ത്രീ ഇഡിയറ്റ്‌സിലെ ഫർഹാനെപ്പോലെയാവരുത്, ഉപരിപഠനവഴികൾ തീരുമാനിക്കുമ്പോൾ മനസ്സിലുറപ്പിക്കണം ചിലത്

HIGHLIGHTS
  • എസ്എസ്എൽസി ഫലം നാളെ
  • ഏതു കരിയർ ലക്ഷ്യം വയ്ക്കണം?
career-selection
SHARE

ആമിർ ഖാനും മാധവനും ഷർമൻ ജോഷിയും മുഖ്യ വേഷങ്ങളിലെത്തിയ ‘3 ഇഡിയറ്റ്സ്’ എന്ന ചിത്രത്തിൽ ഫർഹാൻ (മാധവൻ) ജനിക്കുമ്പോൾ അച്ഛൻ പറയുന്നുണ്ട് - ‘‘മേരാ ബേഠാ എൻജിനീയർ ബനേഗാ.’’ ഫൊട്ടോഗ്രഫിയിൽ തൽപരനായിട്ടും അച്ഛന്റെ ആഗ്രഹത്തിനു വഴങ്ങി ഫർഹാൻ ഇംപീരിയൽ കോളജിൽ ചേരുന്നു. കുട്ടികളുടെ അഭിരുചികൾക്കു പ്രാധാന്യം നൽകാത്ത ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് ‘3 ഇഡിയറ്റ്സ്’. കുട്ടികൾ ജനിക്കുമ്പോൾ തന്നെ അവർ ഏതു കരിയർ തിരഞ്ഞെടുക്കണമെന്നു തീരുമാനമെടുക്കുന്ന മാതാപിതാക്കൾ കണ്ടിരിക്കേണ്ട സിനിമയാണിത്.

എസ്എസ്എൽസി ഫലം നാളെ പുറത്തുവരികയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡ് പരീക്ഷാഫലങ്ങളും വരാനിരിക്കുന്നു. ഇവരിലാരും ഉപരിപഠനവഴികൾ തീരുമാനിക്കുമ്പോൾ ‘3 ഇഡിയറ്റ്സി’ലെ ഫർഹാനെപ്പോലെയാവ രുത്. സ്വന്തം ഭാവിയെക്കുറിച്ചും കരിയറിനെക്കുറിച്ചും കൃത്യമായ ആസൂത്രണം വേണം. പ്ലസ്ടു, പോളിടെക്നിക്, ഐടിഐ തുടങ്ങി വഴികൾ പലതുണ്ട് മുന്നിൽ. ഏതു തിരഞ്ഞെടുക്കണം എന്നതിനു ചില സൂചനകൾ നൽകാം.

∙ഏതു സ്ട്രീം 

പ്ലസ്ടുവിനു സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ മൂന്നു പഠന സ്ട്രീമുകളിൽ ഉചിതമായത് എങ്ങനെ തിരഞ്ഞെടുക്കും ? എറ്റവും നല്ല സ്ട്രീം എന്നൊന്നില്ല. ഒരാൾക്കു പറ്റിയ സ്ട്രീം മറ്റൊരാൾക്കു യോജിക്കണമെന്നില്ല. ചില മാർഗനിർദേശങ്ങൾ:

∙ പ്രഥമ പരിഗണന അഭിരുചിക്കു തന്നെ. ഇഷ്ട വിഷയങ്ങൾ, താൽപര്യം എന്നിവ വിശകലനം ചെയ്ത് ഉപരിപഠന ലക്ഷ്യം തീരുമാനിക്കാം. അതനുസരിച്ചാകണം തുടർപഠനം.

∙ ആദ്യ പരിഗണന സയൻസ്, അതു കിട്ടിയില്ലെങ്കിൽ കൊമേഴ്‌സ്, അതുമില്ലെങ്കിൽ ഹ്യുമാനിറ്റീസ് എന്ന രീതിയിൽ ചിന്തിക്കുന്നവരുണ്ട്. ഇവയിലെല്ലാം മികച്ച കരിയർ സാധ്യതകളുണ്ട് എന്നറിയുക. ‘‘നല്ല മാർക്കുണ്ടല്ലോ, എന്നിട്ടുമെന്തിന് ഹ്യുമാനിറ്റീസ് എടുക്കുന്നു’’ എന്നു ചോദിക്കുന്നവർക്കു ചെവികൊടുക്കാതിരിക്കുക. ഇഷ്ടപ്പെട്ടത് ഇഷ്ടത്തോടെ പഠിക്കുക. അവസരങ്ങൾ പിന്നാലെ വന്നുകൊള്ളും.

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിൽ നിന്ന്
ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിൽ നിന്ന്

∙ സ്ട്രീമുകളിലെ വിഷയങ്ങളും ശ്രദ്ധിക്കണം; പ്രത്യേകിച്ചും സയൻസിൽ. മെഡിസിൻ, നഴ്സിങ് തുടങ്ങിയവ പഠിക്കാനാഗ്രഹിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി / ബയോടെക്നോളജി എന്നിവ നിർബന്ധമായും പഠിക്കണം. അതുപോലെ, പൈലറ്റ് പഠനം, എൻജിനീയറിങ് എന്നിവയിൽ തൽപരരായവർ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവ തിരഞ്ഞെടുക്കണം.

∙ പ്ലസ്ടുവിനു ശേഷം ശാസ്ത്ര വിഷയങ്ങൾ തുടർന്നുപഠിക്കാൻ ആഗ്രഹിക്കുന്നവർ പ്ലസ്ടു തലത്തിൽ മാത്‌സ് പഠിക്കുന്നത് അഭികാമ്യം. ഇക്കണോമിക്സ്, കൊമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങളിൽ തുടർപഠനം ആഗ്രഹിക്കുന്നവരും പ്ലസ്ടു തലത്തിൽ മാത്‌സ് പഠിക്കുന്നതു നന്നായിരിക്കും.

∙ പ്ലസ്ടുവിനു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കുന്നവർക്ക് എണ്ണമറ്റ തുടർപഠന സാധ്യതകളുണ്ട്. പക്ഷേ, മറ്റു കോംബിനേഷനുകളെ അപേക്ഷിച്ച് കൂടുതൽ പ്രയത്നവും വേണം.

∙ ഓക്സിലിയറി നഴ്സ് & മിഡ്‌വൈഫറി കോഴ്സിന് ഏതു പ്ലസ്ടു ജയിച്ചവരെയും പരിഗണിക്കുമെങ്കിലും ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതാകും ഉചിതം.

∙ ഏതു സ്ട്രീം പഠിക്കുന്നവർക്കും പിന്നീട് കൊമേഴ്സ്, ഹ്യുമാനിറ്റീസ് മേഖലകളിലേക്കു തിരിയാം.

∙ഏതു ബോർഡ് 

പത്തിനു ശേഷം ഹയർ സെക്കൻഡറി പഠനത്തിനു പുതിയ ബോർഡ് തിരഞ്ഞെടുക്കുന്നവരുണ്ട്. കൂടുതൽ മാർക്ക് ലഭിക്കുമെന്ന തോന്നലാണു കാരണം. കേരള എൻട്രൻസ് (കീം) റാങ്ക് നിർണയിക്കാൻ പ്ലസ്ടു മാർക്ക് കൂടി കണക്കിലെടുക്കുമെന്നതു പരിഗണിച്ചാണു പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ എൻട്രൻസിൽ മികച്ച റാങ്ക് നേടാൻ ബോർഡ് മാറ്റം പോലുള്ള കുറുക്കുവഴികൾ തേടേണ്ടതില്ല എന്നാണു മുൻവർഷ അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

∙ ബോർഡ് മാർക്ക് അതേപടി ചേർത്തല്ല, പരീക്ഷയുടെ കടുപ്പവും വിജയശതമാനവും പരിഗണിച്ച് നിശ്ചിത ഫോർമുല വഴി സമീകരിച്ച് എൻട്രൻസ് സ്കോറുമായി ചേർത്താണ് അന്തിമ റാങ്ക് നിർണയിക്കുന്നത്.

∙ ബോർഡ് ഏതെന്നതിനേക്കാൾ സ്കൂളിന്റെ നിലവാരം, ഭൗതിക സൗകര്യങ്ങൾ, പഠന വിഷയങ്ങൾ, അധ്യാപക ലഭ്യത എന്നിവയ്ക്കു മുൻതൂക്കം നൽകാം.

∙ വൊക്കേഷനൽ ഹയർ സെക്കൻഡറി കോഴ്സും (വിഎച്ച്എസ്ഇ) പ്ലസ്ടുവിനു തുല്യം തന്നെയാണ്. പ്ലസ്ടു വിഷയങ്ങളോടൊപ്പം ഒരു തൊഴിലധിഷ്ഠിത വിഷയം കൂടി പഠിക്കാനാകുമെന്നതാണു മെച്ചം. പക്ഷേ, നാം തിരഞ്ഞെടുക്കുന്ന സ്കൂളിൽ അഭിരുചിക്കിണങ്ങുന്ന വൊക്കേഷനൽ വിഷയം ലഭ്യമാകണമെന്നില്ല. അതതു സ്കൂളുകളുടെ നിലവാരം ഉൾപ്പെടെയുള്ള ഘടകങ്ങളും പരിശോധിച്ചു തീരുമാനമെടുക്കാം.

∙ഏത് എൻട്രൻസ് 

എൻജിനീയറിങ്, മെഡിസിൻ എന്നിവയിൽ മാത്രമല്ല, മിക്ക മേഖലകളിലും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം എൻട്രൻസ് പരീക്ഷകളിലൂടെയാണ്. ചില പ്രധാന പ്രവേശനപരീക്ഷകൾ മേഖല തിരിച്ചു ചുവടെ:

∙ എൻജിനീയറിങ്: ജെഇഇ മെയിൻ / അഡ്വാൻസ്ഡ്, കീം

∙ മെഡിസിൻ / അനുബന്ധ മേഖലകൾ: നീറ്റ്

∙ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പഠനം: സിയുഇടി–യുജി

∙ ഡിസൈൻ: യുസീഡ്, എൻഐഡി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

∙ ആർക്കിടെക്ചർ: നാറ്റാ (അഭിരുചിപരീക്ഷ), ജെഇഇ

∙ നിയമം: ക്ലാറ്റ്

∙ മാനേജ്മെന്റ് പഠനം: ഐപി മാറ്റ്

∙ ഹോട്ടൽ മാനേജ്മെന്റ്: എൻസിഎച്ച്എം ജെഇഇ

ഇഷ്ട മേഖല തീരുമാനിച്ചുകഴിഞ്ഞാൽ ആ മേഖലയിലെ പ്രധാന പ്രവേശനപരീക്ഷകളിലേക്കുള്ള തയാറെടുപ്പ് നേരത്തേ തുടങ്ങാം. ഏതു മേഖല തീരുമാനിച്ചാലും അതിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണു ലക്ഷ്യം വയ്ക്കേണ്ടത്. ശാസ്ത്രപഠനത്തിനു രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്രങ്ങളായ ബെംഗളൂരു ഐഐഎസ്‌സി, തിരുവനന്തപുരം ഉൾപ്പെടെ വിവിധ ഐസ‍‍ർ ക്യാംപസുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനു ജെഇഇ അഡ്വാൻസ്ഡിനു പുറമേ മറ്റു രീതികളുമുണ്ട്. ഇവ പ്രത്യേകം മനസ്സിലാക്കണം.

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിൽ നിന്ന്
ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിൽ നിന്ന്

രക്ഷിതാക്കളും സുഹൃത്തുക്കളും

∙ തീരുമാനങ്ങൾ അടിച്ചേൽപിക്കരുത് എന്നതുപോലെ തന്നെ കുട്ടിക്ക് ഇഷ്ടപ്പെട്ടതു പഠിക്കട്ടെ എന്നുപറഞ്ഞു മാറിനിൽക്കുകയുമരുത് രക്ഷിതാക്കൾ. കുട്ടികളുടെ പഠന താൽപര്യങ്ങൾ വിലയിരുത്തി അവരുമായി മനസ്സുതുറന്ന ചർച്ച നടത്തണം. ആവശ്യമെങ്കിൽ അധ്യാപകരുടെയും കരിയർ വിദഗ്ധരുടെയും അഭിപ്രായം തേടണം.

∙ സുഹൃത്തുക്കൾ ഇതാണു പഠിക്കുന്നത് എന്നതുകൊണ്ട് ചില കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുണ്ട്. അതു തെറ്റാണ്. നമ്മുടെ കഴിവുകളും അഭിരുചികളും വിഭിന്നമായിരിക്കുമെന്ന് ഓർക്കുക.

വിദേശപഠനത്തിനും അഭിരുചിപരീക്ഷകൾ

വിദേശപഠനം ലക്ഷ്യം വയ്ക്കുന്നവർ 11-ാം ക്ലാസ് മുതലേ തയാറെടുപ്പു തുടങ്ങണം. യുഎസിലെയും മറ്റു പല രാജ്യങ്ങളിലെയും പ്രവേശനത്തിന് SAT / ACT സ്കോറുകൾ വേണ്ടി വരാം. ഇവയ്ക്കുള്ള തയാറെടുപ്പ് 

പതിനൊന്നാം ക്ലാസിലേ തുടങ്ങുന്നതാകും ഉചിതം. മികച്ച പ്രൊഫൈൽ ഉണ്ടാക്കാനും ശ്രമിക്കണം. IELTS / TOEFL തുടങ്ങിയ ഭാഷാ പരീക്ഷകളിലും മികച്ച സ്കോർ നേടേണ്ടിവരും.

പ്ലസ്ടു മാർക്കും പ്രധാനം

കേരളത്തിൽ ബിരുദപ്രവേശനത്തിനു നിലവിൽ പ്ലസ്ടു മാർക്കാണു പരിഗണിക്കുന്നത്. ഡിഎൽഎഡ്, പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങിയവയ്ക്കും ഇങ്ങനെയാണ്. അതുകൊണ്ട് പ്രവേശനപരീക്ഷകളുടെ തിരക്കിനിടയിലും, പ്ലസ്ടു

വിന് ഉയർന്ന മാർക്ക് നേടാൻ ശ്രദ്ധിക്കുക. ചില കോഴ്സുകളിൽ പ്രവേശനത്തിന് മുഖാമുഖം, ഉപന്യാസം, സംഘ ചർച്ച എന്നിവയും കണ്ടേക്കാം. അതുകൊണ്ടു മികച്ച ആശയവിനിമയ ശേഷി ആർജിക്കാനും ശ്രദ്ധിക്കുക.

സാങ്കേതിക പഠനം,ബിടെക്കിനു പുറമേ

സാങ്കേതിക മേഖലകളിൽ ബിടെക് / ബിഇ മാത്രമല്ല, ഐടിഐ, കെജിസിഇ, പോളിടെക്നിക് കോഴ്സുകളുമുണ്ട്. പത്തിൽ ഉപരിപഠനയോഗ്യത നേടാത്തവർക്കും ചേരാവുന്ന ഐടിഐ കോഴ്സുകളുമുണ്ട്. ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഇലക്ട്രിഷ്യൻ, കാർപെന്റർ എന്നിവ ഐടിഐകളിലെ ചില കോഴ്സുകൾ. നോൺ എൻജിനീയറിങ് കോഴ്സുകളും ലഭ്യം. ഉദാ: ഡ്രസ് മേക്കിങ്, ഫൊട്ടോഗ്രഫി. എൻജിനീയറിങ് മേഖലയിൽ ടെക്നിഷ്യനായി തുടങ്ങി ഉയർന്ന തലങ്ങളിലെത്താൻ പോളിടെക്നിക് പഠനം ഉപകരിക്കും. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങി പരമ്പരാഗത ബ്രാഞ്ചുകളും റൊബോട്ടിക്സ്, ബയോമെഡിക്കൽ പോലുള്ള നൂതന ബ്രാഞ്ചുകളുമുണ്ട്. ഡിപ്ലോമയ്ക്കുശേഷം ലാറ്ററൽ എൻട്രി പഠനം വഴിയോ ജോലിയിലിരിക്കെ സായാഹ്ന കോഴ്സുകൾ വഴിയോ എൻജിനീയറിങ് ബിരുദവും നേടാം.

Content Summary : Before choosing a course, look at your interests 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA