ADVERTISEMENT

ഓഫിസിലെ ആദ്യദിവസങ്ങളിൽ അബദ്ധം പറ്റുന്നത് വളരെ സാധാരണമാണ്. അത്തരമൊരു അബദ്ധത്തിന്റെ കഥയാണ് കൊച്ചിയിൽ ജോലിചെയ്യുന്ന രഞ്ജിത് മണ്ണാർക്കാട് പങ്കുവയ്ക്കുന്നത്. ഒഫിഷ്യൽ മെയിൽ ഐഡിയിൽ വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതിനു പകരം ഓഫിസ് സമയത്ത് പഴ്സനൽ മെയിൽ ഐഡിയിൽ വന്ന സന്ദേശങ്ങൾക്ക് മറുപടിയയച്ചതും അത് ടീം ലീഡർ കൈയോടെ പൊക്കിയതുമായ അനുഭവത്തെക്കുറിച്ച് രഞ്ജിത് മണ്ണാർക്കാട് പറയുന്നു:

 

ആദ്യമായി ജോലി കിട്ടി ഒരു ഓഫിസിൽ എത്തിയ കാലം. കൊച്ചിയിൽ ജോലി കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ. സ്വന്തം കംപ്യൂട്ടർ, എസി ഓഫിസ്. ആദ്യമായിട്ടാണ് എസിയിൽ ഇരിക്കുന്നത്. എന്താ കുളിര്! കംപ്യൂട്ടറിൽ വിൻഡോസ് 98 കണ്ടു മടുത്ത എനിക്ക് മൈക്രോസോഫ്റ്റ്‌ എക്സ്പി ആദ്യമായി കയ്യിൽ കിട്ടിയ ത്രില്ല്. ഇതൊന്നും പോരാത്തതിന് ഐടി കമ്പനി ആയതുകൊണ്ടുള്ള തരുണീമണികളുടെ കലപിലയും. സ്വർഗത്തിൽ ഒരു റിവോൾവിങ് ചെയർ ഇട്ട അവസ്ഥ.

 

ഓഫിസിലെ അടിപൊളി ടേബിളിൽ വച്ചിരിക്കുന്ന മൊഞ്ചുള്ള കംപ്യൂട്ടർ, കീബോർഡ് വയ്ക്കാനുള്ള സ്പെഷൽ ട്രേ. അതിൽ കുഞ്ഞുകുഞ്ഞ് ഓഫിസ് സ്റ്റേഷനറി ഐറ്റംസ് ഇടാനായി  കുഞ്ഞു ബോക്സ്, ആ ബോക്സിൽ തീപ്പെട്ടി വയ്ക്കാം എന്ന് എന്നെ പഠിപ്പിച്ച നൻപൻ. കാൽ നീട്ടി പിന്നിലേക്ക് ചാരി ഇരുന്നു സ്വപ്നം കാണാൻ പറ്റുന്ന കസേരയിൽ ഇരുന്ന് ആ കമ്പനിയുടെ ചെയർമാൻ വരെ ആയി ഞാൻ സ്വയം വാഴുകയായിരുന്നു.

 

ജോലിക്ക് കയറിയ ആദ്യ ദിവസങ്ങൾ ഹണിമൂൺ പോലെ ആണല്ലോ. എനിക്കാണെങ്കിൽ റൂമിൽ പോകാനേ ഇഷ്ടം ഉണ്ടായിരുന്നില്ല. റൂമിൽ എസി ഇല്ലല്ലോ. നമ്മൾക്കാണെങ്കിൽ എസി ഇല്ലാതെ പറ്റില്ല എന്നായിരിക്കുന്നു.  ട്രെയിനിങ് ഒക്കെ ബലേ ഭേഷ്. പഠിപ്പിക്കുന്ന ആൾക്കല്ലാതെ നമുക്കൊന്നും തലേൽകേറില്ലലോ. അതാണല്ലോ ഈ ട്രെയിനിങ്. എന്നാൽ എല്ലാം മനസ്സിലായതു പോലെ കാണിക്കേം വേണം. 

 

ട്രെയിനിങ്ങിനിടെ ടീം ലീഡർ ഒരു ഓർഡർ തന്നു. ഡെയിലി മെയിൽ ചെക്ക് ചെയ്യണം. എന്നിട്ട് ഓരോ മെയിലിനും റിപ്ലെ കൊടുക്കണം. ഓഫിസിൽ വന്നാൽ ആദ്യം ചെയ്യേണ്ട പണി അതാണ്‌. മെയിൽ ചെക്കിങ്. ഞാൻ തല കുലുക്കി. എനിക്കാകെ മനസ്സിലായത് അത് മാത്രമായിരുന്നു.

 

എനിക്കീ മെയിൽ എന്നൊക്കെ പറഞ്ഞാൽ അന്നുള്ളതിൽ യാഹൂ, റെഡിഫ് ഇതൊക്കെ അറിയൂ. ലേശം കൂടെ കടന്നു ചിന്തിച്ചാൽ സിഫി മെയിൽ. ഔട്ട്‌ ലുക്ക്‌ എന്ന സാധനമാണ് ഓഫിസുകളിൽ ഒക്കെ ഓഫിഷ്യൽ മെയിൽ എൻജിൻ  ആയി ഉപയോഗിക്കുകയെന്ന്  പണ്ട് കംപ്യൂട്ടർ ക്ലാസ്സിൽ പഠിപ്പിച്ചിരുന്നു. പക്ഷേ എനിക്ക് അതിനെപ്പറ്റി വല്യ പിടിയുണ്ടായിരുന്നില്ല. അങ്ങനെ ട്രെയിനിങ് കഴിഞ്ഞ് ഓരോ കംപ്യൂട്ടറും തന്നു ഞങ്ങളെ ജോലിക്കിരുത്തി.

 

ട്രെയിനിങ്ങിനിടെ ഒരു മെയിൽ ഐ ഡി എനിക്കും തന്നിരുന്നു. അതിന്റെ ഉപയോഗം ഒന്നും അറിയില്ല. ആ ഓഫിസിൽ പുതിയതായി ജോലിക്ക് കയറിയ എനിക്ക് ആര് മെയിൽ അയയ്ക്കാനാണ്. എന്റെ പഴയ ഐഡിയിൽ ആകെ മെയിൽ അയയ്ക്കുന്നത് ഉയിർ നൻപൻ രാകേഷ് ആണ്. അവൻ അന്ന് വാഗമണ്ണിൽ എംബിഎ പഠിക്കാൻ പോയിരിക്കുകയാണ്. നെറ്റ് ഫ്രീ ആയി കിട്ടിയതിനാലും വീട്ടുകാരെ പറ്റിച്ചിട്ട് ഒരു ലാപ്ടോപ്പ് സംഘടിപ്പിച്ചതിനാലും ചെക്കൻ വെറുതേ എനിക്ക് മെയിൽ അയക്കും.

 

ഞാൻ ഡെയ്‌ലി വരും. എൻറെ യാഹൂ ഐഡി ചെക്ക് ചെയ്യും. ഒരു കാര്യോം ഇല്ലാത്ത മെയിലുകൾക്ക് ഒക്കെ റിപ്ലെയും കൊടുക്കും. നോ റിപ്ലെ എന്നു പറഞ്ഞു വരുന്ന മെയിലുകൾക്കു വരെ ഞാൻ റിപ്ലൈ കൊടുക്കുമായിരുന്നു. അങ്ങനെ രണ്ടു മൂന്നു ദിവസം മുന്നോട്ട് നീങ്ങി. ഒരുനാൾ സുപ്രഭാതത്തിൽ ഞാൻ രാകേഷ് അയച്ച ഒരു കാര്യോം ഇല്ലാത്ത മെയിലിനു റിപ്ലേ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. അവന്റെ കോളജ് കാന്റീനിലെ ഉഴുന്നുവടയിലെ ഉപ്പ് കുറഞ്ഞതിനെപ്പറ്റിയും ദോശയുടെ വലുപ്പത്തിൽ ഉണ്ടാവുന്ന മാറ്റത്തിനെ പറ്റിയും പതിനെട്ട് ദോശ എണ്ണി എടുത്ത് പിന്നെ പത്തൊൻപതാമത്തെ എണ്ണുമ്പോൾ കാന്റീനിലെ ചേട്ടൻ രൂക്ഷമായി നോക്കിയതിനെക്കുറിച്ചുമൊക്കെ മെയിൽ അയച്ചു പറഞ്ഞപ്പോൾ ഞാൻ അവനെ സമാധാനിപ്പിക്കുവാനായി വാക്കുകൾ പരതുകയായിരുന്നു. 

 

അങ്ങനെ പരതുമ്പോഴുണ്ട് ടീം ലീഡർ ചേട്ടൻ എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാൻ അന്ന് പതിവില്ലാത്ത വിധം വിനായാന്വിതൻ ആയി. കാരണം അങ്ങേരു ശട്ടം കെട്ടിയ പണിയല്ലേ ഞാൻ ഈ ചെയ്യണേ. മെയിലിനു റിപ്ലേ അയയ്ക്കൽ. ആ മെയിൽ അയച്ചു കഴിഞ്ഞാൽ രണ്ടു അശ്വതി അച്ചുമാർക്ക് (ഓൾഡ് വേർഷൻ) കൂടി മറുപടി അയച്ചാൽ ഇന്നത്തെ മെയിൽ ചെക്കിങ് കഴിഞ്ഞു. പിന്നെ ഡെയ്‌ലി ഉള്ള പണികളിൽ എന്തേലും ഒക്കെ ചെയ്യണം. എനിക്ക് ഈ വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ലായിരുന്നു.

 

അങ്ങനെ അപ്പോൾ ടൈപ്പ് ചെയ്തുകൊണ്ടിരുന്ന മെയിൽ സെന്റ് ബട്ടൺ ഞെക്കിയ ശേഷം ഞാൻ അങ്ങേരുടെ മുഖത്തേക്കു നോക്കി. പ്രിയ ശിഷ്യൻ യാഹൂ മെയിൽ എടുത്ത് വെച്ച് ഒരാവശ്യോം ഇല്ലാത്ത മെയിൽ യീഹാന്ന് വെച്ച് കീറണത് നോക്കി പുള്ളി കുറച്ചു നേരം ഇരുന്നു. പുള്ളീടെ മുഖത്താണെങ്കിൽ ദേഷ്യവും ചിരിയും സഹതാപോം എല്ലാം കൂടെ ഒരു പ്രത്യേക ഭാവം.

 

കസേര എന്റെ അടുത്തേക്ക് നീക്കി ഇട്ട് അങ്ങേരു മാക്സിമം ക്ഷമ ആവാഹിച്ചു കൊണ്ട് ചോദിച്ചു. ‘‘അല്ല ഡാ, നീ എന്താ ഈ ചെയ്യുന്നേ?’’

 

‘‘ഞാൻ മെയിലിനു റിപ്ലെ കൊടുക്കാ. ഇനി രണ്ടെണ്ണം കൂടെയുള്ളൂ. എന്നിട്ട് പണി തുടങ്ങണം. ചേട്ടനല്ലേ പറഞ്ഞത്. രാവിലെ വന്നാൽ ആദ്യം മെയിൽ നോക്കി റിപ്ലെ കൊടുക്കണമെന്ന്. ഈ വർഷത്തെ ബെസ്റ്റ് എംപ്ലോയീ അവാർഡ് എനിക്കു തന്നെ. എന്തെന്നില്ലാത്ത ആത്മ സന്തോഷത്തിൽ ഞാൻ ചിരിച്ചു. 

 

എന്റെ ഇളി കണ്ടിട്ട് അങ്ങേരുടെ മുഖഭാവം പതുക്കെ മാറാൻ തുടങ്ങി. ‘‘നിനക്ക് ഞാൻ രണ്ടു മെയിൽ അയച്ചിരുന്നു. നീ എന്താ റിപ്ലെ തരാഞ്ഞേ?’’

 

‘‘എനിക്കോ? എവിടെ? ഞാൻ കണ്ടില്ലലോ’’. ഞാൻ എന്റെ ഇൻബോക്സ് കാണിച്ചു കൊടുത്തു. നേരത്തേ പറഞ്ഞ പ്രമോഷണൽ മെയിലിന്  വരെ ഞാൻ റിപ്ലെ കൊടുത്തിട്ടുണ്ട്. ഇങ്ങേരുടെ മെയിൽ ഇനിയിപ്പോൾ പിൻ കോഡ് മാറി വേറെ ആളുടെ അഡ്രസ്സിലേക്ക് പോയോ എന്തോ?.

Manorama Online Career Work Experience Series Ranjith Mannarkkad Memoir
രഞ്ജിത് മണ്ണാർക്കാട്

 

എന്റെ നിഷ്കളങ്കത മുഴുവൻ പ്രദർശിപ്പിച്ച് ഞാൻ അങ്ങേരെ സാകൂതം നോക്കി. മൂപ്പരാണെങ്കിൽ എന്നെ ഞെക്കി കൊല്ലണോ അതോ വെട്ടിക്കൊല്ലണോ എന്ന് ആലോചിക്കുന്ന വേട്ടേഷ് കുമാർ ആയി മാറി. 

 

‘‘ഇതാണോഡാ നിന്റെ ഐഡി? നിനക്ക് ജോയിൻ ചെയ്ത സമയത്തു തന്ന ഐഡി എവിടെ? അത് ചെക്ക് ചെയ്തോ എന്നാണു നിന്നോട് ചോദിച്ചത്. അല്ലാതെ നിന്റെ പഴ്സണൽ മെയിൽ ഡ്യൂട്ടി സമയത്ത് ഓപ്പൺ ചെയ്യാൻ ആരാ പറഞ്ഞത്?. കുറച്ചധികം ദേഷ്യം കൊണ്ടാണെന്നു തോന്നണു. മൂപ്പർ കംപ്യൂട്ടർ ടേബിളിൽ ദാദര (തബലയിലെ ഒരു താളം. 3/3 ആണ് കണക്ക്) താളത്തിൽ ഒരു അടി അടിച്ചു. മോണിറ്റർ ടർർർർ ന്നു വിജ്രംഭിച്ചു. 

 

സംഗതി ശരിയാണല്ലോ. എനിക്കൊരു ഐഡി തന്നാർന്നു. അതിപ്പോൾ എവിടാണോ ആവോ? എന്റെ തലക്ക് ചുറ്റും പൊന്നീച്ചകൾ അറഞ്ചം പുറഞ്ചം പാറി. 

 

രണ്ടു സെക്കൻഡ് ആലോചനക്ക് ശേഷം പാവങ്ങളിൽ പാവം ആയി ഞാൻ പറഞ്ഞു. ‘‘നിങ്ങൾ അതിൽ ആണോ മെയിൽ അയച്ചേ? അത് ഞാൻ മറന്നു പോയി. അത് ഏതു സൈറ്റിലാ ചേട്ടാ ചെക്ക് ചെയ്യാ? എനിക്കറീല്ല. സോറി’’. എന്റെ നിസ്സാഹായവസ്ഥ ഞാൻ രണ്ടു കയ്യും പൊക്കി സമ്മതിച്ചു. കൂട്ടത്തിൽ ആകെ അറിയാവുന്ന ഇംഗ്ലിഷും വെച്ച് കീറി. മ്മള് മോശക്കാരൻ ആവാൻ പാടില്ലല്ലോ 

 

‘‘അപ്പോൾ മെയിൽ ചെക്ക് ചെയ്തോ എന്നു ചോദിച്ചപ്പോൾ ചെയ്തു എന്ന് പറഞ്ഞത് അന്റെ ഈ യാഹൂ മെയിൽ ആണല്ലേ? കോള്ളാലോഡാ നീ’’. എന്റെ ആകെമൊത്തം ഉള്ള എരിപിരി കണ്ടിട്ട് മൂപ്പർക്ക് ചിരീം വരണുണ്ട്. ദേഷ്യം ഒന്ന് അയഞ്ഞതു പോലെ. 

 

‘‘അതേയ്, ഞാൻ കരുതി മെയിൽ ന്ന് പറഞ്ഞപ്പോ’’ ആകെ ചമ്മി നാശായി ഞാൻ ചുമ്മാ ചിരിച്ചു.

 

എന്റെ മുഖം കണ്ടപ്പോൾ മൂപ്പർക്കും വന്നു ചിരി. ‘‘മര്യാദക്ക് ഇത് ക്ലോസ് ചെയ്തിട്ട് ഔട്ട് ലുക്ക് തുറക്കെടാ. അവന്റെയൊരു യാഹൂ. നീ അപ്പോൾ എക്സ്പെർട്ട് ഇൻ മൈക്രോസോഫ്റ്റ് ഓഫിസ് എന്നൊക്കെ ബയോഡാറ്റയിൽ വെറുതെ എഴുതി വച്ചതാ അല്ലേ? നിനക്ക് ഇതൊന്നും ഒരു പിടീം ഇല്ലാല്ലേ? അപ്പോൾ നിന്നെ ഒന്നുകൂടി ഇന്റർവ്യൂ ചെയ്യണല്ലോ.’’

 

ബയോഡാറ്റയുടെ കാര്യമൊന്നും പറയണ്ട. ഏതേലും ഡിറ്റിപി സെന്ററിൽ പോവുക. അവിടെയുള്ള ചേട്ടനോട് പറഞ്ഞാൽ അങ്ങേരു പേരും ബാക്കി കാര്യങ്ങളും മാറ്റി ഒരു പേപ്പർ പ്രിന്റ് ചെയ്തു തരും. അതാണ് ബയോഡാറ്റാ. അതിൽ എന്തൊക്കെ നുണകൾ എഴുതാൻ പറ്റുമോ, അതൊക്കെ എഴുതും. അതൊക്കെ വിശ്വസിച്ച് എനിക്ക് ജോലി തന്ന ഈ ചങ്ങാതിയെ ഇപ്പോൾത്തന്നെ പിരിച്ചു വിടണം. ഹമ്പട.  ടീം ലീഡറാത്രെ ടീം ലീഡർ.

 

‘‘അത്. അല്ല എനിക്കറിയാമായിരുന്നു. ഔട്ട് ലുക്കല്ലേ. നല്ല ലുക്കുള്ള ഐറ്റം. അതെനിക്കറിയാം. പക്ഷേ പെട്ടെന്നു ഞാൻ വിട്ടു പോയതാ. അല്ലാതെ’’ ആകെ ചമ്മി നാറി ഞാൻ. 

 

ക്യാബിനിലുള്ള ലലനാ മണികൾ എല്ലാം എന്നെ നോക്കി വായപൊത്തി ചിരിക്കുന്നു. ഈ കുരിപ്പോൾക്ക് ഒക്കെ അവരവരുടെ പണി നോക്ക്യാ പോരെ? പണ്ടാരടങ്ങാൻ ഈ ഓഫിസിൽ ഒരു ബോംബ് വീണു പൊട്ട്യാർന്നെങ്കിൽന്നു വരെ ഞാൻ ചിന്തിച്ചു. കൂട്ടത്തിൽ നല്ലതിനെ നോക്കി ലൈൻ അടിക്കണം എന്നൊക്കെ ചിന്തിച്ചു കൂട്ടി ഇരുന്ന ഞാനാ. എല്ലാം പൊകഞ്ഞില്ലേ?

 

‘‘ഡാ, ഡാ, കിടന്നുരുളണ്ട. ആദ്യത്തെ ആയതുകൊണ്ട് ഞാൻ ക്ഷമിച്ചു. ഇനി ഓഫിസ് ടൈമിൽ ഇമ്മാതിരി ഉഡായിപ്പ് (ആദ്യായിട്ട് ആ വാക്ക് കേൾക്കണത് അന്നാണ്) കാണിച്ചാൽ ഉണ്ടല്ലോ. ബാക്കി അപ്പോൾ. ഉം. വേഗം പണി ചെയ്യ്. ആ മെയിൽ ഒക്കെ വായിച്ചു നോക്കി റിപ്ലെ താ. വേഗം’’.

 

എനിക്ക് തരാനുള്ള ബാക്കി ഉപദേശങ്ങൾ ചപ്രം ചിപ്രം വാരി വിതറി മൂപ്പര് അടുത്ത ഇരയെ പിടിക്കാൻ ഇറങ്ങി. ഞാനാണെങ്കിൽ ആകെ ചമ്മി നാറി ഒരു വഴിക്കായി. ഇത്തരം സന്ദർഭങ്ങളിൽ കുറച്ചു ആശ്വാസം കിട്ടാറുള്ള ടോയ്‌ലറ്റ് എന്ന സ്വർഗ്ഗത്തിലേക്ക് ഞാൻ പതുക്കെ സ്കൂട്ടായി. 

 

താഴേക്ക് നോക്കി നാണിച്ചു പോകുന്ന എന്നെ നോക്കി ചിരിക്കുന്ന സുന്ദരിമാരുടെ ഇടയിലൂടെ. ഇതുങ്ങളെ ആണല്ലോ മാതാവേ ഞാൻ അത്രേം കാലം സുന്ദരികളായി കണക്കാക്കിയിരുന്നത്. ഇതുങ്ങൾ സുന്ദരികൾ അല്ല ഭീകരികളാ. ഇങ്ങളെ ഒരാളേം ഞാൻ പ്രേമിക്കൂല്ല ഡീ. ആഹാ...എന്നെ കിട്ടാത്ത നഷ്ട ബോധത്തിൽ നിങ്ങൾ ഉഴലും. അത് ഞാൻ ഇവിടിരുന്നു നോക്കി കാണുമെടീ കച്ചറകളെ.  അധികം നേരം അവിടെ നിക്കാതെ ഞാൻ ക്യാബിനു പുറത്തേക്ക് ചാടിയിറങ്ങി. കൊറച്ചു ആശ്വാസം കിട്ടാൻ. 

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Ranjith Mannarkkad Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com