ആ ധാരണ അപകടകരമാണ്; ഒരിക്കൽ ഒപ്പമുണ്ടായിരുന്നവയെല്ലാം അവസാനം വരെ കാണണമെന്നില്ല

HIGHLIGHTS
  • ഓരോ വ്യക്തിക്കും വസ്തുവിനും എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനും പഠിപ്പിക്കാനുമുണ്ടാകും.
  • ഒന്നുള്ളതുകൊണ്ട് മറ്റൊന്നും വേണ്ട എന്ന ചിന്ത ഒഴിവാക്കാം.
prioritize
Photo Credit : Representative Image: prioritize/ Shutterstock
SHARE

രാജാവിന്റെയടുത്തു പ്രത്യേകതരം പാത്രവുമായി ഒരാളെത്തി. എങ്ങനെ താഴെയിട്ടാലും അതു പൊട്ടില്ല; ചളുങ്ങുകയേയുള്ളൂ. ഭൃത്യർ ആ പാത്രത്തിൽ ചുറ്റികകൊണ്ട് അടിച്ചുനോക്കി. അതു തകർന്നില്ല. കൊട്ടാരത്തിലെ വിദഗ്ധർ പരിശോധിച്ചശേഷം പറഞ്ഞു: ഇത് അലുമിനിയമാണ്. ഇതു ഭൂമിയിൽ വളരെക്കുറച്ചു മാത്രമേയുള്ളൂ. വേർതിരിച്ചെടുക്കാനും ബുദ്ധിമുട്ടാണ്. രാജാവിന്റെ ചിന്ത മറ്റൊരുവഴിക്കായിരുന്നു. ഈ ലോഹം ശ്രദ്ധനേടിയാൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇടിയുമോ? ഇയാൾ കൂടുതൽ ധനവാനാകുമോ? ഈ പ്രശ്നങ്ങളൊഴിവാക്കാൻ രാജാവ് അയാളെ തുറുങ്കിലടച്ചു. 

കിട്ടാതാകുമ്പോൾ മാത്രം വില തിരിച്ചറിയുന്നതുകൊണ്ടാണ് സുലഭമായവയെ ആളുകൾ ആഘോഷിക്കാത്തത്. ആവശ്യത്തിനുള്ളവയെയും എപ്പോഴും കൂടെയുള്ളവയെയും ജന്മാവകാശമായി കരുതി അവഗണിക്കും. അധികമായുള്ളതിനെയെല്ലാം അനാവശ്യമായും കരുതലില്ലാതെയും ഉപയോഗിക്കുന്നതുകൊണ്ടാണു ക്ഷാമമുണ്ടാകുന്നത്. അപ്രത്യക്ഷമാകുന്നതുവരെ കാത്തിരുന്നാൽ ഒന്നിനും അതർഹിക്കുന്ന പ്രാധാന്യം നൽകാൻ കഴിയില്ല. എല്ലാമവസാനിച്ചശേഷം ബോധോദയമുണ്ടാകുന്നതിലും അർഥമില്ല. 

രോഗശയ്യയിലാകുമ്പോൾ തയാറാകുന്ന വിട്ടുവീഴ്ചകൾക്ക് ആരോഗ്യമുള്ളപ്പോഴേ തയാറായിരുന്നെങ്കിൽ, മറവിരോഗം വരുന്നതുവരെ ക്ഷമിക്കാൻ കാത്തുനിൽക്കാതിരുന്നെങ്കിൽ എത്ര സന്തോഷകരവും സംതൃപ്തവുമാകുമായിരുന്നു ജീവിതം. ഒന്നുള്ളതുകൊണ്ട് മറ്റൊന്നും വേണ്ട എന്ന ചിന്തയും അധികമുള്ളതുകൊണ്ട് അഭാവമുണ്ടാകില്ല എന്ന ധാരണയും അപകടകരമാണ്. 

ഓരോ വ്യക്തിക്കും വസ്തുവിനും എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനും പഠിപ്പിക്കാനുമുണ്ടാകും. ഓരോന്നിനും അതതിന്റെ കർമങ്ങൾ നിർവഹിക്കാനുണ്ട്. ഒരിക്കലുള്ളതെല്ലാം എന്നുമുണ്ടാകണമെന്നില്ല. കൂടെയുള്ളപ്പോഴത്തെ ഇടപെടലും കൈകാര്യം ചെയ്യുന്ന രീതിയുമാണ് ആയുർദൈർഘ്യം പോലും തീരുമാനിക്കുന്നത്. ഒരിക്കലും നഷ്ടപ്പെടരുത് എന്നാഗ്രഹിച്ചു ചേർത്തുനിർത്തുന്നവരുടെകൂടെ സഹവസിക്കാൻ കഴിയുക ഒരു ഭാഗ്യമാണ്. 

Content Summary : how to prioritize things

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS