ADVERTISEMENT

ഏതു നാട്ടിൽപോയി ജോലി ചെയ്താലും ദേഷ്യം വന്നാൽ മാതൃഭാഷയിൽ ചീത്തവിളിക്കുക എന്ന ബലഹീനത ചിലർക്കുണ്ട്. സഹപ്രവർത്തകയായ നഴ്സിനു സംഭവിച്ച അത്തരമൊരു അമളിയെക്കുറിച്ചാണ് കുവൈത്തിൽ ജോലി ചെയ്യുന്ന ദീപക് സ്റ്റാൻലി പറയുന്നത്. തന്റെയൊപ്പമുള്ള ഡോക്ടർ തനി മലയാളിയാണെന്ന് തിരിച്ചറിയാതെ ഓഡിയോളജിസ്റ്റ് അദ്ദേഹത്തെ മലയാളത്തിൽ ശകാരിച്ച കഥ ദീപക് പറയുന്നു...

‘ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം

കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’

എന്നാണല്ലോ മഹാകവി വള്ളത്തോൾ പറഞ്ഞിരിക്കുന്നത്. തമിഴ്നാട്ടുകാരുടെയും കന്നഡക്കാരുടെയും അത്രയും തിളയ്ക്കില്ലെങ്കിലും മലയാളികളും നമ്മുടെ നാട്, ഭാഷ എന്നതിലൊക്കെ അഭിമാനം കൊള്ളുന്നവരാണ്. പ്രത്യേകിച്ച് കേരളത്തിനു പുറത്തു വച്ച് ഒരു മലയാളിയെ കാണുമ്പോൾ. പറയാൻ പറ്റാതെ അടക്കിപ്പിടിച്ചിരിക്കുന്ന നമ്മുടെ മാതൃഭാഷ ചറപറാന്നൊഴുകും.

കുവൈത്തിൽ ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ പകുതിയിൽ കൂടുതലും മലയാളികൾ ആണ്. കൂടെ ജോലി ചെയ്യുന്ന ഹിന്ദിക്കാരെയും തമിഴരെയും എന്തിന്, സിംഹളക്കാരെ വരെ ഞങ്ങൾ മലയാളം പഠിപ്പിച്ചതല്ലാതെ ഹിന്ദിയിലോ ഇംഗ്ലിഷിലോ സംസാരിക്കാൻ അങ്ങനെ മിനക്കെടാറില്ല.  നിവൃത്തിയില്ലാത്തതു കൊണ്ട് ആവശ്യഘട്ടങ്ങളിൽ അറബി പ്രയോഗിക്കും. മലയാളം കൊണ്ട് മറ്റൊരു പ്രയോജനം കൂടി ഉണ്ട്. അത്ര നല്ലതല്ലാത്ത ശീലമാണ്. ഭാഷ അറിയാത്തവർ വരുമ്പോൾ അവരെപ്പറ്റി കമന്റ്‌ അടിക്കാനും ഇഷ്ടമില്ലാത്തവരെ അവർക്കറിയാത്ത രീതിയിൽ ചീത്ത വിളിക്കാനും മാതൃഭാഷ തന്നെ ശരണം.

ഒരു ദിവസം ഞങ്ങളുടെ അടുത്തുള്ള ആശുപത്രിയിലെ ഒരു ഡോക്ടർ ഞങ്ങളുടെ സൂപ്പർവൈസറെ അന്വേഷിച്ചു വന്നു. ഡോക്ടറുടെ പേര് സക്കീർ ഹുസൈൻ. ഒരു ശരാശരി മലയാളിക്ക് ആകെ അറിയാവുന്ന സക്കീർ ഹുസൈൻ തബല വിദ്വാൻ ആയ സക്കീർ ഹുസൈൻ ആണല്ലോ. ഈ ഡോക്ടർക്കും ഒരു ഉത്തരേന്ത്യൻ ഛായ ആണ്. ഞങ്ങളോട് സംസാരിക്കുന്നത് മുഴുവൻ ഇംഗ്ലിഷിലും. ഒരു സഹപ്രവർത്തക വലിയ ആവേശത്തോടെ ഡോക്ടറെയും കൊണ്ട് സൂപ്പർവൈസറുടെ മുറിയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ പുള്ളിക്കാരി അവിടെയില്ല, ടെസ്റ്റിങ് റൂമിലാണ്.

‘Please sit here doctor. I will call the supervisor and come.’ എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ കഥാനായിക ടെസ്റ്റിങ് റൂമിലേക്ക് പോയി. പറഞ്ഞത് മനസ്സിലാവാഞ്ഞിട്ടാണോ എന്തോ പുറകെ നമ്മുടെ ഡോക്ടറും ചെന്നു. ടെസ്റ്റിങ് റൂമിൽ രോഗിയെ പരിശോധിക്കുന്നതു കൊണ്ട് വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. കഥാനായിക പോയി മുട്ടിയിട്ട് വാതിൽ തുറക്കുന്നില്ല. ഡോക്ടർ പുറകിൽത്തന്നെയുണ്ട് താനും. 

താൻ ശശിയാവുന്നത് ഡോക്ടർ കാണാതിരിക്കാൻ വേണ്ടി പുള്ളിക്കാരി ഒന്നുകൂടി പറഞ്ഞു. ‘Doctor, you sit in her room. I will bring her’. പക്ഷേ ഡോക്ടർക്ക് അനക്കമില്ല. ‘No problem’ എന്നു പറഞ്ഞ് പുള്ളി അവിടെത്തന്നെ നിൽപ്പാണ്. രണ്ട് പ്രാവശ്യം പറഞ്ഞിട്ടും പുള്ളി കേൾക്കാത്തതു കൊണ്ടും വാതിൽ എത്ര മുട്ടിയിട്ടും തുറക്കാത്തതു കൊണ്ടും നമ്മുടെ കഥാനായികയ്ക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങി. ‘ഇങ്ങേർക്ക് പറഞ്ഞാലും മനസ്സിലാവില്ലേ?. വടി പോലെ ഇവിടെ നിന്നോളും. അവിടെ പോയി ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഓരോ മാരണങ്ങൾ’. ഡോക്ടർ ആണെങ്കിൽ ഒരു ഭാവ വ്യത്യാസവുമില്ലാതെ അവിടെത്തന്നെ നിൽക്കുന്നു.

ഈ സംഭവമെല്ലാം നേരേ എതിർവശത്തുള്ള മുറിയിലിരുന്ന് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കഥാനായികയ്ക്ക് അറിയാത്ത ഒരു സത്യം പക്ഷേ ഞങ്ങൾക്ക് അറിയാമായിരുന്നു. ആ ഡോക്ടർ ഒരു പച്ച മലയാളിയാണെന്ന്. ഡോക്ടർ ഞങ്ങൾക്ക് പുറംതിരിഞ്ഞാണ് നിൽക്കുന്നത്. അവിടെ പിറുപിറുക്കൽ തുടങ്ങിയതേ ഞങ്ങൾ അപ്പുറത്തെ മുറിയിൽനിന്ന് കയ്യും കാലും കാണിക്കാൻ തുടങ്ങി. ഭാഗ്യത്തിന് ശുദ്ധ മലയാളത്തിലേക്ക് കടക്കുന്നതിനു മുൻപേ പുള്ളിക്കാരി ഞങ്ങളുടെ ആക്‌ഷൻ കണ്ടു. 

എന്തോ കുഴപ്പം ഉണ്ടെന്ന് മനസ്സിലായതും ഡോക്ടറോട് 'Okay, supervisor is inside this room doctor. She will open now.' എന്ന് പറഞ്ഞിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ ഞങ്ങളുടെ മുറിയിലേക്ക് വന്നു. അകത്തു കയറി വാതിൽ അടച്ചതും എല്ലാവരും കൂടി ഒരു അട്ടഹാസം ആയിരുന്നു. നമ്മുടെ കഥാനായിക അപ്പോഴും എന്താണ് സംഭവം എന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ്. എന്തായാലും ഇത്രയും നാണംകെട്ട ഒരു സംഭവം പിന്നീട് പുള്ളിക്കാരിയുടെ ജീവിതത്തിൽ ഉണ്ടായിക്കാണില്ല....

(ഡോക്ടർ സക്കീർ ഹുസൈൻ ഇത് വായിക്കുകയാണെങ്കിൽ എന്റെ സഹപ്രവർത്തകയുടെ ഈ അബദ്ധം ദയവായി ക്ഷമിച്ചാലും.)

Manorama Online Career Work Experience Series Deepak Stanley Memoir Representative Image Shutterstock
ദീപക് സ്റ്റാൻലി

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Deepak Stanley Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com