മാസ്ക് ധരിക്കാൻ പറഞ്ഞപ്പോൾ യുവാവിന്റെ ‘സിനിമാ സ്റ്റൈൽ’ പ്രകടനം ; അനുഭവം പങ്കുവച്ച് ഡോക്ടർ

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
Manorama Online Career Work Experience Series Dr. Praveen Maruvanchery Memoir
Representative Image. Photo Credit : Sun Ok / Shutterstock.com
SHARE

ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലുള്ള ജോലി ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഏതു നിമിഷവും പനി മുതൽ വാഹനാപകടം വരെ ഡോക്ടറെ തേടിയെത്തും. മുന്നിലെത്തുന്ന രോഗിയുടെ ജീവൻ രക്ഷിക്കുകയെന്നതാവും ഡോക്ടറുടെ പരിഗണന. തിരക്കേറിയ സമയത്ത് നിസ്സാര രോഗവുമായി ഒരു രോഗി എത്തിയാലോ? അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ മറുവഞ്ചേരി.

അത്യാഹിത വിഭാഗത്തിൽ രാത്രി പത്തു മണിക്ക് പൂരത്തിനുള്ള പുരുഷാരം. ചുമയും, ശ്വാസംമുട്ടലും നെഞ്ചുവേദനയും തലകറക്കവും ഒക്കെയായി ഡോക്ടറുടെ ചുറ്റും കൂടി നിൽക്കുന്ന രോഗികൾ. ഛർദ്ദിയും പനിയുമൊക്കെയുള്ള കുട്ടികളെ എടുത്ത് നിൽക്കുന്ന അമ്മമാർ. മദ്യപിച്ച് അപകടമുണ്ടാക്കി വന്നവരും പട്ടിക വച്ച് തലയ്ക്ക് അടി കിട്ടി വന്നവരും പട്ടി കടിച്ചു വന്നവരും ഒക്കെയായി അത്യാഹിതങ്ങൾ ഏറെ.

കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറും ഓരോ സ്റ്റാഫും പത്തു തലയും ഇരുപതു കൈകളുമുള്ള ഓരോ അവതാരങ്ങളായി മാറുന്ന സാഹചര്യം. കാഷ്വാലിറ്റിയിലെ ഡോക്ടറെ സഹായിക്കാൻ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുമെത്തിയിട്ടുണ്ട്.

ഇതിനിടയിൽ ചുമയുമായി ഒരു കുഞ്ഞിനെ പിടിച്ച് നിൽക്കുന്ന അമ്മ. കുട്ടിയുടെ അച്ഛൻ ഒപി ടിക്കറ്റ് എടുത്ത് വരാനോടിയിരിക്കുകയാണ്.

സാരമില്ല, ടിക്കറ്റ് വരുമ്പോഴേക്കും കുഞ്ഞിന്റെ  ഓക്സിജന്റെ അളവും പനിയും നോക്കട്ടെ എന്ന് ആശ്വസിപ്പിച്ച ഡോക്ടർ ആ കുഞ്ഞിനെ സിസ്റ്ററെ ഏൽപ്പിച്ചു.

ഇതിനിടയിലാണ്  ഒരു യുവാവ് നൂണ്ട് കയറി ഡോക്ടറുടെ അടുത്തെത്തി ഒപി ടിക്കറ്റ് നീട്ടിയത്.

‘എന്താ പ്രശ്നം?..’

ഡോക്ടർ ഒട്ടും സമയം കളയാതെ ഒപി ടിക്കറ്റിൽ രോഗിയുടെ പ്രശ്നം എഴുതാൻ തയാറായി കുനിഞ്ഞിരിക്കുകയാണ്.

‘അതേ ഡോക്ടറേ... എന്റെ കാലിൽ ഒരു ചൊറി...’

കാലിലെ വരട്ടു ചൊറിയും കൊണ്ട് രാത്രി അത്യാഹിത വിഭാഗത്തിലേക്ക് വണ്ടി പിടിച്ചെത്തിയ ആ ‘അത്യാഹിതം’ പറ്റിയ രോഗിയെ ഡോക്ടർ തലയുയർത്തി ഒന്ന് ബഹുമാനപൂർവം നോക്കി. മാസ്കിന്റെ മറയില്ലാതെ സുസ്മേരവദനനായി അയാൾ വീണ്ടും മൊഴിഞ്ഞു.

‘കുറച്ച് കാലമായി.. കണ്ടാ കാലിൽ ഞരമ്പ് തടിച്ച് കെടക്കണത്....’

‘ഇത് ചൊറിയൊന്നുമല്ല. വെരിക്കോസ് വെയിനാണ്. കാലിലെ സിരകളിൽ ഉള്ള ഒരു അസുഖം. ഒപിയിൽ വന്ന് സർജനെ കാണിക്കണം...’ – ‌‌‌‌‌‌‌ഡോക്ടർ രോഗ നിർണ്ണയം നടത്തി. വരിയിൽ മുട്ടി മുട്ടിനിൽക്കുന്ന, മാസ്ക് താടിക്ക് ആഭരണമാക്കിയ അപ്പൂപ്പൻ ചുമച്ചപ്പോഴാണ് യുവാവിന് മാസ്കില്ലല്ലോ എന്ന് ഡോക്ടർ ഓർത്തത്.

‘മാസ്ക് എവിടെ...?’

‘വണ്ടീലുണ്ട്,,,’

‘മാസ്കിട്ട് വരൂ... ഈ ചുമയും ശ്വാസംമുട്ടുമായി വരുന്നവരിൽ എത്ര പേർ കോവിഡ് ഉള്ളവരാണെന്ന് ഇപ്പോളറിയില്ല. മാസ്ക് വണ്ടീന്നെടുത്ത് ധരിക്ക്

അപ്പോഴേക്കും ഞാനീ ശ്വാസം മുട്ടുന്ന അപ്പൂപ്പനെ നോക്കട്ടെ...’

ഡോക്ടറുടെ ഉപദേശം പയ്യന് തീരെ പിടിച്ചില്ല.

അവന്റെ മുഖത്ത് ക്രോധം ആളിക്കത്തി ഒപി ടിക്കറ്റ് തിരികെ വാങ്ങി കീറി രണ്ടായി വായുവിൽ വലിച്ചെറിഞ്ഞ് സിനിമാ സ്റ്റൈലിൽ അവനിറങ്ങി നടന്നു. 

അടുത്ത നിമിഷം തലയ്ക്ക് മുകളിലൂടെ അടി വീഴുമോയെന്ന് ഭയന്ന് ഡോക്ടർ ഒന്നു പിന്നാക്കം നീങ്ങി ഒരുങ്ങിയിരുന്നു. അതാണല്ലോ ഇപ്പോൾ ആചാരം.

കീറിയെറിയപ്പെട്ട പാവം സർക്കാർ ഒപി ടിക്കറ്റ് കഷ്ണത്തിൽ ചവിട്ടി, ഒഴിഞ്ഞ സ്റ്റൂളിലേക്ക് നിർത്താതെ കരയുന്ന  കുട്ടിയുമായി ഒരമ്മ കടന്നിരുന്നിരുന്നു.

ആ ശ്വാസം മുട്ടലുള്ള അപ്പൂപ്പൻ മാസ്ക് നേരെയാക്കുകയായിരുന്നു.

ഡോക്ടർ നോക്കുമ്പോൾ കാഷ്വാലിറ്റിയിൽ മാസ്കില്ലാത്ത മുഖങ്ങൾ നിരവധി. മാസ്ക് ധരിക്കാൻ പറഞ്ഞാലുള്ള റിസ്കോർത്തിട്ടാവണം, ഒന്നും മിണ്ടാതെ അദ്ദേഹം പരിശോധന തുടർന്നു.

‘അത്യാഹിതമായി വരുമ്പോഴാണ് മാസ്ക്...’

ആരോ ഉറക്കെ ആത്മഗതം പറഞ്ഞു. അത് ശരിവച്ചു കൊണ്ട് പൊതുജനം തലയാട്ടി.

അതെ, അതെ... മാസ്ക് ധരിക്കാൻ പറയുന്നതും ഒരു റിസ്കാണെന്ന തിരിച്ചറിവിൽ ഡോക്ടർ നിശബ്ദനായി പരിശോധന തുടർന്നു.

അപ്പോഴും രോഗാണുക്കൾ മനുഷ്യർ കാണാതെ വായുവിലൂടെ പടരുന്നുണ്ടായിരുന്നു. ഇരകളെ തേടി നിശബ്ദം അലയുന്നുണ്ടായിരുന്നു.

Manorama Online Career Work Experience Series Dr. Praveen Maruvanchery Memoir
ഡോ. പ്രവീൺ മറുവഞ്ചേരി

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Dr. Praveen Maruvanchery Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS