പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ (പ്രിലിമിനറി ) നാലാം ഘട്ടം പൂർത്തിയായി. ആദ്യ 3 ഘട്ടങ്ങളെ അപേക്ഷിച്ച് എളുപ്പമായിരുന്നു നാലാം ഘട്ടം. ആദ്യ ഘട്ടങ്ങളിൽ വന്ന ചോദ്യങ്ങൾ ഉൾപ്പെട്ട പാഠഭാഗങ്ങളിൽ നിന്നു കൂടുതൽ ചോദ്യങ്ങൾ ഈ പരീക്ഷയിലും വന്നു. പതിവു പോലെ എസ് സി ഇആർടി 5–10 പാഠപുസ്തകങ്ങൾക്കു തന്നെയായിരുന്നു ഈ ചോദ്യ പേപ്പറിലും പ്രാധാന്യം. ഭരണഘടന, പൊതുവിജ്ഞാനം, ശാസ്ത്രം സംബന്ധിച്ച ചോദ്യങ്ങളെല്ലാം ശരാശരി ഉദ്യോഗാർഥിക്കു വഴങ്ങുന്നതായിരുന്നു. കണക്കും വലിയ പ്രയാസമുണ്ടാക്കിയില്ല.
ആധുനിക കേരളം എന്ന പാഠഭാഗത്തു നിന്ന് ഈ ചോദ്യ പേപ്പറിലും ഏറെ ചോദ്യങ്ങളുണ്ടായി. അതിനാൽ തുടർന്നുള്ള ഘട്ടങ്ങൾക്കു തയാറെടുക്കുന്നവരും ഈ പാഠഭാഗം നന്നായി പഠിക്കാൻ ശ്രദ്ധിക്കണം.
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു എന്ന ചോദ്യത്തിനു പതിവു പോലെ ഉദ്യോഗാർഥിയെ മനഃപൂർവം തെറ്റിക്കുന്ന വിധത്തിലാണ് ഓപ്ഷൻ നൽകിയിരിക്കുന്നത്.
ആദ്യ ഓപ്ഷനായി രാമകൃഷ്ണപ്പിള്ള കണ്ട ഉടൻ ചാടിക്കയറി കറുപ്പിച്ച ഉദ്യോഗാർഥികളുണ്ടാകും. എന്നാൽ ഉത്തരം ബി ഓപ്ഷനായ വക്കം അബ്ദുൽഖാദർ മൗലവിയാണ്. ഇനി പത്രാധിപർ എന്നായിരുന്നു ചോദ്യമെങ്കിൽ ആദ്യം നൽകുന്ന ഓപ്ഷൻ അബ്ദുൽഖാദർ മൗലവി എന്നായിരിക്കും. ആദ്യ ഓപ്ഷൻ മാത്രം വായിച്ച് ഉത്തരമെഴുതാൻ നിൽക്കുമ്പോഴുള്ള അപകടമാണിത്. ഇത്തരം കാര്യങ്ങൾ കൂടി പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കണം.
നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, അയ്യങ്കാളി എന്നിവരെ കുറിച്ചൊക്കെ ഈ ചോദ്യ പേപ്പറിലും ചോദ്യമുണ്ടായി. സങ്കരയിനം വിത്തുകളെ കുറിച്ചുള്ള ചോദ്യങ്ങളും ആവർത്തിച്ചു. ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതിയവരെ സംബന്ധിച്ച് ഈ ഭാഗം കടുപ്പമേറിയതായിരുന്നെങ്കിൽ നാലാം ഘട്ടമായപ്പോഴേക്കും ഉദ്യോഗാർഥികൾക്ക് ഇത് എളുപ്പമായി. പ്ലസ് വൺ ഫിസിക്സ് പാഠപുസ്തകത്തിൽ നിന്നും ഒരു ചോദ്യമുണ്ടായി.
ഇതുവരെയുള്ള ഘട്ടങ്ങളെക്കാൾ എളുപ്പമായിരുന്നു നാലാം ഘട്ടം. മറ്റു ഘട്ടങ്ങളിൽ ശരാശരി ഉദ്യോഗാർഥി ഒഴിവാക്കി വിട്ട ചോദ്യങ്ങൾ 19–25 വരെ ഉണ്ടായിരുന്നെങ്കിൽ ഈ ഘട്ടത്തിൽ 15–17 മാത്രമായി ചുരുങ്ങി. നന്നായി പഠിച്ചവർക്ക് 80 മാർക്കു വാങ്ങാൻ ഒരു പ്രയാസവുമില്ല. ഇനി പരീക്ഷ ഉള്ളവർ ഇതുവരെ വന്ന ചോദ്യ പേപ്പറുകളും അതിനോടു ചേർന്നു നിൽക്കുന്ന കണക്ടഡ് വിവരങ്ങളും കൂടി പഠിക്കണം. 6 ഘട്ടങ്ങളും പൂർത്തിയാക്കിയ ശേഷമേ കട്ട് ഓഫ് മാർക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പറയാനാകൂ.
Content Summary : PSC Examination Tips by Mansoorali Kappungal