സ്വൈര്യജീവിതം അസാധ്യമാക്കുന്നത് ആ മനോഭാവം, പരസ്പരം ബഹുമാനിക്കാൻ പഠിക്കാം

HIGHLIGHTS
  • സ്വന്തമെന്നു കരുതി കൈവശം വയ്ക്കുന്നവപോലും പൂർണമായും സ്വന്തമല്ല.
  • സ്വന്തമായതൊന്നും ആരും പിരിയാൻ അനുവദിക്കുകയുമില്ല.
sharing-habit
Representative Image. Photo Credit: fizkes/ Shutterstock
SHARE

സംഭാഷണത്തിനിടെ അയാൾ സുഹൃത്തിനോടു പറഞ്ഞു: വാസ്തവത്തിൽ രാജാവിനു നികുതി കൊടുക്കുന്നത് അനാവശ്യമാണ്. കാര്യമന്വേഷിച്ച സുഹൃത്തിന്റെ സംശയവും അയാൾ നീക്കി: നാണയങ്ങൾ മുഴുവൻ അടിക്കുന്നതു രാജാവിന്റെ കൊട്ടാരത്തിലാണ്. അദ്ദേഹത്തിന് ആവശ്യമുള്ളത് എടുക്കാമല്ലോ. സുഹൃത്ത് പറഞ്ഞു: രാജാവിനാവശ്യം നാണയമല്ല, നിന്റെ കൈവശമുള്ള നാണയമാണ്.

പൊതുവായതൊന്നും ആർക്കും പ്രിയപ്പെട്ടവയല്ല. സ്വന്തമായതൊന്നും ആരും പിരിയാൻ അനുവദിക്കുകയുമില്ല. എല്ലാവരുടേതുമെന്നു കരുതപ്പെടുന്നവയോടുള്ള നിസ്സംഗതയും അവനവന്റേതു മാത്രമെന്ന് ഉറപ്പുള്ളവയോടു കാണിക്കുന്ന സ്വാർഥതയുമാണു സ്വൈരജീവിതം അസാധ്യമാക്കുന്ന അനീതി. സ്വകാര്യസ്വത്തു സംരക്ഷണത്തിലെ ആത്മാർഥതയുടെ പാതിയെങ്കിലും പൊതുസ്വത്തു കൈകാര്യം ചെയ്യുന്നതിലുണ്ടെങ്കിൽ പൊതുവായതൊന്നും ഉപയോഗശൂന്യമാകുകയോ നശിക്കുകയോ ഇല്ല. സ്വന്തം ഇടങ്ങൾ വിശുദ്ധമായും പൊതുവിടങ്ങൾ വൃത്തിഹീനമായും നിലനിർത്തുന്നത് ഒരേ സമൂഹമാണെങ്കിൽ ആ സമൂഹത്തിലുള്ളവരുടെ മനോഭാവത്തിൽ അനാരോഗ്യകരമായ തകരാറുണ്ട്. 

സ്വന്തമെന്നു കരുതി കൈവശം വയ്ക്കുന്നവപോലും പൂർണമായും സ്വന്തമല്ലെന്നും അന്യന്റേത് എന്നുറപ്പിച്ച് അകറ്റിനിർത്തിയവയും സ്വന്തം ജീവിതത്തെ സ്വാധീനിക്കുമെന്നും തിരിച്ചറിയുമ്പോഴേ പരസ്പര ബഹുമാനത്തോടെയുള്ള ജീവിതം സാധ്യമാകൂ.

പങ്കുപറ്റുന്നവർക്കെല്ലാം പങ്കുവയ്ക്കാനും കടമയുണ്ട്. ജലവും വായുവും സുരക്ഷിതത്വവുമെല്ലാം ആരുടെയും സ്വകാര്യമല്ല.  കൈനീട്ടി വാങ്ങുമ്പോൾ കൃതാർഥതയില്ലാത്തതിനെക്കാൾ അപകടകരമാണ് ഇരുകരവും നീട്ടി നൽകേണ്ടപ്പോൾ കൈ ചുരുട്ടി പിൻവാങ്ങുന്നത്. വിഹിതം നൽകാൻ വിസ്സമ്മതിക്കുമ്പോൾ ഓർക്കുക, ആ വിഹിതത്തെക്കാൾ ചെറിയ തുകയിൽ ജീവിതം കരുപ്പിടിപ്പിക്കുകയും അവരുടെ വിഹിതം സന്തോഷത്തോടെ നൽകുകയും ചെയ്യുന്നവരുണ്ട്.

എത്ര നൽകി എന്നു നോക്കിയാൽ ഏറ്റവും ധനാഢ്യന്റെയോ പ്രശസ്തി ആഗ്രഹിക്കുന്നവരുടെയോ പേരുകൾ ലഭിക്കും. എന്തുമാത്രം ഉള്ളതിൽനിന്നാണ് ഇത്രമാത്രം നൽകിയത് എന്നു പരിശോധിച്ചാൽ ഹൃദയമുള്ളവരെയും നിർബന്ധബുദ്ധിയോടെ സഹകരിക്കുന്നവരെയും തിരിച്ചറിയാം.

Content Summary : How To Develop the Habit of Sharing

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA