ADVERTISEMENT

1962ലെ ചൈനീസ് ആക്രമണകാലത്ത് ചിലരിലെങ്കിലും പരിഭ്രാന്തി സൃഷ്ടിച്ച് തീപോലെ പടർന്ന വാർത്ത – ശത്രുക്കൾ നമ്മുടെ കരസേനയിലെ വയർലെസ് സംവിധാനം മുഴുവൻ മുറിച്ചുകളഞ്ഞ് ആശയവിനിമയം തകരാറിലാക്കി. തെല്ലു കഴിഞ്ഞാണ് വാർത്തയിലെ മണ്ടത്തരം പലരുമോർത്തത്. വ‌യർലെസിന്റെ അർഥം ഓർക്കാത്തവർ. ഡ്രോൺ എന്നാൽ പൈലറ്റില്ലാവിമാനം എന്നാണ് ഇപ്പോൾ പ്രചാരത്തിലുള്ള അർഥം. പക്ഷേ ഡ്രോൺ–പൈലറ്റ് പരിശീലനത്തിന് അംഗീകൃത സ്ഥാപനങ്ങളുണ്ടെന്നതാണു വാസ്തവം. ഡ്രോൺ കുട്ടിക്കളിയല്ല.

 

പിഎൽഐ (പ്രൊഡക്‌ഷൻ–ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതിപ്രകാരം ഡ്രോൺ വ്യവസായത്തിന് അടുത്ത 3 വർഷത്തിനകം 120 കോടി രൂപ സഹായധനം നൽകുമെന്നു 2021 സെപ്റ്റംബർ 15നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചിരുന്നു. വരുംവർഷങ്ങളിൽ ഇന്ത്യയിൽ ഒരു ലക്ഷം ഡ്രോൺ പൈലറ്റുമാരെ ആവശ്യം വരുമെന്നും മന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യയെ ആഗോള ഡ്രോൺ ഹബ് ആക്കുകയും ലക്ഷ്യമാണ്. രക്ഷാപ്രവർത്തനത്തിനു ഡ്രോണുകൾ വാങ്ങാൻ കേരളത്തിലെ അഗ്നിരക്ഷാസേന രണ്ടേകാൽ കോടി വകയിരുത്തിയെന്നും വാർത്ത വന്നിരുന്നു.

 

സെൻസറും ക്യാമറയും ഇലക്ട്രോണിക് ട്രാൻസ്മിറ്ററും ഘടിപ്പിച്ച പറക്കുംകംപ്യൂട്ടറാണ് ഡ്രോൺ അഥവാ യുഎവി (അൺമാൻഡ് ഏരിയൽ വെഹിക്കിൾ). ഇതിൽ പൈലറ്റോ വേറെ ജീവനക്കാരോ ഇല്ല. വിദൂരനിയന്ത്രണമോ, അതിനുള്ളിലെ കംപ്യൂട്ടർ കൊണ്ടുള്ള സ്വയംനിയന്ത്രണമോ ആകാം. കിറുകൃത്യമായ ഫോട്ടോയും വിഡിയോയും എടുക്കാൻ ഇതിനു കഴിയും.

 

 എന്തിനെല്ലാം ഉപയോഗിക്കാം ?

 

ശത്രുരാജ്യത്തെ വിശദനിരീക്ഷണവും വിവരശേഖരണവുമടക്കം രാജ്യസുരക്ഷ, കാവൽജോലി, യുദ്ധം, കാലാവസ്ഥ, കൃഷി, ഖനനം, ജേണലിസം, സിനിമാനിർമാണം, അത്യാഹിത മാനേജ്മെന്റ്, ഇൻഷുറൻസ്, സർവേയിങ്, ഭൂപടനിർമാണം, റിയൽ എസ്റ്റേറ്റ്, വന / വന്യജീവി സംരക്ഷണം, പൊലീസ്, സിവിൽ നിർമാണം, ട്രാഫിക് നിയന്ത്രണം, എണ്ണ – പ്രകൃതിവാതക മേഖല  , ആശയവിനിമയം, വൈദ്യുതിപ്രേഷണം (ട്രാൻസ്മിഷൻ), സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, വിനോദം തുടങ്ങി വിവിധ മേഖലകളിൽ ഡ്രോൺ സേവനം പ്രയോജനപ്പെടുത്താം. പുതിയ മേഖലകളിലേക്കു ഡ്രോൺ ഉപയോഗം വ്യാപിക്കുകയാണ്. അതിന്റെ ഫലമായി കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാകും.

 

 ജോലികളെന്തെല്ലാം ?

 

ഡ്രോൺ പൈലറ്റ് (റിമോട്ട് ഓപ്പറേറ്റർ), സോഫ്റ്റ്‌വെയർ എൻജിനീയർ, മെക്കാനിക്കൽ / എയ്റനോട്ടിക്കൽ / ഇലക്ട്രോണിക് / കംപ്യൂട്ടർ പരിപാലന വിദഗ്ധർ, ഡേറ്റാ അനലിസ്റ്റ്.

 

 പൈലറ്റ് പരിശീലനം: വ്യവസ്ഥകളിങ്ങനെ

 

വിമാനയാത്ര സംബന്ധിച്ച സമസ്ത കാര്യങ്ങളും നിയന്ത്രിക്കുന്ന ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, www.dgca.gov.in) തന്നെയാണ് റിമോട്ട് പൈലറ്റ് ട്രെയിനിങ്ങും ഏർപ്പാടു ചെയ്യുന്നത്. ഡ്രോണിന്റെ ഭാരം (MTOW: maximum takeoff weight) അനുസരിച്ച് പൈലറ്റ് പരിശീലനം വിഭജിച്ചിട്ടുണ്ട്:

 

∙ നാനോ: 250 ഗ്രാം വരെ

∙ മ‌ൈക്രോ: 250 ഗ്രാം– 2 കിലോഗ്രാം

∙ സ്മോൾ: 2–25 കിലോഗ്രാം

∙ മീഡിയം: 25–150 കിലോഗ്രാം

∙ ലാർജ്: 150 കിലോഗ്രാമിൽ കൂടുതൽ

 

നാനോ, മൈക്രോ വിഭാഗങ്ങളിൽ വാണിജ്യേതര ഉപയോഗത്തിനു പരിശീലനം വേണമെങ്കിലും ലൈസൻസ് ആവശ്യമില്ല. 500 കിലോഗ്രാം വരെ ഡ്രോണിന് അനുമതിയുണ്ട്. പുതിയ വ്യവസ്ഥകൾ 2021 ഓഗസ്റ്റ് 25ലെ കേന്ദ്രസർക്കാർ ഗസറ്റിലുണ്ട് – https://egazette.nic.in/WriteReadData/2021/229221.pdf.

 

ഡിജിസിഎ അംഗീകാരമുള്ള പരിശീലന സ്ഥാപനങ്ങൾ

 

ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി, റായ് ബറേലി, യുപി (കേന്ദ്ര സർക്കാർ); ആൽക്കെമിസ്റ്റ് ഏവിയേഷൻ, ജംഷഡ്പുർ, ജാർഖണ്ഡ്; അംബീഷൻസ് ഫ്ലയിങ് ക്ലബ്, അലിഗഡ്, യുപി; ഫ്ലൈടെക് ഏവിയേഷൻ അക്കാദമി, സെക്കന്തരാബാദ്, തെലങ്കാന; പയനിയർ ഫ്ലയിങ് അക്കാദമി, അലിഗഡ്, യുപി; റെഡ്ബേഡ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമി, ബാരാമതി, മഹാരാഷ്ട്ര; ദ് ബോംബെ ഫ്ലയിങ് ക്ലബ്, മുംബൈ

 

കോഴ്സിൽ ചേരുന്നതിനു മുൻപ് അംഗീകാരമുണ്ടെന്ന് www.dgca.gov.in സൈറ്റ് നോക്കി ഉറപ്പാക്കണം. മിക്ക സ്ഥലത്തും മൈക്രോ, സ്മോൾ എന്നിവയ്ക്ക് 5 ദിവസത്തെ പരിശീലനം നൽകുന്ന രീതിയാണുള്ളത്. മറ്റുള്ളവയ്ക്ക് അൽപം കൂടുതൽ ദിവസങ്ങൾ വേണ്ടിവരും. പത്താം ക്ലാസ് ജയിച്ച് 18 വയസ്സു തികഞ്ഞവർക്ക് അപേക്ഷിക്കാം. 65 കവിയരുത്. ലൈസൻസിനു 10 വർഷത്തെ പ്രാബല്യമുണ്ട്. വിവരങ്ങൾക്ക് അതതു സ്ഥാപനങ്ങളുമായി ബന്ധപ്പെടാം.

 

Content Summary : How and where to find work as a Drone Pilot or Industry Professional

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com