു പോക്കിനും കഴിഞ്ഞു. പിന്നെ വസന്തം ക്യാംപസുകളിൽ വന്നു കാണും .പക്ഷേ കുയിലിൻ്റെ പാട്ടിന് പഴയ മധുരമില്ല .പൂക്കൾക്ക് പഴയ സുഗന്ധമില്ല.

പ്രീഡിഗ്രിക്ക്  ഒരു വനിതാ കോളജിലായിരുന്നു ,ഞാൻ പഠിച്ചത്. കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി മത്സരിച്ചപ്പോൾ ഡിഗ്രി ചേച്ചിമാരെല്ലാം കൂടി തോല്പിക്കാൻ നിലയുറപ്പിച്ചു. തലയിരിക്കുമ്പോൾ വാൽ ആടരുതെന്ന് താക്കീത് ചെയ്തു. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ,ആ കൗരവപക്ഷം തോറ്റു.  ഞങ്ങൾ പ്രീഡിഗ്രിക്കാർ അംഗബലം കൊണ്ട് അവരുടെ താൻപോരിമയെ തോല്പിച്ചു .

ഡിഗ്രിക്ക് രാഷ്ട്രീയമുള്ള കോളജിൽ പഠിക്കണമെന്ന് വലിയ മോഹമായിരുന്നു വലിയ രാഷ്ട്രീയ സംഘർഷങ്ങളും സംഘട്ടനങ്ങളുമുള്ള കോളജ് . "ചേച്ചിക്ക് വോട്ടു ചെയ്യാൻ മാത്രമാണ് ഞങ്ങൾ വരുന്നതെന്ന് " പ്രീഡിഗ്രിക്കാർ പിന്തുണച്ചു. രേഖ ജയിച്ചത് പഞ്ചാരവോട്ടു കൊണ്ടാണെന്ന് എതിർ പാർട്ടിക്കാർ ആരോപിച്ചു .പക്ഷേ പ്രീഡിഗ്രി ഒരു വലിയ ഡിഗ്രിയാണെന്നും അവരെ ഹൃദയം കൊണ്ടു തൊടുകയാണ് വേണ്ടതെന്നും അവരറിയാൻ വൈകി.

കോളജിൽ പ്രീഡിഗ്രിക്കാർ വരുന്ന കാലമാകുമ്പോൾ കോളജ് സുന്ദരനായ ഒരു പൂവാലനെപ്പോലെ ഒന്നു മിനുങ്ങും. ചേട്ടന്മാർ ,പെൺകുട്ടികളെ നോട്ടമിട്ട് പൂതത്തെ പ്പോലെ ക്ലാസ് മുറികൾ കയറിയിറങ്ങും .പ്രിൻസിപ്പലും തടിമിടുക്കുള്ള അധ്യാപകരും ചേട്ടന്മാരുടെ പൂവമ്പുകളിൽ നിന്ന് പെൺകുരുന്നുകളെ രക്ഷിക്കാൻ ക്ലാസ് മുറികളുടെ കാവലാളുകളാകും.

എന്നിട്ടും ചില വേടന്മാരുടെ ഒളിയമ്പുകളിൽ കുരുങ്ങുന്ന പെൺകിടാങ്ങൾ, കോളജിൽ ലവേഴ്സ് കോർണറും പച്ചത്തുരുത്തും തീർക്കും. കെമിസ്ട്രി ലാബിനു പുറത്തും ഓഡിറ്റോറിയത്തിൻ്റെ വരാന്തയിലും അവർ പറഞ്ഞു തീരാത്ത വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും .

മലയാളം മീഡിയത്തിൽ നിന്ന് കോളജിലെ ഷേക്സ്പിയർ കുട്ടപ്പന്മാരുടെ ക്ലാസിലെത്തുമ്പോൾ പലരും അന്തം വിട്ടു.

Who Discovered oxygen എന്നു പ്രൊഫ.  ചോദിച്ചപ്പോൾ ടെക്സ്റ്റിൽ പിടഞ്ഞു നോക്കി ഫിനോ മേനോൻ (Phenomenon) എന്ന് ഉത്തരം പറഞ്ഞ സഹപാഠിയെ ഓർക്കുന്നു. ആ മേനോൻ ഇപ്പോൾ അമേരിക്കയിലാണ്.

ഒടുവിലൊരു മാർച്ചിൽ പിരിയുമ്പോൾ ,കോളജിലെ വാകമരം ചുവന്ന കണ്ണീർ പൊഴിക്കും .വഴിയിലെ വെയിലും മരക്കൊമ്പിലെ  കുയിലും മിഴി ചുവപ്പിച്ച സൂര്യനും പ്രണയക്കടലുമെല്ലാം ഒരു നിമിഷം നിശ്ചലമാകും

പിന്നീടുള്ള ജീവിതത്തിൽ ,ഓർക്കുമ്പോൾ ഏറ്റവും സുഖകരമായ വേദനയുടെ നിമിഷമാണത്. പിന്നെയുള്ള വേദനകൾക്കെല്ലാം നല്ല വേദനയാണ്.

ഞങ്ങളുടെ മുൻഗാമികൾ പ്രീ യൂണിവേഴ്സിറ്റി ,ഇൻറർമീഡിയറ്റ് എന്നൊക്കെയായിരുന്നു പ്രീഡിഗ്രിയെ വിളിച്ചത്.

കോളജുകളിൽ പി ജിക്കാർ പ്രായമായ കാരണവരെപ്പോലെ മാറി നിന്നു .ഡിഗ്രിക്കാർ അതി പരിചയത്താൽ, സകലം അറിയുന്ന ജ്ഞാനികളെപ്പോലെ അലസരും താൻപോരിമക്കാരുമായി. പ്രീഡിഗ്രിക്കാരാകട്ടെ, രക്തത്തിളപ്പും നിഷ്കളങ്കതയും വർണപ്പകിട്ടും കൊണ്ട് കോളജിലെ ശലഭങ്ങളായി പാറി .അവരെയാണ് ഒരു നാൾ യൂണിഫോമിലാക്കി ഫ്രീസ് ചെയ്ത് സ്കൂളിലേക്ക് അയച്ചതെന്ന് ഓർക്കുമ്പോൾ സങ്കടം തോന്നും .ആർട്സ് ഫെസ്റ്റിവലിൻ്റെ താളവും മേളവും അവരായിരുന്നു. കവിത തുളുമ്പിയ ഗോവണിപ്പടികളും ,നിശ്ശബ്ദതയുടെ അടക്കം പറച്ചിലുള്ള ലൈബ്രറികളും അവരെ കാത്തിരുന്നു.

 നിഷ്കളങ്കതയുടെയും നിഷ്കളങ്കരുടെയും പ്രീഡിഗ്രിക്ക് കാൽ നൂറ്റാണ്ടിൻ്റെ ഓർമപ്പൂക്കൾ കൊണ്ട് സ്നേഹമർപ്പിക്കുന്നു.

അംബാസിഡർ കാറിലേറി പ്രീഡിഗ്രി വരുന്ന ഒരു കാലം സ്വപ്നം കണ്ട് ഒന്നു മയങ്ങട്ടെ .

ജലാൽ റഹ്മാൻ (കായംകുളം എംഎസ്എം കോളജിലെ മുൻ കന്റീൻ കരാറുകാരൻ, ‘ഒരു കോളജ് കന്റീൻകാരന്റെ കുറിപ്പുകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്)
ജലാൽ റഹ്മാൻ (കായംകുളം എംഎസ്എം കോളജിലെ മുൻ കന്റീൻ കരാറുകാരൻ, ‘ഒരു കോളജ് കന്റീൻകാരന്റെ കുറിപ്പുകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്)

ക്യാംപസിന്റെ ‘ചായാ’ചിത്രം

പ്രീഡിഗ്രിയുടെ കാലത്ത് കോളജിൽ പഠിക്കുന്നു എന്നു പറഞ്ഞാൽ കുറച്ചു ബഹുമാനമൊക്കെ കിട്ടിയിരുന്നു. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു പോലും ചിലർ ആദരിക്കും. എന്റെ സ്വദേശമായ ആലപ്പുഴ ആര്യാട്ട് ദിലീപ് എന്ന 16 വയസ്സുള്ള കൂട്ടുകാരൻ ബിഎസ്എ സൈക്കിളിൽ എസ്ഡി കോളജിൽ പോയിരുന്നു. ആഡംബരപൂർവം രണ്ടു ബുക്ക് സൈക്കിളിന്റെ കാരിയറിലുണ്ടാകും. 15 കാരനായ ഞാൻ ഒരിക്കൽ ദിലീപിനോടു ചോദിച്ചു: പിഡിസിയുടെ ഫുൾഫോം എന്താണ്? പ്രീഡിഗ്രി കോഴ്സ് എന്ന് ദിലീപ് പഠിപ്പിച്ചു തന്നു.

കോളജ് എന്നാൽ അമേരിക്ക പോലെ മനോഹരം എന്ന് കൗമാരത്തിന്റെ തുടക്കത്തിൽ ഞാൻ സങ്കൽപിച്ചിരുന്നു. കോട്ടയം കാലം. സിഎംഎസ് കോളജിന്റെ മതിലിലെ മുഴപ്പുകളിൽ ചവിട്ടിക്കയറി ഞാൻ ക്യാംപസിലേക്കു നോക്കിയിരുന്നു. ക്യാംപസിനോട് അത്രയ്ക്ക് കൊതിയായിരുന്നു. മറ്റൊരു വഴിക്ക് നിയോഗം പോലെ 18 വയസ്സിൽ ചായക്കാരനായി കായംകുളം എംഎസ്എം കോളജ് ക്യാംപസിൽ ആദ്യമായി എത്തിയപ്പോൾ സത്യത്തിൽ അമേരിക്കയിൽ എത്തിയ സന്തോഷമായിരുന്നു. ക്യാംപസിൽ നിറഞ്ഞൊഴുകുന്ന, ഏതാണ്ട് ഒരേ പ്രായത്തിലുള്ള സുന്ദരീസുന്ദരന്മാരെ ആനന്ദത്തോടെ നോക്കി നിന്നു. ഓരോ കോഴ്‌സുകളുടെയും ഫുൾഫോമുകൾ മാത്രമല്ല വേറെ പലതും അവിടില്ലാത്ത കോഴ്സായ സൈക്കോളജിയും കുറെയൊക്കെ പഠിക്കാനും ശ്രമിച്ചു.

അന്ന് കോളജിൽ പ്രിഡിഗ്രി ഫസ്റ്റ്, സെക്കൻഡ്, തേർഡ് ഗ്രുപ്പുകളുടെ 4 വീതം ബാച്ചുകളും ഫോർത്ത് ഗ്രുപ്പിന്റെ 2 ബാച്ചുമുണ്ടായിരുന്നു. രണ്ടു വർഷക്കാർക്കായി 28 ക്‌ളാസ് മുറികൾ. 80 - 90 കളിലെ വിദ്യാർഥികളുടെ ആധിക്യം കൊണ്ട് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ക്ലാസ്. ഒന്നാം വർഷക്കാർക്ക് രാവിലെ മുതൽ ഉച്ച വരെ, രണ്ടാം വർഷക്കാർക്ക് ഉച്ച കഴിഞ്ഞ്.

ഒന്നാം വർഷക്കാരെ വരവേൽക്കാൻ വിദ്യാർഥി സംഘടനകൾ ഒരുക്കുന്ന പരിപാടികൾ പ്രിൻസിപ്പലിനും അധ്യാപകർക്കും തലവേദനയായിരുന്നു. മിക്കപ്പോഴും സംഘർഷത്തിലും ആശുപത്രിവാസത്തിലും കോളജ് അടയ്ക്കലിലുമെത്തും സ്വീകരണം. വലിയ ക്ലാസുകളിലെ വിദ്യാർഥികളുടെ ഏറ്റവും സന്തോഷമുള്ള ക്യാംപസ് ഓർമകളിൽ ഈ സ്വീകരണങ്ങൾ ഉണ്ടാവും. പലർക്കും പഴയതിനെ തേച്ച് പുതിയ ലൈനുകൾ ഒപ്പിക്കാനുള്ള ആദ്യ അവസരം. ക്യാംപസിൽ നിറഞ്ഞാടുന്ന ചില പ്രണയ ജോഡികളിലെ പേടമാൻ തന്റെ കാമുവിനെ ഈ ബഹളങ്ങളിലേക്കൊന്നും പോകാൻ വിടാതെ അന്ന് ഇണയെ കൂടുതൽ കെയർ ചെയ്യുന്നതായി ഉൾച്ചിരിയോടെ നിരീക്ഷിച്ചിട്ടുണ്ട്.

സയൻസ് പഠിക്കുന്ന പ്രീഡിഗ്രിക്കാരെ വളരെ കർക്കശമായി വലയിലിട്ടു വളർത്തി. സയൻസ് ബ്ലോക്കിലേക്ക് പ്രകടനങ്ങളും സമരങ്ങളും എത്താതിരിക്കാൻ അധികൃതർ ചർച്ചകളിൽ വച്ചിരുന്നു. കെട്ടിടങ്ങൾ കൂടിയപ്പോൾ ഷിഫ്റ്റ് അവസാനിച്ചു. രാവിലെ മുതൽ വൈകിട്ടു വരെ പ്രീഡിഗ്രി വസന്തത്തിന്റെ സമയം നീണ്ടു.

പാവാടയും നീളൻ ബ്ലൗസും ധരിച്ചവർ പ്രീഡിഗ്രിക്കാരും പാവാടയ്‌ക്കൊപ്പം ഹാഫ് സാരി ചുറ്റിയവർ ഡിഗ്രി ഒന്നാം വർഷ, രണ്ടാം വർഷക്കാരും സാരി ഉടുത്തവർ മൂന്നാം വർഷക്കാരും എന്നിങ്ങനെ പെൺകുട്ടികളെ തിരിച്ചറിയാമായിരുന്നു. ചുരിദാർ വ്യാപകമായതോടെ ആര് പ്രീഡിഗ്രി, ആര് ഡിഗ്രി എന്നറിയാൻ കഴിയാതായി. തിരിച്ചറിയണമെങ്കിൽ അവർ ഏതു ക്ലാസിലേക്കു പോകുന്നു എന്ന് ഉടനീളം നിരീക്ഷിക്കേണ്ടിവന്നു.

പരീക്ഷക്കാലത്തെ ഹാൾ ടിക്കറ്റ് വിതരണം വലിയ സംഭവമായിരുന്നു. പാരലൽ കോളജുകളിലെ പ്രീഡിഗ്രിക്കാരും ഹാൾ ടിക്കറ്റ് വാങ്ങാനെത്തും. ആകെ മേളം. പരീക്ഷക ദിവസങ്ങളിൽ കോപ്പിയടിക്കാനുള്ള സാമഗ്രികൾ ഹാളിലെത്താതിരിക്കാൻ റോഡിൽ പൊലീസിനെപ്പോലും വിന്യസിച്ചിട്ടുണ്ട്.

കോളജ് ഡേ ഏറ്റവും വലിയ ആഘോഷത്തിന്റെയും കെട്ടിപ്പിടിച്ചു കരഞ്ഞുള്ള വിടവാങ്ങലുകളുടെയും ദിനമായിരുന്നു.

പ്രീഡിഗ്രി കൊഴിഞ്ഞതോടെ ക്യാംപസുകളുടെ ആത്മാവാണ് ഇറങ്ങിപ്പോയത്. പ്രീഡിഗ്രിയില്ലാത്ത ക്യാംപസിൽ പറഞ്ഞറിയിക്കാനാകാത്ത അസ്വസ്ഥത അനുഭവിച്ചു. ഏറ്റവും വലിയ ആരവങ്ങൾ ഉയർന്ന ക്ലാസ് മുറികൾ മൂകമായി.

ക്യാംപസിൽ പ്രീഡിഗ്രി കഴിഞ്ഞിറങ്ങിയ മിക്കവരും ജീവിതത്തെ നേരിടാൻ കരുത്ത് നേടിയിരുന്നു. കോഴ്സുകളും അനുഭവങ്ങളും അവരെ അതിനു സജ്ജരാക്കി. പലപ്പോളായി ബാച്ചുകൾ കുറച്ചാണ് പ്രീഡിഗ്രി ഇല്ലാതാക്കിയത്. അവസാന ബാച്ചുകാർ ഒഴിയുമ്പോൾ തറവാട്ടിൽനിന്ന് താമസം മാറി പോകുന്ന മക്കളെ നോക്കി നിൽക്കുന്ന അമ്മയെപ്പോലെ എല്ലാ ക്യാംപസും പിടഞ്ഞിട്ടുണ്ടാവും.

ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് (എഴുത്തുകാരൻ, കായംകുളം എംഎസ്എം കോളജ് അധ്യാപകൻ)
ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് (എഴുത്തുകാരൻ, കായംകുളം എംഎസ്എം കോളജ് അധ്യാപകൻ)

കൗമാരത്തിന്റെ കൊടിയേറ്റക്കാലം

വീണ്ടും പിൻബെഞ്ച് ക്ലാസ്മുറിയുടെ സ്വർഗമായിരുന്നെങ്കിൽ. പ്രീഡിഗ്രി ക്യാംപസുകളുടെ വസന്തമായിരുന്നു. ‘പണ്ടുപണ്ട് ഞങ്ങളുടെ പ്രീഡിഗ്രിക്കാലത്ത്...’ എന്ന ഗൃഹാതുരത്വമൂറുന്ന വാക്കുകളിൽ ആ വസന്തത്തിന്റെ ഇലത്തോർച്ചയുണ്ട്. കാൽനൂറ്റാണ്ടായി കോളജുകൾക്ക് പ്രീഡിഗ്രി നഷ്ടപ്പെട്ടിട്ട്. ആ വേർപാടിന്റെ ഓർമയ്ക്കും അത്രയും വയസ്സ്.

പിന്നെ കാലം ഒരുപാട് മാറി. ക്യാംപസുകളുടെ നടപ്പുരീതികൾ മാറി. ജീവിത സാഹചര്യങ്ങൾക്കും മാറ്റം വന്നു. പഠനരീതിയും പരീക്ഷക്രമവും മാറി.  എന്നിട്ടും ഓർമകളിൽ പ്രീഡിഗ്രിക്കാലങ്ങൾ വന്ന് മുട്ടിവിളിക്കുന്നതെന്താണ്? സത്യത്തിൽ കാരണം ഒന്നുമില്ല. അനുഭവിച്ചവർക്കു മാത്രം പറഞ്ഞറിയിക്കാൻ കഴിയുന്ന കൗമാരത്തിന്റെ കൊടിയേറ്റക്കാലം.

പത്താം ക്ലാസിന്റെ മഹാകടമ്പ ചാടിക്കടക്കുന്നവരുടെയൊക്കെ സ്വപ്നങ്ങളിൽ പ്രീഡിഗ്രിക്ക് ചേരണമെന്ന മോഹമുണ്ടാകും. സയൻസും കണക്കും ഇഷ്ടപ്പെടുന്നവർക്ക് ഫസ്റ്റ് ഗ്രൂപ്പും സെക്കൻഡ് ഗ്രൂപ്പും. ചരിത്രത്തിന്റെ പിറകെ സഞ്ചരിക്കുന്നവർക്ക് തേഡ് ഗ്രൂപ്പ്. വാണിജ്യക്കാർക്ക് ഫോർത്ത് ഗ്രൂപ്പ്.

ബസിൽ കയറി മറ്റൊരു ലോകത്ത് എത്തുന്ന അതിശയഭ്രമം തുടങ്ങുന്ന കാലമാണത്. വലിയ ക്യാംപസുകളിൽ ആയിരത്തിൽ ഒരുവനോ ഒരുത്തിയോ ആകുന്നതും ആത്മഹർഷമായിരുന്നു. നാട്ടിൻപുറത്ത് കോളജ് കുമാരനെന്നോ കുമാരിയെന്നോ വിശേഷണം കിട്ടും.

പ്രീഡിഗ്രിക്കാലം ഉത്സവകാലമായിരുന്നു. വലിയ കോളജിലെ വലിയ ക്ലാസിലെ ഇളംതലമുറ. മൂത്ത തലമുറയുടെ പ്രതീക്ഷയുടെ ഒളിനോട്ടങ്ങൾ. തീവ്രത കൂടിയും കുറഞ്ഞും റാഗിങ് ലീലകൾ. സമരങ്ങൾ, ബഹളങ്ങൾ, തിരഞ്ഞെടുപ്പ് മഹാഘോഷങ്ങൾ, കലോത്സവങ്ങൾ, എൻഎസ്എസ്, എൻസിസി, കായിക മത്സരങ്ങൾ. അവയ്ക്കൊക്കെ കാഴ്ചക്കാരാകാനോ പങ്കെടുക്കാനോ അസുലഭ അവസരങ്ങൾ. നിർബന്ധമില്ലാത്ത ഹാജരുകൾ, മുൻബെഞ്ചിലെ കുട്ടികളെ മാത്രം തിരിച്ചറിയുന്ന അധ്യാപകർ. ക്ലാസ്മുറിയിലെ അതിഥികളോ അപരിചിതരോ ആകാൻ പ്രീഡിഗ്രിക്കാർക്കുള്ള പ്രലോഭനങ്ങൾ. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയായിരുന്നില്ല.

ഇത്തരം മൈനർ സെറ്റ് ഭ്രമങ്ങൾക്കിടയിലും മുതിർന്നവരായിപ്പോയെന്ന തോന്നൽ ഉണ്ടാക്കാനും പ്രീഡിഗ്രിക്കാലം സഹായിച്ചു. എന്തൊക്കെയോ ആയെന്നോ ആകണമെന്നോ ഉള്ള ധാരണയിലേക്ക് കൗമാര മനസ്സുകളെ എത്തിച്ചിരുന്നത് പ്രീഡിഗ്രിയാണ്.

ക്യാംപസ് രാഷ്ട്രീയത്തിലും പ്രീഡിഗ്രിക്കാരായിരുന്നു നിർണായക ശക്തി. അവരെത്തുമ്പോഴാണ് ക്യാംപസ് ഉണരുക. നവാഗതർക്കു സ്വാഗതം ഒരുക്കുന്നതിൽ തുടങ്ങും ശക്തിപ്രകടനം. തിരഞ്ഞെടുപ്പു കാലത്ത് എല്ലാ കണ്ണുകളും അവരിലേക്ക് തിരിയും. അവരാണ് യഥാർഥ വോട്ട് ബാങ്ക്. അവരിലാണ് ജനാധിപത്യം ചുറ്റിത്തിരിയുന്നത്. 

ആഘോഷങ്ങൾ മാത്രമായിരുന്നില്ല പ്രീഡിഗ്രി. സ്വന്തം ഇടം തിരിച്ചറിയുന്നതിൽ ആ കാലത്തിനൊരു പങ്കുണ്ടായിരുന്നു. കോളജിലെ വലിയ ലൈബ്രറികൾ, വലിയ ലാബകൾ, മുൻതലമുറയിലെ മാതൃകകൾ ഒക്കെ സ്വയം തിരഞ്ഞെടുക്കേണ്ട വഴികളുടെ സാധ്യതകൾ നൽകി. അഭിരുചികൾക്ക് അരങ്ങും പ്രോത്സാഹനവും കിട്ടി.

പ്രീഡിഗ്രിയെ ക്യാംപസിന്റെ പടിയിറക്കി വിട്ടതിന്റെ നഷ്ടം ക്യാംപസിനു കൂടിയായിരുന്നു. നാലായിരം കുട്ടികളിൽനിന്ന് മൂന്നിലൊന്നായി അതിന്റെ സജീവത ചുരുങ്ങി. കോളജുകൾക്കടുത്തുള്ള ട്യൂഷൻ സെന്ററുകളിലും ബുക്ക് സ്റ്റാളുകളിലും സിനിമ തിയേറ്ററുകളിലും തിരക്കൊഴിഞ്ഞു.

പ്രീഡിഗ്രി പോയതോടെ ക്യാംപസുകളുടെ പ്രകൃതം വല്ലാതെ മാറി. പണ്ട്, ക്യാംപസിൽ പ്രീഡിഗ്രി പഠിച്ച്, കൗമാരത്തിന്റെ എല്ലാ വിക്രിയകളും നടത്തി പാകമായാണ് കുട്ടികൾ ഡിഗ്രി ക്ലാസിലെത്തിയിരുന്നത്. 40നു മുകളിൽ വിജയശതമാനം ഉയരാത്ത പ്രീഡിഗ്രി കണിശമായ അരിപ്പയായിരുന്നു. ഇന്ന് ഡിഗ്രിക്ക് എത്തുന്നവർക്ക് ക്യാംപസ് പുതിയ അനുഭവമാണ്. അവർക്ക് പ്രീഡിഗ്രിക്കു ചേരുന്നവരുടെ മനസ്സും പകപ്പുമാണ്. ക്യാംപസിന്റെ സജീവത മങ്ങി. എവിടെയോ എന്തോ ചേർച്ചക്കുറവുകൾ. കാരണം ഇതാകാം.

ഇളംപൂക്കളെ ഇറുത്തു കളഞ്ഞതിന്റെ മരവിപ്പ് ഇന്നത്തെ ക്യാംപസിനുണ്ട്. ഇടനാഴികളിലും ലൈബ്രറികളിലുമൊക്കെ അതു ദൃശ്യമാണ്.

Content Summary : Memories About Predegree Campus

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS