ADVERTISEMENT

മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച സിനിമാ രംഗങ്ങളുടെ പട്ടികയെടുത്താൽ, നാടോടിക്കാറ്റിൽ ദാസനും വിജയനും ചീത്ത വിളിച്ച മാനേജരുടെ മുൻപിൽ കറുത്ത സൺ ഗ്ലാസും വെപ്പുതാടിയും വച്ച്...‘സർ....അത് ഞങ്ങളല്ല...സർ’ എന്നു പറയുന്ന രംഗത്തിന് ആദ്യ പത്തിൽ സ്ഥാനം കാണും. അങ്ങനെയൊരു രംഗം യാഥാർഥ ജീവിതത്തിൽ സംഭവിച്ചാലോ? ഖത്തറിൽ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന പ്രശാന്ത് പ്രഭാകർ പറയുന്ന അനുഭവകഥയിങ്ങനെ....

സ്വാകാര്യ ബാങ്കിന്റെ ‍‍ഡപ്യൂട്ടേഷനിൽ ദുബായിൽ ജോലിക്ക് എത്തിയ സമയം. മൂന്നു മാസം കഴിഞ്ഞപ്പോൾ കുടുംബവും നാട്ടിൽനിന്നെത്തി. അങ്ങനെ ചങ്ക് സ്നേഹിതരുടെ അടുക്കലിൽ നിന്നും വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലേക്ക് മാറി. സ്വന്തമായി ഫർണിച്ചറുകളൊന്നുമില്ല. അത്യാവശ്യം വേണ്ട സാധനങ്ങൾ മേടിച്ചു. 

വീസ, വിമാന ടിക്കറ്റ്, ഫ്ലാറ്റ് അഡ്വാൻസ് എല്ലാം കൂടി ആ മാസം കീശ കാലിയാകാറായി. പുതിയൊരു ടിവി മേടിക്കാനൊന്നും കാശ് തികയില്ല. രാവിലെ ഒാഫിസിൽ പോയാൽ വൈകിട്ട് തിരികെ വരുമ്പോഴേയ്ക്കും കുടുംബം ആകെ ബോറടിച്ചിരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായി. കാരണം തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരെല്ലാം മറ്റു രാജ്യക്കാരാണ്. ടിവിക്ക് എന്താ പോം വഴിയെന്ന് ആലോചിച്ചപ്പോൾ തലയിൽ െഎഡിയ മിന്നി – പഴയൊരു ടിവി വാങ്ങിക്കാം ! കേട്ടപ്പോൾ ഭാര്യയ്ക്കും സമ്മതം. 

അപ്പോഴാണ് ആ സന്തോഷ വാർത്ത ഞാനറിഞ്ഞത്. മുകളിലെ നിലയിലെ ഒരാൾ സ്ഥലം മാറി പോകുന്നു. ഒപ്പം അദ്ദേഹത്തിന്റെ ടിവി വിൽക്കാനുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് ഡീൽ ഉറപ്പിക്കാൻ തീരുമാനിച്ചു. അമ്പതു വയസിനടുത്ത് പ്രായം തോന്നിക്കുന്ന തമിഴ്നാട് സ്വദേശി. അദ്ദേഹം വളരെ മാന്യമായാണ് പെരുമാറിയത്. ടിവിയുടെ വില പറഞ്ഞ് ഉറപ്പിച്ചു. പക്ഷേ അദ്ദേഹം ഒരു കണ്ടീഷൻ വച്ചു– അടുത്ത വെള്ളിയാഴ്ച അദ്ദേഹം പോകും അതുവരെ ടിവി അദ്ദേഹത്തിന് ഉപയോഗിക്കണം. അദ്ദേഹം പോകുമ്പോൾ ടിവി എനിക്ക് എടുക്കാം. 

ഞാൻ ആ കണ്ടീഷൻ അംഗീകരിച്ച് ചെറിയൊരു അഡ്വാൻസ് നീട്ടി.

സ്നേഹത്തോടെ അദ്ദേഹം അത് നിരസിച്ചു എന്നിട്ട് ‘അടുത്ത വെള്ളിയാഴ്ച നിങ്ങൾ വന്ന് ടിവി എടുത്തോളൂ...’ എന്ന് പറഞ്ഞു.

അങ്ങനെ ഏഴു ദിവസം ഏഴ് യുഗങ്ങൾ പോലെ കടന്ന് പോയി. അങ്ങനെ വെള്ളിയാഴ്ച പിറന്നു. ടിവി എടുക്കുമ്പോൾ താഴെ വീഴരുതല്ലോ? സുഹൃത്ത് സുനിലിനെയും കൂടെ കൂട്ടി. 

Manorama Online Career Work Experience Series Prasanth Prabhakar Memoir
Representative Image. Photo Credit : Davix / Shutterstock.com

സുനിലും ‍ഞാനും കൂടി അദ്ദേഹത്തിന്റെ ഫ്ലാറ്റിന്റെ വാതലിനു മുൻപിലെത്തി കോളിങ് ബെൽ അടിച്ചു. കതക് തുറന്ന് ആ നല്ല മനുഷ്യൻ ഒരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു 

‘തമ്പീ... ടിവി ഞാൻ എന്റെ ഒരു ഫ്രണ്ടിന് കൊടുത്തു...നിങ്ങൾ വേറെ നോക്കിക്കോ...’

ഇത് കേട്ടതും എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി. എനിക്ക് നല്ല ദേഷ്യം വന്നു 

‘വേറെ നോക്കാൻ ആയിരുന്നെങ്കിൽ ഇൗ ഏഴ് ദിവസം ഞാൻ കാത്തിരിക്കണമായിരുന്നോ.. മര്യദകേടാണ് കാണിച്ചത്...’ ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു. 

‘നീയാരാടാ എന്നെ മര്യദ പഠിപ്പിക്കാൻ..’. പുള്ളി തിരിച്ചു ചോദിച്ചു. 

ഇത് കേട്ടപ്പോൾ എന്റെ കൂടെ വന്ന സുനിലിനും ദേഷ്യം വന്നു. പിന്നെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ മുട്ടൻ വഴക്കായി. അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിച്ചു. ഒടുവിൽ നിരാശയോടെ വീട്ടിൽ തിരിച്ചെത്തി. അദ്ദേഹം ഫ്ലാറ്റ് ഒഴിഞ്ഞ് പോയി. ഞങ്ങൾ പുതിയ ടിവിയും വാങ്ങി. 

ഒരു വർഷം കഴിഞ്ഞപ്പോൾ സുനിലിന് ഖത്തറിൽ ബാങ്കിൽ ജോലി കിട്ടി. മൂന്നു മാസം കഴിഞ്ഞപ്പോൾ എനിക്കും അതേ ബാങ്കിൽ ജോലി കിട്ടി. ജീവിതം മറ്റൊരു രാജ്യത്തേക്ക് പറിച്ചു നട്ടു. രണ്ടു ഡിപ്പാർട്മെന്റിൽ ആണെങ്കിലും ഞങ്ങൾ ദിവസവും കാണും. ഇതിനിടയിൽ സുനിലിന്റെ കല്യാണം നടന്നു. പ്രവാസ ജീവിതം അങ്ങനെ മുൻപോട്ടു പോയി. 

ഒരു ദിവസം ഞങ്ങൾ ഹെഡ് ഓഫിസിൽ ബിസിനസ് മീറ്റിങ്ങിനു പോയി. ലിഫ്റ്റിൽ കയറി പത്താമത്തെ നില പ്രസ് ചെയ്തു. 

വെയിലത്തു നിന്നു കയറി വന്നതു കൊണ്ട് ഞങ്ങൾ രണ്ടു പേരും സൺഗ്ലാസ് വച്ചിരുന്നു. കുറച്ചു കഴിഞ്ഞാണ് ലിഫ്റ്റിൽ മൂന്നാമതൊരാൾ നിക്കുന്നതു കണ്ടത്. അദ്ദേഹത്തിന്റെ കോട്ടിൽ ഐഡി കാർഡ് കുത്തിയിട്ടുണ്ട്. ഞങ്ങൾ കാണാൻ പോകുന്ന ഡിപ്പാർട്മെന്റ് ഹെഡ് ആണ്. അദ്ദേഹം ഞങ്ങളെ ശ്രദ്ധിക്കാതെ ഫോണിൽ മെസേജ് ടൈപ്പ് ചെയ്യുകയായിരുന്നു. ഞാൻ പതിയെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ദൈവമേ.. ഒരു ഇടിത്തീ വെട്ടി... പണ്ട് ടിവിയുമായി ബന്ധപ്പെട്ട് അടിയുണ്ടാക്കിയ അതേ തമിഴൻ !  അദ്ദേഹം ഇപ്പോൾ ഇവിടെ ഡിപ്പാർട്മെന്റ് ഹെഡ് !

സൺഗ്ലാസ് വച്ചിട്ടുണ്ടെങ്കിലും ഞാനും സുനിലും പരസ്പരം നോക്കി. കൈയും കാലും വിറക്കുന്നു... ഞങൾ മൂന്നു പേരും ഒരേ ഫ്ലോറിൽ ഇറങ്ങി. 

അപ്പോഴാണ് അദ്ദേഹം ഞങ്ങളെ ശ്രദ്ധിക്കുന്നത്. 

‘നിങ്ങൾ ?... ’ അദ്ദേഹം ഞങ്ങളെ നോക്കി

‘ഇല്ല സർ...ഇന്നലെ ഞങ്ങൾ ഇല്ല സർ...’ ദാസനെയും വിജയനെയും പോലെ ഞങ്ങൾ കോറസായി ഒരേ സ്വരത്തിൽ പറഞ്ഞു.

അദ്ദേഹം ഞങ്ങളെ മാറി മാറി നോക്കി. വന്ന കാര്യം ചോദിച്ചു. പിന്നെ മീറ്റിങ്ങിന് വിളിച്ചു. ചങ്കിടിപ്പോടെ ഞങ്ങൾ മീറ്റിങ്ങിൽ ഇരുന്നു. ഒൗദ്യോഗിക കാര്യങ്ങൾ മാത്രം സംസാരിച്ചു. അദ്ദേഹം വളരെ മാന്യമായിട്ട് ഞങ്ങളോട് പെരുമാറി.

യോഗം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ആകെ കൺഫ്യൂഷനായി – അദ്ദേഹത്തിന് ഞങ്ങളെ മനസ്സിലായില്ലേ.

ഞാൻ സുനിലിനോട്  പറഞ്ഞു – ‘നീ കൂടി അന്ന് അദ്ദേഹത്തെ ചീത്ത പറഞ്ഞത് നന്നായി. ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ...’

അങ്ങനെ ദാസനും വിജയനും പരിസ്പരം നോക്കി ചിരിച്ചു.

പിന്നീട് ഞങ്ങൾ അദ്ദേഹത്തെ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി പല പ്രാവശ്യം കാണുകയും നല്ല സുഹൃത്തുക്കൾ ആവുകയും ചെയ്തു. അദ്ദേഹം പണ്ടത്തെ സംഭവം മറന്നു പോയിരുന്നു. 

വളരെ നാളുകൾക്ക് ശേഷം ഞങ്ങൾ പഴയ ടിവി സംഭവം അദ്ദേഹത്തോട് തന്നെ പങ്കുവച്ചു.

സംഭവം കേട്ടതും അദ്ദേഹത്തിന് കാര്യങ്ങൾ ഒാർമ വന്നു. അദ്ദേഹം ചിരിച്ചു. 

പഴയ വാക്കുതർക്ക സംഭവം ഒാർമിപ്പിച്ചതിന് നല്ലൊരു സ്പെഷൽ മധുരമുള്ള ചായ പകരം നൽകി.

Manorama Online Career Work Experience Series Prasanth Prabhakar Memoir
പ്രശാന്ത് പ്രഭാകർ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Prasanth Prabhakar Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com