ADVERTISEMENT

ചോദ്യം: അഗ്രികൾചർ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളും സാധ്യതകളും വിശദീകരിക്കാമോ ?

ജോസ് പ്രകാശ്

 

ഉത്തരം: കൃഷിമേഖലയിൽ മെച്ചപ്പെട്ട ജോലി കിട്ടാൻ സഹായിക്കുന്ന പ്രോഗ്രാമാണ് ബിഎസ്‌സി അഗ്രികൾച‍ർ. അഖിലേന്ത്യാ തലത്തിലെ പ്രവേശനം ഐസിഎആർ പ്രവേശനപരീക്ഷ വഴിയും കേരളത്തിലെ പ്രവേശനം നീറ്റ്-യുജി വഴിയുമാണ്. പഠനശേഷം ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, നബാർഡ്, ബാങ്കുകൾ, സർക്കാർ കൃഷി ഓഫിസുകൾ എന്നിവിടങ്ങൾക്കു പുറമേ ഗവേഷണരംഗത്തും സ്വകാര്യ മേഖലയിൽ ഫുഡ് പ്രോസസിങ്, അഗ്രി - പ്രൊഡക്‌ഷൻ സ്ഥാപനങ്ങളിലും അവസരമുണ്ട്.

 

ദേശീയതലത്തിലെ പ്രധാന സ്ഥാപനങ്ങൾ:

 

ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി; ജി.ബി.പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചർ & ടെക്നോളജി, പന്ത് നഗർ, ഉത്തരാഖണ്ഡ്; ചൗധരി ചരൺ സിങ് ഹരിയാന അഗ്രികൾചറൽ യൂണിവേഴ്സിറ്റി, ഹിസാർ, ഹരിയാന; പ്രഫ. ജയശങ്കർ തെലങ്കാന സ്റ്റേറ്റ് അഗ്രികൾചറൽ യൂണിവേഴ്സിറ്റി, ഹൈദരാബാദ്; പഞ്ചാബ് അഗ്രികൾചറൽ യൂണിവേഴ്സിറ്റി, ലുധിയാന, പഞ്ചാബ്.

 

കേരള കാർഷിക സർവകലാശാലയുടെ വിവിധ ക്യാംപസുകളിലായി ബിഎസ്‌സി അഗ്രികൾചർ, ബിഎസ്‌സി ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസസ്, ഡിപ്ലോമ (അഗ്രികൾചറൽ സയൻസസ് / ഓർഗാനിക് അഗ്രികൾചർ), എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമുകളുണ്ട്. കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ബിടെക് (ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി), ഡിപ്ലോമ (ഡെയറി സയൻസ്, പൗൾട്രി പ്രൊഡക്‌ഷൻ, ഫീഡ് ടെക്നോളജി) കോഴ്സുകളുണ്ട്. ഓരോ പ്രോഗ്രാമിനുമുള്ള യോഗ്യതയും പ്രവേശന രീതിയും സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽനിന്നറിയാം.

 

ചില അനുബന്ധ പഠന മേഖലകളും സ്ഥാപനങ്ങളും

 

∙ അഗ്രികൾചർ എൻജിനീയറിങ്: കൃഷി ഉപകരണങ്ങളുടെ രൂപകൽപനയും നൂതന കൃഷി സങ്കേതങ്ങളും പഠിക്കുന്ന ശാഖ.

 

സ്ഥാപനങ്ങൾ: ജി.ബി.പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചർ & ടെക്നോളജി, അഗ്രികൾചറൽ എൻജിനീയറിങ് & റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കോയമ്പത്തൂർ; കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ് & ടെക്നോളജി, തവനൂർ, മലപ്പുറം

 

∙ അഗ്രികൾചർ ഇക്കണോമിക്സ്: ഭൂമി, വെള്ളം തുടങ്ങിയ വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗത്തിലൂടെ മികച്ച ഉൽപാദനത്തിനും വിപണനത്തിനുമുള്ള വഴികൾ പഠിപ്പിക്കുന്നു. സ്ഥാപനങ്ങൾ: ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി; നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാൽ (ഡെയറി ഇക്കണോമിക്സ്); ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്, മുംബൈ (എംഎസ്‌സി ഇക്കണോമിക്സ് - സ്പെഷലൈസേഷൻ: അഗ്രി ഇക്കണോമിക്സ്); യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ സയൻസസ്, ബെംഗളൂരു; ജി.ബി. പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചർ, മീററ്റ്, യുപി

 

∙ അഗ്രി ബിസിനസ് മാനേജ്മെന്റ്: മെച്ചപ്പെട്ട കാർഷികോൽപാദനം, മാർക്കറ്റിങ്, ഫാം മാനേജ്മെന്റ് എന്നിവ പഠനവിഷയങ്ങൾ.

സ്ഥാപനങ്ങൾ: ഐഐഎം അഹമ്മദാബാദ്; ആനന്ദ് അഗ്രികൾചറൽ യൂണിവേഴ്സിറ്റി; ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി; അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി

∙ ഡെയറി സയൻസ്, ഡെയറി ടെക്നോളജി: പാലുൽപന്നങ്ങളുടെ സംസ്കരണം, സംഭരണം, ക്വാളിറ്റി കൺട്രോൾ തുടങ്ങിയവയും ഇവയ്ക്കാവശ്യമായ സാങ്കേതികവിദ്യകളും പഠിപ്പിക്കുന്നു.

സ്ഥാപനങ്ങൾ: നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാൽ, ഹരിയാന; ആനന്ദ് അഗ്രികൾചറൽ യൂണിവേഴ്സിറ്റി

∙ ഫോറസ്റ്റ് മാനേജ്മെന്റ്: വനമേഖലയുമായി ബന്ധപ്പെട്ട ഭരണപരവും നിയമ, സാമ്പത്തിക, സാമൂഹിക കാര്യങ്ങളും പഠിപ്പിക്കുന്ന ശാഖ.

സ്ഥാപനങ്ങൾ: ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഡെറാഡൂൺ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ്, ഭോപാൽ

∙ ഫുഡ് ടെക്നോളജി / ഫുഡ് എൻജിനീയറിങ്: ഭക്ഷ്യസംസ്കരണ രീതികൾ, അവയുടെ സാങ്കേതികവിദ്യ, മാർക്കറ്റിങ് തുടങ്ങിയവ പഠിക്കാം.

സ്ഥാപനം: നിഫ്റ്റെം (NIFTEM) തഞ്ചാവൂർ, സോനിപ്പത്ത്; ഖരഗ്പുർ, ഗുവാഹത്തി ഐഐടികൾ, ജാമിയ ഹംദർദ്, ഡൽഹി

∙ പ്ലാന്റേഷൻ മാനേജ്മെന്റ്: പ്ലാന്റേഷനുകളിലും അഗ്രി - ബിസിനസ് മേഖലകളിലും മാനേജ്മെന്റ്, ഇക്കണോമിക്സ് തത്വങ്ങൾ പ്രയോഗിക്കുന്നതിനെക്കുറിച്ചുള്ള പഠനം.

 

സ്ഥാപനം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റ്, ബെംഗളൂരു

 

∙ ഫ്ലോർ മില്ലിങ് ടെക്നോളജി: യന്ത്രസഹായത്തോടെ ധാന്യങ്ങൾ പൊടിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ.

സ്ഥാപനം: ഇന്റർനാഷനൽ സ്കൂൾ ഓഫ് മില്ലിങ് ടെക്നോളജി, മൈസൂരു

 

Content Summary : Agriculture - Courses, Entrance Exams, Scope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com