ADVERTISEMENT

ധനികന്റെ മകൻ അലസനായിരുന്നു. കഠിനാധ്വാനിയാക്കാൻ അയാൾ അവനെ ഒരു കർഷകന്റെകൂടെ അയച്ചു. ഒരു മാസത്തിനകം പണവും സമ്പാദിച്ചു തിരിച്ചുവരണം എന്നതായിരുന്നു വ്യവസ്ഥ. നിശ്ചിത സമയത്തുതന്നെ മകൻ സഞ്ചി നിറയെ നാണയങ്ങളുമായെത്തി. അച്ഛൻ മകനുമായി കടൽത്തീരത്തെത്തി. സഞ്ചിയിലെ നാണയങ്ങൾ ഓരോന്നായി കടലിലെറിഞ്ഞെങ്കിലും അവൻ പ്രതികരിച്ചില്ല. മറ്റൊരു കർഷകന്റെ കൂടെ വീണ്ടും അയച്ചു. പണവുമായി വന്നപ്പോൾ അവനെ വീണ്ടും കടൽത്തീരത്തു കൊണ്ടുപോയി. പണം എറിഞ്ഞു കളഞ്ഞെങ്കിലും അവനൊന്നും മിണ്ടിയില്ല. 

 

 

മൂന്നാമത്തെ കൃഷിക്കാരന്റെ കൂടെ മകനെ വിട്ടപ്പോൾ തന്റെ മകനാണെന്നുള്ള കാര്യം അദ്ദേഹം മറച്ചുവച്ചു. അത്തവണ തിരിച്ചുവരുമ്പോൾ ഒരു ചെറിയ സഞ്ചി നാണയങ്ങൾ മാത്രമാണുണ്ടായിരുന്നത്. അതിലുള്ളവ എറിയാൻ ശ്രമിച്ചപ്പോൾ മകൻ പറഞ്ഞു: ഇതു ഞാൻ പണിയെടുത്ത് ഉണ്ടാക്കിയവയാണ്. വെറുതേ എറിഞ്ഞുകളയാൻ പറ്റില്ല.

 

സമ്പാദ്യം പലവിധത്തിൽ വന്നുചേരും. പാരിതോഷികമായി ലഭിക്കാം, പ്രയത്നംകൊണ്ടു നേടാം, ഭാഗ്യക്കുറി അടിക്കാം. എങ്ങനെ ലഭിച്ചു എന്നതാണ് എങ്ങനെ വിനിയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനം. പരിശ്രമമില്ലാതെ നേടിയ എന്തിനോടെങ്കിലും ആർക്കെങ്കിലും ബഹുമാനമുണ്ടാകുമോ? അവ നഷ്ടപ്പെടുമ്പോൾ വിയർപ്പൊഴുക്കി നേടിയവ നഷ്ടപ്പെടുമ്പോഴുള്ള വൈകാരികത ഉണ്ടാകുമോ? 

 

സമ്പാദ്യവഴികളിൽ വിയർപ്പുകണങ്ങളില്ലെങ്കിൽ വിനിയോഗവഴികളിൽ വിവേകമുണ്ടാകില്ല. അപ്രതീക്ഷിതമായി ലഭിക്കുന്ന നിധികൾക്കു ചില പ്രശ്നങ്ങളുണ്ട്. അത് ആവശ്യത്തിലധികമുണ്ട്. അത് എവിടെ സൂക്ഷിക്കണമെന്നോ എങ്ങനെ ചെലവഴിക്കണമെന്നോ അറിയില്ല. രഹസ്യമായി ലഭിച്ചതുകൊണ്ടു പരസ്യമാക്കാതെ നോക്കണം. അധ്വാനിച്ചു നേടിയ പണം ചെലവഴിക്കാൻ ആരുടെയും അനുവാദം വേണ്ട. ഒരു ജോലിയും ചെയ്യാതെ ലഭിക്കുന്ന പണത്തിന്റെ സ്രോതസ്സ് ആരുമറിയാൻ പാടില്ല. 

 

അർഹതയില്ലാതെ നേടുന്ന സമ്പാദ്യം ആരെയും അഹങ്കാരികളാക്കും. അധ്വാനത്തിലൂടെ നേടുന്ന സമ്പാദ്യം വിനയാന്വിതരെ സൃഷ്ടിക്കും. കഷ്ടതയിൽനിന്നു പടിപടിയായി ഉയർന്നവർക്കാണ് പണിയെടുക്കുന്നവരോടു ബഹുമാനമുണ്ടാകുക.

 

Content Summary : The Importance of Recognition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com