ADVERTISEMENT

ജെഇഇ, കീം എൻട്രൻസ് ഫലങ്ങളും അലോട്മെന്റ് നടപടികളും വരാൻ പോകുന്നതേയുള്ളൂവെങ്കിലും ബിടെക് ലക്ഷ്യമിടുന്ന പല വിദ്യാർഥികളും രക്ഷിതാക്കളും ചിന്തിച്ചുതുടങ്ങി- ഏതു കോളജ്, ഏതു ബ്രാഞ്ച് ? ട്രെൻഡ് എങ്ങനെ? 

 

ഇൻഡസ്ട്രി എങ്ങനെ ചിന്തിക്കുന്നുവെന്നറിയാനും അതിനനുസരിച്ച് കരിയർ പ്ലാൻ ചെയ്യാനും ഏറ്റവും നല്ല വഴികളിലൊന്ന് മികച്ച ക്യാംപസുകളിലെ പ്ലേസ്മെന്റ് ഫലങ്ങൾ വിശകലനം ചെയ്യുകയാണ്.

 

 

∙ ഓൺലൈനിന്റെ മെച്ചം

 

എൻഐടി കോഴിക്കോടിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്റ് സീസൺ ആണു കടന്നുപോയിരിക്കുന്നത്. ജോലി ലഭിച്ച ബിടെക് വിദ്യാർഥികൾ 1138. 96% ബിടെക് വിദ്യാർഥികൾക്ക് ജോലി ലഭിച്ചു. ഐഐഐടി കോട്ടയം, പാലക്കാട് ഐഐടി എന്നിവയുടെ പ്ലേസ്മെന്റ് കണക്കുകളും മികച്ചതാണ്. കോവിഡ് കാലത്ത് റിക്രൂട്മെന്റ് ഓൺലൈനിലായത് ക്യാംപസുകൾക്കു ഗുണമായി. കേരളത്തിലേക്കു ടീമിനെ അയച്ച് റിക്രൂട്മെന്റ് നടത്തുന്ന ചെലവ് കണക്കിലെടുത്ത് മുൻപു മാറിനിന്നിരുന്ന ഒട്ടേറെ ഉത്തരേന്ത്യൻ കമ്പനികൾ അതോടെ വന്നുതുടങ്ങി. മുൻപ് 140 കമ്പനികളെത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ എൻഐടിയിലെത്തിയത് 200 കമ്പനികൾ. ഐഐഐടി കോട്ടയത്ത് മുൻപ് 24 കമ്പനികളാണ് എത്തിയിരുന്നത്. ഇത്തവണ 96 കമ്പനികൾ.

campus-placement

 

∙ മികച്ച സാലറി !

 

ഡോ. വി.സജിത്
ഡോ. വി.സജിത്.

കമ്പനികളുടെ എണ്ണത്തിലെ വർധനയ്ക്കൊപ്പം ഒരു കാര്യം കൂടി ശ്രദ്ധിക്കണം. അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക ശമ്പള ഓഫർ (സിടിസി, അഥവാ കോസ്റ്റ് ടു കമ്പനി) നൽകുന്ന കമ്പനികളെ ഐഐടി, എൻഐടി പ്ലേസ്മെന്റ് ക്യാംപുകളിൽ പങ്കെടുപ്പിക്കാറില്ല. എൻഐടി കംപ്യൂട്ടർ സയൻസിലെ 4 വിദ്യാർഥികൾക്ക് ട്രേസബിൾ എഐ എന്ന കമ്പനി വഴി ലഭിച്ചത് 67.6 ലക്ഷം രൂപയുടെ ഓഫറാണ്. ഐഐഐടി കോട്ടയത്തെ രണ്ടു വിദ്യാർഥികൾക്ക് ട്രൈലോജി സൊല്യൂഷൻസ് നൽകുന്നത് 36 ലക്ഷം രൂപ. ഐഐടി പാലക്കാട്ടെ ഒരു വിദ്യാർഥിക്ക് ആമസോണിൽനിന്നു ലഭിച്ചത് 1.2 കോടി രൂപയുടെ ഓഫർ.

 

തിരഞ്ഞെടുപ്പു രീതി മാറി

 

 ഡോ. മാത്യു സി.ഡി.ചുങ്കപ്പുര
ഡോ. മാത്യു സി.ഡി.ചുങ്കപ്പുര

കോളജ് ക്യാംപസുകളിൽ എത്തി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി അതിൽ ജയിക്കുന്നവരെ അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലൂടെ തിരഞ്ഞെടുക്കുന്ന രീതി മാറി. സോഫ്റ്റ്‌വെയർ കമ്പനികൾ കൂടുതലും കോഡിങ് അടക്കമുള്ളവയിലെ പരിജ്ഞാനമാണു പരിശോധിക്കുന്നത്. 10 ലക്ഷത്തിലേറെ ഓഫർ നൽകുന്ന കമ്പനികളുടെ പ്ലേസ്മെന്റിന് ഇരിക്കാൻ ബിടെക്കിന്റെ അതുവരെയുള്ള പരീക്ഷകളിൽ 7- 8 സിജിപിഎ സ്കോർ ചെയ്യണം. കോഡിങ് പ്രാക്ടിക്കലുകൾ നൽകി പരിശോധിക്കും.

 

മറ്റു കോർ കമ്പനികൾ പ്രശ്നപരിഹാരശേഷി പരിശോധിക്കും. ഈ കമ്പനികളിൽ തിരഞ്ഞെടുക്കപ്പെടാൻ ബയോഡേറ്റ വേറെ ലെവൽ ആയിരിക്കണം. പഠനകാലത്ത് ഹാക്കത്തൺ പോലുള്ള ടെക്നിക്കൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ കൂടുതൽ വെയ്റ്റേജ് കിട്ടും.

 

∙ ഇന്റേൺഷിപ് വഴിയും

 

പ്ലേസ്മെന്റിന്റെ പുതിയ മുഖമാണിപ്പോൾ ഇന്റേൺഷിപ്. മൂന്നാം വർഷം തന്നെ ഇന്റേൺഷിപ്പിലൂടെ ജോലി നേടാം. രണ്ടു മാസത്തെ ഇന്റേൺഷിപ്പിനായി എൻഐടിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർഥികൾക്കു സ്റ്റൈപ‌ൻഡ് 2 ലക്ഷം രൂപയാണ്. മൂന്നാം വർഷത്തിന്റെ ആരംഭത്തിലാകും ഇന്റേൺഷിപ്പിനായുള്ള തിരഞ്ഞെടുപ്പ്. അവസാന വർഷത്തിനു മുൻപുള്ള അവധിക്കാലത്തെ രണ്ടു മാസമാണ് ഇന്റേൺഷിപ്. ഇക്കാലത്തെ മികവ് പരിശോധിച്ച് ജോലിയും നൽകും.

 

കോളജിൽ കരിയർ ഡവലപ്മെന്റ് പ്രോഗ്രാം നടത്തി കുട്ടികളെ പരിശീലിപ്പിക്കും. രണ്ടു മാസത്തെ കോ‍ഡിങ് കോഴ്സ് എല്ലാവർക്കും നിർബന്ധം. ബയോഡേറ്റയിൽ ഇവ ചേർക്കുന്നത് കൂടുതൽ ജോലിസാധ്യത നൽകുന്നു.

∙ഡോ. വി.സജിത്,

ചെയർപഴ്സൻ, സെന്റർ ഫോർ കരിയർ ഡവലപ്മെന്റ്,

എൻഐടി കോഴിക്കോട്

 

പ്ലേസ്മെന്റ് കിട്ടുന്നവർക്ക് ഇപ്പോൾ ഏറെ കാത്തിരിക്കാതെ തന്നെ ജോലിയിൽ പ്രവേശിക്കാനാകുന്നുണ്ട്. ജോലി ലഭിക്കണമെങ്കിൽ സ്കിൽ തെളിയിക്കണം. പഠന നിലവാരം മാത്രം നോക്കിയല്ല റിക്രൂട്മെന്റ്.

∙ ഡോ. മാത്യു സി.ഡി.ചുങ്കപ്പുര,

പ്ലേസ്മെന്റ് ഓഫിസർ ആൻഡ് അസിസ്റ്റന്റ് പ്രഫസർ,

ഐഐഐടി കോട്ടയം

 

Content Summary : How to Prepare for B.Tech Placements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com