മൂത്രമൊഴിക്കണമെന്ന് രോഗി; പ്രശ്നമൊന്നുമില്ലെന്ന് ‘ഹിന്ദി’ അറിയാത്ത നഴ്സ്...കഥയിങ്ങനെ

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
Manorama Online Career Work Experience Series Shiju Thomas Memoir
Representative Image. Photo Credit : Thaiview / Shutterstock.com
SHARE

ഭാഷ അറിയാത്ത നാട്ടിൽ ജോലിക്കു ചെല്ലുമ്പോൾ ആദ്യ ദിവസങ്ങൾ വളരെ ബുദ്ധിമുട്ടാകും. നഴ്സിങ് മേഖയിൽ ‘ഭാഷാ നൈപുണ്യം’ പ്ലസ് പോയിന്റാണ്. രോഗിയെ പരിചരിക്കുമ്പോൾ അത് ജോലി സുഗമമാക്കും. പതിമൂന്ന് വർഷം മുൻപ്, ഹിന്ദി മാത്രം അറിയുന്ന രോഗിയെ പരിചരിക്കാനെത്തി അനാവശ്യമായി ശകാരം കേട്ട സഹപ്രവർത്തകന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഷാർജയിൽ മെയിൽ നഴ്സായ ഷിജു തോമസ്. 

നഴ്സിങ് പഠിച്ചിറങ്ങി ആദ്യം ജോലി കിട്ടിയത് ഉത്തർപ്രദേശിലെ ബാരാബാങ്കി എന്ന സ്ഥലത്താണ്. പുതിയൊരു ഹോസ്പിറ്റലായതു കൊണ്ടുതന്നെ ഞങ്ങൾ നഴ്സുമാരും ഏറെക്കുറെ പുതുമുഖങ്ങൾ ആയിരുന്നു. അതിൽ ഭൂരിപക്ഷവും മലയാളികൾ. എനിക്ക് അസ്ഥി വിഭാഗത്തിലായിരുന്നു നിയമനം. വലിയ വാർഡിൽ ഇടതു വശത്ത് പുരുഷന്മാർക്കും വലതു വശത്തു സ്ത്രീകൾക്കുമായി കിടക്കകൾ ക്രമീകരിച്ചിരിക്കുന്നു. രോഗിയുടെ ബെഡിനെ ചുറ്റിയുള്ള കർട്ടൻ മാറ്റിയാൽ നഴ്സിങ് സ്റ്റേഷനിൽനിന്ന് എല്ലാ ബെഡിലേക്കും നോട്ടം കിട്ടും. രോഗികളുടെ തിരക്കില്ലാത്തതു കൊണ്ട് കൂട്ടിരിപ്പുകാർക്ക് അടുത്ത ബെഡിൽ കിടക്കാം. പകലും രാത്രിയുമായി ഡ്യൂട്ടി ഷിഫ്റ്റ് മാറി വരും.

ഇനി കഥയിലേക്ക്... 

എന്റെ സഹപ്രവർത്തകൻ ആളൊരു ശുദ്ധൻ. ‘സഹോ’യെന്ന് വിളിക്കാം. വാക്കുകൾ കൊണ്ടുപോലും ആരെയും വേദനിപ്പിക്കില്ല. ശുദ്ധ വെജിറ്റേറിയൻ. അതേ ചിട്ട ജോലിയിലും. രോഗി പരിചണത്തിൽ മിടുക്കനാണെങ്കിലും ഹിന്ദിയുടെ കാര്യത്തിൽ ഞങ്ങളെപ്പോലെ ‘വട്ടപ്പൂജ്യം’.

അസ്ഥിരോഗ വിഭാഗത്തിൽ രാത്രി ഡ്യൂട്ടി  കിട്ടിയ ദിവസം കക്ഷി ചട്ടപ്രകാരം എല്ലാ രോഗികളുടെയും ചാർട്ട് പരിശോധിച്ചു ജോലിയിൽ മുഴുകി. കൂട്ടിനുള്ളത് സീനിയർ നഴിസിങ് സ്റ്റാഫും. രാത്രി പന്ത്രണ്ട് കഴിഞ്ഞപ്പോൾ സിനീയർ സ്റ്റാഫ് ഒന്ന് മയങ്ങാൻ നഴ്സിങ് സ്റ്റേഷനിലേക്ക് പോയി. എന്റെ സഹോ ജോലിയിൽ മുഴുകി വാർഡിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ രോഗികളുടെ ക്ഷേമ വിവരം അന്വേഷിക്കുമ്പോഴാണ് ആ സംഭവം.

അപ്പോഴാണ് ബെഡിൽനിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ള ഒരു അമ്മച്ചി സഹോയെ വിളിച്ചത്.

അമ്മച്ചി പറഞ്ഞു – ‘ബേട്ടാ മുജെ  പെശാബ് കർനാ ഹേ...’ (മോനേ എനിക്ക് മൂത്രമൊഴിക്കണം).

അത്യാവശ്യം കുറച്ചു ഹിന്ദി വാചകങ്ങൾ ഞങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ടുണ്ടായിരുന്നു എങ്കിലും ഈ വാചകങ്ങൾ ഞങ്ങൾ പഠിപ്പിച്ചു കൊടുത്ത സിലബസിൽ ഇല്ലായിരുന്നു. ഇത് കേട്ട് അന്തംവിട്ടിരുന്ന സഹോ എന്ത്  ചെയ്യണം എന്നറിയാൻ പറ്റാത്ത അവസ്ഥയിലായി.

സീനിയർ നഴ്സിനെ വിളിച്ചു ശല്യം ചെയ്യാൻ മനസ്സ് അനുവദിച്ചില്ല. വേദനയല്ലെന്ന് അമ്മച്ചിയുടെ മുഖഭാവത്തിൽനിന്നു മനസ്സിലായി. തൊട്ടപ്പുറത്തെ ബെഡിൽ കർട്ടനു മറവിൽ അമ്മച്ചിയുടെ കൂട്ടിരിപ്പുകാരിയായ പെൺകുട്ടി കിടപ്പുണ്ട്. പക്ഷേ ദീർഘ മയക്കത്തിൽ ആയത് കാരണം ആ കുട്ടി ഒന്നും കേട്ടു കാണില്ല. 

അമ്മച്ചി വീണ്ടും പറഞ്ഞു – ‘അരേ യാർ  മുജെ പെശാബ് കർനാ ഹേ...’ (ഓ മനുഷ്യാ എനിക്ക് മൂത്രമൊഴിക്കണം). 

അമ്മച്ചിയുടെ സംസാരത്തിന്റെ ടോൺ ഒന്ന് മാറി. 

സഹോ മുഖത്ത് ഗൗരവവും അനുഭകമ്പയും സമാസമം വരുത്തി പതിയെ അമ്മച്ചിയുടെ കയ്യിലെ പൾസ്‌ പിടിച്ച് വാച്ച് നോക്കി. എന്നിട്ട് ഏറ്റവും ആശ്വാസകരമായ, എല്ലാ രോഗികളും കേൾക്കാൻ ആഗ്രഹിക്കുന്ന താൻ പഠിച്ചു വച്ചിരിക്കുന്ന ആ മാസ് ഡയലോഗ് അങ്ങ് കാച്ചി –  മാജി സബ് കുച്ച് ടീക് ഹേ, കോയി ധിക്കത്ത് നഹീ (അമ്മച്ചി എല്ലാം ഓക്കേ ആണ്, യാതൊരു പ്രശ്നവും ഇല്ല)

പിന്നെ അമ്മച്ചി പറഞ്ഞത് എന്താണെന്ന് ഇൗ നിമിഷം ആർക്കും പിടികിട്ടിയിട്ടില്ല എന്നാണ് കേട്ടത് !

അമ്മച്ചിയുടെ ബഹളം കേട്ട് ഉണർന്ന കൂട്ടിരിപ്പുകാരി ഇംഗ്ലിഷിൽ പറഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അമളി  സഹോയ്ക്ക്  മനസിലായത്. 

ഉടൻ തന്നെ സഹോ ആയയെ വിളിച്ച് അമ്മച്ചിയുടെ അടുത്തേക്ക് വിട്ടു.

പിറ്റേ ദിവസം കണ്ടപ്പോൾ സഹോയാണ് ഇൗ കാര്യം എന്നോട് പറഞ്ഞത്. അന്ന് തന്നെ സഹോ ഹിന്ദി-മലയാളം ഡിക്‌ഷണറി വാങ്ങി ‘ഹിന്ദി ഭാഷാ പഠനം’ ആരംഭിച്ചു. 

ഇപ്പോഴും സഹോയുടെ എഫ്ബിയിൽ ചിത്രവും പോസ്റ്റും കാണുമ്പോൾ ‘ഇൗ ഒന്നാം നമ്പർ’ കഥ ഒാർമ വരും.

സഹോ... നീ ഇത് വായിക്കുന്നുണ്ടാകുമോ?

Manorama Online Career Work Experience Series Shiju Thomas Memoir
ഷിജു തോമസ്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Shiju Thomas Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS