ADVERTISEMENT

ദരിദ്രൻ ധനവാനോടു കടം വാങ്ങി. നിശ്ചിതസമയത്തു തിരിച്ചുനൽകാമെന്ന് ഉറപ്പും നൽകിയിരുന്നു. പല അവധികൾ കഴിഞ്ഞെങ്കിലും അയാൾക്കു പണം നൽകാൻ കഴിഞ്ഞില്ല. ധനവാന് അതു ചെറിയ തുകയും ദരിദ്രനു വലിയ തുകയുമായിരുന്നു. ധനികൻ കോടതിയിൽ കേസ് കൊടുത്തു. നാട്ടുകാരെല്ലാം വിധിന്യായം കേൾക്കാൻ തടിച്ചുകൂടി. ധനികന് ഈ പണത്തിന്റെ ആവശ്യമില്ല എന്ന സംസാരം അവിടെയുണ്ടായി. അതു ദാനമായി നൽകിയതാണെന്നു കരുതിയാൽ എന്താണു കുഴപ്പം എന്ന ചോദ്യമുയർന്നു. ജഡ്ജി പറഞ്ഞു: നിങ്ങൾ നിശ്ശബ്ദരാകുക. കടം വാങ്ങിയ ആൾ പണം തിരിച്ചു നൽകണം. അതാണു നീതി. അസ്വസ്ഥരായ ജനക്കൂട്ടത്തെ നോക്കി അദ്ദേഹം ഒരു വാചകംകൂടി കൂട്ടിച്ചേർത്തു: ആ പണം ഞാൻ നിങ്ങളിൽനിന്നു പിരിക്കുകയാണ്. അതാണു കരുണ. 

 

എല്ലാവരെയും തുല്യരായി കാണുന്നതും എല്ലാവർക്കും എല്ലാം തുല്യം വീതംവയ്ക്കുന്നതും എപ്പോഴും നീതിയാകില്ല. നൽകുന്നവരുടെ നിഷ്പക്ഷതയോടൊപ്പം സ്വീകരിക്കുന്നവരുടെ നിലവിലെ അവസ്ഥയുംകൂടി കണക്കിലെക്കണം. ഇരുകാലുള്ളവനും ഒരുകാലുമില്ലാത്തവനും ഒരേ സമയം ഓടിയെത്താൻ അനുവദിക്കുന്നതിൽ ശരികേടില്ലേ? അഭിരുചി വ്യത്യാസം ഉള്ളവരെ ഒരേ പരീക്ഷാസമ്പ്രദായത്തിലൂടെ വിലയിരുത്തുന്നതിലും അപാകതയില്ലേ? ഇല്ലാത്തവനും ഉള്ളവനും ഒരേ നാഴികൊണ്ട് അളന്നുകൊടുക്കുന്നതിൽ എന്തുനീതി? 

 

രണ്ടുതരം നീതികളുണ്ട്. നിയമം അടിസ്ഥാനമായ നീതിയും മനസ്സാക്ഷിയിൽ പണിത നീതിയും. ചട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന നീതി എല്ലാം നിയമാനുസൃതമാണോ എന്നേ ചിന്തിക്കൂ. ആവശ്യാനുസരണമാണോ എന്ന ചോദ്യത്തിനവിടെ പ്രസക്തിയില്ല. മനസ്സാക്ഷിയുടെ ത്രാസിൽ ബലഹീനന്റെയും ആവശ്യക്കാരന്റെയും തട്ടിൽ കൂടുതൽ പകരും, അളവിന്റെ മാനദണ്ഡങ്ങളൊന്നുമില്ലാതെ. അർഹിക്കുന്നതു നൽകിയോ എന്നതല്ല; അർഹതയില്ലാതിരുന്നിട്ടും നൽകിയോ എന്നതിലാണു കൊടുക്കലിന്റെ സത്യസന്ധത. നൽകാൻ ബാധ്യസ്ഥനായതുകൊണ്ടു നൽകുന്നതും നൽകേണ്ട ഒരു കടമയുമില്ലാതിരുന്നിട്ടും നൽകുന്നതും തമ്മിൽ മനോഭാവ വ്യത്യാസമുണ്ട്. നീതിപൂർവം പ്രവർത്തിച്ചു എന്നതുകൊണ്ട് മാത്രം ആരും മനുഷ്യരാകില്ല. കരുണാപൂർവം പ്രവർത്തിച്ചോ എന്നതാണു മനുഷ്യത്വത്തിന്റെ പ്രകടനം.

 

Content Summary : Academic tests are not a true measure of intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com