ADVERTISEMENT

അധ്യാപകൻ പടം വരയ്ക്കാൻ പറഞ്ഞപ്പോഴാണു താൻ പെൻസിൽ എടുത്തിട്ടില്ലെന്ന കാര്യം കുട്ടി ഓർത്തത്. അവൻ അടുത്തിരുന്നവനോടു ചോദിച്ചെങ്കിലും ആ കുട്ടി നൽകിയില്ല. നീ വീട്ടിൽനിന്നു കൊണ്ടുവരേണ്ടതായിരുന്നു എന്നു പറഞ്ഞ് അവൻ മുഖം തിരിച്ചു. പെൻസിൽ കൊടുക്കാതിരുന്ന കുട്ടിയോട് അൽപം കഴിഞ്ഞപ്പോൾ അധ്യാപകൻ പറഞ്ഞു: ഇന്നലെ പഠിപ്പിച്ച മൂന്നക്കങ്ങൾ എഴുതി കാണിക്കുക. ഒന്ന്, രണ്ട്, മൂന്ന് എന്നെഴുതി കാണിച്ചപ്പോൾ അധ്യാപകൻ പറഞ്ഞു. നീ പഠിക്കേണ്ട ഒന്നാമത്തെ കാര്യം കൂട്ടുകാരൻ പെൻസിൽ ചോദിച്ചാൽ കൊടുക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം കൂട്ടുകാരൻ പെൻസിൽ ചോദിച്ചാൽ കൊടുക്കുക എന്നതാണ്. മൂന്നാമത്തെ കാര്യം കൂട്ടുകാരൻ പെൻസിൽ ചോദിച്ചാൽ കൊടുക്കുക എന്നതാണ്. 

 

അക്ഷരങ്ങളും അക്കങ്ങളും പകർത്താനറിയുന്നതു മാത്രമല്ല; പെരുമാറാനറിയുന്നതു കൂടിയാണു പഠനപ്രക്രിയ. അക്ഷരത്തെറ്റുകളെക്കാൾ പ്രാധാന്യം നൽകേണ്ടതു മനോഭാവ വൈകല്യങ്ങൾക്കാണ്. എല്ലാം കൃത്യമായി അറിയുമോ എന്നതല്ല; അറിയുന്നതിൽ പാതിയെങ്കിലും ശരിയായി ഉപയോഗിക്കാൻ കഴിയുന്നുണ്ടോ എന്നതാകണം അധ്യയനത്തിന്റെ അടിസ്ഥാന ലക്ഷ്യം. അറിഞ്ഞ കാര്യങ്ങൾ അപരനും ആവശ്യത്തിനും ഉപകരിക്കുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷയുംകൂടി നടത്തപ്പെടണം. 

 

അറിവില്ലാത്തവർ വരുത്തുന്ന അപകടങ്ങളിലൂടെയല്ല; അറിവുള്ളവരുടെ നെറികേടിലൂടെയാണു ലോകം വികൃതമാകുന്നത്. ഊർജം ഉത്തോലകമായും അണുബോംബായും രൂപാന്തരം പ്രാപിക്കുന്നത് ഊർജത്തെക്കുറിച്ച് അറിവു നേടിയവരുടെ മനോനിലയിലും ഉദ്ദേശ്യലക്ഷ്യങ്ങളിലുമുള്ള വ്യത്യാസം കൊണ്ടാണ്. അറിവുസമ്പാദനം പരീക്ഷകൾക്കുവേണ്ടിയാണെന്നും പരീക്ഷകളിലെ വിജയശതമാനമാണ് അറിവിടങ്ങളുടെ അത്യുന്നതി തീരുമാനിക്കുന്നതെന്നുമുള്ള തെറ്റിദ്ധാരണയാണ് അക്ഷരത്തെറ്റില്ലാതെ എഴുതുന്ന വാക്കുകൾക്കും അർഥവ്യത്യാസമുണ്ടാക്കുന്നത്. 

 

മുഴുവൻ മാർക്കും നേടിയോ, മുഴുവൻ പേരും വിജയിച്ചോ എന്നതിനോടൊപ്പം പഠിപ്പിച്ച പാഠങ്ങളുടെ മൂല്യാധിഷ്ഠിത പ്രയോഗവും കൂടി ഉറപ്പുവരുത്താൻ പാഠശാലകൾക്കാകണം. ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരെ സൃഷ്ടിക്കുന്നതിലൂടെ ലഭിക്കുന്ന വാർഷിക സന്തോഷത്തെക്കാൾ, പഠിച്ചിറങ്ങുന്നവർ വർഷങ്ങൾക്കുശേഷവും സമൂഹത്തിനു നൽകുന്ന ക്രിയാത്മക സംഭാവനകളുടെ പേരിലുള്ള ആജീവനാന്ത സന്തോഷമാണു വിദ്യാഭ്യാസത്തിന്റെ കാതൽ.

 

Content Summary : Aims and Objective of Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com