ADVERTISEMENT

എത്ര വിഭവങ്ങൾ മുന്നിൽക്കൊണ്ടു വച്ചാലും ഉച്ചയ്ക്ക് ഒരുപിടി ചോറു കിട്ടിയില്ലെങ്കിൽ പരവശരായിപ്പോകുന്ന ആളുകൾക്ക് എളുപ്പത്തിൽ ദഹിക്കുന്ന ഒരു അനുഭവ കഥയാണ് ഓസ്ട്രേലിയയിൽ നഴ്സായ അനുജ മാത്യുവിന് പങ്കുവയ്ക്കാനുള്ളത്. ലോകത്തെവിടെച്ചെന്നാലും ആ ദേശക്കാരെ സ്വന്തം നാടിന്റെ സംസ്കാരത്തിന്റെയും രുചിയുടെയും ആരാധകരാക്കുന്ന മലയാളികളുടെ രീതി പിന്തുടർന്ന കഥ അനുജ  പങ്കുവയ്ക്കുന്നതിങ്ങനെ...

 

ഉച്ചയ്ക്ക് ചോറുണ്ണാതിരുന്നാൽ തല കറങ്ങുന്ന ഒരു പാവം പ്രവാസിയുടെ കഥയാണിത്. 2018 നവംബറിൽ ഓസ്ട്രേലിയയിൽ നഴ്സ് ആയി ജോലി തുടങ്ങി. റീജനൽ ഓസ്ട്രേലിയയിൽ മൾട്ടി കൾച്ചർ അത്ര പ്രചാരത്തിൽ ഇല്ലാത്ത സമയം. അതായത് അധികം ഇന്ത്യൻസ് ഒന്നും ഈ ഏരിയയിൽ ആ സമയത്തില്ല. മോണിങ് ഡ്യൂട്ടി ആണെങ്കിൽ ഇവിടെ ലഞ്ച് ബ്രേക്കിനാണ് എല്ലാരും കൂടി കഫേയിൽ പോകാറുള്ളത്. ഒരു നീളൻ മേശയ്ക്കു ചുറ്റും എല്ലാവരും കൂടി ഇരിക്കും. ഇവരെ ശല്യം ചെയ്യാതെ മാറിയിരിക്കാം എന്നു വിചാരിച്ചാൽ അപ്പോൾ വരും വിളി.

 

‘‘Come Anuja, you can sit here, we got enough space here’’  എന്ന്. അങ്ങനെ മാറി ഇരിക്കുന്നത് അവർക്കിഷ്ടമല്ല. അവരുടെ രീതിയാണത്. മാന്യതയെന്നോ സംസ്കാരമെന്നോ എന്തും വിളിക്കാം. അവരുടെ ചർച്ച വീട്ടിലെ പക്ഷിമൃഗാദികളെപ്പറ്റിയൊക്കെയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ശരിക്കുറങ്ങിയില്ല. പട്ടിക്കുട്ടി അടുത്ത് വന്നു കിടന്നതാണ് കാരണം. പിന്നെ ഇതൊക്കെ എന്ത് തമാശ എന്ന് തോന്നുമാറുള്ള കുറച്ചു തമാശകളും പൊട്ടിച്ചിരികളും. ഞാനും കൂട്ടത്തിൽ കൂടും ചിരിക്കാൻ. എന്നാലും മനസ്സിൽ ഓർക്കും ശരിക്കുമുള്ള തമാശ കേട്ടാൽ അവർ എങ്ങനെയായിരിക്കും ചിരിക്കുക എന്ന്. അതിനായിരിക്കും ഈ കൾച്ചറൽ ഡിഫറൻസ് എന്നു പറയുന്നത്. എത്രയും പെട്ടെന്ന് ഫോൺ എടുത്തു സോഷ്യൽ മീഡിയയിൽ തല കുമ്പിട്ടിരിക്കലാണ് പിന്നെ രക്ഷ. മാന്യരായതു കൊണ്ട് നമ്മുടെ സ്വകാര്യതയിലേക്ക് അവർ ചൂഴ്ന്നിറങ്ങില്ല.

 

അങ്ങനെ ഈ സദസ്സിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള മടി കൊണ്ട് ആദ്യമൊക്കെ ആപ്പിൾ കൊണ്ടു വന്നു. കത്തിയും മുള്ളും ഉപയോഗിക്കാൻ പഠിക്കുന്നത് ഒരു സംഭവം തന്നെയായിരുന്നു. ആപ്പിൾ കഴിക്കാൻ എടുക്കുമ്പോൾ  ചോദ്യം വരും. 

 

work-experience-series-anuja-mathew-memoir-author-image
അനുജ മാത്യു

Are you having an apple Anuja? Yeah, that is enough for me.  എന്നൊക്കെ ജാഡയിൽ പറയും. പക്ഷേ പണ്ട് സ്കൂൾ വിട്ടോടി വന്നാൽ, കഴിക്കാൻ എന്താ അമ്മേ എന്ന് ചോദിക്കുന്ന അതേ സ്പിരിറ്റിൽ ജോലി കഴിഞ്ഞോടി വന്നു കഞ്ഞിക്കലത്തിൽ തലയിടും. ഒറ്റ വ്യത്യാസം മാത്രം. നമ്മൾ തന്നെ ഉണ്ടാക്കിയ തട്ടിക്കൂട്ട് കറി ആയിരിക്കും. ഇത് ശരിയാവില്ല എന്നു പതുക്കെ മനസിലായി. ബ്രേക്ക്ഫാസ്റ്റിന് ദോശയൊക്കെ കൊണ്ടു പോയിത്തുടങ്ങി.

 

Are you having curry for breakfast എന്ന് ചോദിക്കും ചമ്മന്തി കാണുമ്പോൾ. അവരെ കുറ്റം പറയാൻ പറ്റില്ല. കോൺഫ്ലക്സ്, ഓട്‌സ്, ബ്രഡ്, ഫ്രൂട്ട്‌സ് ഒക്കെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന അവർക്ക് എന്ത് ദോശ, ചമ്മന്തി. (നമ്മുടെ ഈ breakfast വികാരങ്ങളിലെ അന്തരം വളരെ വലുത് തന്നെ). ഉച്ചയ്ക്ക് ചോറുണ്ണാതെ പറ്റില്ല എന്നുള്ളതു കൊണ്ട് ചോറും കൊണ്ടു പോയിത്തുടങ്ങി. ചൂടാക്കിയാലും അധികം മണം വരാത്ത എന്തെങ്കിലും ഒരു തോരനും. എങ്കിലും സ്പൂൺ കൊണ്ട് കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഉച്ചയ്ക്ക് ചോറുണ്ണാമല്ലോ. അങ്ങനെ ആ വലിയ തീൻ മേശയിൽ ചോറ് വാരി വിഴുങ്ങിക്കൊണ്ടിരുന്ന ഒരു ദിവസം ഒരു ഇംഗ്ലിഷ്കാരി തൊടുത്തു വിട്ടു ആ ചോദ്യം. How much carbohydrate are you having Anuja? (ഇംഗ്ലിഷുകാർ പ്രോട്ടീൻ കൂടുതലും കാർബോഹൈഡ്രേറ്റ്  വളരെ കുറവും  കഴിക്കുന്ന ആളുകളാണ്). ഒരു വിധത്തിൽ ഉണ്ടാക്കിക്കൊണ്ടു വന്ന ആത്മവിശ്വാസം എല്ലാം ഇടിഞ്ഞു കുത്തി താഴോട്ട്. പിന്നെ ചോറ് കുറവും തോരൻ കൂടുതലും ആക്കി. 

 

ബീറ്റ്റൂട്ട്, കാരറ്റ്, കാബേജ് തോരൻ, ഉരുളക്കിഴങ്ങു മെഴുക്കുപിരട്ടി ഒക്കെ ആണെങ്കിലും കാണുമ്പോൾ അവർക്കു അദ്ഭുതമാണ്. How beautifully it is cut, you always eat homemade എന്നൊക്കെ അവർ പൊക്കി വിടും. എന്റെ പൊന്നു സാറേ, ചോറുണ്ണാതെ പറ്റാഞ്ഞിട്ടാ എന്ന് മനസ്സിൽ പറയും. പിന്നെ പാലപ്പം, ഇഡ്ഡലി, ദോശ ഒക്കെ കൊണ്ടുപോയിത്തുടങ്ങി ആ വലിയ സദസിൽ. ഇതൊക്കെ എന്താണെന്നും എങ്ങനെ ഉണ്ടാക്കുമെന്നും വിശദീകരിക്കലാണ് പാട്. ‘A kind of pancake’  എന്ന മറുപടിയിൽ ഒതുക്കും എല്ലാം. ഇപ്പോൾ അവർക്കും ശീലമായി. ഉണക്കമീൻ ഒഴിച്ച് ഒരു മാതിരി എല്ലാം കൊണ്ട് പോകാനുള്ള ധൈര്യമായി. സാമ്പാറിന്റെ മണമൊക്കെ കഫേയിൽ ഒഴുകി നടക്കും. ബിരിയാണിക്ക് കുറച്ചു ഫാൻസ് ഉണ്ട്. ടേസ്റ്റ് ചെയ്തോട്ടെ എന്നൊക്കെ ചോദിക്കും. അങ്ങനെ നമ്മൾ എവിടെ ചെന്നാലും ‘മലയാളി ഡാ’ എന്ന് അന്വർഥമാക്കി കൊണ്ട് ആ സദസിൽ കൂൾ കൂൾ ആയി ചോറും കറികളും കഴിച്ചു തുടങ്ങി. 

 

സ്പൂൺ ഉപയോഗിക്കും എന്നിരുന്നാലും അവരെ നമ്മളും മാനിക്കണമല്ലോ. അതുപോലെ തന്നെ ഇപ്പോൾ ഇടയ്ക്കു  അവരുടെ ഭക്ഷണവും കഫേയിൽനിന്നു മേടിച്ചു കഴിക്കാറുണ്ട്. ബേക്കഡ് വെജ്‌ജീസ്, സാലഡുകൾ, മസ്റ്റാർഡ് ചിക്കൻ, അങ്ങനെ വായിൽ കൊള്ളാത്ത കുറെ പേരുകൾ. അല്ലേലും മലയാളികൾ ഹെൽത്ത് കോൺഷ്യസ് അല്ലന്നേ...

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Anuja Mathew Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com