ADVERTISEMENT

ഈ വർഷത്തെ ‘ഗേറ്റ്’ പരീക്ഷ കഴിഞ്ഞു. ഐഐഎസ്‌സി ബെംഗളൂരുവും ബോംബെ, ഡൽഹി, ഖരഗ്പുർ, മദ്രാസ്, കാൻപുർ, റൂർക്കി, ഗുവാഹത്തി ഐഐടികളും പങ്കാളിത്ത അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷ എൻജിനീയറിങ് വിദ്യാർഥികൾക്ക് മികച്ച ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും മികച്ച ജോലികളിലേക്കും കവാടം തുറക്കുന്നു. ഏഴുലക്ഷത്തിലധികം വിദ്യാർഥികൾ ഇത്തവണത്തെ ‘ഗേറ്റ്’ എഴുതിയെന്നാണു കണക്ക്.

 

29 വിഷയങ്ങളിലാണ് ‘ഗേറ്റ്’ എഴുതാവുന്നത്; ഭൂരിഭാഗവും എൻജിനീയറിങ് വിഷയങ്ങൾ തന്നെ. എന്നാൽ ലൈഫ് സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളുമുണ്ട്. ഫലത്തിൽ എൻജിനീയറിങ് ഇതര വിഭാഗക്കാർക്കും ഗേറ്റ് സ്കോർ വലിയൊരു സാധ്യതയാണ്. മൂന്നു വർഷമാണ് ഗേറ്റ് സ്കോറിന്റെ കാലാവധി. അതിനാൽ തന്നെ റെസ്യൂമെകളിൽ മികവ് അടയാളപ്പെടുത്താനുള്ള എൻട്രിയായി ഗേറ്റ് സ്കോറിനെ എൻജിനീയറിങ് ഇതര വിഭാഗക്കാർക്കും കരുതി വയ്ക്കാം.

 

∙ഹ്യുമാനിറ്റീസ്

 

ഗേറ്റിൽ എക്സ്എച്ച് (XH) എന്ന കോഡുള്ള പേപ്പറാണു ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്. ഈ മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് എഴുതാവുന്ന ഈ പേപ്പർ 2020ലാണ് ആദ്യമായി ഗേറ്റിൽ ഉൾപ്പെടുത്തിയത്. ഇക്കണോമിക്സ്, ഇംഗ്ലിഷ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ്, സോഷ്യോളജി, സൈക്കോളജി, ഫിലോസഫി എന്നീ വിഷയങ്ങളിൽ പരീക്ഷയെഴുതാം. ബിരുദാനന്തര ബിരുദമുള്ളവർക്ക് ഐഐടികളിൽ ഉൾപ്പെടെ പിഎച്ച്ഡിക്കു ചേരാം. സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, നങ്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നിവയും പിജിക്കും പിഎച്ച്ഡിക്കും ഈ ഗേറ്റ് സ്കോർ പരിഗണിക്കുന്നുണ്ട്. ഇവർ ശാസ്ത്ര വിഷയങ്ങളിലും ഗേറ്റ് സ്കോർ പരിഗണിക്കും. ശാസ്ത്രവിഷയങ്ങളിൽ ടിയു മ്യൂണിക്, ആർഡബ്ല്യുടിഎച്ച് ആകെൻ (RWTH Aachen) എന്നീ ജർമൻ സ്ഥാപനങ്ങളും ഗേറ്റ് പരിഗണിക്കും.

gate

 

ഭാവിയിൽ കേന്ദ്ര സ്ഥാപനങ്ങളിൽ ഹ്യുമാനിറ്റീസുമായി ബന്ധപ്പെട്ട തസ്തികകളിൽ ഗേറ്റ് സ്കോർ പരിഗണിച്ചേക്കുമെന്ന് ഈ പേപ്പർ ഉൾപ്പെടുത്തുമ്പോൾ ഐഐടി ബോംബെ ഡയറക്ടർ സുഭാശിഷ് ചൗധരി പറഞ്ഞിരുന്നു. കോഴിക്കോട് ഐഐഎമ്മിലെ ഹ്യുമാനിറ്റീസ് ഫെലോ പ്രോഗ്രാമിലേക്കും ഗേറ്റ് സ്കോർ പരിഗണിക്കും.

 

∙സയൻസ്, മാത്‌സ്...

 

ശാസ്ത്ര വിദ്യാർഥികൾക്കിടയിലും ഗേറ്റിനു പ്രസക്തിയേറിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസസ് പേപ്പറുകൾ ഗേറ്റിനുണ്ട്. പിജിക്കുശേഷം ഗേറ്റ് വഴി ഐഐടികളിൽ എംടെക്കിനും പിഎച്ച്ഡിക്കും ചേരാം. ഭാഭാ അറ്റോമിക് റിസർച് സെന്ററിലെ ഒസിഇഎസ് പ്രോഗ്രാമുകളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ജിയോളജി തുടങ്ങിയ പേപ്പറുകളിൽ മികച്ച സ്കോർ നേടുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

 

ഒഎൻജിസി, ഐഒസിഎൽ തുടങ്ങിയയവ കെമിസ്ട്രിയിലെ ഗേറ്റ് സ്കോർ പരിഗണിച്ച് കെമിസ്റ്റുകളെ എടുത്തിട്ടുണ്ട്. ചില സ്ഥാപനങ്ങൾ ഒപ്പം പ്രവൃത്തിപരിചയവും ചോദിക്കാറുണ്ട്. ജിയോളജി ഗേറ്റിൽ ഉന്നത റാങ്ക് നേടിയവരെയും ഒഎൻജിസി നിയമിച്ചിട്ടുണ്ട്. എൻജിനീയറിങ് സിലക്‌ഷനുമായി തട്ടിച്ചുനോക്കുമ്പോൾ തോത് വളരെ കുറവാണെന്നുമാത്രം. മാത്‌സിൽ ഗേറ്റ് സ്കോർ നേടുന്നവർക്ക് ഐഐടികൾ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിലെ മാത്‌സുമായി ബന്ധപ്പെട്ട എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

 

 

റെസ്യൂമെയെ സമ്പന്നമാക്കും

 

‘ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്’ എന്ന നിലയിലാണ് എൻജിനീയറിങ് ഇതര മേഖലകളിൽ ഗേറ്റിന്റെ പ്രസക്തി. അതുകൊണ്ടാണ് തങ്ങൾ പഠിച്ച വിഷയത്തിന്റെ കോർ സെക്ടറിലുകളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഗേറ്റ് സ്കോർ വിദ്യാർഥികൾക്കു സഹായകമാകുന്നത്. വിദേശ ജോലികൾക്കും മറ്റും അപേക്ഷിക്കുമ്പോൾ റെസ്യൂമെയിൽ എന്താണു ഗേറ്റ് എന്നു ചെറുതായി വിവരിക്കേണ്ടി വരും.

 

Content Summary : Opportunities after GATE For Science Humanities Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com