ADVERTISEMENT

ഐഐഎമ്മുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് / എംബിഎ / ഫെലോ (പിഎച്ച്ഡി) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷ ക്യാറ്റിന് (CAT 2022: കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) ഈ മാസം 3 മുതൽ സെപ്‌റ്റംബർ 14ന് വൈകിട്ട് 5 വരെ www.iimcat.ac.in എന്ന വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഫീ 2300 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1150 രൂപ. കാർഡോ, നെറ്റ് ബാങ്കിങ്ങോ വഴി അടയ്ക്കാം. എത്ര സ്‌ഥാപനങ്ങളിലേക്കു ശ്രമിക്കുന്നവരും ഈ തുക അടച്ചാൽ മതി. 

 

അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബുദ്ധഗയ, കൊൽക്കത്ത, ഇൻഡോർ, ജമ്മു, കാശിപ്പൂർ (ഉത്തരാഖണ്ഡ്), കോഴിക്കോട്, ലക്‌നൗ, നാഗ്പുർ, റായ്പ്പുർ (ഛത്തീസ്‌ഗഢ്), റാഞ്ചി, റോത്തക് (ഹരിയാന), സാംബൽപുർ (ഒഡീഷ), ഷില്ലോങ്, സിർമൗർ (ഹിമാചൽ), തിരുച്ചിറപ്പള്ളി, ഉദയ്‌പുർ, വിശാഖപട്ടണം എന്നീ 20 സ്‌ഥലങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പോസ്‌റ്റ് ഗ്രാജ്വേറ്റ് പ്രവേശനത്തിന്റെ ആദ്യഘട്ടം ഈ പരീക്ഷയാണ്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷയ്ക്ക് നവംബർ 27ന് ഉച്ചയ്ക്കു മുൻപും ഉച്ചകഴിഞ്ഞും വൈകുന്നേരവുമായി 3 സെഷനുകൾ. 

മൂന്നിലെയും സ്കോറുകൾ നോർമലൈസ് ചെയ്യുകയാണു പതിവ്. ഓരോ ഐഐഎമ്മിനും തനതായ സിലക്‌ഷൻ രീതിയുണ്ട്. 

 

ക്യാറ്റ് സ്കോറിനു പുറമേ വിശേഷ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, വിദ്യാർഥിയുടെ അക്കാദമികചരിത്രം എന്നിവയും പരിഗണിച്ചാണു തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയുൾപ്പെടെ ഇന്ത്യയിൽ 150 പരീക്ഷാകേന്ദ്രങ്ങൾ. ഇവയിൽ 6 എണ്ണം തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം. ഈ ടെസ്‌റ്റിലെ പ്രകടനം പ്രവേശനത്തിനുപയോഗിക്കുന്ന ഐഐഎമ്മുകളല്ലാത്ത ബിസിനസ് സ്‌കൂളുകളുടെ ലിസ്റ്റ്, സംസ്ഥാനം തിരിച്ച് സൈറ്റിൽ കൊടുത്തിട്ടുണ്ട്. കേരളത്തിൽ നിന്ന് ഒരു സ്ഥാപനമേയുള്ളൂ. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 5, 9. പ്രവേശനയോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദം 50% എങ്കിലും മാർക്കോടെ നേടിയവർക്കൂം ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

 

പട്ടിക, ഭിന്നശേഷി വിദ്യാർഥികൾക്ക് 45% മാർക്ക്. പരീക്ഷയിൽ ഗ്രേഡ് പോയിന്റ് ആവറേജാണെങ്കിൽ അത് നിശ്‌ചിത മാനദണ്ഡങ്ങൾ പ്രകാരം മാർക്കായി പരിവർത്തനം ചെയ്യും. പ്രഫഷനൽ അംഗത്വമടക്കം ബിരുദത്തിനു തുല്യമായ യോഗ്യത ആയാലും മതി. നിശ്ചിത മാർക്കുള്ള സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി, ആക്ച്വറീസ് ഇൻസ്റ്റിറ്റ്യൂട്ട് അംഗത്വമുള്ളവർക്കും അപേക്ഷിക്കാം. ക്യാറ്റെഴുതാൻ പ്രായപരിധിയില്ല. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 15, 7.5, 27, 10, 5 % സീറ്റുകൾ സംവരണം. ടെസ്റ്റ് കംപ്യൂട്ടർ ഉപയോഗിക്കുമെങ്കിലും ഇന്റർനെറ്റ്‌ വഴിയല്ല 120 മിനിറ്റ് ടെസ്റ്റ്. ഇതിൽ വെർബൽ എബിലിറ്റി & റീഡിങ് കോംപ്രിഹെൻഷൻ, ഡേറ്റാ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ്‌ എബിലിറ്റി എന്ന് 3 ഭാഗങ്ങൾ. ഓരോ ഭാഗത്തിനും 40 മിനിറ്റ്. 

 

മൾട്ടിപ്പിൾ ചോയ്സിൽ ശരിയുത്തരത്തിന് 3 മാർക്കു കിട്ടും. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. മൾട്ടിപ്പിൾ ചോയ്സ് രീതിയിലല്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം ടൈപ് ചെയ്തു ചേർക്കണം. ഇതിലെ തെറ്റിനു മാർക്കു കുറയ്ക്കില്ല. കണക്കു കൂട്ടാൻ സ്ക്രീനിൽ കാൽക്യുലേറ്ററുമുണ്ട്. ഒക്ടോബർ 27ന് അഡ്മിറ്റ് കാർഡ് സൈറ്റിലെത്തും. ഒക്ടോബർ അവസാനം പരിശീലന ടെസ്റ്റ് സൈറ്റിൽ വരും. ജനുവരി രണ്ടാം വാരം പരീക്ഷാഫലം. 2023 ഡിസംബർ 31 വരെ ഈ ക്യാറ്റ് സ്കോർ ഉപയോഗിക്കാം. മറ്റു വിവരങ്ങൾ ചിട്ടയായി പരിശീലിക്കുന്നതും ആത്മവിശ്വാസത്തോടെ പരീക്ഷയ്‌ക്കെത്തുന്നതും നിർണായകമാണ്. 

 

എഴുത്തുപരീക്ഷയിലെന്ന പോലെ ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവയിലും പരിശീലനം പ്രധാനം. ഉയർന്ന തോതിൽ ഫീസ് നൽകേണ്ടിവരും. കൂടുതൽ വിവരങ്ങൾക്കും സംശയപരിഹാരത്തിനും സൈറ്റിലെ ‘എഫ്എക്യു’ നോക്കുകയോ ഹെൽപ് ഡെസ്കുമായി (1800 210 1088, cathelpdesk@iimcat.co.in) ബന്ധപ്പെടുകയോ ചെയ്യാം. പല ഐഐഎമ്മുകളിലും ബിസിനസ് അനലിറ്റിക്സ്, ബിസിനസ് ലീഡർഷിപ്, അഗ്രിബിസിനസ് തുടങ്ങിയ വിശേഷ പോസ്‌റ്റ്–ഗ്രാജ്വേറ്റ് / ഫെലോ പ്രോഗ്രാമുകളുണ്ട്. പിജിപിയൊഴികെയുള്ള പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അതതു സ്‌ഥാപനങ്ങളിൽ നിന്നു വെവ്വേറെ വിജ്‌ഞാപനങ്ങൾ വരും.

 

Content Summary : CAT 2022 notification released on iimcat.ac.in, Registration begins from August 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com