അമ്പരപ്പിക്കുന്ന മാറ്റം, സമ്മാനിക്കുന്നത് ആഴത്തിലുള്ള അറിവ്; ചെന്നൈയുടെ വിജയ രഹസ്യം പങ്കുവച്ച് വിദ്യാർഥികൾ...

HIGHLIGHTS
  • എന്താണു ചെന്നൈയുടെ വിജയകഥ ?
nirt-ranking-chennai-colleges
SHARE

കേന്ദ്ര സർക്കാരിന്റെ ഇക്കൊല്ലത്തെ ദേശീയ വിദ്യാഭ്യാസ റാങ്കിങ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്– എൻഐആർഎഫ്) പുറത്തുവന്നപ്പോൾ ചെന്നൈയുടെ മുന്നേറ്റം അതിശയിപ്പിക്കുന്നതായി. കോളജുകളുടെ പട്ടികയിൽ മുൻപ് ആദ്യ സ്ഥാനങ്ങളിലേറെയും ഡൽഹിയിലെ സ്ഥാപനങ്ങളാണു കയ്യടക്കിയിരുന്നത്. ഇത്തവണയാകട്ടെ, ആദ്യ അഞ്ചിൽ രണ്ടും ചെന്നൈയിൽനിന്നുള്ള കോളജുകളുണ്ട് – ലൊയോളയും സർക്കാർ കോളജായ പ്രസിഡൻസിയും. ഐഐടി മദ്രാസ് തുടർച്ചയായി നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി. എന്താണു ചെന്നൈയുടെ വിജയകഥ ? ഇതാ, പഠിച്ചിറങ്ങിയവരും പഠിക്കുന്നവരുമായ മലയാളി വിദ്യാർഥികൾ പറയുന്നു.

സ്പൂൺ ഫീഡിങ് ഇവിടെയില്ല

NIRF Rankings Chennai Madras College Details
സാന്ദ്ര അക്ക മാത്തുള്ള

വിമൻസ് ക്രിസ്ത്യൻ കോളജിൽ ബിഎ കോർപറേറ്റ് ഇക്കണോമിക്സ് ആണു ഞാൻ പഠിച്ചത്. എല്ലാം ‘സ്പൂൺ ഫീഡ്’ ചെയ്തുകൊടുക്കുന്ന ശൈലി ഇവിടെയില്ല. അധ്യാപകർ വഴികാട്ടികളായുണ്ടാകും. എന്നാൽ ഉത്തരങ്ങൾ നാം സ്വയം കണ്ടെത്തണം. ആദ്യമൊക്കെ ഇതു വലിയ വെല്ലുവിളിയാണ്. പക്ഷേ, ക്രമേണ നാമറിയാതെ തന്നെ ഈ രീതിയുമായി ഇണങ്ങും. അക്കാദമിക മികവു വർധിക്കും. ഇതിനൊപ്പം ദേശീയതല ശിൽപശാലകൾ, പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങൾ തുടങ്ങിയവ നമുക്കു തുറന്നുതരുന്ന ലോകം ഏറെ വലുതാണ്.  - സാന്ദ്ര അക്ക മാത്തുള്ള

സ്വയംപര്യാപ്തത എന്ന പാഠം

NIRF Rankings Chennai Madras College Details
അഖില അജയൻ

മികച്ച പഠന – പാഠ്യേതര അന്തരീക്ഷമുള്ള കോളജാണ് താംബരത്തെ മദ്രാസ് ക്രിസ്ത്യൻ കോളജ്. ബിഎ ജേണലിസമാണു പഠിച്ചത്. നാടിന്റെ സുരക്ഷിതത്വത്തിൽനിന്നു മാറിനിന്നു പഠിക്കുകവഴി ജീവിതത്തിൽ സ്വയംപര്യാപ്തത നേടാൻ കഴിഞ്ഞു. സ്വയം തീരുമാനങ്ങളെടുക്കാനും കൂടുതൽ സമഗ്രമായ കാഴ്ചപ്പാടോടെ പ്രശ്നങ്ങളെ നേരിടാനുമുള്ള കഴിവു ലഭിച്ചു. വ്യത്യസ്ത ഇടങ്ങളിൽ നിന്നുള്ള, വ്യത്യസ്ത സാംസ്കാരിക– സാമൂഹിക സാഹചര്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കൊപ്പമുള്ള പഠനം നമ്മെ ഒട്ടേറെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു. സാമൂഹിക വിഷയങ്ങളെ കൂടുതൽ തുറന്ന മനസ്സോടെ കാണാനും പഠിക്കാനും സാധിച്ചു. - അഖില അജയൻ

പഠിച്ചിറങ്ങുമ്പോഴേക്കും നാം ഏറെ മാറും

NIRF Ranking Chennai Madara Colleges Details
മിയ മരിയ സ്റ്റാൻലി

നാട്ടിൽ പ്ലസ്ടു കഴിഞ്ഞ് ചെന്നൈ സ്റ്റെല്ലാ മാറീസിലെത്തിയ ഞാൻ ഇക്കണോമിക്സിൽ ബിഎയും എംഎയും പൂർത്തിയാക്കുമ്പോഴേക്കും ജീവിതത്തിലുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതാണ്. മുൻനിര കമ്പനികളുടെ ഇന്റർവ്യൂ, ഗ്രൂപ്പ് ചർച്ചകൾ, പരീക്ഷകൾ എന്നിവയിലൂടെ ലഭിക്കുന്ന അനുഭവപരിചയം സ്വന്തം കരിയർ തിരഞ്ഞെടുക്കാൻ തരുന്ന ആത്മവിശ്വാസം ചെറുതല്ല. ഇപ്പോൾ ക്യാംപസ് പ്ലേസ്മെന്റിലൂടെ മുൻനിര ഐടി കമ്പനിയുടെ ഓഫർ സ്വീകരിക്കുമ്പോൾ എനിക്കതു വ്യക്തമായി അറിയാം.പ്രബന്ധാവതരണം, പ്രോജക്ടുകൾ തുടങ്ങിയവയിലൂടെ സ്വന്തം വിഷയത്തിൽ ആഴമേറിയ പഠനം സാധ്യമായി. ഇംഗ്ലിഷും ഏറെ മെച്ചപ്പെട്ടു. -  മിയ മരിയ സ്റ്റാൻലി

കൂടുതൽ സാമൂഹിക ഉത്തരവാദിത്തം

NIRF Rankings Chennai Madras College Details
കെ.ജോ പോൾ

ലൊയോള കോളജിൽ ഡിഗ്രിക്കു ചേർന്നപ്പോൾ തികച്ചും വേറിട്ട ആശയങ്ങളുള്ളവരുടെ ഇടയിലേക്കാണു ഞാനെത്തിപ്പെട്ടത്. ഇംഗ്ലിഷ് സാഹിത്യമായിരുന്നു വിഷയമെങ്കിലും അതിനപ്പുറമുള്ള സാധ്യതകളും അവസരങ്ങളും പഠനകാലത്ത് ലഭിച്ചു. ഒട്ടേറെ ക്വിസുകളിൽ പങ്കെടുത്തിരുന്നു ചെറുപ്പത്തിൽ. ഇവിടെയെത്തിയപ്പോൾ അവസരങ്ങൾ ഇരട്ടിയായി. അതും ദേശീയ തലത്തിലുള്ള മൽസരങ്ങൾ. ട്രാൻസ്ജെൻഡർ വിദ്യാർഥികൾ ഉൾപ്പെടെ ഏറെ വൈവിധ്യമുള്ളവർ സഹപാഠികളായി. ചേരികളിലെ സന്നദ്ധ പ്രവർത്തനങ്ങൾ, ലോകോത്തര അക്കാദമിക വിദഗ്ധരുമായുള്ള സംവാദം, ശിൽപശാലകൾ എന്നിവയെല്ലാം നമ്മെ കൂടുതൽ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കും. എല്ലാറ്റിനുമുപരി, ലൊയോള പോലൊരു സ്ഥാപനത്തിന്റെ പെരുമയും പാരമ്പര്യവും നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. - കെ.ജോ പോൾ

സമയം ഇവിടെ തോറ്റുപോകും

NIRF Rankings Chennai Madras College Details
എൻ.നവീൻ രാജ്

ഐഐടി മദ്രാസിൽ അപ്ലൈഡ് മെക്കാനിക്സ് ഗവേഷക വിദ്യാർഥിയാണു ഞാൻ. ക്യാംപസിൽ താമസിച്ചുള്ള പഠനം തന്നെ നമ്മെ മാറ്റിമറിക്കും. പലരും അർധരാത്രി കഴിഞ്ഞും ലാബുകളിൽ പ്രവർത്തിക്കുന്നതു കാണാം. സമയത്തെ ഗൗനിക്കാതെ സ്വന്തം ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുന്നവരാണ് ഇവിടെയുള്ളത്. വിദ്യാർഥികൾക്ക് എങ്ങോട്ടു വേണമെങ്കിലും തിരിയാൻ അവസരമുണ്ട്. ഐഐടിയുടെ പ്രധാന കരുത്ത് ഇവിടെയുള്ള വിവിധ ക്ലബ്ബുകളും കൂട്ടായ്മകളുമാണ്. വിദ്യാർഥികൾ തമ്മിൽ ചർച്ച നടത്തുന്ന ഇന്ററാക്ടീവ് സെഷനുകൾക്ക് അവസാനമില്ല. പലതരത്തിൽ ചിന്താശേഷിയുള്ള വിദ്യാർഥികളുമായി നിരന്തരം ആശയങ്ങൾ പങ്കിട്ടു കൊണ്ടേയിരിക്കുമ്പോൾ നമുക്കു ലഭിക്കുന്ന തെളിച്ചം ഗഹനമായ പല വിഷയത്തെയും എളുപ്പത്തിൽ മനസ്സിലാക്കാനും അതു ഗവേഷണത്തിൽ അടക്കം ഉപയോഗപ്പെടുത്താനും സഹായിക്കും. -  എൻ.നവീൻ രാജ്

Content Summary : NIRF ranking : 4th year in a row, IIT-Madras best institution

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}