ADVERTISEMENT

രാജാവിനു വളരെയധികം കൃഷിയിടം ഉണ്ടായിരുന്നു. അതു കൃഷി ചെയ്യാൻ നല്ല കർഷകനെ ഏൽപിക്കാൻ ആഗ്രഹിച്ച് പലരെയും സമീപിച്ചു. ഒന്നാമൻ പറഞ്ഞു: എനിക്ക് ആവശ്യത്തിനു പണികൾ എന്റെ നിലത്തുതന്നെയുണ്ട്. രണ്ടാമൻ പറഞ്ഞു: ഒരേസമയം രണ്ടു നിലങ്ങൾ നോക്കിയന്വേഷിക്കുക ബുദ്ധിമുട്ടാണ്. മൂന്നാമൻ പറഞ്ഞു: എനിക്ക് ഇത്രയുമധികം സ്ഥലം സംരക്ഷിക്കാനുള്ള കഴിവില്ല. നാലാമൻ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒരു വർഷം കഴിഞ്ഞു കൃഷിയിടം സന്ദർശിക്കാനെത്തിയ രാജാവിനു ദേഷ്യം വന്നു. നിലം ഉഴുകയോ വിത്തു വിതയ്ക്കുകയോ ചെയ്തിട്ടില്ല. ജോലി ഏറ്റെടുത്തവൻ മരത്തണലിൽ കിടന്നുറങ്ങുന്നു. രാജാവ് സ്വയം ചോദിച്ചു: ഇവരിലാരാണു രാജ്യദ്രോഹി, ആദ്യ മൂന്നു പേരോ അവസാനത്തെയാളോ? 

 

ആഗ്രഹമില്ലായ്മയെക്കാൾ ഗുരുതര പിഴവാണ് ഉത്തരവാദിത്തമില്ലായ്മ. താൽപര്യക്കുറവുള്ളവർ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആദ്യ അവസരത്തിൽതന്നെ നിഷേധിക്കും. ഉത്തരവാദിത്തമില്ലാത്തവർക്ക് ഒരു കാര്യത്തോടും അഭിനിവേശമുണ്ടാകില്ല. ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ആ കർമത്തോടും അത് ഏൽപിക്കുന്നവരോടും കാണിക്കേണ്ട നീതി. അറിയില്ലാത്തതോ ആഗ്രഹമില്ലാത്തതോ ആയ കാര്യങ്ങൾ ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഏറ്റെടുത്തതാണ് അപകടകരമായോ പ്രയോജനരഹിതമായോ അവ അവസാനിക്കാൻ കാരണം. 

 

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. സ്വന്തം താൽപര്യം മൂലമാണോ അതോ നിർബന്ധംകൊണ്ടാണോ ഇത് ഏറ്റെടുക്കുന്നത്, ഈ ജോലി നിർവഹിക്കാനുള്ള അറിവും കഴിവും തനിക്കുണ്ടോ, ആ കർത്തവ്യം നിറവേറ്റിയാൽ ലഭിക്കുന്ന മറ്റെന്തെങ്കിലും നേട്ടത്തിന്റെ പ്രലോഭന സാധ്യതയിലാണോ ജോലി ഏറ്റെടുക്കുന്നത്, പുതിയ പണി നിലവിലുള്ള കാര്യങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുമോ. 

 

താൽപര്യമില്ലാത്തവയും പാടവമില്ലാത്തവയും ചുമലിലേറ്റാതിരുന്നാൽ രണ്ടു ഗുണങ്ങളുണ്ട്. സ്വന്തം മനസ്സമാധാനവും സൽപേരും നഷ്ടപ്പെടില്ല. രണ്ട്, അവ അർഹതയുള്ള കൈകളിലെത്തിച്ചേരും. ഭാരമേൽപിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠമുണ്ട്. ആരെയെങ്കിലുമല്ല, അനുയോജ്യരായവരെ വേണം കർമങ്ങളേൽപിക്കാൻ. ഒഴിഞ്ഞുമാറുന്നവരെക്കാൾ അപകടകാരികളാണ് നുഴഞ്ഞുകയറുന്നവർ.

 

Content Summary : Sharing responsibility at work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com