ക്ലാസിലെ ‘കാർബൺഡൈഓക്സൈഡ്’ പ്രശ്നം പരിഹരിച്ചിതിങ്ങനെ; അധ്യാപന ജീവിതത്തിലെ രസകരമായ സംഭവങ്ങൾ

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
Manorama Online Career Work Experience Series Sunil Thomas Karickom Memoir Representative Image Shutterstock
Representative Image. Photo Credit : Blaz Kure / Shutterstock.com
SHARE

ക്ലാസിൽ കുട്ടികളെ അച്ചടക്കത്തോടെ ഇരുത്താൻ എന്തെല്ലാം ‘നമ്പറുകൾ’ പയറ്റണമെന്ന് ചോദിച്ചാൽ ‘കാക്കത്തൊളായിരം’ എന്നാകും അധ്യാപകരുടെ ഉത്തരം. അധ്യാപന ജീവിതത്തിലെ ചില സംഭവങ്ങൾ എപ്പോഴും മധുരമുള്ള ഓർമകളായിരിക്കും. റിട്ടയർമെന്റിനു ശേഷവും ‘സാറേ... ടീച്ചറേ’ വിളി അധ്യാപന ജീവിതത്തിന്റെ മുതൽക്കൂട്ടാണ്. അങ്ങനെയൊരു ഒാർമ പങ്കുവയ്ക്കുകയാണ് ഒമാനിലെ സലാലയിൽ അധ്യാപകനായി ജോലി ചെയ്യുന്ന സുനിൽ തോമസ് കരിക്കം.

വർഷങ്ങൾക്കു  മുൻപ് നാട്ടിലെ കോളജിൽ പഠിപ്പിച്ചിരുന്നപ്പോഴുണ്ടായ സംഭവമാണിത്. അന്ന് എന്റെ ക്ലാസിൽ പഠിച്ചിരുന്ന പല വിദ്യാർഥികളും ഇപ്പോൾ അധ്യാപകരാണ്. ക്ലാസ് എടുക്കാനായി ക്ലാസ്റൂമിലേക്ക് ചെല്ലുമ്പോൾ സാധാരണ വിദ്യാർഥികൾ എഴുന്നേറ്റു നിന്ന് ‘ഗുഡ് മോണിങ്’ അല്ലങ്കിൽ ‘ഗുഡ് ആഫ്റ്റർനൂൺ’ എന്ന് വിഷ് ചെയ്യാറുണ്ട്. ചിലപ്പോൾ ക്ലാസിൽ ചെല്ലുമ്പോൾ കുറച്ചു കുട്ടികൾ ഇരുന്നുകൊണ്ട് തന്നെ വിഷ് ചെയുന്നത് ശ്രദ്ധയിൽപ്പെട്ടു. ചിലരാണെങ്കിൽ ഒരു ക്ലാസ് കഴിയുമ്പോൾ പുറത്തേക്കു പോകും. മിക്കവാറും പോകുന്നത് ആത്മാവിനു ചൂട് കൊടുക്കാൻ കാന്റീനിലേക്കോ അടുത്ത ക്ലാസ്സിലുള്ള സുഹൃത്തിന്റെ അടുത്ത് ഹാജർ വയ്ക്കാനോ ആയിരിക്കും.

ഈ വിലപ്പെട്ട സമയം ക്ലാസ്സിലുള്ള നിഷ്കളങ്കരായ ചില വിദ്യാർഥികൾ പുറത്തു പോയവരുടെ ടിഫിൻ ബോക്സിൽനിന്നു സ്പെഷൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് മാത്രം കഴിച്ചു വിശപ്പടക്കും. കട്ടുതീറ്റയുടെ സമയത്താണ് ക്ലാസിൽ അധ്യാപകർ വരുന്നതെങ്കിൽ വിഷ് ചെയ്യാൻ ശ്രമിച്ചാൽ വായിൽ ഇരിക്കുന്ന സ്പെഷൽ പുറത്തു വരും. 

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് എനിക്ക് തോന്നി. അധ്യാപകരെ എഴുന്നേറ്റുനിന്ന് വിഷ് ചെയ്യേണ്ടതിന്റെ കാരണം ഇങ്ങനെ വ്യക്തമാക്കി – 

‘തലച്ചോറിന്റെ പ്രവർത്തനത്തിന് ഓക്സിജൻ വളരെ അത്യാവശ്യമാണെന്നും ഓക്സിജൻ ധാരാളമായി ശ്വസിച്ചാൽ  മാത്രമേ നാം കേൾക്കുന്ന കാര്യങ്ങൾ നമ്മുടെ ഓർമയിൽ നിൽക്കുവെന്നും ഓക്‌സിജൻ ലഭിക്കാൻ വേണ്ടിയാണ് ക്ലാസ്റൂമിനു സാധാരണ മുറികളെക്കാൾ കൂടുതൽ  ഉയരം ഉള്ളതെന്നും മുകളിൽ വിശാലമായ ജനൽ കൂടി വയ്ക്കുന്നതെന്നും പറഞ്ഞു.

കൂടുതൽ വിശ്വാസം നേടാൻ ഇതു കൂടി ചേർത്തു – ‘അവസാന ക്ലാസിൽ നിങ്ങൾ ഒരു മണിക്കൂർ ഇരുന്നു പഠിക്കുകയായിരുന്നല്ലോ? അതിനാൽ നിങ്ങളും മറ്റു വിദ്യാർഥികളും ശ്വസിച്ചു പുറത്തേക്കു വിട്ട കാർബൺഡൈ ഓക്സൈഡാണ് വീണ്ടും ശ്വസിക്കുന്നത്. ഒരു ടീച്ചർ ക്ലാസിൽ വരുമ്പോൾ നിങ്ങൾ എഴുന്നേറ്റു നിന്ന് ഉറക്കെ വിഷ് ചെയ്യുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള കാർബൺഡൈ ഓക്സൈ‍ഡ് പുറത്ത് പോയി മുകളിലുള്ള ജനാല വഴി ആവശ്യമായ ഓക്‌സിജൻ നിങ്ങൾക്ക് ലഭിക്കും. ഭയങ്കര എനർജിയും ലഭിക്കും...’

ഇത്രയും കേട്ടതും വിദ്യാർഥികൾ എല്ലാവരും ‘കോറസായി’ ഒകെ... സാാാാർ ഇനി മുതൽ അങ്ങനെ തന്നെ ചെയ്യാം എന്ന് നീട്ടിയൊരു മറുപടിയായിരുന്നു. 

സംഭവം ഏറ്റല്ലോ എന്നറിഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം ഇരട്ടിയായി.

അടുത്ത ദിവസം ക്ലാസിൽ കാലെടുത്തു വച്ചതും വിദ്യാർഥികൾ വെടിപൊട്ടുന്ന ശബ്ദത്തിൽ എഴുന്നേറ്റു നിന്ന് – ഗുഡ് മോണിങ് സാാാാർ !

‌ശബ്ദത്തിന്റെ പ്രകമ്പനം കൊണ്ട് ക്ലാസ് മുറി ഇടിഞ്ഞു വീഴുമോ?

നോക്കുമ്പോൾ പ്രിൻസിപ്പൽ വാതിക്കൽ നിൽക്കുന്നു.

ഞാൻ അറ്റൻഡൻസ് എടുക്കാൻ തുടങ്ങി. കുട്ടികൾ അവരുടെ ക്ലാസ് നമ്പർ പറയും.  ചില നല്ല മിടുക്കരായ വിദ്യാർഥികൾ വരാത്തവരുടെ നമ്പർ കൂടി പറഞ്ഞു സഹായിക്കും  അതിനാൽ അറ്റന്റൻസ് എടുത്തിട്ട് ടോട്ടൽ പ്രസന്റ് കറക്റ്റ് ആണോ എന്ന് നോക്കും. അറ്റൻഡൻസ് പറയാൻ എഴുന്നേൽക്കുന്ന വിദ്യാർഥികൾ  ഉച്ചത്തിൽ നമ്പർ പറയാൻ തുടങ്ങി.

ക്ലാസിൽ കേൾക്കുന്ന ശബ്‌ദത്തിൽ  മാത്രം പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ  ദേ വരുന്നു മറുപടി – ‘സർ... ഇവിടെ മൊത്തം കാർബൺഡൈഓക്സൈഡാണ്. അത് പോകാൻ ആണ് ഉച്ചത്തിൽ പറയുന്നത് !’

ഉറക്കെ വിഷ് ചെയ്യാൻ മാത്രം ഉപദേശിച്ച ഞാൻ കുട്ടികൾ ഇത്ര ശുഷ്കാന്തിയോടെ എല്ലാ കാര്യങ്ങളിലും അത് പാലിക്കും എന്ന് കരുതിയില്ല. അടുത്ത ദിവസം ഈ ശുഷ്കാന്തിക്കാരെ കണ്ടില്ല. അന്വേഷിച്ചപ്പോൾ ഫസ്റ്റ് ഇയറിനെ സ്പോക്കൺ ഇംഗ്ലിഷ് പഠിപ്പിക്കാൻ ഒരു പുതിയ ഗെസ്റ്റ് ടീച്ചർ വന്നുവെന്നും അവർ ഇംഗ്ലിഷ് പഠിക്കാനും ടീച്ചറിനെ കാണാനും ആ ക്ലാസിൽ പോയതാണ് എന്നും അറിഞ്ഞു .

അടുത്ത ആഴ്ച പതിവുപോലെ ക്ലാസ് തുടങ്ങി. ഒരു ചോദ്യം ചോദിച്ചപ്പോൾ കഴിഞ്ഞ ആഴ്ച ഇംഗ്ലിഷ് പഠിക്കാൻ പോയിട്ടു  വന്ന ഒരു ശുഷ്‌കാന്തികാരൻ വിദ്യാർഥി വളരെ ഉച്ചത്തിൽ ഉത്തരം പറഞ്ഞു.

സഹികെട്ട് ഞാൻ ചോദിച്ചു – അവിടെ ഓക്‌സിജൻ കുറവുണ്ടോ? 

അതെ സർ, ഇവിടെ മൊത്തം കാർബൺഡൈഓക്സൈഡാണ് എന്നായിരുന്നു ഉത്തരം.

ഞാൻ ശാന്തമായി ആ മിടുക്കനെ വിളിച്ചു – ‘ഇങ്ങു വന്നേ, ആ ജനലിന്റെ അടുത്ത് പോയി നിന്നോ. ആവശ്യത്തിന് ഓക്‌സിജൻ കിട്ടി കഴിയുമ്പോൾ പറഞ്ഞാ മതി’ ഇടയ്ക്കു ബ്ലാക്ക്ബോർഡ് ക്ലീനിങ്ങും എൽപ്പിച്ചു.

ഇൗ സംഭവത്തോടെ പിന്നെ ആർക്കും എന്റെ ക്ലാസ്സിൽ കാർബൺഡൈഓക്സൈഡ് പ്രശ്നം ഉണ്ടായില്ല.

work-experience-series-sunil-thomas-karickom-memoir-author-image
സുനിൽ തോമസ് കരിക്കം

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Sunil Thomas Karickom Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS