ശല്യം ചെയ്ത വഴക്കാളിപ്പയ്യനെ ‘നന്നാക്കിയ’ പെൺപിള്ളേർ; പൊട്ടിക്കരഞ്ഞ് പയ്യൻ

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
Manorama Online Career Work Experience Series K Nandakumar Memoir
Photo Credit : Shopping King Louie / Shutterstock.com
SHARE

‘ഇന്ദ്രനെയും ചന്ദ്രനെയും വകവയ്ക്കില്ല’– പറഞ്ഞാൽ അനുസരിക്കാത്ത വഴക്കാളിക്കുട്ടികളെക്കുറിച്ച് നാട്ടുമ്പുറത്ത് ഇങ്ങനെ പറയാറുണ്ട്. വിദേശത്തെ അധ്യാപന ജീവിതത്തിനിടയിൽ പരിചയപ്പെട്ട അത്തരമൊരു വഴക്കാളിപ്പയ്യനെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് കെ. നന്ദകുമാർ. അധ്യാപകരും വൈസ് പ്രിൻസിപ്പലും പലകുറി ഉപദേശിച്ചിട്ടും നന്നാവാതിരുന്ന ആൺകുട്ടിയെ ഒരു കൂട്ടം പെൺകുട്ടികൾ ചേർന്ന് മര്യാദ പഠിപ്പിച്ച അനുഭവ കഥ അദ്ദേഹം പങ്കുവയ്ക്കുന്നതിങ്ങനെ... 

രണ്ടു മൂന്നാഴ്ച മുൻപ് ഒരു ദിവസം. ഒരു ടീച്ചർ ലീവ് ആയിരുന്നത് കൊണ്ട് അവരുടെ ക്ലാസ്സിലേക്ക് പകരക്കാരനായി പോകുകയായിരുന്നു ഞാൻ. വരാന്തയിലൂടെ നടക്കുമ്പോഴാണ് കരഞ്ഞു നിലവിളിച്ചു കൊണ്ട് അവൻ എന്റെ മുൻപിൽ വന്നു പെട്ടത്. നിർത്താതെ, ഏങ്ങലടിച്ചുള്ള കരച്ചിൽ. ഒരു സുഡാനി പയ്യനാണ്. എന്നെ കണ്ടിട്ടും നിൽക്കാതെ കരച്ചിൽ നിർത്താതെ അവൻ താഴേക്ക് സ്റ്റെപ്പിറങ്ങാൻ തുടങ്ങി.

ഞാൻ പറഞ്ഞു : Don't Run.. Come here.. 

ഇതുകേട്ട് അവൻ സ്റ്റെപ്പിൽ നിന്നു. 

ഞാൻ : Why are you crying?

അവൻ : I won't tell .

ഞാൻ : Nooo, You must tell

അവൻ : Noo.. I won't.. അവന്റെ ശബ്ദം കടുത്തു

അവനു പറയാനുള്ള ഒരു ഉദ്ദേശ്യവും ഇല്ല. ഞാൻ നിർത്താതെ ചോദിച്ചു കൊണ്ടേയിരുന്നപ്പോൾ അവസാനം അവന്റെ മറുപടി... You ask them....

ആരോട് ചോദിയ്ക്കാൻ.. അവിടെ ഞാനും അവനും മാത്രമേയുള്ളു, വേറെ ആരുമില്ല.

എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് എന്നോട് അവൻ പറയുന്നേ ഇല്ല. 

വീണ്ടും ചോദിച്ചപ്പോൾ അവൻ എന്നോട് തിരിച്ചൊരു ചോദ്യം : Who are you? വളരെ ന്യായമായ ചോദ്യം. ഭാഗ്യത്തിന് അടുത്ത് വേറെ ആരും ഉണ്ടായിരുന്നില്ല, ഇല്ലെങ്കിൽ മാനം കപ്പൽ കയറിയേനെ.

ഞാൻ പറഞ്ഞു... I am a teacher here... 

അവന്റെ അടുത്ത ചോദ്യമായിരുന്നു ക്ലാസ്... 

How can I know that you are a teacher

ഞാൻ: എന്താ പറയേണ്ടതെന്ന് അറിയാതെ നിന്നു.

എടാ ടീച്ചർ അല്ലാത്ത ഒരാൾ ബുക്കും പിടിച്ച് വരാന്തയിലൂടെ ഇങ്ങനെ വരുമോ എന്നൊക്കെ അവനോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ ഞാൻ, ചോദിച്ചില്ല. സ്കൂളിലെ പുൽക്കൊടിക്ക് പോലും നന്ദകുമാർ സാറിനെ അറിയാം എന്ന എന്റെ അഹങ്കാരമുണ്ടല്ലോ. അതാണ് ഒറ്റ നിമിഷം കൊണ്ട് ആ പയ്യൻ  തകർത്തു തരിപ്പണമാക്കിത്തന്നത്. പക്ഷേ ഞാൻ വിട്ടില്ല. ഒരു വിധം നിർബന്ധിച്ച് അവന്റെ ക്ലാസിലേക്ക് അവനെ കൊണ്ടുപോയി. അപ്പോഴും കരച്ചിലിന് ഒരു കുറവുമില്ല.

ക്ലാസ്സിൽ അവൻ കയറും എന്ന് കരുതിയ എന്റെ ശ്രദ്ധ ഒന്ന് തെറ്റിയതും അവൻ കൊടുങ്കാറ്റു പോലെ ഓടി താഴേക്ക് പോയതും ഒരുമിച്ചായിരുന്നു.  എനിക്ക് പോകേണ്ട ക്ലാസ്സിൽ ചെന്ന് ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാനും ഇത് കണ്ട വേറൊരു ടീച്ചറും താഴേക്ക് ഓടി. അവനെ പിടിക്കാൻ. കുറെ തിരഞ്ഞു നോക്കിയിട്ടും അവന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ. പക്ഷേ ഞങ്ങളുടെ പിടി സർ അവൻ  താഴെ വരാന്തയിലൂടെ ഓടുന്നത് കണ്ടിരുന്നു. അദ്ദേഹം ചെന്ന് നോക്കുമ്പോൾ വെളിയിൽ മതിലിനോട് ചേർന്ന് പ്രതിഷേധിച്ചു നിൽക്കുകയാണ് കക്ഷി. അദ്ദേഹം  ഒരു വിധം അനുനയിപ്പിച്ച് നേരെ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പലിനെ റൂമിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ഞങ്ങളുടെ ക്ലാസ്സുകളിലേക്കും പോയി. ആ സംഭവം അവിടെ അവസാനിച്ചു. 

പിന്നീടാണ് കാര്യങ്ങളുടെ കിടപ്പ് എന്താണെന്നു മനസ്സിലായത്. അവൻ ആറാം ക്ലാസ് സ്റ്റുഡന്റാണ്. ആ ക്ലാസ്സിലെ എല്ലാ കുട്ടികളും നോൺ ഇന്ത്യൻസ് ആണ്. ഒരു പീരിയഡ് അവസാനിച്ച് അടുത്ത ടീച്ചർ  ക്ലാസ്സിലേക്ക് വരുന്ന 3 - 4 മിനിറ്റ്  ഗ്യാപ്പിൽ  ആ ക്ലാസ്സിലെ കുട്ടികളോട്, പ്രത്യേകിച്ച് പെൺകുട്ടികളോട് വഴക്കുണ്ടാക്കുക എന്നതാണ്  ഇദ്ദേഹത്തിന്റെ വിനോദം. കുട്ടികൾ  ക്ലാസ് ടീച്ചറോട് പരാതി പറഞ്ഞു. ടീച്ചർ അവനെ ഉപദേശിച്ചത് കേൾക്കാതെ വന്നപ്പോൾ, പല പ്രാവശ്യം എവിപിയുടെ അടുത്ത് കൊണ്ട് പോയി, അദ്ദേഹവും ഉപദേശിച്ചതാണ്. എന്നിട്ടും ഒരു മാറ്റവുമുണ്ടായില്ല.  അവസാനം ഇത് സഹിക്കാൻ ആകാതെ ആ പെൺകുട്ടികൾ തിരിച്ചു പ്രതികരിക്കാൻ തീരുമാനിച്ചു. 

അന്നും അതുപോലെ എന്തോ പറഞ്ഞ് വഴക്കുണ്ടാക്കാൻ ചെന്നതാണ് നമ്മുടെ പാർട്ടി. അവൻ ചിന്തിക്കുന്നതിനു മുൻപ് ആ കുട്ടികൾ അവനെ എടുത്തിട്ട്  ചാമ്പി. ഒരു വെടിയും പുകയും മാത്രമേ അവൻ കണ്ടുള്ളു. നിലത്തു നിൽക്കാനുള്ള അവസരം കൊടുത്തില്ല. പെൺപിള്ളാരുടെ കയ്യിൽനിന്ന്  അടി കിട്ടി. വേദനയും അഭിമാനക്ഷതവുമായി ഓടി വരുന്ന വഴിക്കാണ് അവൻ എന്റെ മുന്നിൽ വന്നു പെട്ടത്. എന്തായാലും ഇപ്പോൾ അദ്ദേഹത്തിന് നല്ല മാറ്റമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

Manorama Online Career Work Experience Series K Nandakumar Memoir
കെ. നന്ദകുമാർ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - K.Nandakumar Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA