ADVERTISEMENT

സൈന്യത്തിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിനായി രാജ്യമാകെ ലക്ഷക്കണക്കിന് യുവാക്കൾ പ്രതീക്ഷയോടെ തയാറെടുക്കുകയാണ്. ദീർഘകാലത്തെ സൈനിക പരിചയവും പരിശീലന അനുഭവവും തൊഴിൽ വീഥിയിലെ മിഷൻ അഗ്നിവർഷ് എന്ന പരമ്പരയിലൂടെ പങ്കുവയ്ക്കുകയാണ് മേജർ രവി. ദേശസ്നേഹം തുടിക്കുന്ന ഒരുപിടി സിനിമകളുടെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം, അഗ്നിവീർ അവസരങ്ങളെക്കുറിച്ചും അതിന്റെ പ്രാരംഭ തയാറെടുപ്പുകളെക്കുറിച്ചും പറയുന്നതിങ്ങനെ :-

 

വ്യോമസേനയിൽ അഗ്നിവീർ ആകാനുള്ള തയാറെടുപ്പ് എങ്ങനെ വേണമെന്ന് ചർച്ച ചെയ്യാം. ഫിസിക്കൽ ടെസ്റ്റിലെന്നപോലെ എഴുത്തുപരീക്ഷയിലും മുൻകാലങ്ങളിൽനിന്നു കാര്യമായ വ്യത്യാസങ്ങളുണ്ടാവില്ലെന്ന സൂചനകളാണു ലഭിക്കുന്നത്. മുൻവർഷങ്ങളിലേതു പോലെ എയർമെൻ തസ്തികയിലേക്ക് X, Y, X & Y ഗ്രൂപ്പുകളിലായി 3 ഘട്ടങ്ങളിലായാണു തിരഞ്ഞെടുപ്പു നടക്കുക.

 

ഒന്നാം ഘട്ടം 

∙ഗ്രൂപ്പ് X: എയർമെൻ (സയൻസ്)–ആദ്യം ഓൺലൈൻ എഴുത്തുപരീക്ഷയാണ്. ഇംഗ്ലിഷിലും ഹിന്ദിയിലുമായി 70 മാർക്കിനുള്ള പരീക്ഷ. 60 മിനിറ്റിൽ ഉത്തരമെഴുതണം. 10+2 CBSE സിലബസ് അടിസ്ഥാനമാക്കി നടക്കുന്ന പരീക്ഷയിൽ ഇംഗ്ലിഷ്, കണക്ക്, ഫിസിക്സ് വിഷയങ്ങളിലെ ചോദ്യങ്ങളാണുണ്ടാവുക. 

 

∙ഗ്രൂപ്പ്  Y: എയർമെൻ (സയൻസിതര വിഭാഗം)–45 മിനിറ്റ് ഓൺലൈൻ പരീക്ഷ. ഇംഗ്ലിഷ്, റീസണിങ് & പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളിൽനിന്ന് 50 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക.

 

∙ഗ്രൂപ്പ് X & Y: എയർമെൻ (സയൻസ് & സയൻസിതര വിഭാഗം)–85 മിനിറ്റ് ഓൺലൈൻ ടെസ്റ്റ്. 10+2 CBSE സിലബസ് പ്രകാരമുള്ള ഇംഗ്ലിഷ്, ഫിസിക്സ്, കണക്ക് വിഷയങ്ങളും റീസണിങ്ങും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കി 100 മാർക്കിന്റെ ചോദ്യങ്ങൾ. 

 

രണ്ടാം ഘട്ടം 

ഓൺലൈൻ പരീക്ഷയ്ക്കു ശേഷം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കുള്ള കായികക്ഷമതാ പരിശോധനയാണു രണ്ടാം ഘട്ടത്തിൽ നടക്കുക. 1600 മീറ്റർ ദൂരം 6 മിനിറ്റ് 30 സെക്കൻഡിൽ ഓടിയെത്തണം. 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാറ്റ് എന്നിവയും കായികപരീക്ഷയിലുണ്ടാകും. കായികക്ഷമതാപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് രണ്ടു ഘട്ടങ്ങളിലായി അഡാപ്റ്റബിലിറ്റി ടെസ്റ്റാണ് പിന്നീടു നടക്കുക. ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു സൈന്യത്തിൽ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. 

 

മൂന്നാം ഘട്ടം 

അവസാനത്തെ ഘട്ടം വൈദ്യപരിശോധനയാണ്. എയർ ഫോഴ്സ് മെഡിക്കൽ സ്റ്റാൻഡേഡ് അനുസരിച്ചുള്ള വൈദ്യപരിശോധനയിൽ യോഗ്യത നേടിയാൽ വ്യോമസേനയിൽ അഗ്നിവീർ ആയി നിയമിക്കപ്പെടും.

 

‘സമയമുണ്ടല്ലോ’ എന്ന ചിന്ത ആപത്താകും 

 

ഇന്ത്യൻ സേനകളിലേക്കു ദേശീയതലത്തിൽ നടക്കുന്ന എഴുത്തുപരീക്ഷകളൊക്കെ ഉയർന്ന നിലവാരം പുലർത്തുന്നവയാണെന്ന കാര്യത്തിൽ സംശയം വേണ്ട. ഇംഗ്ലിഷ്, കണക്ക്, സയൻസ്, പൊതുവിജ്ഞാനം തുടങ്ങിയ വിഭാഗങ്ങളിലായി പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ +2 വരെ സ്കൂളിൽ പഠിച്ച കാര്യങ്ങളൊക്കെ ശ്രദ്ധയോടെ വായിച്ചുറപ്പിക്കണം. കടുത്ത വെല്ലുവിളിയുയർത്തുന്ന ചില ചോദ്യങ്ങൾ ഈ വിഭാഗങ്ങളിൽ  ഉണ്ടായേക്കാം. ചിട്ടയായ പരിശീലനത്തിലൂടെ മാത്രമേ മികച്ച സ്കോർ നേടിയെടുക്കാനാവൂ എന്ന കാര്യം ശ്രദ്ധിക്കണം. സെക്കൻഡറി ക്ലാസുകളിൽ പഠിച്ചതൊക്കെ മനസ്സിലുറപ്പിക്കാൻ കഴിഞ്ഞാൽ പരീക്ഷ വലിയ കീറാമുട്ടിയാവില്ലെന്നാണ് എന്റെ അഭിപ്രായം.

 

പത്തു വർഷത്തിലധികമായി ഈ മേഖലയിലെ ഉദ്യോഗാർഥികളുമായി ഇടപഴകിയതിന്റെ അടിസ്ഥാനത്തിൽ ഞാൻ മനസ്സിലാക്കിയത്, പലരും എഴുത്തുപരീക്ഷയ്ക്കുള്ള തയാറെടുപ്പ് പിന്നീടാവാമെന്നു കരുതി മാറ്റിവയ്ക്കാറാണ് പതിവ് എന്നതാണ്. ‘ഇനിയും ഇഷ്ടംപോലെ സമയമുണ്ടല്ലോ’ എന്ന അലസതാമനോഭാവം പരാജയത്തിലേക്കാണു നയിക്കുക. പരീക്ഷകളിൽ തോൽക്കുന്നവരൊക്കെ പൂജ്യം മാർക്ക് നേടിയവരാണെന്നു കരുതരുത്. നേരിയ മാർക്കിന്റെ വ്യത്യാസത്തിലാണു കൂടുതൽ പേരും പുറത്താവുന്നത്. അതിൽ നിർണായകമാവുന്നത് തയാറെടുപ്പ് ആരംഭിക്കുന്നതിലെ ഈ അമാന്തമാണ്. 

 

പരിശീലനത്തിനും വേണം ‘നിലവാരം’ 

 

മികച്ച വിജയത്തിനായി ഏറ്റവും അനുയോജ്യമായ ടൈംടേബിൾ തയാറാക്കി പഠനം ആരംഭിക്കുക. ടെക്സ്റ്റ് പുസ്തകങ്ങളും പത്രവും വായിക്കുമ്പോൾ ലഘു കുറിപ്പുകൾ തയാറാക്കുക. മുൻകാല ചോദ്യ പേപ്പറുകൾ ശേഖരിച്ചു പരമാവധി ചോദ്യങ്ങൾ ചെയ്തു ശീലിക്കുകയും വേണം. സയൻസ്, സോഷ്യൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക് 8, 9, 10 ക്ലാസുകളിലെ CBSE സിലബസ് കവർ ചെയ്തു മുന്നോട്ടുപോകുന്നത് കാര്യങ്ങൾ ഏറ്റവും ഏളുപ്പമാക്കും. 

 

ദേശീയതലത്തിലുള്ള എഴുത്തുപരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ പതിവിൽനിന്നു മാറി കൂടുതൽ കൃത്യതയാർന്നതും ഫലവത്തായതുമായ പരിശീലനരീതി അവലംബിക്കണമെന്നു മനസ്സിൽ വയ്ക്കുക. പരീക്ഷയ്ക്കിറങ്ങുംമുൻപ് ചോദ്യങ്ങളുടെ ഘടന സംബന്ധിച്ചു കൃത്യമായ ധാരണ നേടിയിരിക്കണം. നിശ്ചിതസമയത്തിനുള്ളിൽ എഴുതിത്തീർക്കാനും വേണം പരിശീലനം. മോഡൽ പരീക്ഷകൾ എഴുതി ശീലിച്ചാലേ ഈ കഴിവ് ആർജിക്കുവാൻ കഴിയൂ. മോഡൽ ചോദ്യ പേപ്പറുകൾ വിവിധ ഓൺലൈൻ സൈറ്റുകളിൽനിന്നു ലഭിക്കും. തൊഴിൽവീഥിയുടെ മുൻ ലക്കങ്ങളിലെ വിവിധ കേന്ദ്ര സർവീസ് പരിശീലനമൊക്കെ പഠനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വിജയത്തിലേക്ക് കുറുക്കു വഴികളില്ല.

 

എത്ര സമയം തയാറെടുപ്പിനായി നീക്കിവയ്ക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ വിജയസാധ്യത. ഹാർഡ് വർക്കിലല്ല സ്മാർട് വർക്കിലാണു കാര്യമെന്നു തിരിച്ചറിഞ്ഞ് പഠനം സ്മാർട്ടാക്കി മാറ്റുക. 'Tme and effort can get you anything in the world. But nothing in the world can get you more time'. നാളെ ഇന്നുള്ളതിനെക്കാൾ മികച്ച അവസരങ്ങൾ കിട്ടിയെന്നു വരാം. ഇല്ലെന്നും വന്നേക്കാം. പക്ഷേ, ഒരു കാര്യം ഉറച്ചു വിശ്വസിക്കുക. കൺമുന്നിലുള്ള അവസരം നഷ്ടപ്പെടുതാതെ മുന്നേറുന്നവരാണു യഥാർഥ വിജയികൾ. 

 

Content Summary : Mission Angnivarsh Major Ravi Talks About Airforce Agniveer Recruitment 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com