ADVERTISEMENT

പട്ടണത്തിനു നടുവിൽ മനോഹരശബ്ദം മുഴങ്ങുന്ന മണി സ്ഥാപിച്ചു. വർഷങ്ങളെടുത്തു പണിത ആ മണി കാണുന്നതിനും അതിന്റെ ശബ്ദം കേൾക്കുന്നതിനും അയൽനാടുകളിൽ നിന്നുപോലും ആളുകളെത്തി. ഇതെല്ലാം കണ്ട ഉടമസ്ഥർക്കു പരിഭ്രമമായി. അടുത്ത പട്ടണത്തിലെ ജനങ്ങൾ ഈ മണി നിർമിച്ചവനെക്കൊണ്ട് ഇതുപോലൊന്നു പണിയിച്ചാൽ തങ്ങളുടെ പ്രശസ്തി നഷ്ടമാകും. അവർ അയാളെപ്പിടിച്ച് കണ്ണും കാതും കുത്തിപ്പൊട്ടിച്ചശേഷം നാടുകടത്തി. 

 

പിറ്റേദിവസം മുതൽ ക്ലോക്ക് സമയം തെറ്റിച്ച് ഓടാൻ തുടങ്ങി. മണിശബ്ദം അരോചകവുമായി. തന്നെക്കാൾ മികച്ചവരായി ആരും ഉണ്ടാകരുതെന്ന ചിന്തയാണു തകർച്ചയുടെ ആരംഭം. രണ്ടുതരത്തിൽ വളരുന്നവരുണ്ട്. ഇന്നലെകളുമായി തട്ടിച്ചുനോക്കി സ്വയം പുരോഗതി കൈവരിക്കുന്നവരാണ് ആദ്യകൂട്ടർ. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി സ്വന്തം വില തീരുമാനിക്കുന്നവരാണ് രണ്ടാം വിഭാഗം. കഴിഞ്ഞകാലവുമായി തുലനം ചെയ്തു സ്വയംനിർമാണ പ്രക്രിയയിലേർപ്പെട്ടിരിക്കുന്നവരുടെ പ്രകടനനിലവാരം എപ്പോഴും മുകളിലേക്കായിരിക്കും. അപരനെ അളവുകോലായി സ്വീകരിക്കുന്നവർ തങ്ങളർഹിക്കാത്ത വഴികളിലൂടെ അലഞ്ഞുതിരിയുകയേയുള്ളൂ. 

 

മറ്റുള്ളവരെക്കാൾ മെച്ചപ്പെടണമെന്ന ചിന്ത എല്ലാവരും ഉപേക്ഷിച്ചാൽ ഓരോരുത്തരും തങ്ങളുടെ മികവിന്റെ ഉച്ചിയിലെത്തും. അന്യൻ ദൃഷ്ടികേന്ദ്രമായാൽ പിന്നെ അയാളിലേക്കായിരിക്കും ശ്രദ്ധ മുഴുവൻ. സ്വന്തം വളർച്ച ദ്രുതഗതിയിലാക്കുന്നതിനെക്കാൾ അപരവളർച്ചയ്ക്കു തടസ്സം സൃഷ്ടിക്കുന്ന മാർഗങ്ങളിലായിരിക്കും പിന്നീടുള്ള ഗവേഷണം. ഒരാളെ തോൽപിച്ചാൽ മാത്രമേ മറ്റൊരാൾക്കു ജയിക്കാൻ കഴിയൂ എന്ന ധാരണ തീർത്തും അപകടകരമാണ്. 

 

ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നയാൾ എല്ലാവരെയും ഓടിത്തോൽപിച്ചാലും തന്റെ കഴിഞ്ഞതവണത്തെക്കാൾ കൂടുതൽ സമയം ഓടിത്തീർക്കാനെടുത്തെങ്കിൽ അയാളെങ്ങനെ യഥാർഥ ജേതാവാകും. ഏറ്റവും അവസാനമാണ് എത്തിയതെങ്കിലും, കഴിഞ്ഞ തവണത്തെക്കാൾ മികച്ച സമയം കണ്ടെത്തുന്നയാളല്ലേ തന്റെ വളർച്ച ഓരോ ചുവടിലും ഉറപ്പാക്കുന്നത്. 

 

Content Summary : Don't Look at Others, Look at Yourself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com