സിയുഇടി: ഏറ്റവുമധികം അപേക്ഷകർ ലക്ഷ്യമിടുന്നത് ഡൽഹി സർവകലാശാല കാരണം?

HIGHLIGHTS
  • രാജ്യത്താകെ 10 ലക്ഷം അപേക്ഷകർ.
  • കേരളത്തിൽനിന്നു മാത്രം 45,000 പേർ.
cuet-entrance-exam
Representative Image. Photo Credit: Elnur/Shutterstock
SHARE

ഇന്ത്യയിലെ ബിരുദ പ്രവേശന നടപടികളെല്ലാം മാറ്റിമറിക്കുന്നതാണ് പുതുതായി തുടങ്ങുന്ന സിയുഇടി–യുജി എന്ന ദേശീയ ബിരുദ എൻട്രൻസ്. 43 കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ 86 മികച്ച സർവകലാശാലകളിലേക്കുള്ള പ്രവേശന വഴി. ജൂലൈ 15 മുതൽ ഓഗസ്റ്റ് 10 വരെയായി പരീക്ഷാ സമയക്രമവുമായി. ഈ മാസം 22 വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ 9,50,804 അപേക്ഷകർ. റജിസ്ട്രേഷനു കൂടുതൽ സമയം അനുവദിച്ചതോടെ അപേക്ഷകർ 10 ലക്ഷം കടക്കുമെന്നാണു വിവരം. കേരളത്തിൽനിന്നുള്ള അപേക്ഷകർ 45,000 കവിഞ്ഞു. നീറ്റ് (മെഡിസിൻ), ജെഇഇ മെയിൻ (എൻജിനീയറിങ്) എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുപ്രവേശന പരീക്ഷ. ഏറ്റവുമധികം അപേക്ഷകർ ലക്ഷ്യമിടുന്നത് ഡൽഹി സർവകലാശാലയാണ് (ഡിയു) – 6 ലക്ഷത്തിലേറെ.

∙കോളജ് കട്ട് ഓഫ് ഇനിയില്ല

ഡൽഹി സർവകലാശാലയിൽ ഓരോ കോളജും 12–ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വിഷയം തിരിച്ച് കട്ട് ഓഫ് തയാറാക്കുന്ന രീതിയായിരുന്നു ഇതുവരെ. ഇനി അതുണ്ടാകില്ലെന്നു ഡിയു പരീക്ഷാ ഡീൻ ഡോ. ഡി.എസ്. റാവത്ത് പറയുന്നു. ‘‘സിയുഇടിയിൽ ഉയർന്ന സ്കോർ ലഭിക്കുന്നവർക്ക് അവർ പ്രിഫറൻസ് നൽകിയിരിക്കുന്ന കോളജിൽ പ്രവേശനം ലഭിക്കും. അതിനും നിശ്ചിത വ്യവസ്ഥകളുണ്ട്. ഉദാഹരണത്തിനു 100 വിദ്യാർഥികൾക്കു സിയുഇടിയിൽ മുഴുവൻ മാർക്കും ലഭിച്ചെന്നിരിക്കട്ടെ. അവരെല്ലാം ഒരേ കോളജിലെ ഒരേ പ്രോഗ്രാമാണ് ആദ്യ പ്രിഫറൻസായി നൽകിയിക്കുന്നതെങ്കിൽ അവർക്കെല്ലാം അവിടെ പ്രവേശനം ലഭിക്കും. ഒരു പ്രോഗ്രാമിൽ കോളജിലെ അനുവദനീയ സീറ്റിൽ മുഴുവൻ പ്രവേശനം പൂർത്തിയായാൽ റാങ്ക് പട്ടികയിലെ അടുത്ത സ്ഥാനക്കാർക്ക് അടുത്ത ഓപ്ഷൻ നൽകിയ കോളജിലാകും പ്രവേശനം ലഭിക്കുക.’’

∙അപേക്ഷകളേറെ ഐടിക്ക്

ഐടി സംബന്ധമായ ബിഎസ്‌സി, ബിടെക് പ്രോഗ്രാമുകൾക്കാണ് ഏറ്റവുമധികം അപേക്ഷകർ – 12 ലക്ഷത്തിലേറെ. (ഒരാൾക്ക് ആറു പ്രോഗ്രാമുകൾക്കു വരെ അപേക്ഷ നൽകാം. ചില ബിടെക് പ്രോഗ്രാമുകളും സിയുഇടിയുടെ ഭാഗമായുണ്ട്). എൽഎൽബി 3.58 ലക്ഷം, ബിഎ ഇംഗ്ലിഷ് 3.14 ലക്ഷം, പൊളിറ്റിക്കൽ സയൻസ് 2.10 ലക്ഷം, ഇക്കണോമിക്സ് 2.96 ലക്ഷം എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. ഡൽഹി സർവകലാശാലയിൽ ഏറ്റവുമധികം അപേക്ഷകരുള്ള പ്രോഗ്രാമുകൾ ഇവ – ബികോം (ഓണേഴ്സ്) 1,05,780, ബികോം 1,05,437, ബിഎ (ഓണേഴ്സ്) ഇംഗ്ലിഷ് 1,01,157.

എന്തുകൊണ്ട് ഡൽഹി ? ഉത്തരം ഒന്നിലേറെ

കഴിഞ്ഞ വർഷം നാലായിരത്തിലേറെ മലയാളി വിദ്യാർഥികളാണ് ഡൽഹി സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകളിൽ ഡിഗ്രിക്കു ചേർന്നത്. കേരളത്തിൽനിന്നു രണ്ടായിരത്തിലേറെ കിലോമീറ്റർ അകലെ, ചൂടും തണുപ്പും അന്തരീക്ഷ മലിനീകരണവുമെല്ലാം ഏറ്റവും രൂക്ഷമായ നഗരത്തിലേക്ക് എന്താണ് ഇവരെ ആകർഷിക്കുന്നത് ?

cuet

ഓരോ വർഷത്തെയും സിവിൽ സർവീസസ് റാങ്ക് പട്ടിക നോക്കിയാൽ തന്നെ ഇതിനുള്ള ഉത്തരം കിട്ടും. ഇത്തവണ 1, 2, 10 റാങ്കുകൾ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ വിദ്യാർഥികൾക്കായിരുന്നു. ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങായ എൻഐആർഎഫിൽ (2020) രാജ്യത്തെ ഏറ്റവും മികച്ച 5 കോളജുകളിൽ നാലും ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ളതായിരുന്നു– മിറാൻഡ ഹൗസ്, ലേഡി ശ്രീറാം, ഹിന്ദു കോളജ്, സെന്റ് സ്റ്റീഫൻസ് എന്നിവ. ഏതു വിഷയവും ആഴത്തിൽ പഠിക്കാവുന്ന ഓണേഴ്സ് പ്രോഗ്രാമുകൾ, ഏറ്റവും കാലികമായ സിലബസ്, മികച്ച അധ്യാപകർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്കൊപ്പം പഠിച്ച് ഇന്ത്യയുടെ വൈവിധ്യം അറിയാനുള്ള അവസരം, പാഠ്യേതര രംഗത്തുമുള്ള സജീവത – ‘എന്തുകൊണ്ട് ഡൽഹി’ എന്ന ചോദ്യത്തിന് ഇവയോരോന്നും ഉത്തരങ്ങളാണ്. 

∙ മികച്ച ഗവേഷണാവസരങ്ങളും വിദേശ സർവകലാശാലകളിൽ പ്രവേശനവും ഉറപ്പാക്കാൻ ഡൽഹി പഠനം സഹായകരമാണ്.

∙ വിദേശ മാതൃകയിലാണ് പരീക്ഷ. വിശദമായി ഉത്തരമെഴുതാനുള്ള മൂന്നോ നാലോ ചോദ്യങ്ങൾ. പുസ്തകങ്ങളിൽനിന്നു നേരിട്ട് ഉത്തരമെഴുതുന്ന രീതിയല്ല; വിശകലനശേഷി അളക്കുന്ന രീതിയാണ്.

∙ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും രാജ്യാന്തര എൻജിഒകളിലും മറ്റുമായി മികച്ച ഇന്റേൺഷിപ് അവസരങ്ങൾ കിട്ടുന്നു.

എമിൽ ജോസ്
എമിൽ ജോസ്

പൊളിറ്റിക്കൽ സയൻസും ഹിസ്റ്ററിയും പ്രധാന വിഷയങ്ങളായുള്ള ബിഎ പ്രോഗ്രാമാണ് ഞാൻ പഠിക്കുന്നത്. മൂന്നു വർഷും ഈ 2 വിഷയങ്ങൾ മെയിനായി പഠിക്കണം. പിജിക്ക് ഇതു കൂടുതൽ സഹായകമാകും. ക്ലാസിൽ മിക്കവരും സിവിൽ സർവീസസ് പരീക്ഷ ലക്ഷ്യമിടുന്നവർ. ഇവർക്കൊപ്പം പഠിക്കുമ്പോൾ നമ്മുടെ മികവും കൂടും. നല്ല അധ്യാപകരും നിലവാരമുള്ള സെമിനാറുകളുമെല്ലാമായി ഏറ്റവും മികച്ച പഠനാന്തരീക്ഷം.

എമിൽ ജോസ്, രാംജാസ് കോളജ്

Content Summary : Why Choose Delhi University through CUET 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS